Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐ.സി.സി; കലാശപ്പോരാട്ടം ജൂൺ 18 മുതൽ 22 വരെ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐ.സി.സി; കലാശപ്പോരാട്ടം ജൂൺ 18 മുതൽ 22 വരെ

സ്പോർട്സ് ഡെസ്ക്

ദുബായ്: ഇന്ത്യയും ന്യൂസീലൻഡും മാറ്റുരയ്ക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐ.സി.സി. ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലണ്ടനിലെ ലോർഡ്സിലാകും ഫൈനൽ നടക്കുകയെന്നായിരുന്നു റിപ്പോർട്ടുകൾ. നിലവിൽ സാധ്യത സതാംപ്ടണിലെ റോൾ ബൗൾ സ്റ്റേഡിയത്തിനാണ്. വിഷയത്തിൽ ഐസിസി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

എഡ്ജ്ബാസ്റ്റൺ, ഓൾഡ് ട്രാഫഡ്, എന്നിവയും വേദികളായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

സതാംപ്ടൺ സ്റ്റേഡിയത്തിലെ സൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും വളരെ മികച്ചതാണെന്ന് ഐസിസി പറയുന്നു. സതാംപ്ടണിനോട് ചേർത്ത് നിർമ്മിച്ചിരിക്കുന്ന ഫൈവ് സ്റ്റാർ ഹോട്ടൽ താരങ്ങൾക്ക് താമസ സൗകര്യവും ഐസൊലേഷൻ സൗകര്യവും ഒരുക്കാൻ സഹായിക്കും. കൊവിഡിനിടെ വിൻഡീസിനെതിരെയും പാക്കിസ്ഥാനെതിരെയുമുള്ള ഇംഗ്ലണ്ടിന്റെ മത്സരങ്ങൾ മുഴുവൻ നടന്നത് സതാംപ്ടണിലാണ്.

വരും ദിവസങ്ങളിൽ വേദി സംബന്ധിച്ച് ഐ.സി.സി തീരുമാനം അറിയിച്ചേക്കും. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ ഇന്ത്യ ഒന്നാമതും ന്യൂസീലൻഡ് രണ്ടാമതുമാണ്. ഇംഗ്ലണ്ടിലാണ് കലാശപ്പോരാട്ടം നടക്കുന്നതെന്നതിനാൽ നേരിയ മുൻതൂക്കം ന്യൂസീലൻഡിന് കൽപിക്കുന്നുണ്ട്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നേരത്തെ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ രണ്ട് മത്സരത്തിലും ഇന്ത്യയെ കിവീസ് പരാജയപ്പെടുത്തിയിരുന്നു.

പോരാട്ടത്തിന് ഒപ്പം ഭാഗ്യം കൂടിയാണ് ന്യൂസിലാന്റിന് ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലലിലേക്ക് വഴിതുറന്നത്.ദക്ഷിണാഫ്രിക്കയിലേക്കുള്ള ക്രിക്കറ്റ് പര്യടനത്തിൽനിന്ന് ഓസ്‌ട്രേലിയൻ ടീം പിന്മാറിയതോടെയാണ് ന്യൂസിലാന്റ് ഫൈനലിൽ സ്ഥാനമുറപ്പിച്ചത്.കോവിഡ് വ്യാപനം ദക്ഷിണാഫ്രിക്കയിൽ രൂക്ഷമായതോടെയാണ് ഓസ്ട്രേലിയ പര്യടനത്തിൽ നിന്ന് പിന്മാറിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജയിച്ചിരുന്നെങ്കിൽ ഓസ്‌ട്രേലിയയ്ക്ക് ഫൈനൽ സാധ്യതയുണ്ടായിരുന്നു. ന്യൂസീലൻഡിന് പ്രാഥമികറൗണ്ടിൽ ഇനി മത്സരമില്ലാത്തതുകൊണ്ട് അവർ രണ്ടാംസ്ഥാനം ഉറപ്പിച്ച് ഫൈനലിലെത്തി.

ഓസ്ട്രേലിയയുടെ പിന്മാറ്റം വേഗത്തിൽ ഫൈനലിൽ സ്ഥാനം നൽകിയെങ്കിലും ഇത് ന്യൂസിലാന്റിന്റെ മികവിനെ കുറക്കുന്ന ഒരുഘടകമായി കാണാൻ സാധിക്കില്ല.കളിച്ച മത്സരങ്ങളിൽ ഭൂരിഭാഗവും ആധികാരിക ജയത്തോടെ തന്നെയാണ് ന്യൂസിലാന്റ് രണ്ടാംസ്ഥാനം ഉറപ്പിച്ചത്. ഒന്നാംസ്ഥാനത്തെച്ചൊലി ചില സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും മത്സരങ്ങൾ പൂർത്തിയായതോടെ ന്യൂസിലാന്റ് രണ്ടാംസ്ഥാനത്ത് ഉറപ്പിച്ചിരുന്നു.കെയിൻവില്യംസണിന്റെ നേതൃത്വത്തിൽ മികച്ച ടീമായി തന്നെയാണ് ടെസ്റ്റിലുൾപ്പടെ ലോകക്രിക്കറ്റിന്റെ എല്ലാഫോർമാറ്റിലും ന്യൂസിലാന്റ് മുന്നേറുന്നത്.

2019 ഓഗസ്റ്റിൽ ശ്രീലങ്കെതിരായ ടെസ്റ്റ് മത്സരത്തോടെയാണ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലാന്റ് തുടങ്ങിയത്. ശ്രീലങ്കയിൽ ആ ടെസ്റ്റിൽ ന്യൂസിലാന്റിനെ ശ്രീലങ്ക ആറു വിക്കറ്റിന് പരാജയപ്പെടുത്തുകയായിരുന്നു.കഴിഞ്ഞ വർഷം ഡിസംബറിൽ സ്വന്തം നാട്ടിൽ വച്ച് നടന്ന പാക്കിസ്ഥാനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിൽ ഒരിന്നിങ്ങ്സിനും 176 ഉം റൺസിനും വിജയിച്ചാണ് ചാമ്പ്യൻഷിപ്പിന്റെ ലീഗ് മത്സരം ന്യൂസിലാന്റ് അവസാനിപ്പിക്കുന്നത്.

ഫൈനലിലെ എതിരാളികളായ ന്യൂസീലൻഡിന് 420 പോയന്റുകളാണുള്ളത്. അഞ്ചുപരമ്പരകളിൽ നിന്നും ഏഴുവിജയങ്ങളും നാല് തോൽവികളും ടീം നേടി. 70 ശതമാനം വിജയമാണ് കിവീസിനുള്ളത്.

ഓസ്ട്രേലിയയിൽ മികച്ച വിജയത്തോടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാൻ എത്തിയതെങ്കിലും ടൂർണ്ണമെന്റിലെ വിജയത്തെ അനുസരിച്ചായിരുന്നു ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രയാണം. പരമ്പര തോറ്റാൽ ഇംഗ്ലണ്ട് കയറുമെന്നും പരമ്പര സമനില ഓസ്ട്രേലിയയ്ക്ക് ടൂർണ്ണമെന്റിന്റെ ഫൈനലിലേക്ക് ടിക്കറ്റ് നൽകുമെന്നതുൾപ്പടെയുള്ള അവസ്ഥയായിരുന്നു ഇന്ത്യ ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടിയായി ഉണ്ടായിരുന്നത്..

വെസ്റ്റിൻഡീസിനെതിരെ അവരുടെ നാട്ടിൽ നടന്ന പരമ്പരയോടെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ ആരംഭിക്കുന്നത്. ഒന്നാം ടെസ്റ്റിൽ 318 റൺസിനാണ് ഇന്ത്യ ജയച്ചുകയറിയത്. മൊട്ടേരയിൽ ഇംഗ്ലണ്ടിനെ ഇന്നിങ്ങ്സിനും 25 റൺസിനും തറപറ്റിച്ചാണ് ഇന്ത്യ ചാമ്പ്യൻഷിപ്പിന്റെ ലീഗ് മത്സരങ്ങൾ അവസാനിപ്പിക്കുന്നത്.

പോയന്റ് പട്ടികയിൽ ഇന്ത്യയാണ് ഒന്നാമത്. ആറ് രാജ്യങ്ങളുമായി ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യ 12 മത്സരങ്ങളിൽ വിജയം സ്വന്തമാക്കി. ഒന്നിൽ സമനില വഴങ്ങിയപ്പോൾ നാലെണ്ണത്തിൽ തോൽവി വഴങ്ങി. 520 പോയന്റുകൾ നേടി 72.2 ശതമാനം വിജയത്തോടെ പട്ടികയിൽ ഒന്നാമതായി ഫൈനലിൽ കയറാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന പതിപ്പ് 2019 ഓഗസ്റ്റ് 1 മുതൽ 2021 ജൂൺ 22 വരെയാണ് നടത്താൻ തീരുമാനിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിൽ ഓരോന്നിനും ഓരോ ലോക ടൂർണമെന്റ് നടത്തുകയെന്ന ഐസിസിയുടെ ലക്ഷ്യത്തിന് അനുസൃതമായാണ് ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്. 2019 ആഗസ്തിൽ ഒസ്ട്രേലിയ ഇംഗ്ലണ്ട് ആഷസ് പരമ്പരയിൽ തുടങ്ങി 2021 ഏപ്രിലിലെ ശ്രീലങ്ക ബംഗ്ലാദേശ് പരമ്പര വരെയാണ് ചാമ്പ്യൻഷിപ്പിന്റെ ലീഗ് മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്.

ടെസ്റ്റ് പദവിയുള്ള പന്ത്രണ്ട് രാജ്യങ്ങളിൽ ആദ്യ ഒമ്പത റാങ്കിലുള്ള ടീമുകളാണ് 2019-21 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിക്കുന്നത്. ഇവർ ഓരോരുത്തരും മറ്റ് എട്ട് ടീമുകളിൽ ആറെണ്ണത്തിനെതിരെ ഒരു ടെസ്റ്റ് പരമ്പര വീതം കളിക്കും. ഈ ഓരോ സീരീസും രണ്ട് മുതൽ അഞ്ച് വരെ മത്സരങ്ങൾ ഉൾക്കൊള്ളുന്നതാണ്, അങ്ങനെ എല്ലാ ടീമുകളും കുറഞ്ഞത് ആറ് സീരീസ് കളിക്കും (മൂന്ന് ഹോം മാച്ചുകളും, മൂന്ന് എവെ മാച്ചുകളും), എല്ലാ ടീമുകളും കളിക്കുന്ന ആകെ കളികളുടെ എണ്ണം തുല്യമായിരിക്കണമെന്നില്ല. ഓരോ ടീമിനും ഓരോ സീരീസിൽ നിന്നും നേടാൻ കഴിയുന്നത് പരമാവധി 120 പോയിന്റാണ്, ലീഗ് ഘട്ടത്തിന്റെ അവസാനം ഏറ്റവും കൂടുതൽ പോയിന്റുള്ള രണ്ട് ടീമുകൾ ഫൈനലിൽ പ്രവേശിക്കുമെന്ന രീതിയിലാണ് മത്സരത്തിന്റെ ഘടന ക്രമീകരിച്ചിരുന്നത്.

ആഷസ് സീരീസ്, ഗവാസ്‌കർ ബോർഡർ ട്രോഫി പോലുള്ള ചില ദീർഘകാല പരമ്പരകൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ്.ഇതിനോടകം മികച്ച പോയന്റുമായി ഇന്ത്യയും ന്യൂസിലാന്റും ഫൈനലിൽ സ്ഥാനമുറപ്പിച്ചതോടെ ശേഷിക്കുന്ന ശ്രീലങ്ക വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക ബംഗ്ലാദേശ് ടെസ്റ്റ് ചാമ്പ്യൻഷിപ്പുകൾ അപ്രസക്തമായി.

കീരീട നേട്ടത്തിലേക്ക് ഇന്ത്യക്ക് ഒരു സമനില ദൂരം

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കിരീടത്തിൽ മുത്തമിടാൻ ഇന്ത്യക്ക് വേണ്ടത് ഒരു സമനില മാത്രം. ഇംഗ്ലണ്ടിനെതിരായ പരമ്പര ജയത്തോടെ മികച്ച പോയന്റുമായി ഇന്ത്യ പട്ടികയിൽ ഒന്നാമതെത്തിയതോടെയാണ് ഈ അവസരം ടീമീന് കൈവന്നിരിക്കുന്നത്.

ജയിക്കുന്ന ടീമിന് കിരീടം എന്നതു തന്നെയാണ് ചാമ്പ്യൻഷിപ്പിലെയും രീതി. എന്നാൽ ടെസ്റ്റ് മത്സരമായതിനാൽ സമനിലക്ക് സാധ്യതയുള്ളതിനാലും ഒരൊറ്റ മത്സരമേ ഉള്ളൂവെന്നതിനാലുമാണ് ഇത്തരമൊരു രീതി ഐസിസി അവലംബിക്കുന്നത്.ടെസ്റ്റ് മത്സരം സമനിലയിൽ ആയാൽ ഏറ്റവും കൂടുതൽ പോയന്റുള്ള ടീം ജേതാക്കളാകും

നിലവിൽ ഒന്നാംസ്ഥാനത്തുള്ള ഇന്ത്യക്ക് ജയമോ സമനിലയോ മതിയാകും ടെസ്റ്റ് ക്രിക്കറ്റിലെ രാജാക്കന്മാരാകാൻ. അതേസമയം ന്യൂസിലാന്റ് വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുമില്ല.മികച്ചഫോമിലുള്ള രണ്ടു ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഫൈനൽ ആവേശമാകും എന്നതിൽ തർക്കമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP