Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വപ്‌നയുടെ ഫോൺ സംഭാഷണം പുറത്തു വന്നത് പൊലീസുകാരിൽ കൂടെ; ഇടനിലക്കാരിയായത് വനിതാ പൊലീസെന്ന നിഗമനത്തിൽ കേന്ദ്ര ഏജൻസി; സിജി വിജയിന്റെ മൊഴി പച്ചക്കള്ളമെന്ന് തെളിയിച്ച് തുടർ നടപടികൾക്ക് ശ്രമം; മജിസ്‌ട്രേട്ടിന് മുന്നിലെ സ്വപ്‌നയുടെ മൊഴി ആയുധമാക്കാൻ ഇഡിയും; ഹൈക്കോടതി നിലപാട് നിർണ്ണായകമാകും

സ്വപ്‌നയുടെ ഫോൺ സംഭാഷണം പുറത്തു വന്നത് പൊലീസുകാരിൽ കൂടെ; ഇടനിലക്കാരിയായത് വനിതാ പൊലീസെന്ന നിഗമനത്തിൽ കേന്ദ്ര ഏജൻസി; സിജി വിജയിന്റെ മൊഴി പച്ചക്കള്ളമെന്ന് തെളിയിച്ച് തുടർ നടപടികൾക്ക് ശ്രമം; മജിസ്‌ട്രേട്ടിന് മുന്നിലെ സ്വപ്‌നയുടെ മൊഴി ആയുധമാക്കാൻ ഇഡിയും; ഹൈക്കോടതി നിലപാട് നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വപ്‌നാ സുരേഷിന്റെ മുഖ്യമന്ത്രിയെ ന്യായീകരിക്കൽ പുറത്തായത് കുരുക്കാകുക കേരളാ പൊലീസിന് തന്നെ. ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ, സുരക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന പൊലീസുകാരിയുടെ മൊബൈൽ ഫോണിൽനിന്നു പുറത്തുള്ള പൊലീസ് ഉദ്യോഗസ്ഥനെ താൻ വിളിച്ചിരുന്നെന്ന സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയും പുറത്ത് വന്നിട്ടുണ്ട്. ഈ വിഷയത്തിലെ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതി നിലപാടാകും ഇനി നിർണ്ണായകം.

പൊലീസുകാരി പറഞ്ഞ കാര്യങ്ങൾ താൻ ഫോണിലൂടെ ആവർത്തിക്കുകയായിരുന്നു. തന്നെ രക്ഷപ്പെടുത്തുമെന്ന ഉറപ്പിലാണു പൊലീസുകാരിയുടെ ഫോണിൽ സംസാരിക്കാൻ തയാറായതെന്നു കസ്റ്റംസ് കേസിൽ മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ രഹസ്യമൊഴിയിലും ഇ.ഡിക്കു കഴിഞ്ഞ ഡിസംബറിൽ എഴുതിക്കൊടുത്ത മൊഴിയിലും സ്വപ്ന ആവർത്തിക്കുന്നുണ്ട്. ഈ സാഹചര്യമാണ് കേരളാ പൊലീസിന് വിനയാകുന്നത്. സ്വപ്നയെ കൊണ്ട് മുഖ്യമന്ത്രിയുടെ പേരു പറയിക്കാൻ ശ്രമിക്കുന്ന ഇഡി ഉദ്യോഗസ്ഥരെ താൻ കണ്ടുവെന്ന് പൊലീസുകാരി മൊഴി കൊടുത്തിരുന്നു.

സ്വപ്‌നയുടെ ഫോൺ സംഭാഷണം പുറത്തു വന്നത് പൊലീസുകാരിൽ കൂടെയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ അന്വേഷണം തുടങ്ങി. പൊലീസ് അസോസിയേഷൻ നേതാവായിരുന്നു സ്വപ്നയെ അനുഗമിക്കേണ്ട പൊലീസുകാരികളെ നിശ്ചയിച്ചിരുന്നത്. അതുകൊണ്ട് തന്നെ മൊഴി കൊടുത്ത പൊലീസുകാരിയും സിപിഎം അനുഭാവിയായിരുന്നു. ഫോൺ സംഭാഷണം ചോർന്നതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണമാണ് നടന്നത്. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതെയായിരുന്നു ഈ അന്വേഷണം. ഇതിലാണ് ഇഡിക്കെതിരെ മൊഴി പൊലീസുകാരി കൊടുത്തത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമെന്ന് തിരിച്ചറിവിലാണ് സ്വപ്‌നയുടെ മൊഴി മജിസ്‌ട്രേട്ടിന് മുന്നിലും എടുപ്പിച്ചത്. അതുകൊണ്ട് തന്നെ പൊലീസിന്റെ ന്യായങ്ങൾ നിലനിൽക്കില്ല.

കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ചോദ്യം ചെയ്യലിന് പ്രതികളെ കിട്ടിയാൽ പിന്നെ പൊലീസുകാരെ ആ ഭാഗത്ത് അടുപ്പിക്കുകയില്ലെന്നതാണ് പതിവ്. ആരേയും കാട്ടുകയുമില്ല. അതുകൊണ്ട് തന്നെ സ്വപ്‌നയുടെ മൊഴി എടുക്കൽ കണ്ടെന്ന പൊലീസുകാരിയുടെ വാദം നിലനിൽക്കില്ലെന്ന് പൊലീസ് സേനയിലുള്ളവരും പറയുന്നു. സർക്കാരിനെ രക്ഷിച്ചെടുക്കാനുള്ള ഗൂഡനീക്കമാണ് ഇതിന് പിന്നിലെന്നും അവർ പറയുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസിയുടെ ഇനിയുള്ള നീക്കങ്ങൾ ഏറെ പ്രസക്തമാണ്. ഭീഷണിക്ക് വഴങ്ങാതെ സ്വപ്‌നയ്ക്ക് മജിസ്‌ട്രേട്ടിന് മുന്നിൽ സത്യം പറയാൻ അവസരമുണ്ടെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ കേരള സർക്കാരിന്റെ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് കേന്ദ്ര ഏജൻസി കണക്കു കൂട്ടുന്നു.

ഹെക്കോടതിയിൽ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ നൽകിയ വിശദീകരണത്തിലെ വിവരങ്ങൾ പുറത്തുവന്നതിലുള്ള ജാള്യം മറയ്ക്കാനാണു പൊലീസുകാരിയുടെ മൊഴി പുറത്തുവിട്ടതെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. തങ്ങൾക്കു നൽകിയ മൊഴികളിലല്ല, മജിസ്ട്രേറ്റിനു നൽകിയ മൊഴിയിലാണു സ്വപ്ന മുഖ്യമന്ത്രിയെപ്പറ്റി പറഞ്ഞത്. ആർക്കുവേണ്ടിയാണു പൊലീസുകാർ സ്വപ്നയെ ഫോൺ വിളിപ്പിച്ചതെന്നു കണ്ടെത്തേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. സ്വപ്നയുടെ ശബ്ദരേഖയിൽ പുരുഷശബ്ദം കേൾക്കാം. പൊലീസുകാരിയാണ് ഉദ്യോഗസ്ഥനെ വിളിച്ചുകൊടുത്തതെന്നാണു സ്വപ്നയുടെ മൊഴി.

കുറ്റക്കാരായവർക്കെതിരേ ക്രിമിനൽ ഗൂഢാലോചനയ്ക്കു കേസെടുക്കാനും കഴിയും. ഇതേപ്പറ്റി അന്വേഷണം നടത്തുമെന്ന് ഇ.ഡി. അറിയിച്ചു. രാഷ്ട്രീയം കലർത്തി അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ല. സ്വപ്ന റിമാൻഡിലായിരിക്കെ പറയാതിരുന്ന കാര്യങ്ങളാണ് ഇപ്പോൾ അവരുടേതായി പുറത്തുവരുന്നതെന്ന വാദത്തിൽ കഴമ്പില്ല. രക്ഷപെടുമെന്ന പ്രതീക്ഷയുണ്ടായിരുന്നതിനാലാണു താൻ നേരത്തേ പലതും മറച്ചുവച്ചതെന്നു സ്വപ്ന ഡിസംബറിൽ ഇ.ഡിക്കു നൽകിയ മൊഴിയിലുണ്ട്. ജയിലിലും കസ്റ്റഡിയിലും കഴിയുമ്പോൾ സ്വന്തം കൈപ്പടയിലാണു സ്വപ്ന മൊഴി എഴുതിനൽകിയത്.

നിർബന്ധിച്ചിട്ടല്ലെന്നും സ്വമേധയാ മൊഴി നൽകുകയാണെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ പേരുപറയാൻ ഇ.ഡി. ഉദ്യോഗസ്ഥർ സ്വപ്നയെ നിർബന്ധിച്ചെന്ന പൊലീസുകാരിയുടെ മൊഴി രാഷ്ട്രീയപ്രേരിതമാണെന്നും പൊലീസിനെ ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടസപ്പെടുത്തുന്നതു ശരിയല്ലെന്നും ഇ.ഡി. വൃത്തങ്ങൾ പറഞ്ഞു.

സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നാ സുരേഷിനെ മുഖ്യമന്ത്രിയുടെ പേര് പറയിപ്പിക്കാൻ ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴിയിൽ ഗൂഢാലോചനയുണ്ടെന്ന് കേന്ദ്ര ഏജൻസികൾ പറയുന്നു. സ്വപ്നാ സുരേഷ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരിക്കെ അവരുടെ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ. സിജി വിജയൻ നൽകിയ മൊഴിയാണ് പുറത്തുവന്നത്. സ്വപ്നയുടേതെന്ന പേരിൽ പ്രചരിച്ച ശബ്ദരേഖ സംബന്ധിച്ച അന്വേഷണത്തിനിടെയാണ് ഉദ്യോഗസ്ഥ മൊഴി നൽകിയിരുന്നത്. ഇത് വകുപ്പു തല അന്വേഷണവുമാണ്.

ഇ.ഡി. ഉദ്യോഗസ്ഥരുടെ സ്വപ്നയോടുള്ള ചോദ്യങ്ങളിൽ കൂടുതലും നിർബന്ധിച്ച് മുഖ്യമന്ത്രിയുടെ പേര് പറയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് സിജിയുടെ മൊഴിയിലുണ്ട്. ഇനിയൊരു ഉന്നതനെ ഇവിടെകൊണ്ടിരുത്തുമെന്ന് സ്വപനയോട് ഉദ്യോഗസ്ഥർ പറയുന്നതു കേട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് ഇടയ്ക്കിടെ ഫോൺകോൾ വരാറുണ്ട്. അവർ ഹിന്ദിയിൽ സംസാരിക്കാറുമുണ്ടായിരുന്നു. രാധാകൃഷ്ണൻ എന്ന ഉദ്യോഗസ്ഥനാണ് ഇത്തരത്തിൽ സമ്മർദം ചെലുത്തി ചോദ്യംചെയ്തിരുന്നത്. ഹിന്ദിയും ഇംഗ്ലീഷും അറിയുന്നതിനാൽ ഉദ്യോഗസ്ഥർ പറയുന്നതൊക്കെ തനിക്ക് മനസ്സിലായിരുന്നുവെന്നും ഉദ്യോഗസ്ഥ മൊഴിയിൽ വ്യക്തമാക്കുന്നു.

സ്വപ്നയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖയിലുള്ളത് അവരുടെ ശബ്ദമാണെന്നാണ് മനസ്സിലാകുന്നതെന്നും സിജി മൊഴിയിൽ പറയുന്നു. ശബ്ദരേഖയിലുള്ള കാര്യങ്ങൾ സ്വപ്ന തന്നോടും പറഞ്ഞിട്ടുണ്ട്. ശബ്ദരേഖയിലുള്ളത് ആരാണ് റെക്കോഡ് ചെയ്തത്, എവിടെവച്ചാണ് റെക്കോഡ് ചെയ്തത് എന്നത് അറിയില്ല. താൻ സ്വപ്നയ്ക്ക് ഒപ്പം ചോദ്യംചെയ്യൽ മുറിയിലുണ്ടായിരുന്നപ്പോൾ, ശബ്ദരേഖയിൽ പറയുംപോലെ നിർബന്ധിച്ച് മൊഴി പറയിപ്പിക്കുന്നതും കണ്ടിട്ടുണ്ട്.

സ്വപ്നയുടെ കസ്റ്റഡി നീട്ടുന്നതിനായി ഓഗസ്റ്റ് 14-ന് കോടതിയിൽ ഹാജരാക്കിയപ്പോൾ, കസ്റ്റഡിയിൽ പീഡിപ്പിക്കുന്നുവെന്നും ഉറങ്ങാൻ സമ്മതിക്കുന്നില്ലെന്നും അവർ അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചിരുന്നു. ശബ്ദരേഖയിൽ പറയുന്ന കാര്യങ്ങൾ സ്വപ്ന ആരോടാണ് സംസാരിച്ചതെന്ന് അറിയില്ലെന്ന് ഡിസംബർ 11-ന് സിജി വിജയൻ നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എം. ശിവശങ്കറിനൊപ്പം യു.എ.ഇ.യിൽ പോയി മുഖ്യമന്ത്രിക്കുവേണ്ടി 'ഫിനാൻഷ്യൽ നെഗോഷ്യേഷൻസ്' നടത്തിയിട്ടുണ്ടെന്ന് പറയാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന് സ്വപ്ന പറയുന്ന തരത്തിലുള്ള ശബ്ദരേഖയായിരുന്നു പുറത്തുവന്നത്. തുടർന്ന് ശബ്ദസന്ദേശത്തിന്റെ ഉറവിടം ഉൾപ്പെടെ അന്വേഷിക്കണമെന്ന് ജയിൽ മേധാവി ആവശ്യപ്പെടുകയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി. ഉത്തരവിടുകയും ചെയ്തു. ശബ്ദരേഖ പകർത്തിയത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സിജിയാണെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP