Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മകൾ ബലാത്സംഗത്തിനിരയായതായി പൊലീസിൽ പരാതി നൽകി; രണ്ട് ദിവസത്തിന് ശേഷം പിതാവ് വാഹനാപകടത്തിൽ മരിച്ചു: യുപിയിൽ നടന്ന സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  

മകൾ ബലാത്സംഗത്തിനിരയായതായി പൊലീസിൽ പരാതി നൽകി; രണ്ട് ദിവസത്തിന് ശേഷം പിതാവ് വാഹനാപകടത്തിൽ മരിച്ചു: യുപിയിൽ നടന്ന സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം   

സ്വന്തം ലേഖകൻ

കാൻപുർ: ഉത്തർപ്രദേശിലെ കാൻപുരിൽ മകൾ ബലാത്സംഗത്തിനിരയായതായി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പിതാവ് ലോറി ഇടിച്ചു മരിച്ചു. മകളുടെ വൈദ്യ പരിശോധന നടക്കവെ പുറത്ത് കാത്തു നിന്ന പിതാവാണ് വാഹനാപകടത്തിൽ മരിച്ചത്. കൂട്ടബലാത്സംഗത്തിനിരയായ 13 വയസ്സുകാരിയുടെ പിതാവാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. അപകടമരണത്തിൽ ദുരൂഹതയുണ്ടെന്നും ബലാത്സംഗക്കേസിലെ പ്രതികളാണ് അപകടമരണത്തിന് പിന്നിലെന്നും ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി.

രണ്ട് ദിവസം മുമ്പാണ് 13 വയസ്സുകാരിയായ മകൾ കൂട്ടബലാത്സംഗത്തിനിരയായെന്ന് കാൻപുർ സ്വദേശി പൊലീസിൽ പരാതി നൽകിയത്. ഇതിനുപിന്നാലെ പ്രതികളുടെ കുടുംബത്തിൽനിന്ന് പിതാവിന് ഭീഷണിയുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ മകളെ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴാണ് ആശുപത്രിക്ക് മുന്നിൽവെച്ചുണ്ടായ വാഹനാപകടത്തിൽ കാൻപുർ സ്വദേശി മരിച്ചത്.

'പെൺകുട്ടിയുടെ വൈദ്യപരിശോധന നടക്കുന്നതിനിടെ പിതാവ് ഒരു ചായ കുടിക്കാനായി പുറത്തുപോയിരുന്നു. അതിനിടെയാണ് ലോറി ഇടിച്ച് അപകടമുണ്ടായത്. ഉടൻതന്നെ അദ്ദേഹത്തെ കാൻപുരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്'- കാൻപുർ ജില്ലാ പൊലീസ് മേധാവി പ്രീതിന്ദർ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ബലാത്സംഗക്കേസിലെ മുഖ്യപ്രതിയായ ഗോലു യാദവിന്റെ പിതാവ് യു.പി. പൊലീസിലെ എസ്‌ഐ.യാണ്. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ഗോലു യാദവിനെ അറസ്റ്റ് ചെയ്തെങ്കിലും ഇയാളുടെ കുടുംബം ഭീഷണിപ്പെടുത്തിയെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. പരാതി നൽകിയതിന് പിന്നാലെ ഗോലു യാദവിന്റെ സഹോദരനടക്കം വീട്ടിലെത്തി അച്ഛൻ എസ്‌ഐ.യാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പിതാവിന്റെ മരണം കൊലപാതകമാണെന്നും സംഭവത്തിൽ പൊലീസിന് പങ്കുണ്ടെന്നും ഇവർ ആരോപിച്ചു.

അതേസമയം, വാഹനാപകടത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അപകടമുണ്ടാക്കിയ വാഹനം ഉടൻ കണ്ടെടുക്കുമെന്നും പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. രണ്ട് കേസുകളിലും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.

ബലാത്സംഗക്കേസിൽ ദ്രുതഗതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. അഞ്ച് സംഘങ്ങളെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ബ്രിജേഷ് ശ്രീവാസ്തവ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP