Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വെൽഡൺ വാഷിങ്ടൺ സുന്ദർ... വെൽഡൺ ടീം ഇന്ത്യ; മോദി ഗ്രൗണ്ടിൽ തുടർച്ചയായ രണ്ടാം വിജയുമായി ടീം ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ; ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സിലും തകർത്തത് അശ്വിൻ-അക്ഷർ പട്ടേൽ സ്പിൻ കൂട്ടുകെട്ട്; ഇരുവർക്കും അഞ്ച് വിക്കറ്റ് വീതം; ആദ്യ ഇന്നിങ്സിലെ മികച്ച ലീഡ് ഇന്ത്യയ്ക്ക് സമ്മാനിച്ചത് ഉജ്ജ്വല വിജയം; കോലി പട ലോക ക്രിക്കറ്റിന്റെ നെറുകയിൽ

വെൽഡൺ വാഷിങ്ടൺ സുന്ദർ... വെൽഡൺ ടീം ഇന്ത്യ; മോദി ഗ്രൗണ്ടിൽ തുടർച്ചയായ രണ്ടാം വിജയുമായി ടീം ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ; ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സിലും തകർത്തത് അശ്വിൻ-അക്ഷർ പട്ടേൽ സ്പിൻ കൂട്ടുകെട്ട്; ഇരുവർക്കും അഞ്ച് വിക്കറ്റ് വീതം; ആദ്യ ഇന്നിങ്സിലെ മികച്ച ലീഡ് ഇന്ത്യയ്ക്ക് സമ്മാനിച്ചത് ഉജ്ജ്വല വിജയം; കോലി പട ലോക ക്രിക്കറ്റിന്റെ നെറുകയിൽ

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 25 റൺസിനും കീഴടക്കി ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ. ഇന്ത്യൻ സ്പിൻ ആക്രമണത്തിനു മുന്നിൽ വീണ്ടും തകർന്നടിഞ്ഞ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സിൽ 54.5 ഓവറിൽ 135 റൺസ് മാത്രമെ നേടാനായുള്ളു. അഞ്ച് വിക്കറ്റ് വീതം വീഴ്‌ത്തിയ ആർ അശ്വിനും അക്ഷർ പട്ടേലുമാണ് ഇംഗ്ലണ്ട് നിരയെ തകർത്തത്.95 പന്തിൽ 50 റൺസ് എടുത്ത ഡാനിയൽ ലോറൻസാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറർ. ജോ റൂ്ട്ട് 30 ഉം ഒലി പോപ്പ് 15 ഉം റൺസ് എടുത്തു. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 3 - 1 ന് സ്വന്തമാക്കി.

160 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. 16 പന്തിൽ അഞ്ച് റൺസ് എടുത്ത് നിൽക്കെ ഓപ്പണർ സാക് ക്രൗളിയെ രഹാനെയുടെ കൈയിലെത്തിച്ച ആർ അശ്വിനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അഞ്ചാം ഓവറിന്റെ നാലാം പന്തിൽ സാക് ക്രോളിയെ പുറത്താക്കിയ അശ്വിൻ അഞ്ചാം പന്തിൽ ജോണി ബെയർസ്റ്റോയെയും (0) പുറത്താക്കി ഇന്ത്യയ്ക്ക് സ്വപ്നത്തുടക്കം സമ്മാനിച്ചിരുന്നു.

ഇംഗ്ലണ്ടിന്റെ സ്‌കോർ 20 റൺസിൽ നിൽക്കെ ഡൊമിനിക് സിബ്ലിയെ അക്ഷർ പട്ടേൽ പുറത്താക്കി. മൂന്നുറൺസെടുത്ത സിബ്ലി അക്ഷറിന്റെ പന്തിൽ സ്വീപ് ഷോട്ടിന് ശ്രമിച്ചതോടെ ശുഭ്മാൻ ഗില്ലിന്റെ കാലിൽ തട്ടി പൊന്തി. ഇത് ഋഷഭ് പന്ത് പിടിച്ചെടുത്തു.

പിന്നാലെ ബെൻ സ്റ്റോക്‌സിനെയും വീഴ്‌ത്തി അക്ഷർ പട്ടേൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. 9 പന്തിൽ രണ്ട് റൺസ് എടുത്ത് നിൽക്കെ സ്റ്റോക്‌സ് കോലിക്ക് ക്യാച്ച് നൽകി മടങ്ങി.

നായകൻ ജോ റൂട്ടിനെയും ഒലി പോപ്പിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി അശ്വിനും അക്ഷറും ഇംഗ്ലണ്ടിനെ തകർച്ചയിലേക്ക് തള്ളിയിച്ചു. 25-ാം ഓവറിലെ അവസാന പന്തിൽ പോപ്പിനെ അക്ഷർ മടക്കിയപ്പോൾ 26-ാം ഓവറിലെ ആദ്യ പന്തിൽ റൂട്ടിനെ അശ്വിൻ മടക്കി.

ഒലി പോപ്പ് 31 പന്തിൽ ഒരേയൊരു സിക്‌സ് സഹിതം 15 റൺസെടുത്തു. 72 പന്തിൽ മൂന്നു ഫോറുകൾ സഹിതം 30 റൺസെടുത്ത റൂട്ടിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയാണ് അശ്വിൻ പുറത്താക്കിയത്. ഇതോടെ 65 റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി.

ഏഴാം വിക്കറ്റിൽ ഡാനിയൽ ലോറൻസും ബെൻ ഫോക്‌സും ചെറുത്ത് നിന്നതോടെ മൂന്നാം ദിനം ചായയ്ക്കു പിരിയുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിയിലായിരുന്നു ഇംഗ്ലണ്ട്.

സുന്ദരമായ ഇന്നിങ്‌സ്; കാത്തിരുന്ന സെഞ്ചുറി നഷ്ടമായി

ഒരറ്റത്ത് വീരോചിതമായ പോരാട്ടം തുടരുമ്പോഴും കൂട്ടുനിൽക്കാനാളില്ലാതെ പോയതോടെ കന്നി സെഞ്ചുറിയെന്ന സ്വപ്നം പടിക്കൽ വീണുടഞ്ഞെങ്കിലും 174 പന്തിൽ 10 ഫോറും ഒരു സിക്‌സും സഹിതം 96 റൺസുമായി പുറത്താകാതെ നിന്ന വാഷിങ്ടൻ സുന്ദറിന്റെ ചേതോഹരമായ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് 160 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചത്.

ഇംഗ്ലണ്ടിന്റെ 205 റൺസ് പിന്തുടർന്ന് ബാറ്റു ചെയ്ത ഇന്ത്യ 114.4 ഓവറിലാണ് 365 റൺസെടുത്തത്. ഇന്ത്യൻ സ്‌കോർ 365ൽ നിൽക്കെ അക്ഷർ പട്ടേൽ, ഇഷാന്ത് ശർമ, മുഹമ്മദ് സിറാജ് എന്നിവർ തുടരെത്തുടരെ പുറത്തായതോടെയാണ് സുന്ദറിന് സെഞ്ചുറി നഷ്ടമായത്. അക്ഷർ പട്ടേൽ 97 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 43 റൺസെടുത്തു.

എട്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത വാഷിങ്ടൻ സുന്ദർ അക്ഷർ പട്ടേൽ സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ പോരാട്ടം ഏറ്റെടുത്ത ഇരുവരും ടീമിന് നേട്ടമുണ്ടാക്കിയെങ്കിലും, വ്യക്തിഗത നേട്ടങ്ങളുടെ വക്കിൽ വീണുപോയി. ടെസ്റ്റിലെ കന്നി അർധസെഞ്ചുറിക്ക് അരികെ അക്ഷർ പട്ടേൽ റണ്ണൗട്ടായതാണ് നിർണായകമായത്.

അക്ഷർ പുറത്തായശേഷമെത്തിയ ഇഷാന്ത് ശർമ, മുഹമ്മദ് സിറാജ് എന്നിവരെ പൂജ്യത്തിന് പുറത്താക്കിയ ബെൻ സ്റ്റോക്‌സാണ് സുന്ദറിന്റെ സെഞഞ്ചുറി മോഹം തല്ലിക്കെടുത്തിയത്. 115ാം ഓവറിലെ ആദ്യ പന്തിൽ ഇഷാന്തിനെ എൽബിയിൽ കുരുക്കിയ സ്റ്റോക്‌സ്, നാലാം പന്തിൽ മുഹമ്മദ് സിറാജിനെ ബൗൾഡാക്കി. എട്ടാം വിക്കറ്റിൽ സുന്ദർ അക്ഷർ സഖ്യം 106 റൺസ് കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്‌സ് 27.4 ഓവറിൽ 89 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി. ജയിംസ് ആൻഡേഴ്‌സൻ 25 ഓവറിൽ 44 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുമെടുത്തു. ജാക്ക് ലീച്ച്് 27 ഓവറിലവ് 89 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി.

വീണ്ടും രക്ഷകനായി ഋഷഭ് പന്ത്

ആറാമനായി ഇറങ്ങി കരിയറിലെ തന്റെ 3ാം സെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെ ബാറ്റിങ് മികവാണ് ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തായത്. ബൗൺസറിൽ വിരാട് കോലിയെ പൂജ്യത്തിന് പുറത്താക്കിയതിന് പിന്നാലെ അജിങ്ക്യാ രഹാനെയെ ആൻഡേഴ്‌സനും വീഴ്‌ത്തിയതോടെ നാല് വിക്കറ്റിന് 80 റൺസ് എന്ന നിലയിൽ പതറിയ ഇന്ത്യയെ പന്ത് ചുമലിലേറ്റി.

അർദ്ധ സെഞ്ചുറിയിലേക്ക് നീങ്ങവെ ഇൻസ്വിങ്ങറിൽ രോഹിത് ശർമയെ പുറത്താക്കി ബെൻ സ്റ്റോക്‌സ് ഇന്ത്യയെ ഞെട്ടിച്ചെങ്കിലും വാഷിങ്ടൺ സുന്ദറിനെ കൂട്ടുപിടിച്ച് നടത്തിയ ഋഷഭ് പന്തിന്റെ പോരാട്ടമാണ് ഇന്ത്യൻ ഇന്നിങ്‌സിൽ നിർണായകമായത്.

82 പന്തുകൾ തട്ടിയും മുട്ടിയും പന്ത് അർധ സെഞ്ചുറി തികച്ചെങ്കിലും പതിവു വെടിക്കെട്ടുണ്ടായില്ല. ഇംഗ്ലണ്ട് രണ്ടാമത്തെ പുതിയ പന്തെടുത്തതോടെ ഇന്ത്യയുടെ 'പന്ത്' ഗീയർ മാറ്റി. മനോഹരമായ സ്‌ട്രോക്കുകൾ. കോപ്പി ബുക്കിലില്ലാത്ത ഷോട്ടുകൾ. സ്റ്റെപ്പ് ഔട്ട് ചെയ്തുള്ള ഹിറ്റുകൾ. ജോ റൂട്ടിനെ തിരഞ്ഞുപിടിച്ച് കടന്നാക്രമണം. ആൻഡേഴ്‌സിനെതിരെ റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി. അടുത്ത 33 പന്തുകളിൽ പന്ത് സെഞ്ചുറിയിലെത്തി. റൂട്ടിനെ സ്‌ക്വയർ ലെഗിലൂടെ സിക്‌സറിനു പറത്തിയാണു 94ൽനിന്നു 101ലെത്തിയത്. പന്തും വാഷിങ്ടൻ സുന്ദറും 7ാം വിക്കറ്റിൽ 158 പന്തുകളിൽ കൂട്ടിച്ചേർത്ത 113 റൺസാണ് ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP