Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുഞ്ഞിന്റെ നിറത്തെക്കുറിച്ച് ആശങ്കപ്പെട്ട ബ്രീട്ടീഷ് രാജകുടുംബാംഗം ആര് ? രാജ്ഞിയും ഭർത്താവുമല്ലെന്ന് വെളിപ്പെടുത്തൽ; ബക്കിങ്ഹാം പാലസിലെ വർണ്ണവെറിയനെ തേടി സോഷ്യൽ മീഡിയ; സ്വന്തം പിതാവിനെയും ചതിയനെന്നു വിളിച്ച് മേഗൻ

കുഞ്ഞിന്റെ നിറത്തെക്കുറിച്ച് ആശങ്കപ്പെട്ട ബ്രീട്ടീഷ് രാജകുടുംബാംഗം ആര് ? രാജ്ഞിയും ഭർത്താവുമല്ലെന്ന് വെളിപ്പെടുത്തൽ; ബക്കിങ്ഹാം പാലസിലെ വർണ്ണവെറിയനെ തേടി സോഷ്യൽ മീഡിയ; സ്വന്തം പിതാവിനെയും ചതിയനെന്നു വിളിച്ച് മേഗൻ

സ്വന്തം ലേഖകൻ

രാജകുടുംബത്തിനു മാത്രമല്ല, ബ്രിട്ടന് തന്നെ ഞെട്ടലുളവാക്കിയ വെളിപ്പെടുത്തലായിരുന്നു ഇന്നലെ മേഗൻ നടത്തിയത്. രാജകൊട്ടാരത്തിനകത്ത് വംശീയ വിവേചനം നിലനിൽക്കുന്നു എന്നത് ബ്രിട്ടീഷുകാർക്ക് വിശ്വസിക്കാൻ കഴിയാത്ത കാര്യമാണ്. അങ്ങനെയൊന്ന് ഉണ്ടാകരുതെന്നാണ് അവർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നത്. വംശീയതയ്ക്കുമപ്പുറത്തുള്ള മാനവികതയെ തലോടുന്നതാണ് ആധുനിക ബ്രിട്ടീഷ് സംസ്‌കാരം. അതിന് മങ്ങലേൽക്കരുതെന്ന് അവർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഏതായാലും ഹാരിയുടെ കുഞ്ഞിന്റെ നിറത്തെപ്പറ്റി സംസാരിച്ചത് രാജ്ഞിയോ ഭർത്താവോ അല്ലെന്നുള്ള വെളിപ്പെടുത്തൽ അവർക്ക് ആശ്വാസമേകിയിട്ടുണ്ട്.

എന്നാലും, കൊട്ടാരത്തിനകത്തെ വംശവെറിയൻ ആരെന്ന അന്വേഷണത്തിലാണ് സമൂഹമാധ്യമങ്ങൾ. നിരവധി ഊഹോപോഹങ്ങളാണ് ഇവിടെ പ്രചരിക്കുന്നത്. ആരെന്നു പേരെടുത്തു പറയാതെയാണ് മേഗൻ ഈ ആരോപണം ഉന്നയിച്ചത്. എന്നാൽ, അഭിമുഖത്തിനുശേഷം അത് രാജ്ഞിയോ ഫിലിപ്പ് രാജകുമാരനോ അല്ലെന്നുള്ളത് വ്യക്തമാക്കണമെന്ന് ഹാരി പറഞ്ഞതായി ഓപ്ര വിൻഫ്രെ പറഞ്ഞു. ഇതോടെ ചാൾസ് രാജകുമാരൻ, ഭാര്യ, വില്യം രാജകുമാരൻ, കെയ്റ്റ് രാജകുമാരി എന്നിവരായി സംശയത്തിന്റെ നിഴലിൽ.

ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിച്ചത് നിന്ദ്യമായ ഒരു പ്രവർത്തിയായിപ്പോയി എന്ന് കൊട്ടാരം വൃത്തങ്ങൾ പ്രതികരിച്ചു. ഇത്, കുടുംബത്തിലെ പലരേയും സംശയത്തിന്റെ നിഴലിലാക്കുന്ന പ്രവർത്തിയാണ്. മാത്രമല്ല, ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ നിറത്തെ പറ്റി സംസാരം ഉണ്ടായി എന്ന് അവർ പറയുന്ന സന്ദർഭങ്ങളും വ്യത്യസ്തമാണെന്ന് കൊട്ടാരം വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. താൻ ഗർഭിണിയായിരിക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു സംസാരം നടന്നതെന്ന് മേഗൻ പറയുമ്പോൾ, വിവാഹ സമയത്താണ് ഇത് ഉണ്ടായതെന്ന് ഹാരിയും പറയുന്നു.

ആർച്ചിക്ക് രാജകുമാരൻ എന്ന പദവി നൽകാതിരിക്കാനുള്ള കാരണമെന്താണെന്നാണ് ചിന്തിക്കുന്നത് എന്ന ചോദ്യത്തിനാണ് വിവാദമായ ഈ പരാമർശം ഉത്തരമായി വന്നത്. ജനിക്കുന്ന കുഞ്ഞിന്റെ ചർമ്മം ഇരുണ്ടനിറത്തിൽ ഉള്ളതായിരിക്കുമോ എന്ന് ഒരു രാജകുടുംബാംഗം ചോദിച്ചു എന്നാണ് മേഗൻ പറഞ്ഞത്. ഇക്കാര്യം പിന്നീട് ഹാരിയും ശരിവയ്ക്കുന്നുണ്ട്. കുട്ടിയുടെ ത്വക്കിന്റെ നിറം ഒരു സംഭാഷണവിഷയമായി എന്ന് സമ്മതിച്ച ഹാരി അത് തീർത്തും അപലപനീയമായ സമീപനമാണെന്നും പറഞ്ഞു. എന്നാൽ, അങ്ങനെ പറഞ്ഞ രാജകുടുംബാംഗം ആരെന്ന ചോദ്യത്തിന് ഇരുവരും മറുപടി നൽകിയില്ല.

രാജ്ഞിയും ഫിലിപ്പ് രാജകുമാരനുമല്ല അങ്ങനെ പറഞ്ഞതെന്ന് പിന്നീട് ഹാരി വ്യക്തമാക്കി. അതോടെയാണ് സംശയത്തിന്റെ നിഴൽ മറ്റുള്ളവരിലേക്ക് നീങ്ങിയത്. ചാൾസിന്റെ ജീവചരിത്രകാരൻ ജോനാഥൻ ഡിംബ്ലെബി പറയുന്നത് ചാൾസ് അങ്ങനെ പറയുമെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നാണ്. ആളുകളെ ഒരുമിച്ച് ചേർത്തു നിർത്തുന്നതിലാണ് എന്നും ചാൾസിനു താത്പര്യം ഒരിക്കലും അവരെ വിഭജിക്കുന്നതിലല്ല എന്നും അദ്ദേഹം പറഞ്ഞൂ.

വില്യമും കെയ്റ്റും ഇപ്പോഴും സംശയത്തിന്റെ നിഴലിലുണ്ട്. എന്നാൽ, അവർ അത് കാര്യമാക്കുന്നില്ലെന്നാണ് ഇന്നലത്തെ അവരുടെ പ്രവർത്തികൾ സൂചിപ്പിക്കുന്നത്. തികച്ചും സാധാരണ രീതിയിൽ തന്നെ ഇരുവരും തങ്ങളുടെ കടമകൾ നിർവ്വഹിച്ചു. അതിനിടയിൽ, വംശീയ വിവേചനമാണോ രാജ്യം വിടാൻ പ്രധാന കാരണം എന്നതിന് ഒരു പ്രധാന കാരണം അതാണെന്നായിരുന്നു അല്പനേരം ആലോചിച്ചതിനുശേഷം ഹാരി മറുപടി പറഞ്ഞത്. എന്നാൽ, നേരത്തേ ഹാരി തന്നെ നാസി യൂണിഫോമിൽ ഫോട്ടോ എടുക്കുകയും ഒരു സഹപ്രവർത്തകനെ പരാമർശിക്കാൻ വംശീയവെറിയുള്ള പദം ഉപയോഗിക്കുകയും ചെയ്തതൊന്നു ഇവിടെ പരാമർശിക്കപ്പെട്ടില്ല.

സ്വന്തം പിതാവിനെയും കുറ്റപ്പെടുത്തി മേഗൻ

വിവാഹത്തിനു മുൻപ് തന്റെ പിതാവ് തന്നെ ചതിച്ചതുപോലെ ആർച്ചിയെ ആരെങ്കിലും ദ്രോഹിക്കുന്നതിന് താൻ സമ്മതിക്കില്ല എന്ന് മേഗൻ പറഞ്ഞു. അതേസമയം അമ്മ ഡോറിയ റാഗ്ലാണ്ടിനെ കുറിച്ച് മേഗൻ നല്ലതുമാത്രമാണ് പറയുന്നത്. അതുപോലെ, തന്റെ അർദ്ധസഹോദരി സമാന്തയുമായും അത്ര രസത്തിലല്ല മേഗൻ. ഇരുവർക്കുമിടയിലെ ബന്ധത്തെക്കുറിച്ച് ടെൽ ആൾ എന്നൊരു പുസ്തകം സമന്ത പുറത്തിറക്കിയിരുന്നു.

താൻ തന്റെ മാതാപിതാക്കളുടെ ഏക മകളായിട്ടാണ് വളർന്നതെന്നും, താൻ ഹാരിയുമായുള്ള ബന്ധം ആരംഭിച്ചതിനുശെഷമാണ് സമന്ത അവരുടെ സർ നെയിം മെർക്കൽ എന്നാക്കിയതെന്നും മേഗൻ പറയുന്നു. നേരത്തേ മേഗന്റെയും ഹാരിയുടെയും വിവാഹത്തിൽ നിന്നും ആരോഗ്യപരമായ കാരണങ്ങളാൽ മേഗന്റെ പിതാവ് തോമസ് മെർക്കൽ ഒഴിഞ്ഞുനിന്നിരുന്നു. മാത്രമല്ല, മാധ്യമങ്ങളുമായി സംസാരിക്കുന്നതു സംബന്ധിച്ചും ഇരുവർക്കും ഇടയിൽ തർക്കങ്ങളുണ്ടായി.

മാധ്യമങ്ങളോട് സംസാരിക്കുകയില്ലെന്ന് വാക്കുപറഞ്ഞ പിതാവ് പക്ഷെ തന്നെ ചതിക്കുകയായിരുന്നു എന്നാണ് മേഗൻ പറഞ്ഞത്. അതുപോലെ ഇപ്പോൾ ജീവചരിത്രം പ്രസിദ്ധീകരിക്കാൻ പോകുന്ന അർദ്ധസഹോദരിയുമായും തനിക്ക് അടുപ്പമില്ലെന്ന് അവർ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP