Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തൊടുപുഴയിൽ നിന്ന് മുക്കൂട്ടുതറയിലെ പെൺകുട്ടി കാണാമറയത്തിലേക്ക് പോയത് കാറിൽ! നടന്നത് തട്ടിക്കൊണ്ടു പോകലെന്ന് സംശയിച്ച് നന്ദകുമാറിന്റെ ടീം; കൂടത്തായി ഹീറോയുടെ മൊഴിയിൽ സത്യം ഉണ്ടാകുമെന്ന് പ്രതീക്ഷ; ജെസ്‌ന പോയ വഴിയിലെ നേരറിയാൻ രണ്ടും കൽപ്പിച്ച് സിബിഐ

തൊടുപുഴയിൽ നിന്ന് മുക്കൂട്ടുതറയിലെ പെൺകുട്ടി കാണാമറയത്തിലേക്ക് പോയത് കാറിൽ! നടന്നത് തട്ടിക്കൊണ്ടു പോകലെന്ന് സംശയിച്ച് നന്ദകുമാറിന്റെ ടീം; കൂടത്തായി ഹീറോയുടെ മൊഴിയിൽ സത്യം ഉണ്ടാകുമെന്ന് പ്രതീക്ഷ; ജെസ്‌ന പോയ വഴിയിലെ നേരറിയാൻ രണ്ടും കൽപ്പിച്ച് സിബിഐ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ജെസ്ന മരിയ ജെയിംസിന്റെ തിരോധാനം പുതിയ വഴിത്തിരിവിലേക്ക്. ജെസ്നയെ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത മുൻനിർത്തി തിരുവനന്തപുരത്തെ സിബിഐ. പ്രത്യേക കോടതി മുമ്പാകെ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചു. സിബിഐ. തിരുവനന്തപുരം മേധാവി നന്ദകുമാർ നായർ സമർപ്പിച്ച എഫ്.ഐ.ആറിൽ ജെസ്നയുടെ തിരോധാനത്തിനു പിന്നിൽ തട്ടിക്കൊണ്ടുപോകാലാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.എഫ്.ഐ.ആറിൽ പ്രതികളുടെ പേരോ മറ്റു സൂചനകളോ ഇല്ല.

ജെസ്‌ന വീട്ടിൽ നിന്ന് ഇറങ്ങി മുക്കൂട്ടുതറയിൽ എത്തിയതായി വിവരം കിട്ടിയിട്ടുണ്ട്. പിന്നീട് മുണ്ടക്കയത്ത് കണ്ടെന്നും പറയുന്നു. അവിടെ നിന്ന് കാറിൽ ജെസ്‌ന പോയതായാണ് സൂചന. ഈ സാഹചര്യത്തിലാണ് തട്ടിക്കൊണ്ടു പോകലിൽ അന്വേഷണം. പത്തനംതിട്ട എസ് പി അടക്കമുള്ളവരുടെ മൊഴി സിബിഎ എടുക്കും. ജെസ്‌നയെ കണ്ടെത്തുന്നതിന് തൊട്ടടുത്തു വരെ കാര്യങ്ങൾ എത്തിയന്നെ് കെജി സൈമൺ വെളിപ്പെടുത്തിയിരുന്നു. സൈമൺ വിരമിച്ച ശേഷമാണ് അന്വേഷണം സിബിഐയിൽ എത്തുന്നത്.

ജെസ്നയെ 2018 മാർച്ച് 22നാണ് ദുരൂഹസാഹചര്യത്തിൽ കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കുപോയ ജെസ്ന പിന്നീടു മടങ്ങിവന്നില്ല. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും മാറിമാറി നടത്തിയ അന്വേഷണം ഫലം കണ്ടില്ല. പെൺകുട്ടി എരുമേലി ബസിൽ കയറിപ്പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ആകെ ലഭിച്ച തെളിവ്. ബന്ധുവിന്റെ വീട്ടിലേക്കെന്നു പറഞ്ഞാണ് ജെസ്ന വീട്ടിൽനിന്നും ഇറങ്ങിയത്. മൊബൈൽ ഫോണും സ്വർണാഭരണങ്ങളും എടുത്തിരുന്നില്ല. ബസിൽ കയറി മുണ്ടക്കയത്ത് ഇറങ്ങിയ ജെസ്‌ന അപ്രത്യക്ഷയായി.

അന്നുതന്നെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിരവധിപേരെ ചോദ്യംചെയ്തു. ജസ്ന പഠിച്ച കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ രണ്ടുലക്ഷത്തോളം പേരുടെ മൊബൈൽ ഫോണുകളാണ് പ്രത്യേകം നിരീക്ഷിച്ചത്. അന്വേഷണം എങ്ങുമെത്താതായപ്പോൾ ബന്ധുക്കൾ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയപ്പോൾ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. തുടർന്ന് അന്വേഷണ സംഘത്തെ വിപുലീകരിച്ച് വിവിധ സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തി. വിവരം നൽകുന്നവർക്ക് പ്രതിഫലം അഞ്ചുലക്ഷം രൂപ പ്രഖ്യാപിക്കുകയും ചെയ്തു. അതും ഫലം കണ്ടില്ല.

കോവിഡ് ലോക്ഡൗൺ കാലത്ത് ക്രൈം ബ്രാഞ്ച് ഡയറക്ടർ ആയിരുന്ന ടോമിൻ തച്ചങ്കരിയാണ് മറവിയിലേക്ക് പോയിരുന്ന ജെസ്‌ന കേസ് പൊടിതട്ടിയെടുത്തത്. ജെസ്‌ന കേസിൽ ശുഭവാർത്ത വരുന്നുവെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. കൂടത്തായി കേസ് തെളിയിച്ച് പേരെടുത്ത എസ്‌പി കെജി സൈമൺ പത്തനംതിട്ടയിൽ ചുമതല ഏറ്റപ്പോൾ തന്നെ ജെസ്‌ന കേസിന്റെ അന്വേഷണ മേൽനോട്ടം അദ്ദേഹത്തിന് കൈമാറിയിരുന്നു. ഡിസംബർ 31 ന് സൈമൺ വിരമിക്കുന്നതിന് മുന്നോടിയായി ജെസ്‌നയെ കണ്ടെത്തുമെന്നാണ് ഏവരും കരുതിയിരിന്നതും. എന്നാൽ അത് നടന്നില്ല. കൂടത്തായിയിൽ സത്യം പുറത്തു കൊണ്ടു വന്ന സൈമണ് അതു കഴിയുമെന്ന് വ്യാപകമായി ഏവരും പ്രതീക്ഷിക്കുകയും ചെയ്തു.

2018 മാർച്ച് 20 നാണ് മുക്കൂട്ടുതറയിൽ നിന്ന് കോളജ് വിദ്യാർത്ഥിനിയായ ജെസ്‌നയെ കാണാതാകുന്നത്. ലോക്കൽ പൊലീസ് അന്വേഷിച്ചു മടുത്തപ്പോഴാണ് ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത്. ഊഹാപോഹങ്ങൾ അല്ലാതെ ശക്തമായ ഒരു തെളിവും ഇതു വരെ ലഭിച്ചിട്ടില്ല. ജെസ്‌നയെ കണ്ടതായി പറയുന്ന ഇടങ്ങളിലെല്ലാം സംഘം പരിശോധിച്ചു. തമിഴ്‌നാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം വരെ പരിശോധനയ്ക്ക് വിധേയമാക്കി. ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ജെസ്‌നയുമായി സാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടെത്തിയ സ്ഥലത്തും അന്വേഷണം നടന്നു.

കാണാതായതിന് പിന്നാലെ ജെസ്നയുടെ മൊബൈൽ ഫോൺ കാൾ ലിസ്റ്റ് പരിശോധിച്ചിട്ട് യാതൊരു അസ്വാഭാവികതയും പൊലീസിന് കണ്ടെത്താനായില്ല. കൂട്ടുകാരെയെല്ലാം ചോദ്യം ചെയ്തു. ആർക്കും ജെസ്‌നയെ കുറിച്ച് എതിരഭിപ്രായമില്ല. സമീപദിവസങ്ങളിലൊന്നും അസ്വസ്ഥതകളോ അസ്വാഭാവികതയോ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.

കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജസ്നയ്ക്ക് ലഭിച്ച ചില കോളുകൾ പൊലീസ് പരിശോധിച്ചിരുന്നു. ജെസ്നയെ തേടി കൂടുതൽ ഫോൺ കോളുകൾ വന്നത് കർണാടകത്തിൽ നിന്നാണെന്നാണ് പൊലീസ് പറയുന്നത്. കുറച്ചു കോളുകൾ കുടകിൽ നിന്നും വന്നതായും കണ്ടെത്തിയിരുന്നു. കുടക്, മടിക്കേരി, സിന്ധുപുര, വിരാജ്പേട്ട എന്നീ പ്രദേശങ്ങളിൽ പത്തനംതിട്ട പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.

ജെസ്നയോട് സാദൃശ്യമുള്ള പെൺകുട്ടിയെ കർണാടകത്തിലെ ചിലയിടങ്ങളിൽ കണ്ടെതായി നേരത്തേയും സന്ദേശം ലഭിച്ചിരുന്നു. എയർപോർട്ടിൽ നേരത്തേ ജസ്നയെ ബെംഗളൂരുവിലെ എയർപോർട്ടിൽ കണ്ടതായി കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും അന്വേഷണത്തിന് സഹായിക്കുന്ന വിവരങ്ങൾ ഒന്നും തന്നെ പൊലീസിന് ലഭിച്ചിരുന്നില്ല.

സംഭവദിവസം 16 തവണ ജെസ്‌നയെ ഫോണിൽ വിളിച്ച ആൺ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്‌തെങ്കിലും തെളിവുകൾ ലഭിച്ചില്ലെന്നു പൊലീസ് പറയുന്നു. പിന്നീട്, കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്ത് നൽകിയ പരാതിയെത്തുടർന്ന് അന്വേഷണം സിബിഐ. ഏറ്റെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP