Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സർക്കാരിനെ പുറത്താക്കാനായി വോട്ട് ചെയ്യാതിരിക്കാൻ കൈവെട്ടി കളയുന്ന രാജ്യം; മാഫിയകൾ തമ്മിലും ഒറ്റുകാർ എന്ന പേരിലും വെടിവെപ്പുകളും കിഡ്നാപ്പിങ്ങും നിത്യതൊഴിൽ; തുരന്നെടുക്കുന്ന സ്വർണ്ണ-വജ്രാഭരണങ്ങളിൽ ചോരയുടെ ഗന്ധം; പി വി അൻവർ പുതിയ ബിസിനസ് തുടങ്ങുന്നത് ആഫ്രിക്കൻ കള്ളക്കടത്ത് സാമ്രാജ്യത്തിൽ; ബ്ലഡ് ഡയമണ്ടിന്റെ കഥ

സർക്കാരിനെ പുറത്താക്കാനായി വോട്ട് ചെയ്യാതിരിക്കാൻ കൈവെട്ടി കളയുന്ന രാജ്യം; മാഫിയകൾ തമ്മിലും ഒറ്റുകാർ എന്ന പേരിലും വെടിവെപ്പുകളും കിഡ്നാപ്പിങ്ങും നിത്യതൊഴിൽ; തുരന്നെടുക്കുന്ന സ്വർണ്ണ-വജ്രാഭരണങ്ങളിൽ ചോരയുടെ ഗന്ധം; പി വി അൻവർ പുതിയ ബിസിനസ് തുടങ്ങുന്നത് ആഫ്രിക്കൻ കള്ളക്കടത്ത് സാമ്രാജ്യത്തിൽ; ബ്ലഡ് ഡയമണ്ടിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: നാട്ടിൽ വ്യവസായം നടത്തി മുടിഞ്ഞപ്പോൾ പി.വി.അൻവർ എംഎൽഎക്ക് പിടിവള്ളിയായത് അങ്ങ് ആഫ്രിക്കയിലെ സിയറ ലിയോൺ എന്ന രാജ്യം. ആഫ്രിക്കയിൽ മലയാളികൾ പോകുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാൽ, ഇവിടുത്തെ പോലെ സേഫല്ല അവിടെ കാര്യങ്ങളെന്ന് പോയവരെല്ലാം പറയാറുണ്ട്. ബ്ലഡ് ഗോൾഡ് എന്നും ബ്ലഡ് ഡയമണ്ട് എന്നും ഒക്കെയാണ് അവിടെ നിന്ന് ഒഴുകുന്ന കള്ളക്കടത്ത് സ്വർണത്തിന്റെ ഓമനപ്പേര്. സ്വർണ-ഡയമണ്ട് മാഫിയ തമ്മിലുള്ള സംഘർഷങ്ങളിലും, ഒറ്റുകാർ എന്ന പേരിലും വെടിവെപ്പുകളും തട്ടിക്കൊണ്ടുപോകലുകളും നടക്കുന്ന പേടിപ്പെടുത്തുന്ന ഏരിയ. സ്വർണ്ണത്തിനുവേണ്ടിയുണ്ടായ കൊലകൾക്ക് കൈയും കണക്കുമില്ല. അതുകൊണ്ടാണ് ഇത് 'രക്തസ്വർണം' അഥവാ ബ്ലഡ് ഗോൾഡ് എന്ന് അറിയപ്പെടുന്നതും. കേരളത്തിൽ അടക്കം എത്തുന്ന സ്വർണ്ണത്തിന്റെ എഴുപതുശതമാനവും ഈ രക്തം കലർന്ന സ്വർണം തന്നെയാണ്. അവിടെയാണ് 20000 കോടി രൂപയുടെ പദ്ധതി പി.വി.അൻവർ പ്ലാൻ ചെയ്യുന്നത്. സിയെറ ലിയോണിൽ ഒരു വർഷം കൊണ്ട് തന്നെ പദ്ധതി പൂർത്തീകരിക്കുമെന്നും മലയാളികൾ അടക്കമുള്ളവർക്ക് ജോലി നൽകാൻ സാധിക്കുമെന്നുമാണ് അൻവർ വീഡിയോ സന്ദേശത്തിൽ പറയുന്നത്.

എല്ലാ വാതിലുകളും അടഞ്ഞപ്പോൾ മിറാക്കിൾ പോലെയാണ് ആഫ്രിക്കയിൽ നിന്നുള്ള സാധ്യത തുറന്നതെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറയുന്നു. ഉംറ തീർത്ഥാടന യാത്രക്കിടെ പരിചയപ്പെട്ട ആഫ്രിക്കൻ വ്യവസായിയാണ് അവിടെ ഖനനത്തിന് ക്ഷണിച്ചത്. എല്ലാ വർഷവും ഉംറ യാത്ര പോവുന്ന താൻ യാത്രകളിൽ കണ്ട് പരിചയപ്പെട്ട ആഫ്രിക്കൻ വ്യവസായിയുമായി 2018 ൽ ഉണ്ടായ സൗഹൃദമാണ് തന്നെ ഇവിടെയെത്തിച്ചതെന്നാണ് വീഡിയോയിൽ പറയുന്നത്.

ചോരമണമുള്ള സ്വർണവും വജ്രവും

ഇന്ത്യയിലും കേരളത്തിലുമടക്കം എത്തുന്ന കള്ളക്കടത്ത് സ്വർണ്ണത്തിന്റെ 90 ശതമാനവും വരുന്നത് ആഫ്രിക്കയിൽ നിന്നാണ്. അരിയും, ഉള്ളിയും, മണ്ണെണ്ണയുമൊക്കെ കരിഞ്ചന്തയിൽ വാങ്ങിയ അനുഭവമേ നമുക്കുള്ളൂ. എന്നാൽ ആഫ്രിക്കൻ രാജ്യങ്ങളായ ഘാന, ടാൻസാനിയ, സാംബിയ, ബുർക്കിനോ ഫാസോ, കോംഗോ, സഹേൽ, നൈജർ, മാലി തുടങ്ങിയ രാജ്യങ്ങളിലെ ഏറ്റവും വലിയ കരിഞ്ചന്ത സ്വർണ്ണമാണ്. കൊളംബിയയിൽ നിന്നും മെക്‌സിക്കയിൽ നിന്നുമുള്ള മയക്കുമരുന്ന് സംഘങ്ങൾ തൊട്ട് നമ്മുടെ സ്വർണ്ണക്കടത്ത് ഫെയിം കെ ടി റമീസിന് വരെ ആഫ്രിക്കയിൽ ആക്‌സസ് ഉണ്ട്. ടാൻസാനിയ ആയിരുന്നു റമീസിന്റെ കേന്ദ്രം എന്നാണ് എൻഐഎ പറയുന്നത്.

ആഫ്രിക്കയിലെ പ്രധാന സ്വർണ്ണഖനികൾ ഉൽപ്പാദിപ്പിക്കുന്നതിന്റെ എത്രയോ ഇരട്ടിയാണ് അവിടങ്ങളിലെ സ്വർണ്ണ കരിഞ്ചന്ത. കുടിൽവ്യവസായമായി ജനങ്ങൾ സ്വർണം അരിച്ചെടുക്കയാണ്. ദുബായിലേക്ക് ഏറ്റവും കൂടുതൽ അസംസ്‌കൃത സ്വർണ്ണമെത്തുന്നതും ഈ പ്രദേശങ്ങളിൽ നിന്ന് തന്നെ. ആദ്യകാലങ്ങളിൽ എല്ലാ ഗവണ്മെന്റുകളേയും പോലെ ഈ ആഫ്രിക്കൻ ഗവണ്മെന്റുകൾ സ്വർണ്ണക്കയറ്റുമതിക്ക് നികുതി ഈടാക്കിയിരുന്നു. ഏത് രാജ്യവും അവരുടെ ധാതുഖനനത്തിന്, പ്രകൃതിവിഭവങ്ങൾ എടുക്കുന്നതിന്, സ്വാഭാവികമായും നികുതിയേർപ്പെടുത്തും. പിന്നീട് നികുതി വെട്ടിക്കാനാകും മിക്കവരുടേയും ശ്രമം. അങ്ങനെ നികുതി വെട്ടിക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ അതിൽ ഇടപെട്ടു നിയന്ത്രിക്കാൻ ശ്രമിക്കുമല്ലോ. ആ സംവിധാനങ്ങളെ വരുതിയിലാക്കാൻ അഴിമതിയും ഇടനിലക്കാരും മാഫിയകളും സായുധസംഘങ്ങളും എല്ലാം ചേർന്ന ഒരു ശൃംഖല ആ ആഫ്രിക്കൻ രാജ്യങ്ങളിൽ രൂപപെട്ടു. ചുരുക്കിപ്പറഞ്ഞാൽ സ്വർണ്ണ നിക്ഷേപം ആ നാടുകളുടെ സ്വസ്ഥത തകർക്കയാണ് ചെയ്തത്.

ഈ ഇടനിലക്കാരുടേയും സമാന്തര സർക്കാർ സംവിധാനങ്ങളുടേയും മാഫിയകളുടേയും ശൃംഖലകൾ പതിയെ സമാന്തര സർക്കാരുകളായി വളർന്നു. ആഗോളഭീകരവാദവും സ്വർണ്ണവും തമ്മിൽ ബന്ധപ്പെടുന്നത് ഈ സമാന്തര സർക്കാരുകളിൽ നിന്നാണ്. ഇന്ന് അൽഖ്വായിദ അടക്കമുള്ള ഇസ്ലാമിക തീവ്രാദ സംഘങ്ങളുടെ കൈയിലാണ് ഈ അനധികൃത സ്വർണ്ണ ഖനനം. അവർക്ക് കൈക്കൂലി കൊടുത്താൽ നിങ്ങൾക്കും അവിടെ പ്രവേശിക്കാം. കള്ളക്കടത്ത് സ്വർണം വാങ്ങി ദുബൈയിൽ എത്തിച്ചുതരാനും അവിടെ സംഘങ്ങൾ ഉണ്ട്. പലയിടത്തും കുട്ടികളെ അടക്കം അടിമകൾ ആക്കി പണിയെടുപ്പിച്ചും സ്വർണം ഉണ്ടാക്കുന്നുണ്ട്. ഖനിയപകടങ്ങളിൽ കുട്ടികൾ കൊലപ്പെടുന്നു. ഈ ദരിദ്രരാഷ്ട്രങ്ങളുടെ ദാരിദ്ര്യം ഒന്ന് കൂടി വർധിക്കയാണ് സ്വർണ്ണ നിക്ഷേപം കണ്ടെത്തിയതിലൂടെ ഉണ്ടായത്. മയക്കുമരുന്ന് കടത്തിന് പ്രതിഫലമായി സ്വർണം നൽകുന്ന സംഘങ്ങളും ഇവിടെ തഴച്ചു വളർന്നു.

ബ്ലഡ് ഡയമണ്ട് വരുന്ന വഴികൾ

ആഫ്രിക്കൻ വനാന്തരങ്ങളിൽനിന്നും യുദ്ധഭൂമികളിൽനിന്നും ഖനംചെയ്യുന്ന വജ്രത്തെ രക്ത വജ്രമെന്ന് പറയുന്നും ഇതുകൊണ്ടുതന്നെയാണ്. എല്ലാം പൊളിഞ്ഞ ഈ സമയത്തും ഡി കമ്പനി പിടിച്ചു നിൽക്കുന്നത് ഈ ബ്ലഡ് ഡയണ്ട് ബിസിനസുകൊണ്ടുതന്നെയാണ്. ഡയമണ്ട് കടത്ത് തടയാൻ ലോകരാജ്യങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. നിയമവിരുദ്ധവഴികളിലൂടെ വജ്രമെത്തിക്കാനും വിൽപ്പന നടത്താനും കോടാനുകോടികൾ നേടാനും അധോലോകനായകകർക്ക് തടസ്സങ്ങളില്ല. സിംബാംബ്വെ, കെനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇത്തരം വജ്രങ്ങൾ ദുബായിൽ എത്തിക്കുന്നത്. ദുബായ് കേന്ദ്രീകരിച്ചാണ് ഇതിന്റെ കച്ചവടവും നടക്കുന്നതും. 10 ലക്ഷം ഡോളർ മൂല്യമുള്ള വജ്രം കടത്തുമ്പോൾ 10,000 ഡോളർ വരെയാണ് ഇവർക്ക് കൂലിയായി നൽകുന്നത്. നിയമാനുസൃത ഭരണകൂടങ്ങളെ അട്ടിമറിക്കാൻ ആഫ്രിക്കൻ തീവ്രവാദികൾ സ്വന്തമായി കുഴിച്ചെടുത്ത് വിൽക്കുന്ന അസംസ്‌കൃത വജ്രത്തിലാണ് മാഫിയയുടെ നോട്ടം. അംഗോള, സിയറ ലിയോൺ, കോംഗോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലാണ് തീവ്രവാദികൾക്കുള്ള ധനസമാഹരണത്തിന് ഇവ ഉപയോഗിക്കുന്നത്. വിൽപനയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് പേർ കൊല്ലപ്പെട്ടിട്ടുള്ളതിനാൽ രക്ത വജ്രമെന്നാണ് ഇവയുടെ പൊതുവായ പേര്.

സ്വർണ്ണ ശൃംഖലയിലുള്ള എല്ലാവരും നിയമം ലംഘിക്കുന്നില്ല. പല ഖനികളും നിയമാനുസൃതമാണ്. പക്ഷേ അവർ. സാധാരണഗതിയിൽ ഉൽപ്പാദകർ സ്വർണം ഇടനിലക്കാർക്ക് വിൽക്കയാണ് ചെയ്യുന്നത്. ഇടനിലക്കാർ ഒന്നുകിൽ സ്വർണം കള്ളക്കടത്തിലൂടെ യുഎഇയിൽ എത്തിക്കയാണ്. അവർ ഇതിന് നികുതി അടയ്്ക്കുന്നില്ല. പലപ്പോഴും ലഗേജുകളിലും ശരീരത്തിലുമൊക്കെ ഒളിപ്പിച്ചാണ് ഇവ വിമാനത്താളത്തിൽനിന്ന് കടത്തുക. ഉദാഹരണത്തിന്, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ (ഡിആർസി) ഒരു പ്രധാന സ്വർണ്ണ നിർമ്മാതാവാണ്, എന്നാൽ ഔദ്യോഗിക കയറ്റുമതിയായി രേഖപ്പെടുത്തിയിരിക്കുന്നത് ഉൽപാദനത്തിന്റെ ഒരു ഭാഗം മാത്രമാണ്.

അൻവറിന്റെ വജ്രഖനനത്തിന്റെ ഭാവി

സാമ്പത്തിക നിരീക്ഷകൻ ബൈജു സ്വാമി എഴുതിയ രണ്ട് കുറിപ്പുകൾ കൂടി വായിക്കാം:

1. സിയറാ ലിയോൺ എന്ന ആഫ്രിക്കൻ രാജ്യം ലോകത്തിലെ ഏറ്റവും പാവപ്പെട്ട, യുദ്ധം, മാഫിയ എന്നിവയുടെ രാജ്യം എന്നാണ് അറിയപ്പെടുന്നത്. അവിടെ ധാരാളം ഡയമൻഡ് ഉണ്ട്. ആ രാജ്യം ലക്ഷണമൊത്ത മാഫിയ സ്റ്റേറ്റ് എന്ന് പറഞ്ഞത് യു എൻ ആണ്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെ ഇരിക്കാൻ, സർക്കാരിനെ പുറത്താക്കാൻ കൈ വെട്ടി കളയുന്ന രാജ്യം.പക്ഷേ RUF എന്ന ഭീകര സംഘടനകളുടെ(ഇപ്പോൾ ഒരു സെമി മിലിറ്റന്റ് രാഷ്ട്രീയ പാർട്ടി )നിയന്ത്രണത്തിൽ ഉള്ള പ്രദേശങ്ങളിൽ തദ്ദേശീയരെ കൊന്നൊടുക്കാനും ആഭ്യന്തര യുദ്ധത്തിന് ആയുധങ്ങൾ വാങ്ങാനുമായി ഡയമണ്ട് മാഫിയ വഴി കള്ളക്കടത്തിലൂടെ ദുബായ് മുതൽ ആന്റവെർപ്, ആംസ്റ്റർഡാം, സുറിച്ച് എന്നിവടങ്ങളിൽ എത്തിക്കുന്ന ഒരു ആഗോള കള്ളക്കടത്തു സംഘം ഉണ്ട്.

ആ ഇടപാടിൽ വിൽക്കാൻ വരുന്ന ഡയമണ്ട് അറിയപ്പെടുന്നത് ബ്ലഡ് ഡയമണ്ട് എന്നാണ്. ഇങ്ങനെ കിട്ടുന്ന ഡയമണ്ട് വ്യാപാരം പാശ്ചാത്യ രാജ്യങ്ങൾ വലിയ കുറ്റകൃത്യം ആയാണ് കാണുന്നത്.ഇന്ത്യയിൽ മംഗലാപുരം, കൊൽക്കത്ത, കച്ച് എന്നിവിടങ്ങളിൽ ഇതിൽ രഹസ്യവ്യാപാരം നടത്തുന്ന മാഫിയ ഉണ്ട്.ഇങ്ങനെ മംഗ്ലൂരിൽ വ്യാപാരം നടത്തുന്നവരെ വ്യക്തിപരമായി അറിയാം. ആർക്കെങ്കിലും സ്വന്തം ജീവൻ പണയം വെച്ച് ഈ മാഫിയയുമായി ചേർന്ന് ശത കോടികൾ ഉണ്ടാക്കാൻ സിയറാ ലിയോണിൽ കൊണ്ടുപോകാൻ ഏജന്റ് പോലും ഉണ്ട്.പക്ഷേ തിരികെ വരുമ്പോൾ ചോറുണ്ണാൻ കൈ വേറെ ഫിറ്റ് ചെയ്യേണ്ടി വരും.അംബുക്ക തിരിച്ചു വന്ന് ആ കൈ കൊണ്ട് നെയ്ച്ചോർ കഴിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.

2.സിയറ ലിയോണിലെ ബ്ലഡ് ഡൈമണ്ട് നെകുറിച്ചും ആ രാജ്യത്തെ അധോലോക ഖനന സംഘങ്ങളുടെ മാഫിയ പ്രവർത്തനങ്ങളെക്കുറിച്ചും നേരത്തെ (ഫെബ്രുവരി 7 , 2021 ) ·എഴുതിയിരുന്നു.ഇന്നലെ അമ്പുക്കയുടെ പോസ്റ്റ് കണ്ടു.അതിൽ അദ്ദേഹം പറയുന്നു ഒരു സുഹൃത്തിന്റെ 50000 ഏക്കർ പ്രദേശത്തു സാറ്റലൈറ്റ് സർവേ നടത്തി സ്വർണ വജ്ര നിക്ഷേപം കണ്ടെത്തി,അദ്ദേഹവും ആ ഖനന പ്രൊജക്ടിൽ പങ്കാളിയായി 25000 പേർക്ക് തൊഴിൽ കൊടുക്കുന്ന 20000 കോടിയുടെ 30 %മുടക്കുന്നു എന്ന്.ഇക്കാര്യത്തിൽ കുറച്ചു വ്യക്തത വരേണ്ടതുണ്ട്.

ഒന്നാമതായി പറയട്ടെ അവിടെയുള്ള 50000 ഏക്കർ കാട് ഉടമയായ വ്യക്തിയുമായി ജെ വി തുടങ്ങാൻ പ്രോജക്ടിന്റെ 30 % അതായത് 6000 കോടി രൂപ വേണം.ഒരാഴ്ച മുൻപ് അമ്പുക്ക തന്നെ പറഞ്ഞു ,കൈയിൽ ഒരു രൂപ ഇല്ലാതെ ജീവിക്കാൻ ആകാത്ത അവസ്ഥയായതു മൂലം നാട് വിടേണ്ടി വന്നു എന്ന്.അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്തതും ഇൻകം ടാക്‌സ് ഡിപ്പാർട്‌മെന്റിന് കൊടുത്തതുമായ രേഖകൾ വെച്ച് 6000 കോടി പോയിട്ട് 600 കോടിയുടെ നെറ്റ് വോർത് പുള്ളിക്കില്ല.ഇന്ത്യയിലെ ഒരു ബാങ്കും അദ്ദേഹത്തിന് ഇത്രയും തുക ആഫ്രിക്കയിൽ പ്രശ്‌നബാധിതമായ ഒരു രാജ്യത്ത് FDI ആയി നിക്ഷേപിക്കാൻ ഫിനാൻസ് ചെയ്യില്ല.

മൈനിങ് പോലെയുള്ള മേഖലയിൽ ഒരു പ്രൊജക്റ്റ് ചെയ്യാനുള്ള സ്‌കിൽ സെറ്റ് ഇല്ലാത്ത ഒരു വ്യക്തി എന്ന നിലയിൽ വിദേശ ബാങ്കുകളും കൊടുക്കില്ല. കൂടാതെ അദ്ദേഹത്തിന്റെ പാർട്ണർ ആയ വ്യക്തി ബാക്കി തുക കൈയിൽ ഉള്ള ആളാണോയെന്ന് അറിയില്ല. ആണെങ്കിൽ തന്നെ സ്‌കിൽ സെറ്റ് ഇല്ലാത്ത ഒരു ഏഴാം കൂലി എന്റർപ്രെന്യുവറെ അല്ലാതെ മറ്റാരെയും കിട്ടിയില്ല എന്നത് അത്ഭുതകരമാണ്. ഇതിനേക്കാൾ പ്രധാനം അമ്പുക്ക FDI നടത്താൻ ആർ ബി ഐ യുടെയും കേന്ദ്ര സർക്കാരിന്റെയും അനുമതി വാങ്ങിയതായി യാതൊരു സൂചനയുമില്ല.

അപ്പോൾ ഒരു കാര്യം വ്യക്തം.അമ്പുക്ക ആ രാജ്യത്തെ ''മരപ്പൊട്ടൻ ' പ്രധാനമന്ത്രിയെ ഇഎംസിസി പോലെയൊരു ഉഡായിപ്പിൽ കുരുക്കുന്ന സീൻ ആണ്.ഇനി അവിടത്തെ വല്ലോരെയും പറ്റിച്ചോ എന്നൊക്കെ ഇവിടെ വന്നിട്ട് കുറച്ചു നാൾ കഴിഞ്ഞിട്ട് അവിടത്തെ പൊലീസ് ,മാഫിയ തപ്പി വരുമ്പോൾ അറിയാം.

പാപ്പരായ അൻവർ എങ്ങനെ ഖനനം നടത്തും?

കള്ളക്കേസുകൾ നൽകി നാട്ടിലെ വ്യവസായങ്ങളെല്ലാം പൂട്ടിച്ച് ഒരു രൂപയുടെ വരുമാനമില്ലാതാക്കിയെന്നും ഖനനത്തിനായാണ് ആഫ്രിക്കയിലെത്തിയതെന്നും നൂറു ജോലിക്കാരുമായി ഖനന പ്രവൃത്തിയിലാണെന്നുമാണ് ദൃശ്യങ്ങൾ സഹിതം എംഎൽഎ പറഞ്ഞത്. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും സമ്മതവും അനുമതിയും പ്രകാരമാണ് താൻ സിയാറാ ലിയോണിലെത്തിയതെന്നും വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ലേറ്റായാലും ലേറ്റസ്റ്റായി വരുമെന്ന രജനീകാന്ത് ഡയലോഗോടെയുള്ള എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റിലെ വെളിപ്പെടുത്തലുകൾ തന്നെയാണ് ഇപ്പോൾ വിനയായിരിക്കുന്നത്.

സിയറാ ലിയോണിൽ പ്രധാന ഖനനം സ്വർണവും ഡയമണ്ടുമാണ്. സ്വർണ, ഡയമണ്ട് ഖനനത്തിലാണ് എംഎൽഎ ഏർപ്പെട്ടിരിക്കുന്നതെങ്കിൽ അതിന്റെ സാമ്പത്തിക ഉറവിടവുമാണ് എൻ.ഐ.എ, എൻഫോഴ്‌സ്‌മെന്റ്, ആദായനികുതി വകുപ്പ് എന്നിവ അന്വേഷിക്കുന്നത്. കേരളത്തിലേക്ക് സ്വർണം കടത്താനായി സ്വരൂപിച്ച റിവേഴ്‌സ് ഹവാലയിലൂടെ ലഭിച്ച പണമാണോ ആഫ്രിക്കയിൽ ഖനനത്തിന് ഉപയോഗിച്ചതെന്നതറിയാനാണ് കസ്റ്റംസ് നീക്കം.

നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്ത്, ഡോളർകടത്ത് എന്നിവവഴി ഇവിടെ നിന്നും പണം ഖനനത്തിനായി കൊണ്ടുപോയിട്ടുണ്ടോ എന്ന വിവരവും ശേഖരിക്കുന്നുണ്ട്. അൻവറിന്റെ സാമ്പത്തിക സ്രോതസും ഖനനത്തിനുള്ള മുതൽമുടക്കടക്കമുള്ള കാര്യങ്ങളാണ് എൻ.ഐ.എ അന്വേഷിക്കുന്നത്.

2016ൽ നിലമ്പൂരിൽ എംഎൽഎയായി മത്സരിക്കുമ്പോൾ 14.38 കോടി (14,38,82,954 )രൂപയുടെ ആസ്തിയാണ് അൻവർ കാണിച്ചിരുന്നത്. എംഎൽഎയായി രണ്ടര വർഷം പിന്നിട്ട് 2019തിൽ പൊന്നാനിയിൽ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോൾ അൻവറിനും രണ്ടു ഭാര്യമാർക്കുമായി 65 കോടി (651118685.35)യുടെ സ്വത്താണുള്ളത്. 4.47 മടങ്ങായി 447 ശതമാനത്തിന്റെ വർനവാണ് ഉണ്ടായിരിക്കുന്നത്.

ആദായനികുതി റിട്ടേണിൽ 2017-18 വർഷത്തിൽ 40,59,083 രൂപയുടെ നഷ്ടം കാണിക്കുമ്പോഴാണ് ആസ്തിയിൽ 447 ശതമാനത്തിന്റെ വർധനവുണ്ടായിരിക്കുന്നത്. എംഎൽഎയായ ശേഷം ആദ്യ വർഷത്തിൽ 2016-17ൽ 5937042 രൂപയുടെ വരുമാന നഷ്ടമാണ് കാണിച്ചിരിക്കുന്നത്. അതേസമയം രണ്ടു വർഷംകൊണ്ട് 19 കോടി രൂപ മുതൽമുടക്ക് നടത്തുകയും ചെയ്തു. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് വരുമാനത്തിന്റെ സ്രോതസ് കാണിക്കാൻ ആദായനികുതി വകുപ്പ് നോട്ടീസ് നൽകുകയും പി.വി അൻവർ അക്കൗണ്ടിനൊപ്പം ആദായനികുതി വകുപ്പ് കോഴിക്കോട് കമ്മീഷണർ ഓഫീസിൽ ഹാജരാവുകയും ചെയ്തിരുന്നു. വരുമാനത്തിന്റെ സ്രോതസ് വ്യക്തമാക്കാൻ കഴിയാത്തതിനെതുടർന്ന് അൻവർ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് ആഫ്രിക്കയിൽ 100 തൊഴിലാളികളുമായി ഖനനം നടത്തുകയാണെന്ന് എംഎൽഎ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കാരന് വിദേശത്ത് ബിസിനസ് നിക്ഷേപം നടത്തുന്നതിന് ഇവിടെ നിന്ന് കൊണ്ടുപോകുന്ന പണം നികുതി അടച്ചതാണെന്ന് തെളിയിക്കുന്ന ആദായനികുതിവകുപ്പിന്റെ 15 സി.ബി ടാക്‌സ് ഡിറ്റർമിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇത്തരമൊരു സർട്ടിഫിക്കറ്റ് ആദായനികുതി വകുപ്പ് അൻവറിന് നൽകിയിട്ടില്ല. ആഫ്രിക്കയിൽ ഖനനത്തിന് കോടികളുടെ നിക്ഷേപം വേണം. അതിന് മുതൽമുടക്കുന്ന തുകയുടെ 35 ശതമാനം നികുതിയടക്കണം.

ഖനനത്തിന് മുതൽമുടക്കുന്ന കോടികളുടെ ഉറവിടവും കൊണ്ടുപോയ വഴികളുമാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്. എൻ.ഐ.എ ഡയറക്ടർക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർക്കും ലഭിച്ച പരാതികളെ തുടർന്ന് അൻവറിനെതിരെ ഇരു ഏജൻസികളും നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP