Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശൈലജയെ തിരുവനന്തപുരത്തേക്ക് അയച്ച് മട്ടന്നൂരിൽ മത്സരിക്കാൻ ആഗ്രഹിച്ചത് ഇപി! രണ്ട് ടേം മാനദണ്ഡം കർശനമാക്കിയതും ഈ നീക്കം പാളിയതിന്റെ പ്രതികാരം; പിണറായിക്കാലം അവസാനിക്കുന്ന നാൾ വരുമെന്ന് ഓർമ്മപ്പെടുത്തി പിജെ ആർമി; സഖാവിന് അഴിക്കോട് കിട്ടാത്തതിൽ കേഡർമാരിൽ നിരാശ അതിശക്തം; കണ്ണൂർ സിപിഎമ്മിൽ ആശയക്കുഴപ്പം വ്യക്തം

ശൈലജയെ തിരുവനന്തപുരത്തേക്ക് അയച്ച് മട്ടന്നൂരിൽ മത്സരിക്കാൻ ആഗ്രഹിച്ചത് ഇപി! രണ്ട് ടേം മാനദണ്ഡം കർശനമാക്കിയതും ഈ നീക്കം പാളിയതിന്റെ പ്രതികാരം; പിണറായിക്കാലം അവസാനിക്കുന്ന നാൾ വരുമെന്ന് ഓർമ്മപ്പെടുത്തി പിജെ ആർമി; സഖാവിന് അഴിക്കോട് കിട്ടാത്തതിൽ കേഡർമാരിൽ നിരാശ അതിശക്തം; കണ്ണൂർ സിപിഎമ്മിൽ ആശയക്കുഴപ്പം വ്യക്തം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പിജെ ആർമിയെ അച്ചടക്കത്തിന്റെ വാൾ കൊണ്ട് നേരിടാനാണ് പിണറായിയുടെ തീരുമാനം. കണ്ണൂരിൽ പാർട്ടി പിടിക്കുകയാണ് പി ജയരാജന്റെ തീരുമാനവും. പിജെ ആർമിയ്‌ക്കെതിരായ നടപടിയിലൂടെ ജയരാജന്റെ കൈകളുടെ കരുത്ത് ചോരുമെന്നാണ് പിണറായിയുടെ പ്രതീക്ഷ. പരസ്യ പ്രതികരണം ആരു നടത്തിയാലും പുറത്താക്കും. ജയരാജൻ അണെങ്കിൽ പോലും നടപടി വരും. ഇത് മനസ്സിലാക്കിയാണ് പിജെ ആർമിയെ പ്രത്യക്ഷത്തിൽ തള്ളിപ്പറഞ്ഞ് കരുതലോടെ ജയരാജനും നീങ്ങുന്നത്.

സിപിഎം സംസ്ഥാന സമിതി അംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് സീറ്റ് നിഷേധിച്ചതിലെ നിരാശയും പ്രതിഷേധവും പരസ്യമായി പ്രകടിപ്പിച്ച് പി.ജെ.ആർമി. അരലക്ഷത്തിലേറെ പേർ അംഗങ്ങളായുള്ള പി.ജെ.ആർമിയുടെ ഫേസ്‌ബുക് പേജിലാണ് സിപിഎം നിലപാടിനെതിരെ പ്രവർത്തകർ പരസ്യവിമർശനം ഉയർത്തിയത്. 32,000 അംഗങ്ങളുള്ള പിജെ ആർമി ഒഫീഷ്യൽ പേജിലും 'പോരാളി ഷാജി' ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ സൈബർ പേജുകളിലും അണികൾ പരസ്യവിമർശനമുയർത്തുന്നുണ്ട്. കടുത്ത പിജെ ആരാധകർ സ്വന്തം ഫേസ്‌ബുക് വാളിലും വിമർശനങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനെ സമർത്ഥമായി പ്രതിരോധിക്കാൻ സിപിഎം നേതൃത്വത്തിന് കഴിയുന്നുമില്ല. പി ജയരാജൻ തന്നെ എല്ലാം നിയന്ത്രിക്കണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം.

ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെ തിരുവനന്തപുരം ജില്ലയിൽ മത്സരിപ്പിക്കണമെന്ന നിർദേശത്തിലും കണ്ണൂരിലെ സിപിഎമ്മിൽ സജീവം. ശൈലജയെ തലസ്ഥാന ജില്ലയിലേക്കു മാറ്റി മട്ടന്നൂരിൽ മത്സരിക്കാൻ ഇ.പി.ജയരാജൻ കരുനീക്കം നടത്തിയോയെന്ന സംശയമാണു പാർട്ടിയിലെ ചർച്ച. ഘടകകക്ഷികൾക്കായി നീക്കിവച്ച കൂത്തുപറമ്പ്, പേരാവൂർ, ഇരിക്കൂർ, കണ്ണൂർ മണ്ഡലങ്ങളൊഴിച്ചുള്ള 7 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെക്കുറിച്ചു ചർച്ച ചെയ്യാൻ തീരുമാനിച്ച കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആദ്യം സംസാരിച്ചതു മന്ത്രി ഇ.പി.ജയരാജൻ ആയിരുന്നു. മട്ടന്നൂരിൽ മാത്രമേ താൻ മത്സരിക്കൂവെന്നായിരുന്നു ജയരാജന്റെ പ്രസംഗത്തിന്റെ കാതൽ. മന്ത്രി ശൈലജയും 'ജില്ലയ്ക്കു പുറത്തു മത്സരിക്കില്ല' എന്ന കർശന നിലപാട് സ്വീകരിച്ചു. പി.ജയരാജൻ, എം വി ഗോവിന്ദൻ തുടങ്ങിയവരുടെ നിലപാടും ശൈലജയ്ക്ക് അനുകൂലമായി. 'എങ്കിൽ ഞാൻ മത്സരിക്കാനില്ല' എന്ന് ഇ.പി.ജയരാജൻ പ്രഖ്യാപിച്ചു. ഇതോടെ ജയരാജന്റെ പേരില്ലാതെയാണു ശുപാർശ സംസ്ഥാന നേതൃത്വത്തിന് അയച്ചത്.

സംസ്ഥാന സെക്രട്ടേറിയറ്റിൽ, ഇടപെട്ടു തീരുമാനം തനിക്ക് അനുകൂലമാക്കാമെന്ന ജയരാജന്റെ കണക്കുകൂട്ടലുകൾ പക്ഷേ പിഴച്ചു. ഇ.പി.ജയരാജൻ മത്സരചിത്രത്തിൽനിന്ന് ഇല്ലാതായതോടെയാണ്, 2 ടേം വ്യവസ്ഥ കർശനമാക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചതെന്നാണ് വിവരം. ഇതോടെ ആലപ്പുഴയിൽ മന്ത്രി തോമസ് ഐസക്, മന്ത്രി ജി.സുധാകരൻ, പാലക്കാട്ടുനിന്നു മന്ത്രി എ.കെ.ബാലൻ തുടങ്ങിയവരുടെ പേരുകളും വെട്ടേണ്ടി വന്നുവെന്നാണ് അണികളിൽ പ്രചരണം ശക്തമാകുന്നത്. ഇതും വിവാദങ്ങൾക്ക് പുതിയ തലം നൽകും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലാത്ത ഇ.പി.ജയരാജൻ, പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു വരുമോ എന്ന അഭ്യൂഹം ശക്തമാണ്. പാർട്ടി സെക്രട്ടറിയോ ഇടതു മുന്നണി കൺവീനറോ ആയി ജയരാജൻ മാറുമെന്നാണ് ചർച്ചകൾ. ഇതെല്ലാം പിജെ ആർമി ചർച്ചകളിൽ ഉയർത്തുന്നു.

പ്രതിഷേധ പ്രചാരണങ്ങളെ തള്ളി പി.ജയരാജൻ രംഗത്തെത്തിയതും പിണറായിയുടെ നീക്കം തിരിച്ചറിഞ്ഞാണ്. സ്ഥാനാർത്ഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണങ്ങളിൽനിന്നു പാർട്ടി ബന്ധുക്കൾ വിട്ടു നിൽക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന. ജയരാജനു വേണ്ടി പോസ്റ്റുകളും കമന്റുകളും പ്രത്യക്ഷപ്പെട്ട പി.ജെ. ആർമി എന്ന സമൂഹമാധ്യമ കൂട്ടായ്മയെയും ജയരാജൻ തള്ളിപ്പറഞ്ഞു. വെള്ളിയാഴ്ച മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ശനി വൈകിട്ടോടെയായിരുന്നു ജയരാജന്റെ പ്രതികരണം. എം വി ഗോവിന്ദൻ മാസറ്ററുടെ നേതൃത്വത്തിലാണ് ജയരാജനെ വെട്ടിയൊതുക്കാനുള്ള നീക്കം. പിജെ ആർമിയെ വെട്ടിനിരത്തി പാർട്ടിയെ ശുദ്ധീകരിക്കുകായണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദനും ടീമും ഇതിന് ന്യായം പറയുന്നു.

കണ്ണൂരിൽ സിപിഎം രണ്ട് തട്ടിലേക്ക് പോകുകയാണ്. ജയരാജന് മനപ്പൂർവ്വം സീറ്റ് നിഷേധിച്ചുവെന്ന വാദത്തിൽ അവർ ഉറച്ചു നിൽക്കുന്നു. ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ ഭാര്യയും ആന്തൂർ നഗരസഭാ അധ്യക്ഷയുമായ പി.കെ. ശ്യാമളയ്‌ക്കെതിരെ പി. ജയരാജൻ നിലപാടെടുത്തതും പാർട്ടിയിൽ വലിയ വിവാദമുണ്ടാക്കി. ഇതിന്റെ പക തീർക്കലാണ് പിന്നീട് കണ്ടത്. വടകരയിൽ ജയരാജനെ ലോക്‌സഭയിലേക്ക് മത്സരിപ്പിച്ച് തോൽപ്പിച്ചു. ഇപ്പോൾ നിയമസഭയിലേക്ക് സീറ്റും നൽകിയില്ല.

നിയമസഭയിൽ നിന്ന് ജയരാജനെ അകറ്റാനുള്ള നീക്കമാണ് ഇതെന്ന് പിജെ ആർമി കരുതുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റ എം.ബി. രാജേഷ്, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ എന്നിവർക്കു കിട്ടിയ ഇളവ് ജയരാജന്റെ കാര്യത്തിൽ ഉണ്ടായില്ല. ജയരാജനെ പാർട്ടി ഒതുക്കുകയാണെന്നാണു വികാരം. ഇതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് അവർ കരുതുന്നു. അതുകൊണ്ട് തന്നെ പ്രതിഷേധം അതിശക്തമായി മുമ്പോട്ടു കൊണ്ടു പോകും.

ജയരാജനെതിരായ നീക്കങ്ങളുടെ അവസാന ഉദാഹരണമാണു സ്ഥാനാർത്ഥി നിർണയത്തിൽ കണ്ടതെന്നു കണ്ണൂരിലെ പ്രബല വിഭാഗം ആരോപിക്കുമ്പോൾ, തോമസ് ഐസക് ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയതും പാർട്ടിക്കുള്ളിൽ ചർച്ചയാകും.ജയരാജനു വേണ്ടി അണികൾ രംഗത്തെത്തി. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എൻ.ധീരജ് കുമാർ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. രണ്ടും ടേം വ്യവസ്ഥയിൽ ആർക്കും ഇളവു വേണ്ടെന്ന നിർദ്ദേശം, സ്ഥാനാർത്ഥി ചർച്ചകൾക്കായി ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ കർശനമായി അവതരിപ്പിക്കപ്പെട്ടിരുന്നില്ല. തോമസ് ഐസക്, ജി. സുധാകരൻ ഉൾപ്പെടെയുള്ളവരുടെ പേരുകൾ ആലപ്പുഴയിൽനിന്നുള്ള പട്ടികയിൽ ഇടംപിടിച്ചത് അങ്ങനെയാണ്. കൊല്ലം ജില്ലയിൽ, കൊട്ടാരക്കരയിൽനിന്ന് 3 തവണ മത്സരിച്ചു ജയിച്ച പി. അയിഷാ പോറ്റിയുടെ പേരു വരെ സംസ്ഥാന നേതൃത്വത്തിനു കൈമാറിയ പട്ടികയിൽ ഉണ്ടായിരുന്നു. 2 ടേം വ്യവസ്ഥ ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ കർശനമായിരുന്നില്ല എന്നാണ് ഇതിനർഥം.

യോഗാചാര്യൻ ശ്രീ എമ്മിന്റെ നേതൃത്വത്തിൽ സിപിഎം - ആർഎസ്എസ് ചർച്ച നടന്നിട്ടില്ലെന്ന പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം എം വിഗോവിന്ദന്റെ പ്രസ്താവനയെ പരസ്യമായി തള്ളിപ്പറഞ്ഞ് ആദ്യമായി രംഗത്തെത്തിയത് പി.ജയരാജനാണ്. ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചർച്ച നടന്നെന്നും അതിനു ശേഷം കണ്ണൂരിലും സമാന ചർച്ച നടന്നുവെന്നും ഫേസ്‌ബുക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയ പി. ജയരാജൻ, ഇതു മാധ്യമങ്ങളോടു തുറന്നു പറയുകയും ചെയ്തു.

എം വിഗോവിന്ദന്റെ പ്രസ്താവനയെ പരസ്യമായി തള്ളിപ്പറഞ്ഞതിലൂടെ, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ചേരിയെ ചോദ്യം ചെയ്യുക കൂടിയായിരുന്നു ജയരാജൻ. ശ്രീ എമ്മിനു യോഗ സെന്റർ സ്ഥാപിക്കാൻ തിരുവനന്തപുരം ജില്ലയിലെ ആക്കുളത്തു നാലേക്കർ സ്ഥലം അനുവദിച്ചതു സർക്കാർ രഹസ്യമാക്കി വച്ചെങ്കിലും ജയരാജൻ- എം വിഗോവിന്ദൻ വാദപ്രതിവാദത്തിലൂടെ അതും പരസ്യമായി.

പിജെ ആർമിയുടെ ആക്രമണം ഇങ്ങനെ

ജയരാജനെ അനുകൂലിച്ച് നിരവധി കമന്റുകളാണ് പിജെ ആർമി പേജിലെത്തുന്നത്. അതിനിടെ കണ്ണൂരിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകൾ തൽക്കാലം അപ്രൂവ് ചെയ്യില്ലെന്ന് പിജെ ആർമി ഒഫിഷ്യൽ പേജ് അഡ്‌മിൻ അറിയിച്ചിട്ടുണ്ട്. അണികളുടെ അതൃപ്തി സിപിഎം സ്ഥാനാർത്ഥികളുടെ വിജയസാധ്യതയെ ബാധിക്കാനുള്ള സാഹചര്യം മുന്നിൽക്കണ്ടാണു നടപടി. അതിരൂക്ഷമാണ് വിമർശന കമന്റുകൾ എന്നതിലാണ് ഇത്. പിണറായിക്കാലം അവസാനിക്കുന്ന നാൾ വരുമെന്ന് പിജെ ആർമി ഓർമ്മിപ്പിക്കുകയാണ്.

'പാർട്ടി നേതാക്കളുടെ ഭാര്യമാർക്കുവരെ സീറ്റ് താലത്തിൽ വച്ചു നൽകുമ്പോൾ പാർട്ടിക്കു വേണ്ടി ജീവൻ പണയം വച്ചു പോരാടിയ സഖാവ് പി.ജയരാജന് എന്തുകൊണ്ട് സീറ്റില്ല? എന്തുകൊണ്ട് മത്സരിക്കുന്നില്ല..??! താഴെത്തട്ടിലെ സഖാക്കളുടെ വികാരം തിരിച്ചറിയാൻ പാർട്ടിക്ക് കഴിയാത്തതെന്തുകൊണ്ട്...??!' 'ഭാര്യമാരെയും, പിന്നണി ഗായികമാരെയും തള്ളിക്കയറ്റാൻ ശ്രമിക്കുന്നതിനോടൊപ്പംതന്നെ പാർട്ടിയെ ജീവനാഡിയായി കൊണ്ടുനടക്കുന്ന സഖാവ് പി.ജയരാജനെയും ടി.ശശിധരനെയും ഒക്കെ ഒന്ന് ഓർക്കുന്നത് നന്നായിരിക്കും...''പിണറായിക്കാലം അവസാനിക്കുന്ന ഒരു നാൾ വരും, അവിടെ മുതൽ പിജെകാലം തുടങ്ങും. അന്ന് ഞാൻ പാർട്ടിയിലേക്കു തിരികെ വന്ന് വീണ്ടും ഈ ചെങ്കൊടിയേന്തും. അതുവരെ വിട സഖാക്കളെ. ലാൽസലാം. 'ഒരു കമ്യൂണിസ്റ്റുകാരി എന്ന നിലയിൽ എനിക്ക് സങ്കടം തോന്നിയ നിമിഷം. സ്വന്തം ജീവനും ജീവിതവും വരെ പാർട്ടിക്ക് ദാനം ചെയ്ത സഖാവിനെ പാർട്ടിതന്നെ മാറ്റി നിർത്തിയെന്ന് അറിഞ്ഞപ്പോൾ ഉള്ള് പിടഞ്ഞു പോയി..'-ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ പിജെ ആർമിയുടെ പ്രതികരണങ്ങൾ.

'അങ്ങേക്ക് പകരം അങ്ങ് മാത്രം. പകരമായി ഒരു സഖാവിനെയും കാണാൻ കഴിയില്ല. തന്നേക്കാൾ വലുതായി മാറ്റാരും വളരേണ്ട എന്ന് തീരുമാനിക്കുന്ന, പാർട്ടിക്കാരെ വരെ ഒറ്റിക്കൊടുക്കുകയും ചതിക്കുകയും ചെയ്യുന്ന നേതാക്കളെ എന്നും വെറുപ്പാണ്. ആദ്യം വി എസ് സഖാവിനെ മാറ്റി നിർത്തി, ഇപ്പോൾ ജയരാജ് സഖാവിനെയും..' 'ഒരിക്കലും പൊറുക്കില്ല..പാർട്ടിയോടുതന്നെ വെറുപ്പ് തോന്നിയ നിമിഷം. പ്രസ്ഥാനത്തോടു വിട പറയാൻ തോന്നിയ നിമിഷം. എന്റെ വോട്ട് ഇത്തവണ പാർട്ടിക്ക് ഇല്ല...' 'പാർട്ടി ഗ്രൂപ്പിസത്തിൽ സഖാവ് വിഎസിനെ ഒറ്റിയവർക്കെല്ലാം പിണറായി സീറ്റുകൾ നൽകുകയാണ്, വിഎസിനു ക്യാപ്പിറ്റൽ പണിഷ്‌മെന്റ് നൽകണമെന്നു പറഞ്ഞ സ്വരാജ് നായർക്കു വരെ കഴിഞ്ഞ തവണ സീറ്റ് നൽകി. വിഎസിനൊപ്പംനിന്ന സഖാവ് ഗുരുദാസനെപ്പോലുള്ളവരെ വെട്ടിയൊതുക്കി'

'ലോക്‌സഭ തിരഞ്ഞെടുപ്പ് കാലം. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിമാരായ വി.എൻ. വാസവനും പി.ജയരാജനും മത്സരിക്കുന്നു. വാസവനു പകരം കോട്ടയത്തു താൽക്കാലിക സെക്രട്ടറി വരുന്നു. കണ്ണൂരിൽ പി. ജയരാജനു പകരം സ്ഥിരം സെക്രട്ടറിയും! അന്നേ പിണറായി ഉന്നം വച്ചതാണ് ജയരാജനെ മൂലയ്ക്കിരുത്താൻ. തന്നേക്കാളും ജനപിന്തുണ ഉണ്ടെന്ന തോന്നലാണു പിണറായിക്കു ജയരാജനു മേൽ ഇത്രമേൽ അയിത്തം കൽപിക്കാൻ. ഒടുവിൽ പുറത്തു വരുന്നു ആർഎസ്എസിന്റെ ആവശ്യപ്രകാരമാണ് ജയരാജനെ ഇങ്ങനെ ഒതുക്കിയതെന്നും. സിപിഎം - ആർഎസ്എസ് ബാന്ധവത്തിനു ജയരാജൻ എതിർ നിന്നോ എന്നു മാത്രമാണ് ഇനി അറിയേണ്ടത്...'

അതേസമയം പി.ജയരാജനെ അനുകൂലിച്ചുള്ള കമന്റുകളെ തിരുത്തി പാർട്ടി അണികളും പ്രതികരിക്കുന്നുണ്ട്. 'പാർട്ടിയിൽ വ്യക്തി ഇല്ല എന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വാസമുള്ളവർക്ക് അറിയാം. പാർട്ടി പറയുന്നതാണു ശരി. അല്ലാതെ ഒരു വ്യക്തിയെ വലുതാക്കുന്നതിനോട് യോജിപ്പില്ല. അങ്ങനെ നോക്കുകയാണെങ്കിൽ പാർട്ടിക്കു വേണ്ടി പ്രവർത്തിച്ച പേരറിയാത്ത എത്രയോ പേരുണ്ട്. പാർട്ടിസ്ഥാനം കിട്ടിയതുകൊണ്ട് അറിയുന്നതു പോലെ അല്ല അത്. അവരുടെയൊക്കെ രക്തം തന്നെ ആണ് ഈ പാർട്ടിയും.

'പിജെയും പിണറായിയും പാർട്ടിയിൽ ഉള്ളപ്പോഴാണ് അവരു വലിയവർ. പാർട്ടിക്ക് എതിരെ ആണെങ്കിൽ അവർ വെറും പേരു മാത്രം. അത് ഓർക്കുന്നത് നല്ലതാണ്. ഇവരേക്കാൾ വലിയ നേതാവ് ആയിരുന്നു എം വി രാഘവൻ പാർട്ടിയിൽ ഉള്ളപ്പോൾ എന്നതും ഓർക്കുന്നത് നല്ലതാണ്' 'പിജെയും പിണറായിയും വിഎസുമെല്ലാം പാർട്ടി നേതാക്കൾ ആണ്. അതിൽ വലിയവൻ ചെറിയവൻ എന്ന് ഇല്ല...' 'ആരാധന നല്ലതാണ് അല്ലാതെ അത് പാർട്ടിയെ വെല്ലുവിളിച്ചു തെറ്റിദ്ധാരണ പരത്തിക്കൊണ്ടല്ല...'-ഇങ്ങനെ പോകുന്നു പാർട്ടി അനുകൂല കമന്റുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP