Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളെ കൂട്ടബലാത്സംഗം ചെയ്തവരിൽ സബ് ഇൻസ്‌പെകടറുടെ മകനും; പരാതി നൽകിയതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു; കാൻപുറിലെ അപകട മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; രണ്ട് കേസുകളിലും അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ്

മകളെ കൂട്ടബലാത്സംഗം ചെയ്തവരിൽ സബ് ഇൻസ്‌പെകടറുടെ മകനും; പരാതി നൽകിയതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു; കാൻപുറിലെ അപകട മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം;  രണ്ട് കേസുകളിലും അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ്

ന്യൂസ് ഡെസ്‌ക്‌

കാൻപുർ: ഉത്തർപ്രദേശിലെ കാൻപുറിൽ കൂട്ടബലാത്സംഗത്തിനിരയായ 13 വയസ്സുകാരിയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു. മകൾ ബലാത്സംഗത്തിനിരയായ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് പിതാവ് വാഹനാപകടത്തിൽ മരിച്ചത്. അപകട മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി.

രണ്ട് ദിവസം മുമ്പാണ് 13 വയസ്സുകാരിയായ മകൾ കൂട്ടബലാത്സംഗത്തിനിരയായെന്ന് കാൻപുർ സ്വദേശി പൊലീസിൽ പരാതി നൽകിയത്. ഇതിനുപിന്നാലെ പ്രതികളുടെ കുടുംബത്തിൽനിന്ന് പിതാവിന് ഭീഷണിയുണ്ടായിരുന്നു.

ബുധനാഴ്ച രാവിലെ മകളെ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴാണ് ആശുപത്രിക്ക് മുന്നിൽവെച്ചുണ്ടായ വാഹനാപകടത്തിൽ കാൻപുർ സ്വദേശി മരിച്ചത്. പെൺകുട്ടിയുടെ വൈദ്യ പരിശോധന പുരോഗമിക്കവെ ചായ കുടിക്കാനായി പുറത്തിറങ്ങിയതാണെന്നും ഒരു ട്രക്ക് പെൺകുട്ടിയുടെ പിതാവിനെ ഇടിച്ചിടുകയായിരുന്നുവെന്നും ബന്ധുക്കൾ മൊഴി നൽകി.

പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ലൈംഗിക പീഡനത്തിനും ക്രിമിനൽ ഗൂഢാലോചനയ്ക്കും കേസെടുത്തിരുന്നുവെന്നും, പെൺകുട്ടിയുടെ പിതാവിന്റെ ദുരൂഹമരണം അന്വേഷിക്കുമെന്നും കാൻപുർ പൊലീസ് മേധാവി അറിയിച്ചു. അപകട മരണത്തിനു കേസെടുത്തതായും പൊലീസ് പറഞ്ഞു. രണ്ട് കേസുകളിലും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.

'പെൺകുട്ടിയുടെ വൈദ്യപരിശോധന നടക്കുന്നതിനിടെ പിതാവ് ഒരു ചായ കുടിക്കാനായി പുറത്തുപോയിരുന്നു. അതിനിടെയാണ് ലോറി ഇടിച്ച് അപകടമുണ്ടായത്. ഉടൻതന്നെ അദ്ദേഹത്തെ കാൻപുരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്'- കാൻപുർ ജില്ലാ പൊലീസ് മേധാവി പ്രീതിന്ദർ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ബലാത്സംഗക്കേസിൽ ദ്രുതഗതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. അഞ്ച് സംഘങ്ങളെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ബ്രിജേഷ് ശ്രീവാസ്തവ വ്യക്തമാക്കി.

ഡ്രൈവർ സംഭവസ്ഥലത്തുനിന്നു കടന്നു. വാഹനാപകടത്തിനു ഇടയാക്കിയ ഡ്രൈവർക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും ഉടൻ തന്നെ പിടികൂടുമെന്നും കാൻപുർ പൊലീസ് അറിയിച്ചു.

പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ഗോലു യാദവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കനൗജിലെ സബ് ഇൻസ്‌പെകടറുടെ മകനാണ് ഗോലു യാദവ്. ഗോലു യാദവ് പ്രതിസ്ഥാനത്തു വന്നതോടെ പെൺകുട്ടിയുടെ കുടുംബത്തിനെതിരെ നിരവധി ആരോപണങ്ങളാണ് പൊലീസ് അഴിച്ചുവിട്ടത്. ഗോലു യാദവിനെ കേസിൽ പെടുത്തുകയായിരുന്നുവെന്നും പെൺകുട്ടിയുടെ കുടുംബം നിരന്തരം ഗോലു യാദവിനെതിരെ ഭീഷണി മുഴക്കിയെന്നും പൊലീസ് ആരോപിച്ചിരുന്നു.

ഗോലു യാദവിനും കൂട്ടാളികൾക്കുമെതിരെ പരാതി നൽകിയതിനു പിന്നാലെ മാനസികമായി ഏറെ പീഡനങ്ങൾ സഹിക്കുന്നതായും നിരവധി ഭീഷണികൾ നേരിട്ടിരുന്നതായും പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും നേരത്തെതന്നെ ആരോപിച്ചിരുന്നു. എന്റെ അച്ഛൻ ഒരു സബ് ഇൻസ്‌പെകടറാണെന്ന കാര്യം മറക്കരുതെന്നു ഗോലു യാദവിന്റെ മൂത്ത സഹോദരൻ ഭീഷണി മുഴക്കിയെന്ന ആരോപണവുമായി പെൺകുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP