Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യസഭയിലെ നാടകീയമായ രാജിപ്രഖ്യാപനത്തിന് ശേഷം ദിനേഷ് ത്രിവേദിയും ബിജെപിയിൽ ചേർന്നു; തൃണമൂൽ കോൺ​ഗ്രസിന് നഷ്ടമായത് മറ്റൊരു മുതിർന്ന നേതാവിനെ; ഒന്നിന് മുന്നിലും പതറാതെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് സജ്ജമായി മമത ബാനർജിയും

രാജ്യസഭയിലെ നാടകീയമായ രാജിപ്രഖ്യാപനത്തിന് ശേഷം ദിനേഷ് ത്രിവേദിയും ബിജെപിയിൽ ചേർന്നു; തൃണമൂൽ കോൺ​ഗ്രസിന് നഷ്ടമായത് മറ്റൊരു മുതിർന്ന നേതാവിനെ; ഒന്നിന് മുന്നിലും പതറാതെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് സജ്ജമായി മമത ബാനർജിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തൃണമൂൽ കോൺ​ഗ്രസിൽ നിന്നും രാജിവെച്ച മുൻ റെയിൽവേ മന്ത്രിയും രാജ്യസഭാം​ഗവുമായ ദിനേഷ് ത്രിവേദി ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം പാർട്ടി അം​ഗത്വം സ്വീകരിച്ചത്. ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദിനേഷ് ത്രിവേദി ബിജെപിയിൽ അം​ഗത്വം എടുത്തത്.

ഫെബ്രുവരി 12ന് രാജ്യസഭയിൽ ആണ് ത്രിവേദി തന്റെ രാജി പ്രഖ്യാപിച്ചത്. രാജ്യസഭയിൽ പ്രസംഗത്തിനിടെ നാടകീയമായാണ് രാജി പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാളിൽ അരങ്ങേറുന്ന അക്രമസംഭവങ്ങളിൽ മമത സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചാണ് രാജിവച്ചത്. തന്റെ സംസ്ഥാനമായ പശ്ചിമബംഗാളിൽ അക്രമസംഭവങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണെന്നും അതിനെക്കുറിച്ച് സഭയിൽ പരാമർശിക്കാൻ സാധിക്കുന്നില്ലെന്നും ത്രിവേദി കുറ്റപ്പെടുത്തി.

രാജ്യസഭയിലേക്കയച്ച പാർട്ടിയോട് നന്ദിയുണ്ടെന്ന് പറഞ്ഞ ത്രിവേദി തന്റെ സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭങ്ങൾ പരിഹരിക്കാൻ ഒന്നും ചെയ്യാൻ സാധിക്കാത്തതിൽ ബുദ്ധിമുട്ടുണെന്നു ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ രാജിവെക്കാനാണ് തന്റെ മനസാക്ഷി തന്നോട് പറയുന്നതെന്നും അദ്ദേഹം അറിയിച്ചു. രാജിവച്ചാൽ തന്റെ നാട്ടുകാരെ സ്വതന്ത്രമായി സേവിക്കാൻ സാധിക്കുമെന്നും ത്രിവേദി പറഞ്ഞു. മമമതയുമായി കുറച്ചു നാളുകളായി അകൽച്ചയിലാണ് ത്രിവേദി. നേരത്തേ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ത്രിവേദി കഴിഞ്ഞവർഷമാണ് രാജ്യസഭയിലെത്തിയത്.

2019-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ത്രിവേദിയെ പാർട്ടി രാജ്യസഭയിലെത്തിക്കുന്നത്. താൻ കാത്തിരുന്ന സുവർണ നിമിഷമാണിതെന്ന് ബിജെപിയിൽ ചേർന്നതിന് ശേഷം ദിനേഷ് ത്രിവേദി പറഞ്ഞു. ത്രിവേദി തെറ്റായ പാർട്ടിയിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ശരിയായ പാർട്ടിയിലെത്തിയെന്നും ത്രിവേദിയെ സ്വാഗതം ചെയ്തുകൊണ്ട് നഡ്ഡ പറഞ്ഞു. സുവേന്ദു അധികാരി ഉൾപ്പടെ തൃണമൂൽ കോൺഗ്രസിൽ നിന്ന് എംപിമാരും, സംസ്ഥാന മന്ത്രിമാരും, എംഎൽഎമാരും ഉൾപ്പടെ നിരവധിപേരാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.

ഇന്നലെയാണ് പശ്ചിമ ബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. നന്ദിഗ്രാമടക്കം 291 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സഖ്യകക്ഷികൾക്കായി മൂന്ന് സീറ്റുകൾ വിട്ടുകൊടുത്തതായി മമത അറിയിച്ചു. തൃണമൂൽ വിട്ട സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ച് മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിൽ മത്സരിക്കും. മമത സ്ഥിരമായി മത്സരിച്ചിരുന്ന ഭവാനിപുർ മണ്ഡലത്തിൽ ഇത്തവണ മുതിർന്ന തൃണമൂൽ നേതാവും മന്ത്രിയുമായ സോവൻദേബ് ചാറ്റർജിയാണ് സ്ഥാനാർത്ഥി.

സ്ഥാനാർത്ഥി പട്ടികയിൽ 50 പേർ സ്ത്രീകളാണ്. 45 മുസ്ലിം സ്ഥാനാർത്ഥികളുണ്ട്. 79 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നും 17 പേർ പട്ടികവർഗ വിഭാഗക്കാരുമാണ്. നന്ദിഗ്രാമിലെ തൃണമൂൽ എംഎൽഎ ആയിരുന്ന സുവേന്ദു അധികാരി അടുത്തിടെ അനുയായികൾക്കൊപ്പം ബിജെപിയിൽ ചേർന്നിരുന്നു. തുടർന്ന് അദ്ദേഹം മമതയെ നന്ദിഗ്രാമിൽ മത്സരിക്കാൻ വെല്ലുവിളിക്കുകയായിരുന്നു. ഈ വെല്ലുവിളിയാണ് മമത ഏറ്റെടുത്തിരിക്കുന്നത്. മറ്റൊരു മണ്ഡലത്തിൽ കൂടി മമത മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. 294 അംഗ നിയമസഭയിലേക്ക് എട്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇക്കുറി തൃണമൂൽ കോൺ​ഗ്രസും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് ബം​ഗാൾ സാക്ഷ്യം വഹിക്കുക.

മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മമത പ്രചാരണ രം​ഗത്ത് സജീവമാകുമ്പോൾ, ബംഗാൾ പിടിക്കാൻ ഇറങ്ങിയ ബിജെപി വമ്പൻ പ്രതിസന്ധയിലാണ്. സീറ്റ് മോഹികളുടെ എണ്ണമാണ് ഇതിന് കാരണം. ബിജെപിക്കൊപ്പം നിന്ന് പാർട്ടി വളർത്തിയവരും വിവിധ പാർട്ടികളിൽനിന്ന് ബിജെപിയിലേക്കു വന്നവരും തമ്മിലാണ് വിവിധ വിഷയങ്ങളിൽ ആശയഭിന്നത ഉടലെടുത്തിരിക്കുന്നത്. ഇതെല്ലാം നിയമസഭാ സീറ്റ് ലക്ഷ്യമിട്ടുള്ള തർക്കമാണ്.

ബംഗാളിൽ നാമമാത്രമായിരുന്നു ബിജെപി. തൃണമൂൽ കോൺഗ്രസിനെതിരെ അതിശക്തമായ പ്രചരണവുമായി ലോക്‌സഭയിൽ ബിജെപി മിന്നും പ്രകടനം നടത്തി. ഇത്തവണ അധികാരം പിടിച്ചെടുക്കുമെന്നാണ് പ്രഖ്യാപനം. പക്ഷേ പാർട്ടിലെ പ്രശ്‌നങ്ങൾ രൂക്ഷമാണ്. മൂന്നാഴ്ചയ്ക്കുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാൾ ബിജെപിയിൽ പടലപിണക്കം. ഹാട്രിക് ഭരണം നേടാൻ തയ്യാറെടുത്തിരിക്കുന്ന മമത ബാനർജിയെ തകർത്ത് അധികാരം പിടിക്കാനൊരുങ്ങുന്ന ബിജെപിക്ക് വലിയ വെല്ലുവിളിയാണ് ഈ തമ്മിലടി ഉണ്ടാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP