Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

10 വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹം; മിന്നുകെട്ട് കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ പാർടണർമാരുടെ നിർദ്ദേശത്തിൽ മടക്കം; ബാധ്യതകൾ തീർക്കാൻ ഗൾഫിലെത്തിയപ്പോൾ വഞ്ചനയിൽ ജയിലറ; കണ്ണീരോടെ കാത്തിരുന്ന് ഭാര്യയും കുടുംബവും; പാവങ്ങാട്ടെ വീട് ജപ്തിയുടെ വക്കീൽ; അരുൺ കുമാറിന് നീതി കിട്ടുമോ?

10 വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹം; മിന്നുകെട്ട് കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ പാർടണർമാരുടെ നിർദ്ദേശത്തിൽ മടക്കം; ബാധ്യതകൾ തീർക്കാൻ ഗൾഫിലെത്തിയപ്പോൾ വഞ്ചനയിൽ ജയിലറ; കണ്ണീരോടെ കാത്തിരുന്ന് ഭാര്യയും കുടുംബവും; പാവങ്ങാട്ടെ വീട് ജപ്തിയുടെ വക്കീൽ; അരുൺ കുമാറിന് നീതി കിട്ടുമോ?

ജാസിം മൊയ്ദീൻ

കോഴിക്കോട്: ആരുടെയും കരളലിയിപ്പിക്കുന്ന ജീവിതകഥയാണ് കോഴിക്കോട് പാവങ്ങാട് കണിയാംതാഴത്ത് അരുൺകുമാറിന്റെയും ഭാര്യ അനുസ്മൃതിയുടേതും. പാവങ്ങാട് കണിയാതാഴത്ത് സതീശന്റെ മൂന്ന് മക്കളിൽ മൂത്തവനാണ് അരുൺകുമാർ. കുടുംബത്തിന്റെ ബാധ്യതകൾ തീർക്കാർ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഗൾഫിലേക്ക് പോയതാണ് അരുൺ. എന്നാൽ കഴിഞ്ഞ രണ്ടര വർഷക്കാലമായി ചെയ്യാത്ത കുറ്റത്തിന് കൂട്ടുകാരാൽ വഞ്ചിക്കപ്പെട്ട് ഖത്തറിലെ ജയിലിൽ കഴിയുകയാണ് അരുൺ കുമാർ.

മത്സ്യത്തൊഴിലാളിയായ അച്ഛനും വിദ്യാർത്ഥികളായ അനിയന്മാർക്കും അമ്മക്കുമെല്ലാം ഏക ആശ്രയമായിരുന്നു അരുൺകുമാർ. കുടുംബത്തെ കരകയറ്റാൻ വേണ്ടിയാണ് എല്ലാ പ്രവാസികളെയും പോലെ അരുൺകുമാറും ഗൾഫിലേക്ക് പോകുന്നത്. 2018 ഒക്ടോബറിലാണ് അരുൺ ആദ്യമായി ഖത്തറിലേക്ക് പോകുന്നത്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഷമീർ എന്നയാളാണ് അരുണിനെ ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കൊണ്ടുപോയത്. ഖത്തറിലേക്ക് പോകുന്ന സമയത്ത് അരുണിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. സ്‌കൂൾ കാലം മുതലുള്ള 10 വർഷത്തിലധികമായ പ്രണയത്തിന്റെ സാഫല്യമായിരുന്നു ആ വിവാഹം.

ഗൾഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കിടയിൽ തന്നെ അരുൺ ഷമീറിനോട് ചോദിച്ചിരുന്നു മാസങ്ങൾക്ക് ശേഷം തന്റെ വിവാഹമാണ, അതിന് നാട്ടിലേക്ക് വരുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ എന്ന്. എന്നാൽ വിവാഹമാകുമ്പോഴേക്ക് തിരിച്ച് വരാമെന്നും ഇപ്പോൾ അത്യാവശ്യമായി പോകണം എന്നുമാണ് ഷമീർ പറഞ്ഞത്. ഖത്തറിൽ പുതിയതായി തുടങ്ങുന്ന ഹോട്ടലിൽ മാനേജർ പോസ്റ്റിലേക്കാണെന്ന് പറഞ്ഞാണ് അരുണിനെ ഗൾഫിലേക്ക് കൊണ്ടുപോയത്. എത്രയും പെട്ടെന്ന് അരുൺ ഗൾഫിലെത്തിയാൽ മാത്രമെ പുതിയ ഹോട്ടലിന് ലോൺ ശരിയാകൂ എന്നും ലോൺ ശരിയായി ഉദ്ഘാടനം കഴിഞ്ഞ് വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ച് പോരാമെന്നുമാണ് ഷമീർ പറഞ്ഞത്. ഷമീറിന്റെ വാക്ക് വിശ്വസിച്ച് 2018 ഒക്ടോബർ 15ന് അരുൺ ഖത്തറിലേക്ക് പോകുകയും ചെയ്തു.

ഖത്തറിലെത്തിയതിന് ശേഷം ഷമീർ സുഹൃത്തുക്കളായ ഹുസൈൻ, ജിഫ്രി എന്നീ രണ്ട് പേരെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഗൾഫിലെത്തി മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ ഹോട്ടൽ ജോലിക്കാര്യം ശരിയാകാത്തത് അന്വേഷിച്ചപ്പോഴാണ് ഹുസൈനും ജിഫ്രിയും പറഞ്ഞത് ആ പദ്ധതി ഉപേക്ഷിച്ചെന്നും പകരം പുതിയൊരു സംരംഭം തുടങ്ങുകയാണെന്നും. എന്നാൽ നിലവിൽ ഖത്തറിൽ ഹുസൈൻ, ജിഫ്രി എന്നിവരുടെ പേരിൽ വേറെയും സ്ഥാപനങ്ങളുള്ളതിനാൽ പുതിയ സ്ഥാപനം അരുണിന്റെ പേരിലാണ് രജിസ്റ്റർ ചെയ്യുന്നത് എന്നും ആ സ്ഥാപനത്തിൽ ഉയർന്ന ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. അത് പ്രകാരം ടീം പോസീറ്റീവ് ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് എന്ന പേരിൽ അരുണിന്റെ പേരിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്യുകയും ചെയ്തു.

അപ്പോഴേക്കും അരുണിന്റെ വിവാഹത്തിനുള്ള സമയമായിരുന്നു. 2019 ഫെബ്രുവരി 3നാണ് അരുണിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനായി ഫെബ്രുവരി 23ന് അരുൺ നാട്ടിലേക്ക് യാത്ര തിരിച്ചു. നാട്ടിലേക്ക് പോരുന്നതിന് മുമ്പ് ഒരു ചെക്ക് ബുക്ക് മുഴുവൻ കമ്പനി ആവശ്യങ്ങൾക്കാണെന്ന് പറഞ്ഞ് അരുണിൽ നിന്നും ഹുസൈനും ജിഫ്രിയും ഒപ്പിടിവിച്ച് വാങ്ങുകയും ചെയ്തു. അരുൺ നാട്ടിലെത്തുകയും ഫെബ്രുവരി 3ന് 10 വർഷത്തെ പ്രണയത്തിനൊടുവിൽ അനുസ്മൃതിയെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ ഉടൻ ഗൾഫിൽ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനമാണെന്നും പെട്ടെന്ന് വരണമെന്നും പറഞ്ഞ് ജിഫ്രിയും ഹുസൈനും വിളിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് കേവലം മൂന്ന് ദിവസങ്ങൾ മാത്രമാണ് അരുൺ അനുസ്മൃതിക്കൊപ്പം ജീവിച്ചത്.

ഫെബ്രുവരി 6ന് അരുൺ ഗൾഫിലേക്ക് തിരിച്ച് പോകുകയും ചെയ്തു. എന്നാൾ ഖത്തറിലെത്തി മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനമോ മറ്റ് പ്രവർത്തികളോ നടന്നില്ല. കാരണം ചോദിച്ചപ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് ഹുസൈനും ജിഫ്രിയും അരുണിനെ കബളിപ്പിക്കുകയും ചെയ്തു. ഗത്യതന്തരമില്ലാതെ അരുൺ 2019 ജൂൺ 19ന് നാട്ടിലേക്ക് തിരിച്ച് പോരാൻ എയർപോർട്ടിലെത്തി. എയർപോർട്ടിലെത്തിയപ്പോഴാണ് താൻ സുഹൃത്തുക്കളാൽ ചതിക്കപ്പെട്ട കാര്യം അരുൺ അറിയുന്നത്. മുമ്പ് തന്നിൽ നിന്നും കമ്പനി ആവശ്യങ്ങൾക്കെന്ന പേരിൽ ഒപ്പിട്ടുവാങ്ങിയ ചെക്കുകളെല്ലാം തള്ളിയിരിക്കുന്നു. അരുണിന് യാത്രവിലക്കും ഏർപ്പെടുത്തി. തുടർന്ന് 2019 ജൂൺ 22ന് അരുൺ അറസ്റ്റിലാകുകയും 10 വർഷത്തേക്ക് ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ രണ്ടരവർഷക്കാലമായി അരുൺ ഖത്തറിലെ ജയിലിൽ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുവഭിച്ച് കൊണ്ടിരിക്കുകയാണ്.

2019 ജൂണിൽ അരുൺ അറസ്റ്റിലായെങ്കിലും വീട്ടുകാർ ഇക്കാര്യം അറിയുന്നത് 2019 ഒക്ടോബറിലാണ്. അത്രയും കാലം അരുൺ ഇക്കാര്യം വീട്ടുകാരിൽ നിന്നും മറച്ചുവെച്ചത് സുഹൃത്തുക്കളെന്ന വ്യാജേന തന്നെ ചതിച്ചവരുടെ ഭീഷണിയിൽ ഭയന്നിട്ടായിരുന്നു. സംഭവം നാട്ടിലറിയിച്ച് ഏതെങ്കിലും തരത്തിൽ കേസുകളോ മാധ്യമ ഇടപെടലുകളോ ഉണ്ടായാൽ ജീവിത കാലം മുഴുവൻ ഖത്തറിൽ ജയിലിൽ കഴിയേണ്ടിവരുമെന്ന് അവർ അരുണിനെ ഭീഷണിപ്പെടുത്തി. അതിനാൽ തന്നെ ആദ്യ മാസങ്ങളിൽ അരുൺ ഇക്കാര്യ വീട്ടിൽ അറിയിച്ചില്ല. ആഴ്ചയിൽ ഒരു ദിവസം മൂന്ന് മിനിറ്റ് മാത്രമാണ് അരുൺ ഫോൺ ചെയ്തിരുന്നത്. എന്താണ് ഇങ്ങനെയെന്ന് നിരവധി തവണ ചോദിച്ചപ്പോൾ താൻ ഖത്തറിൽ ജയിലിലാണെന്ന് അരുൺ വീട്ടുകാരോട് പറയുന്നത്.

നാട്ടിൽ മറ്റാരെയും അറിയിക്കരുതെന്നും അറിയിച്ചാൽ തനിക്കിനി പുറത്തിറങ്ങാൻ കഴിയില്ലെന്നും അരുൺ വീട്ടുകാരെ അറിയിച്ചു. ഹുസൈനും ജിഫ്രിയും അവരുടെ കൂട്ടാളികളായ സനോജ് എന്ന വ്യക്തിയും അരുണിനെ ഗൾഫിലേക്ക് കൊണ്ട് പോയ കുറ്റ്യാടി സ്വദേശി ഷമീറും എല്ലാം വീട്ടുകാരെയും ഭീഷണപ്പെടുത്തി. ഭീഷണിയിൽ ഭയന്ന വീട്ടുകാർ അയൽവാസികളോടോ കുടുംബത്തിലോ ഇക്കാര്യം അറിയിച്ചതുമില്ല. എന്നാൽ മാസങ്ങൾക്ക് മുമ്പ് അരുണിന്റെ പാവങ്ങാട്ടെ വീട്ടിൽ ജപ്തി നടപടികൾ നടക്കുമ്പോഴാണ് നാട്ടുകാർ ഇക്കാര്യം അറിയുന്നത്. അരുൺ ഗൾഫിൽ നല്ല ജോലിയാണെന്നും പിന്നെങ്ങനെയാണ് വീട് ജപ്തിയുടെ വക്കിലെത്തിയത് എന്നും അന്വേഷിച്ചപ്പോഴാണ് അരുൺ ജയിലിലാണെന്ന കാര്യം അയൽവാസികളും നാട്ടിലെ പൊതുപ്രവർത്തകരും അറിയുന്നത്. തുടർന്ന് പാവങ്ങളാട് അയൽപക്ക വേദിയുടെ നേതൃത്വത്തിൽ അരുൺകുമാർ നിയമസഹായ സമിതി രൂപീകരിച്ച് നാട്ടുകാർ അരുണിന്റെ മോചനത്തിനായുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർക്കാണ് ആദ്യമായി പരാതി നൽകിയത്.

എസിപിയുടെ നിർദ്ദേശാനുസരണം അരുണിനെ ഗൾഫിലേക്ക് കൊണ്ടുപോയ ഷമീറിന്റെ സ്റ്റേഷൻ പരിധിയായ കുറ്റ്യാടിയിലും അരുണിന്റെ സ്റ്റേഷൻ പരിധിയായ എലത്തൂരിലും അരുണിനെ വഞ്ചിച്ച എറണാകുളം സ്വദേശി സനോജ്, കാസർകോഡ് സ്വദേശി നജീബ്, മലപ്പുറം സ്വദേശികളായ ഹുസൈൻ, ജിഫ്രി, ഖത്തറിൽ കുടുംബസമേതം താമസിക്കുന്ന മുനീർ, കോഴിക്കോട് സ്വദേശികളായ സലീം, ഷമീർ എന്നിവർക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ തെളിവില്ലെന്ന് കാണിച്ച് പൊലീസ് കേസ് ക്ലോസ് ചെയ്യുകയായിരുന്നു. തുടർന്ന് കേന്ദ്രവിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ, സ്ഥലം എംഎൽഎ എ പ്രദീപ് കുമാർ, എംപി എംകെ രാഘവൻ എന്നിവർക്കും പരാതിയും നിവേദനങ്ങളും നൽകിയെങ്കിലും ഫലമുണ്ടായില്ല.

നോർക്കയും വിഷയത്തിൽ ഇടപെട്ടിരുന്നു. നോർക്കയുടെ അഭിഭാഷകൻ ഖത്തറിൽ ജയിലിലെത്തി അരുണുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിദേശ രാജ്യത്ത് വെച്ചുള്ള ചെക്ക് കേസായതിനാൽ മുഴുവൻ പണവും അടച്ചാൽ മാത്രമെ പുറത്തിറങ്ങാൻ കഴിയൂ എന്നാണ് പറയുന്നത്. അരുണിനെ ചതിച്ചവർ ഇന്നും ഖത്തറിലും ഒമാനിലും നാട്ടലുമെല്ലാമായി സുഖിച്ച് ജീവിക്കുന്നുണ്ട്. അവരിൽ ചിലർ ഇടക്ക് അരുണിന്റെ വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തുന്നുമുണ്ട്. 1.5 മില്ല്യൺ ഖത്തർ റിയാലാണ് അരുണിന് ജയിലിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ കൊടുത്തുതീർക്കേണ്ടത്. മത്സ്യത്തൊഴിലാളിയായ അച്ഛനോ വിദ്യാർത്ഥികളായ അനിയന്മാർക്കോ കണ്ടെത്താനാവുന്ന തുകയല്ലിത്. ആകെയുള്ള വീട് ജപ്തിയുടെ വക്കിലാണ്. അരുണിനെ ചതിച്ച കുറ്റ്യാടിയിലുള്ള ഷമീറിന്റെ വീട്ടിൽ അരുണിന്റെ കുടുംബം പോയിരുന്നു. ഷമീർ നേരത്തെയും ഇത്തരത്തിൽ നിരവധിയാളുകളെ വഞ്ചിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് അരുണിന്റെ കുടുംബം മറുനാടൻ മലയാളിയോട് പറഞ്ഞു.

മക്കളെ ഓർത്താണ് താൻ ഇപ്പോഴും ഭർത്താവിനൊപ്പം കഴിയുന്നതെന്ന് ഷമീറിന്റെ ഭാര്യ കരഞ്ഞ് കൊണ്ട് പറഞ്ഞതായും അരുണിന്റെ കുടുംബം പറയുന്നു. 10 വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിഞ്ഞിട്ട് കേവലം 3 ദിവസം മാത്രമാണ് അനുസ്മൃതിക്കും അരുണിനും ഒരുമിച്ച് ജീവിക്കാനായിട്ടുള്ളത്. തന്റെ ഭർത്താവിന്റെ മോചനത്തിനായി ഇനി ആരുടെ മുന്നിലാണ് അപേക്ഷിക്കേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ അനുസ്മൃതിയുള്ളത്. അതിനിടയിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് അനുസ്മൃതിയുടെ അച്ഛൻ മരണപ്പെടുകയും ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP