Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരഞ്ഞെടുപ്പ് പ്രചാരണം കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തു; വിരട്ടി വിറപ്പിക്കാൻ നോക്കണ്ട; വി മുരളീധരൻ കേന്ദ്ര സഹമന്ത്രിയായ ശേഷം എത്ര സ്വർണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമേേുണ്ടാ? കസ്റ്റംസിനെയും വി മുരളീധരനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി

തെരഞ്ഞെടുപ്പ് പ്രചാരണം കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തു; വിരട്ടി വിറപ്പിക്കാൻ നോക്കണ്ട; വി മുരളീധരൻ കേന്ദ്ര സഹമന്ത്രിയായ ശേഷം എത്ര സ്വർണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമേേുണ്ടാ? കസ്റ്റംസിനെയും വി മുരളീധരനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിസഭയിലെ മൂന്ന് പേർക്കും പങ്കുണ്ടെന്നും സ്വപ്ന സുരേഷ് മൊഴി നൽകിയെന്ന് ഹൈക്കോടതിയിൽ പ്രസ്താവന നൽകിയ കസ്റ്റംസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെയും രൂക്ഷമായി വിമർശിച്ചു കൊണ്ടാണ്ട് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയത്.

തെരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ഏജൻസികൾ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഹൈക്കോടതി മുമ്പാകെ കസ്റ്റംസ് കമ്മീഷണർ നൽകിയ പ്രസ്താവന എന്തടിസ്ഥാനത്തിലായിരുന്നു? കേസിൽ എതിർകക്ഷി പോലുമല്ലാത്ത കസ്റ്റംസ് കമ്മീഷണർ ഇത്തരത്തിൽ പ്രസ്താവന നൽകുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. രാജ്യത്തെ ഭരണകക്ഷിയുടെ താത്പര്യം സംരക്ഷിക്കാൻ ഏജൻസികൾ ഇറങ്ങിയിരിക്കുകയാണ്. പ്രതിയുടെ മാനസികചാഞ്ചല്യം ഉപയോഗപ്പെടുത്തി എന്തെങ്കിലും പറയിക്കുകയാണ്. അങ്ങനെ വല്ലതും പറഞ്ഞാൽ തെളിവ് കൂടി വേണം. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെയും രൂക്ഷവിമർശനമുയർത്തി മുഖ്യമന്ത്രി.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം കേന്ദ്ര ഏജൻസികളുടെ അക്രമണോത്സുകതയ്ക്ക് ആക്കം കൂടിയെന്നും പിണറായി പറഞ്ഞു. കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ നീക്കവും കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലവും ഇതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

കിഫ്ബിയെ കുഴിച്ചുമൂടാനാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും മനോനില കടമെടുത്ത് കേന്ദ്ര ഏജൻസികൾ രംഗത്തുവന്നിരിക്കുന്നത്. കസ്റ്റംസാണ് പ്രചാരണ പദ്ധതി നയിക്കുന്നത്. നവംബറിൽ പ്രതി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സത്യവാങ്മൂലം നൽകിയത്. പ്രസ്താവന കൊടുത്ത കസ്റ്റംസ് കമ്മീഷണർ കേസിൽ എതിർകക്ഷി പോലുമല്ല. കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. കസ്റ്റംസ് ചട്ടം ലംഘിച്ചതായി പിണറായി വിജയൻ ആരോപിച്ചു.

വിവിധ ഏജൻസികളുടെ കസ്റ്റഡിയിൽ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തിട്ടുണ്ട്. എൻഫോഴ്സ്മെന്റിനും എൻഐഎയ്ക്കും നൽകാത്ത മൊഴി കസ്റ്റംസിന്റെ കസ്റ്റഡിയിൽ വന്നപ്പോൾ മാത്രം പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ കാരണം എന്തായിരിക്കണം?. പ്രസ്താവന കൊടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കസ്റ്റംസും പിന്നിൽ പ്രവർത്തിച്ചവരും ഇക്കാര്യം വെളിപ്പെടുത്തേണ്ടതാണെന്നും പിണറായി വിജയൻ പറഞ്ഞു.

വകുപ്പ് 164 പ്രകാരം മജിസ്ട്രേറ്റിന് മുൻപാകെ നൽകുന്ന പ്രസ്താവന സാധാരണ അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ ലഭിക്കുകയുള്ളു. നിയമവശം ഇങ്ങനെയായിരിക്കേ, കസ്റ്റംസ് കമ്മീഷണർ മന്ത്രിമാരെയും മറ്റും അപകീർത്തിപ്പെടുത്തുക എന്ന തെരഞ്ഞടുപ്പ് ലക്ഷ്യത്തോടെയാണ് രംഗത്തിറങ്ങിയത്. ഭരണ കക്ഷിയുടെ സങ്കുചിത താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമം. അതിനായി തങ്ങളുടെ കസ്റ്റഡിയിലുള്ള കക്ഷിയുടെ മാനസിക ചാഞ്ചല്യം മുതലെടുക്കാനാണ് ശ്രമം. ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പിണറായി ഓർമ്മിപ്പിച്ചു.

2020 നവംബറിൽത്തന്നെ രഹസ്യമൊഴിയിൽ എന്തെന്ന് കെ സുരേന്ദ്രനും നിമിഷങ്ങൾക്കുള്ളിൽ ഏറ്റുപിടിച്ച് പ്രതിപക്ഷനേതാവും പ്രസ്താവനയിറക്കിയിരുന്നു. അവർ ഒരേ സ്വരത്തിലാണത് പറഞ്ഞു. അവർ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പല്ലേ. ആരോപണം വാരിവിതറി പുകപടലമുയർത്തി പൂഴിക്കടകൻ ഇഫക്ടുണ്ടാക്കാം എന്നാവും ഭാവം. തെളിഞ്ഞ അന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പ് നടക്കരുതെന്നും, ജനങ്ങളിൽ വിഭ്രാന്തിയും ആശങ്കയുമുണ്ടാകണമെന്നും ബിജെപിയും കോൺഗ്രസും ഒരുപോലെ ആഗ്രഹിക്കുന്നു. കസ്റ്റംസ് രീതികൾ തുടക്കം മുതൽ നമ്മൾ കണ്ടു. കോൺഗ്രസ്, ബിജെപി കേരളതല സഖ്യം സ്വർണക്കടത്ത് ആഘോഷിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിനെ വിളിച്ചെന്നായിരുന്നു ആദ്യ ആരോപണം.

അക്കാര്യം അന്നത്തെ കസ്റ്റംസ് ജോയിന്റ് കമ്മീഷണറോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം ഓർമയില്ലേ? മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് സത്യസന്ധമായി പറഞ്ഞ ആ ഉദ്യോഗസ്ഥൻ എവിടെയുണ്ട്? നാഗ്പൂരിലേക്കാണ് നാടുകടത്തിയത്. കേസ് മുന്നോട്ട് പോകുമ്പോൾ അന്വേഷണരംഗത്തുണ്ടായിരുന്ന പത്ത് പേരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയതെന്തിന്? ഒരു അസിസ്റ്റന്റ് കമ്മീഷണറെ ഉടൻ മാറ്റിയതെന്തിന്? അന്ന് തന്നെ അത് ചർച്ചയായില്ലേ? ഇതിൽ കൃത്യം ചില കളികൾ നടക്കുകയാണ്. കണ്ണടച്ച് പാലു കുടിച്ചാൽ ആർക്കും മനസ്സിലാവില്ലെന്ന ചിന്ത പൂച്ചകൾക്കേ ചേരൂ.

കേന്ദ്രവിദേശകാര്യവകുപ്പ് സഹമന്ത്രി ഇന്നും എന്തൊക്കെയോ പറയുന്നത് കേട്ടു. ഇദ്ദേഹം മന്ത്രിയായതിന് ശേഷം എത്ര സ്വർണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുേേണ്ടാ? ഈ മന്ത്രി ചുമതലയിൽ വന്ന ശേഷമല്ലേ നയതന്ത്രചാനലിലൂടെ സ്വർണക്കടത്ത് നടന്നത്? സ്വർണക്കടത്ത് നടന്നത് നയതന്ത്രബാഗേജ് വഴിയല്ല എന്ന് പ്രതിയെ പറയാൻ പ്രേരിപ്പിച്ച വ്യക്തിയുമായി ഇദ്ദേഹത്തിനുള്ള ബന്ധമെന്ത്? ഒരു പ്രതിയെ വിട്ടുകിട്ടാത്തതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത് വിദേശകാര്യവക്താവിനോട് ചോദിക്കാനല്ലേ സഹമന്ത്രി പറഞ്ഞത്? ആ സഹമന്ത്രി ഇപ്പോൾ വാളും ചുഴറ്റി ഇറങ്ങണ്ട.

ജനക്ഷേമം കണ്ട് മുന്നോട്ട് പോകുന്ന ഇടതിനെ ജനങ്ങൾക്കിടയിൽ ഇകഴ്‌ത്താൻ ഇത് മതിയാകില്ല. സർക്കാരിന്റെ യശസ്സിനെ ഇകഴ്‌ത്തുകയാണ് ഉദ്ദേശം. ഇടതുപക്ഷം ജനമനസ്സിൽ പിടിച്ച സ്ഥാനം വലുതാണ്. ഞങ്ങൾ ജനങ്ങൾക്കൊപ്പമാണ്. ആ വിശ്വാസം ജനങ്ങൾക്കും ഞങ്ങൾക്കുമുണ്ട്. ഈ വിരട്ടൽ കൊണ്ട് വിറപ്പിക്കാൻ നോക്കണ്ട. ആ വ്യാമോഹം അങ്ങ് മനസ്സിൽ വച്ചാൽ മതി. അത് തന്നെയാണ് ഇന്നലെയും ഇന്നും നാളെയും പറയാനുള്ളത്''- പിണറായി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP