Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ മുരളീധരന് മാത്രം എങ്ങനെ ഇളവ് അനുവദിക്കുമെന്നത് പ്രശ്നം; ഒരു എംപിക്ക് ഇളവു നൽകിയാൽ മറ്റുള്ളവരുടെ സമാന ആവശ്യം ഉന്നയിക്കുമെന്ന് ഹൈക്കമാൻഡിന് ആശങ്ക; നേമത്ത് കരുത്തനെ തേടുന്ന ചർച്ചകൾ വീണ്ടും ഉമ്മൻ ചാണ്ടിയിലേക്കും ചെന്നിത്തലയിലേക്കും; നിലപാട് എന്തെന്ന് ഹൈക്കമാൻഡ് ചോദ്യത്തിന് ഉത്തരം നൽകാതെ ഇരുവരും

കെ മുരളീധരന് മാത്രം എങ്ങനെ ഇളവ് അനുവദിക്കുമെന്നത് പ്രശ്നം; ഒരു എംപിക്ക് ഇളവു നൽകിയാൽ മറ്റുള്ളവരുടെ സമാന ആവശ്യം ഉന്നയിക്കുമെന്ന് ഹൈക്കമാൻഡിന് ആശങ്ക; നേമത്ത് കരുത്തനെ തേടുന്ന ചർച്ചകൾ വീണ്ടും ഉമ്മൻ ചാണ്ടിയിലേക്കും ചെന്നിത്തലയിലേക്കും; നിലപാട് എന്തെന്ന് ഹൈക്കമാൻഡ് ചോദ്യത്തിന് ഉത്തരം നൽകാതെ ഇരുവരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നേമം മണ്ഡലത്തിൽ മത്സരിക്കാൻ കരുത്തനെ തേടിയുള്ള കോൺഗ്രസ് ചർച്ചകൾ വീണ്ടും തുടരുന്നു. കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കാൻ ചർച്ചകൾ നടന്നെങ്കിലും അദ്ദേഹത്തിന് മാത്രം എങ്ങനെ മത്സരിക്കാൻ അവസരം നൽകുമെന്ന ചോദ്യമാണ് ഉയരുന്നത്. കെ മുരളീധരൻ നേമത്ത് മത്സരിക്കാൻ സന്നദ്ധനാണെങ്കിലും സമാന ആവശ്യം മറ്റും എംപിമാരും ഉന്നയിച്ചാൽ പാർട്ടി പ്രതിസന്ധിയിലാകും. അതുകൊണ്ട് തന്നെ വീണ്ടും നേമത്തെ കരുത്തനെ തേടിയുള്ള ചർച്ചകൾ കേന്ദ്രീകരിക്കുന്നത് രമേശ് ചെന്നിത്തലയിലേക്കും ഉമ്മൻ ചാണ്ടിയിലേക്കും നീങ്ങുകയാണ്.

നേമം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറാണെന്ന് കെ മുരളീധരൻ എംപി നേരത്തെ വ്യക്തമാക്കിയിരുന്നു. നേമത്തും വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും കരുത്തനായ സ്ഥാനാർത്ഥി വേണമെന്ന് കേരളത്തിലെ മുതിർന്ന നേതാക്കളോട് ഹൈക്കമൻഡ് ആവശ്യപ്പെട്ടു കഴിഞ്ഞു. ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും വെല്ലുവിളി ഏറ്റെടുക്കാൻ കഴിയുമോ എന്ന് ഹൈക്കമാൻഡ് ചോദിച്ചു. ഈ ഘട്ടത്തിലാണ് കെ മുരളീധരൻ താൻ നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ചത്. എന്നാൽ, ഒരു എംപിക്ക് മാത്രമായി എങ്ങനെ ഇളവു നൽകുമെന്ന ചോദ്യമാണ് ഹൈക്കമാൻഡിന് മുന്നിലുള്ളത്.

എംപിമാർ ആരും മത്സരിക്കേണ്ടതില്ലെന്നതാണ് ഹൈക്കമാണ്ടിന്റെ ആദ്യ തീരുമാനം. എന്നാൽ നേമം പിടിക്കാൻ മുരളിയിലൂടെ കഴിയുമെന്നാണ് ഹൈക്കമാണ്ടിന്റെ വിലയിരുത്തൽ. എന്നാൽ, ഇതിനായി മുരളീധരന് മാനദണ്ഡങ്ങൾ മാറ്റി മത്സരത്തിന് അനുമതി നൽകേണ്ടി വരുമെന്ന വെല്ലുവിളിയാണ് ഹൈക്കമാൻഡ് നേരിടുന്നത്. മാത്രമല്ല, വടകരയിൽ ഉപതിരഞ്ഞെടുപ്പു വരുന്നമ്പോൾ സീറ്റു നിലനിർത്താൻ സാധിക്കുമോ എന്ന ആശങ്കയും ശക്തമാണ്.

വട്ടിയൂർക്കാവിലെ എംഎൽഎയായിരുന്നു മുരളീധരൻ. വടകരയിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന ചർച്ചകളാണ് മുരളീധരനെ എംപിയാക്കിയത്. വടകരയിൽ മത്സരിക്കാൻ കെപിസിസി അധ്യക്ഷൻ തയ്യറാകാത്ത സാഹചര്യത്തിലായിരുന്നു ഇത്. പിന്നീട് ഈ നീക്കം രാഷ്ട്രീയമായി ദോഷമുണ്ടാക്കിയെന്ന് മുരളീധരന് തോന്നലുണ്ടായി. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സ്വന്തമാകുകയും ചെയ്തു. ഇതിൽ മുരളിക്ക് വേദനയും അമർഷവുമുണ്ട്.

നേമത്ത് ബിജെപി വിരുദ്ധൻ മത്സരിച്ചാൽ അതിന്റെ ഗുണഫലം മറ്റുള്ള സ്ഥലങ്ങളിലും ഉണ്ടാകും. സിപിഎം മുൻ എംഎൽഎ ശിവൻകുട്ടിയേയും സ്ഥാനാർത്ഥിയാക്കും. കുമ്മനത്തിനെതിരെ ശിവൻ കുട്ടിയേക്കാൾ മികച്ച സ്ഥാനാർത്ഥിയെ കോൺഗ്രസിന് നിർത്താനായാൽ ജയിക്കാമെന്നാണ് ഹൈക്കമാണ്ട് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് നേമത്ത് ഉമ്മൻ ചാണ്ടിയേയും കെ മുരളീധരനേയും പരിഗണിക്കുന്നത്. വിഷ്ണുനാഥ് പോലുള്ളവരുടെ പേരും ചർച്ചയിലുണ്ട്. അതിശക്തനായ സ്ഥാനാർത്ഥി നേമത്ത് മത്സരിച്ചാൽ അതിന്റെ ഗുണം കേരളത്തിൽ ഉടനീളം കോൺഗ്രസിനുണ്ടാകുമെന്നാണ് വിലയിരുത്തൽ. നാളെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം വരും. ഈ പട്ടികയിൽ തന്നെ നേമത്തെ ചർച്ചകൾ അവസാനിപ്പിക്കാനാണ് കോൺഗ്രസ് നീക്കം.

നേമം പോലെ പ്രധാനമാണ് വട്ടിയൂർക്കാവ്. ഇവിടേക്കും കരുത്തനെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചന. അതിനിടെ ഐഐസിസി നിരീക്ഷകനായി കേരളത്തിലുള്ള ദേശീയ നേതാവിന്റെ ശപഥം ചെയ്യലും കോൺഗ്രസുകാർക്കിടയിൽ ചർച്ചയാണ്. എന്തുവന്നാലും നേമം നേടണമെന്ന സന്ദേശമാണ് എഐസിസി സെക്രട്ടറി കൂടിയായ തമിഴ് നാട്ടുകാരനായ പി വിശ്വനാഥ് മുമ്പോട്ട് വയ്ക്കുന്നത്. അണികളിൽ ആവേശം വിതറാൻ ഒരു പ്രഖ്യാപനവും പ്രാദേശിക യോഗങ്ങളിൽ ഇദ്ദേഹം നൽകുന്നുണ്ട്. നേമത്ത് കോൺഗ്രസ് ജയിച്ചാൽ തന്റെ മകളുടെ കുട്ടിക്ക് നേമം എന്ന് പേരു നൽകുമെന്നാണ് വിശ്വനാഥന്റെ പ്രഖ്യാപനം. നേമത്തെ കോൺഗ്രസ് ഹൈക്കമാണ്ട് ഏറെ പ്രതീക്ഷയോടെ കാണുന്നുവെന്ന സന്ദേശം നൽകാനാണ് ഇത്. എങ്ങനേയും നേമം ജയിക്കാനാണ് പദ്ധതി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഒ രാജഗോപാൽ നേമത്ത് ബിജെപിക്ക് വേണ്ടി അക്കൗണ്ട് തുറന്നത്. എൽഡിഎഫിന് വേണ്ടി എംഎൽഎയായിരുന്ന വി ശിവൻകുട്ടിയും യുഡിഎഫിന് വേണ്ടി എൽജെഡിയിലെ സുരേന്ദ്രൻപിള്ളയുമാണ് മത്സര രംഗത്തിറങ്ങിയത്. 8671 വോട്ടുകൾക്കാണ് ഒ രാജഗോപാൽ ശിവൻകുട്ടിയെ പരാജയപ്പെടുത്തിയത്. യുഡിഎഫിന് 13860 വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞിരുന്നുള്ളൂ.

രാജഗോപാലിനെതിരെ വി ശിവൻകുട്ടിക്ക് 59,142 വോട്ടുകളാണ് ലഭിച്ചത്. രാജഗോപാലിനാവട്ടെ 67,813 വോട്ടും. അതിന് മുമ്പത്തെ തെരഞ്ഞെടുപ്പിൽ ശിവൻകുട്ടി തന്നെയായിരുന്നു രാജഗോപാലിനെ പരാജയപ്പെടുത്തിയത്. 2006ൽ കോൺഗ്രസിന്റെ കൈകളിലായിരുന്ന നേമം സീറ്റായിരുന്നു 2011ൽ സിപിഐഎം പിടിച്ചെടുത്തത്. 2006ൽ കോൺഗ്രസിന്റെ എൻ ശക്തനൊപ്പമായിരുന്നു മണ്ഡലം. അന്ന് മൂന്നാം സ്ഥാനത്ത് മാത്രമായിരുന്നു നേമത്ത് ബിജെപി. പിന്നീട് 2016ലാണ് രാജഗോപാൽ ഇവിടെ മേൽക്കൈ നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP