Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദി എണ്ണ സംഭരണ കേന്ദ്രങ്ങളിലേക്കുള്ള ഹൂതി ആക്രമണത്തിൽ തീ പിടിച്ച് എണ്ണ വില ഉയരുന്നു; ഇന്ത്യയിൽ ഇന്ധന വില ഇനിയും ഉയരുമോ എന്ന് ആശങ്ക

സൗദി എണ്ണ സംഭരണ കേന്ദ്രങ്ങളിലേക്കുള്ള ഹൂതി ആക്രമണത്തിൽ തീ പിടിച്ച് എണ്ണ വില ഉയരുന്നു; ഇന്ത്യയിൽ ഇന്ധന വില ഇനിയും ഉയരുമോ എന്ന് ആശങ്ക

സ്വന്തം ലേഖകൻ

ദുബായ്: ക്രൂഡ് ഓയിൽ വില ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ. സൗദി എണ്ണ സംഭരണ കേന്ദ്രങ്ങളിലേക്കു ഹൂതി ആക്രമണം തുടർന്നതോടെ എണ്ണ വില കുതിച്ചുയരുകയാണ്. ബ്രെൻഡ് ക്രൂഡ് വില ബാരലിന് 70.47 ഡോളറായി. കഴിഞ്ഞ ദിവസം 1.14 ഡോളറാണ് വർധിച്ചത്. ഒരു വർഷത്തിനിടെ ഇതാദ്യമായാണ് ബ്രെൻഡ് ക്രൂഡ് വില 70 കടക്കുന്നത്. ഇതോടെ ഇന്ത്യയിൽ എണ്ണ വില ഇനിയും ഉയരുമോ എന്ന ആശങ്കയും ശക്തമായി.

കോവിഡ് പിടിപെട്ടതിന് ശേഷം ആദ്യമായി ഇന്ധന വിലക്കയറ്റം ഉണ്ടായതിന് പിന്നാലെ സ്ഥിതി കൂടുതൽ വഷളാക്കി സൗദി എണ്ണ സംഭരണ കേന്ദ്രങ്ങളിലേക്ക് ഹൂതി ആക്രമണവും ഉണ്ടായതോടെയാണ് എണ്ണ വില വീണ്ടും ഉയർന്നിരിക്കുന്നത്. എണ്ണ ഉൽപാദനം കൂട്ടാൻ തൽക്കാലം ഉദ്ദേശ്യമില്ലെന്ന് സൗദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിൽകൂടിയാണ് വില വീണ്ടും 70 ഡോളർ കടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിലെ ഏറ്റവും വലിയ എണ്ണ ഉൽപാദക കമ്പനിയായ അരാംകോയുടെ സംഭരണ കേന്ദ്രങ്ങളിലേക്ക് ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടായിരിക്കുന്നത്.

അമേരിക്കൻ എണ്ണയുടെ വിലയും വർധിച്ചിട്ടുണ്ട്. 2.26 ഡോളർ വർധിച്ച് ബാരലിന് 66.9 ഡോളറാണ് അമേരിക്കൻ എണ്ണ വില. ഈ സാഹചര്യം തുടർന്നാൽ ഇനിയും എണ്ണവില വർധിക്കുമെന്ന് വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. കോവിഡ് വാക്‌സീൻ വിതരണം ശക്തമായതോടെ മഹാമാരി ഒഴിയുമെന്ന പ്രതീക്ഷ വിപണിയിൽ വർധിച്ചതാണ് ഈ വർഷം ആദ്യം എണ്ണവിലയും ഉയർത്തിയത്. ഇതിനു പിന്നാലെ അമേരിക്കയിലെ ടെക്‌സസ് ഉൾപ്പടെയുള്ള തെക്കൻ പ്രവിശ്യകളിൽ ഉണ്ടായ അതിശൈത്യം മൂലം ഉൽപാദനം കുറഞ്ഞതു വീണ്ടും വർധന വരുത്തി.

പ്രതിദിനം 40 ലക്ഷം ബാരൽ എണ്ണയുടെ ഉൽപാദനമാണ് കുറഞ്ഞത്. ഇതു മൂലം ആദ്യമായി ഈ വർഷം എണ്ണവില അറുപതിനു മുകളിലേക്കും ഉയർന്നു. ഇതിനൊപ്പം വിവിധ രാജ്യങ്ങളിലെ വിപണികളും സജീവമായതോടെ എണ്ണ ആവശ്യം വീണ്ടും വർധിച്ചു. ഇതും വില ഉയർത്തി. ഇതിനു പിന്നാലെയാണ് സൗദിയിൽ ഹൂതി ആക്രമണങ്ങളുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ മുതൽ പടിപടിയായി ക്രൂഡ് വില ഉയരുകയാണ്. കോവിഡിൽ കുത്തനെ ഇടിഞ്ഞ എണ്ണ ഡിമാൻഡ് ക്രമേണ ഉയരുന്നതാണു കാരണം. ഡിമാൻഡ് ഉയർന്നു നിൽക്കുമ്പോഴും എണ്ണ ഉൽപാദനം കൂട്ടാൻ ഉദ്ദേശ്യമില്ലെന്ന സൗദിയുടെ പ്രഖ്യാപനവും വില കൂടാൻ കാരണമായി. സൗദിയുടെ ഈ പ്രഖ്യാപനത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച 2.5 ഡോളറിലേറെ വില ബാരലിന് ഉയർന്നിരുന്നു. കോവിഡ് വാക്‌സീൻ വ്യാപകമാകുന്നതിന്റെ ഫലമായി സമ്പദ്വ്യവസ്ഥകളിലുണ്ടാകുന്ന ഉണർവ് അനുദിനം എണ്ണ ഡിമാൻഡ് കൂട്ടുന്നുണ്ട്. ഈ വർഷം മാത്രം ക്രൂഡ് വിലയിൽ 30 ശതമാനത്തിലേറെ വർധനയുണ്ടായി.

നിലവിൽ റെക്കോർഡ് വിലയ്ക്ക് പെട്രോളും ഡീസലും വാങ്ങുന്ന ഇന്ത്യൻ ഉപഭോക്താക്കളെ രാജ്യാന്തര വിപണിയിലെ വിലക്കയറ്റം ബാധിച്ചേക്കാം. രാജ്യത്തെ ഇന്ധനത്തിന്റെ റീട്ടെയിൽ വില നിശ്ചയിക്കുന്നതിൽ രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയ്ക്കു നിർണായക പങ്കുള്ളതിനാലാണിത്. നികുതി കുറയ്ക്കാൻ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ തയാറായാൽ മാത്രം വിലക്കയറ്റം തടയാനാകും. അസംസ്‌കൃത എണ്ണവില 40 ഡോളറിലെത്തിയപ്പോൾ മുതൽ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിക്കുന്നുണ്ട്.

എണ്ണ ഉൽപാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകിനോട് ഉൽപാദനത്തിനു മേലുള്ള നിയന്ത്രണങ്ങൾ മാറ്റി കൂടുതൽ എണ്ണ ഉൽപാദിപ്പിക്കണമെന്ന് വിവിധ രാജ്യങ്ങൾ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഒരു വർഷമായി തുടർന്ന വിപണി മാന്ദ്യവും വിലയിടിവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട എണ്ണ ഉൽപാദക രാഷ്ടങ്ങൾ അതിനു മടിച്ചു. തുടർന്നാണു റാസ് തനൂര എണ്ണ സംഭരണ കേന്ദ്രങ്ങളിലേക്കും അരാംകോ ജീവനക്കാരുടെ താമസയിടങ്ങളിലേക്കും ഹൂതി ആക്രമണങ്ങളുണ്ടായത്. തിരിച്ചടിച്ച് യമനിലെ ഹൂതി ശക്തികേന്ദ്രങ്ങളിലേക്ക് സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളും കഴിഞ്ഞ ആഴ്ച സ്ഥിതി കൂടുതൽ രൂക്ഷമാക്കി. ഇനിയും കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നും തിരിച്ചടി നൽകേണ്ടി വരുമെന്നുമെന്നുമുള്ള കണക്കൂകൂട്ടലിലാണ് സൗദി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP