Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഴിഞ്ഞ തവണ പരസ്പരം മത്സരിച്ചവർ ഇന്ന് ഒരേ മുന്നണിയിൽ; കെപിസിസി അദ്ധ്യക്ഷന്റെ ജന്മനാട്; ആർഎംപിക്ക് സ്വാധീനമുള്ള ഏക മണ്ഡലം; സോഷ്യലിസ്റ്റുകളുടെ സ്വർഗ്ഗഭൂമി; വടകരയിൽ യുഡിഎഫിന് ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ ആളുണ്ടാകുമോ അതോ ആർഎംപി സ്ഥാനാർത്ഥിയെ പിന്തുണക്കുമോ?

കഴിഞ്ഞ തവണ പരസ്പരം മത്സരിച്ചവർ ഇന്ന് ഒരേ മുന്നണിയിൽ; കെപിസിസി അദ്ധ്യക്ഷന്റെ ജന്മനാട്; ആർഎംപിക്ക് സ്വാധീനമുള്ള ഏക മണ്ഡലം; സോഷ്യലിസ്റ്റുകളുടെ സ്വർഗ്ഗഭൂമി; വടകരയിൽ യുഡിഎഫിന് ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ ആളുണ്ടാകുമോ അതോ ആർഎംപി സ്ഥാനാർത്ഥിയെ പിന്തുണക്കുമോ?

ജാസിം മൊയ്തീൻ

വടകര: കേരളത്തിലെ സോഷ്യലിസ്റ്റുകളുടെ സ്വർഗ്ഗഭൂമിയാണ് വടകര. 1957 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു തവണയൊഴികെ ബാക്കിയെല്ലായിപ്പോഴും സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികൾ മാത്രം വിജയിച്ച മണ്ഡലം. പലമുന്നണികൾ മാറിയും മറിഞ്ഞും പിളർന്നും വളർന്നുമെല്ലാം കേരളത്തിലെ സോഷ്യലിസ്റ്റുകൾ ജയിച്ചുകയറിയ മണ്ഡലം. ചിലപ്പോഴെല്ലാം വിവിധ സോഷ്യലിസ്റ്റുകൾ തമ്മിൽ പരസ്പരം മത്സരിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ 2016ലെ തെരഞ്ഞെടുപ്പിലാണ് സോഷ്യലിസ്റ്റുകൾ തമ്മിൽ പരസ്പരം മത്സരിച്ചത്.

എൽഡിഎഫിൽ നിന്ന് ജെഡിഎസിലെ സികെ നാണുവും യുഡിഎഫിന് വേണ്ടി നേരത്തെ ജെഡിയു ആയിരുന്ന ഇപ്പോഴത്തെ എൽജെഡിയിലെ മനയത്ത് ചന്ദ്രനും. വിജയം സികെ നാണുവിനൊപ്പമായിരുന്നു. 9511 വോട്ടിന് സികെ നാണു വിജയിച്ചു. എന്നാൽ കഴിഞ്ഞ തവണ പരസ്പരം മത്സരിച്ച ഈ രണ്ട് സോഷ്യലിസ്റ്റുകളും ഇന്ന് ഇടതുപക്ഷത്തോടൊപ്പം ഒരേ മുന്നണിയിലാണ്. അതുകൊണ്ട് വിജയം ഉറപ്പും. ഈ ഉറപ്പായും വിജയിക്കുന്ന സീറ്റിൽ ആര് മത്സരിക്കണമെന്നതിന്റെ പേരിലാണ് ഇപ്പോൾ തർക്കം നടക്കുന്നത്.

നേരത്തെ വ്യത്യസ്ത മുന്നണിയിൽ നിന്നാണ് ഏറ്റ് മുട്ടിയതെങ്കിൽ ഇന്ന് ഒരേ മുന്നണിയിൽ നിന്ന് കേരളത്തിലെ സോഷ്യലിസ്റ്റുകൾ സീറ്റിന് വേണ്ടി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലെ തീരുമാനമനുസരിച്ച് പാലായിലെ തീരുമാനം പോലെ കഴിഞ്ഞ തവണ തോറ്റ പാർട്ടിക്കായിരിക്കും ഇത്തവണ വടകരയിലെ സീറ്റ് ലഭിക്കുക എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അങ്ങനെയെങ്കിൽ മനയത്ത് ചന്ദ്രൻ തന്നെ ഇവിടെ മത്സരിക്കും.

തോൽവി ഉറപ്പാണെങ്കിലും യുഡിഎഫിൽ ഇപ്പോഴും വടകരയിലെ സീറ്റിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ആർഎംപിയെ പിന്തുണക്കണോ അതോ എൽജെഡി മുന്നണി വിട്ടതുകൊണ്ട് കൈവന്ന സീറ്റിൽ കൈപ്പത്തിയിൽ ആളെ നിർത്തണോ എന്നതാണ് യുഡിഎഫിലെ ആശയക്കുഴപ്പം. കെകെ രമ മത്സരിക്കുകയാണെങ്കിൽ ആർഎംപിയെ പിന്തുണക്കാമെന്നാണ് കോൺഗ്രസ് പറഞ്ഞിരുന്നത്. എന്നാൽ രമ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല കോൺഗ്രസ് പിന്തുണച്ചാലും ഇല്ലെങ്കിലും വകരയിൽ ആർഎംപി മത്സരിക്കുമെന്നും കെക രമ പറഞ്ഞിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി എൻ വേണുവായിരിക്കും അങ്ങനെയെങ്കിൽ വടകരയിൽ ആർഎംപി സ്ഥാനാർത്ഥി.

സംസ്ഥാനത്ത് തന്നെ ആർഎംപിക്ക് അൽപമെങ്കിലും സ്വാധീനമുള്ള ഏക മണ്ഡലമാണ് വടകര. അവിടെ അവർക്ക് സ്ഥാനാർത്ഥിയുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച കെകെ രമ ഇരുപതിനായിരത്തിൽ അധികം വോട്ടുകൾ നേടുകയും ചെയ്തിട്ടുണ്ട്.
കോൺഗ്രസ്, സിപിഐഎം, മുസ്ലിം ലീഗ് എന്നീ പാർട്ടികൾക്കപ്പുറത്ത് ആർഎംപിയും സോഷ്യലിസ്റ്റ് പാർട്ടികളും തമ്മിലാണ് ഇവിടെ ശക്തി തെളിയിക്കൽ മത്സരം നടക്കുന്നത്. തങ്ങളുടെ പിന്തുണ കൊണ്ടാണ് ലോകസഭ തെരഞ്ഞെടുപ്പിൽ കെ മുരളീധരൻ ജയിച്ചത് എന്നാണ് ആർഎംപിയുടെ വാദം.

എൽജെഡി ഇടതുമുന്നണിയിലേക്ക് വന്നതുകൊണ്ടാണ് വടകര ബ്ലോക്ക് പഞ്ചായത്തും ചോറോട് പഞ്ചായത്തും എൽഡിഎഫിന് ലഭിച്ചത് എന്ന് എൽജെഡിയും അവകാശപ്പെടുന്നു. എന്നാൽ നേരത്തെ എൽജെഡിയുടെ തട്ടകമായ ഏറാമല പഞ്ചായത്തിൽ യുഡിഎഫ് ആർഎംപി സഖ്യം ഭരണം തിരിച്ച് പിടിച്ചത് എൽജെഡിയെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു. നേരത്തെ 9 സീറ്റ് ഏറാമല പഞ്ചായത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇത്തവണ അത് നാലായി ചുരുങ്ങിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആർഎംപിയുമായുണ്ടാക്കിയ സഖ്യം വിജയിച്ചു എന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. അതുകൊണ്ട് തന്നെ ആർഎംപി സ്ഥാനാർത്ഥിയെ പിന്തുണക്കുക എന്നതായിരിക്കും വടകരയിൽ യുഡിഎഫ് സ്വീകരിക്കുന്ന തന്ത്രം.

കെ മുരളീധരന്റെ മനസ്സിലിരിപ്പും അതാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്റെ വിജയത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ചവരാണ് വടകരയിലെ ആർഎംപിക്കാർ. അവർക്ക് നന്ദിപ്രകടിപ്പിക്കാനുള്ള അവസരമായാണ് കെ മുരളീധരൻ ഈ തെരഞ്ഞെടുപ്പിൽ ആർഎംപി സ്ഥാനാർത്ഥിയെ പിന്തുണക്കുന്നതിലൂടെ കാണുന്നത്. എന്നാൽ കെപിസിസി അദ്ധ്യക്ഷന്റെ ജന്മനാട് കൂടിയായ വടകരയിൽ നിന്നും നിയമസഭയിലേക്ക് എത്താൻ അദ്ദേഹവും ആഗ്രഹിക്കുന്നുണ്ട്. ഇടതുമുന്നണിയുടെ പരമ്പരാഗത കോട്ടയായ വടകര പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫിനെ വിജയിപ്പിച്ച ചരിത്രമുള്ളയാൾ കൂടിയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ.

അതു കൊണ്ട് അദ്ദേഹത്തെ രംഗത്തിറക്കി വടകര നിയമസഭ മണ്ഡലവും യുഡിഎഫ് പിടി്ച്ചെടുക്കണമെന്ന ആഗ്രമുള്ള കോൺഗ്രസുകാരുമുണ്ട്. മുല്ലപ്പള്ളിയെ സംബന്ധിച്ച് വടകരയിൽ സ്ഥാനാർത്ഥിയായില്ലെങ്കിലും കൈപ്പത്തി ചിഹ്നത്തിൽ വോട്ടുചെയ്യണമെന്ന ആഗ്രഹവുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഈ ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചതുമാണ്.

വടകര നഗരസഭയും അഴിയൂർ, ചോറോട്, ഏറാമല, ഒഞ്ചിയം പഞ്ചായത്തും അടങ്ങിയതാണ് വടകര നിയമസഭ മണ്ഡലം.വടകരയുടെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോൾ ആദ്യ തെരഞ്ഞെടുപ്പിലൊഴികെ എല്ലായിപ്പോഴും സോഷ്യലിസ്റ്റുകളെ മാത്രം ജയിപ്പിച്ച ചരിത്രമാണുള്ളത്. 1957ൽ സിപിഐയിലെ എംകെ കേളുവാണ് ഇവിടെ നിന്നും ജയിച്ച സോഷ്യലിസ്റ്റ് പാർട്ടിക്കാരനല്ലാത്ത ഏക വ്യക്തി. 1977 മുതൽ 91 വരെ തുടർച്ചയായി അഞ്ചുതവണ ജനതാദളിലെ കെ. ചന്ദ്രശേഖരൻ വടകരയിൽ നിന്നും ജയിച്ചു. 1996, 2001 വർഷങ്ങളിൽ സി.കെ. നാണു. 2006ൽ ജെ.ഡി. എസിലെ എം.കെ. പ്രേംനാഥ്.

2011 മുതൽ വീണ്ടും സികെ നാണു എന്നിവരാണ് വടകരയിൽ നിന്നും നിയമസഭയിലെത്തിയവർ. അതു കൊണ്ട് ഇത്തവണ സോഷ്യലിസ്റ്റുകളുടെ പുണ്യഭൂമിയിൽ തീ പാറുന്ന പോരാട്ടമായിരിക്കും നടക്കുന്നത്. ആർഎംപിയിൽ നിന്ന് ഒരു മാർക്സിസ്റ്റും ഏതെങ്കിലും ജനതാദളിൽ നിന്ന് ഒരു സോഷ്യലിസ്റ്റും മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇനി അറിയാനുള്ളത് കോൺഗ്രസ് ആർഎംപിയുടെ മാർക്സിസ്റ്റിനെ പിന്തുണക്കുമോ അതോ കൈപ്പത്തി ചിഹ്നത്തിൽ ആളെ നിർത്തുമോ എന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP