Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭക്ഷണം പോഷണസമ്പന്നമാക്കൽ സൂക്ഷ്മപോഷകങ്ങളുടെ കുറവിന് പരിഹാരം കാണൽ

ഭക്ഷണം പോഷണസമ്പന്നമാക്കൽ സൂക്ഷ്മപോഷകങ്ങളുടെ കുറവിന് പരിഹാരം കാണൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭക്ഷണത്തിൽ കുറവുള്ള സൂക്ഷ്മപോഷകങ്ങൾ കൂട്ടിചേർക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഈ രംഗത്തെ വിദഗ്ദ്ധർ മാധ്യമങ്ങളുമായി സംവദിച്ചു. കേരള ഭക്ഷ്യ സുരക്ഷാ വിഭാഗവുമായി സഹകരിച്ച് ഗ്ലോബൽ അലയൻസ് ഫോർ ഇംപ്രൂവ്ഡ് ന്യൂട്രീഷന്റെ (ജിഎഐഎൻ) പിന്തുണയോടെ കർണാടക ഹെൽത്ത് പ്രൊമോഷൻ ട്രസ്റ്റ് (കെ എച്ച് പി ടി) ആണ് പരിപാടി സംഘടിപ്പിച്ചത്.

കേരള ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ശ്രീ അജയ കുമാർ (ഐ എ എസ്) പരിപാടി ഉദ്ഘാടനം ചെയ്തു.കേരളത്തിൽ ഗർഭിണികളിലും കുട്ടികളിലും പോഷക കുറവ് കൂടുതൽ ആണെന്ന് അദ്ദേഹം പറഞ്ഞു. നിർദിഷ്ട ഭക്ഷണ സമ്പുഷ്ട്ടീകരണ ബിൽ അനുസരിച്ച് 15 കിലോഗ്രാമിന് താഴെയുള്ള പാക്കറ്റുകളിലെ വെളിച്ചെണ്ണയിൽ സൂക്ഷ്മ പോഷണങ്ങൾ നിർബന്ധമായും ചേർത്തിരിക്കണം എന്ന വകുപ്പ് ഉണ്ടെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ പറഞ്ഞു. നിലവിലുള്ള നിയമപ്രകാരം വെളിച്ചെണ്ണ ലൂസ് ആയി വിൽക്കാനും പാടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണ ഉദാഹരണം ആക്കി അദ്ദേഹം പറഞ്ഞു.

കെ എച്ച് പി ടിയുടെ ഫോർട്ടിഫിക്കേഷൻ ടീം ലീഡ് ഗുരുരാജ് പാട്ടീൽ സാങ്കേതിക സെഷനുകൾ കൈകാര്യം ചെയ്തു.

മുഖ്യാഹാരമായ അരി, ഗോതമ്പ് മാവ്, പാൽ, ഭക്ഷ്യ യോഗ്യമായ എണ്ണകൾ എന്നിവയിൽ സൂക്ഷ്മപോഷകങ്ങൾ (ഫോളിക് ആസിഡ്, ജീവകം ബി12, ജീവകം ഡി തുടങ്ങിയവ) കൂട്ടിച്ചേർക്കുന്നതിനെയാണ് ഭക്ഷണം പോഷണസമ്പന്നമാക്കൽ (ഫുഡ് ഫോർട്ടിഫിക്കേഷൻ) എന്നതുകൊണ്ടുദ്ദേശിക്കുന്നത്. സൂക്ഷ്മപോഷകങ്ങളുടെ കുറവ് മൂലം കുട്ടികളുടെ ബൗദ്ധിക, പഠന കഴിവുകളും ഉൽപാദനക്ഷമതയും കുറയുകയും അനാരോഗ്യം ഉണ്ടാകുകയും മരണനിരക്ക് കൂടുകയും രോഗപ്രതിരോധ ശേഷി കുറയുകയും ചെയ്യുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ സൂക്ഷ്മപോഷക കുറവുള്ള വ്യക്തികൾ ഉള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് ഏകദേശം 70 ശതമാനത്തോളം പേർക്കും ദിനംപ്രതി ഒരു വ്യക്തി ഭക്ഷിക്കേണ്ട പോഷകങ്ങളുടെ പകുതിയിൽ കുറവ് പോഷകങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂ. ഇന്ത്യാ സർക്കാരിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ (എൻ ഐ എൻ) കീഴിലുള്ള നാഷണൽ ന്യൂട്രീഷ്യൻ മോണിറ്ററിങ് ബ്യൂറോ (എൻ എൻ എം ബി) സംസ്ഥാനങ്ങളിൽ നടത്തിയ സർവേകൾ അനുസരിച്ച് ഇന്ത്യൻ ജനതയിൽ 62 ശതമാനത്തോളം പേരിലും ജീവകം എയുടെ കുറവ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, എല്ലാ സംസ്ഥാനങ്ങളിലേയും 50 മുതൽ 94 ശതമാനം വരെയുള്ള ജനങ്ങളിൽ ജീവകം ഡിയുടെ കുറവുമുണ്ട്.

സൂക്ഷ്മപോഷകങ്ങളുടെ കുറവ് മൂലം രാജ്യത്ത് ഓരോ വർഷവും ജിഡിപിയിൽ 90,200 കോടി രൂപയ്ക്ക് അടുപ്പിച്ച് നഷ്ടം ഉണ്ടാകുന്നതായി ലോക ബാങ്കിന്റെ ഒരു രേഖയിൽ (1) പറയുന്നു. അതേസയമം, സൂക്ഷ്മപോഷകങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾക്കായി വർഷം 4300 കോടി രൂപയിൽ കുറവ് ചെലവേ വരുന്നുള്ളൂ. പോഷകാംശക്കുറവ് പരിഹരിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ മാർഗമാണ് ഭക്ഷണത്തെ പോഷണ സമ്പുഷ്ടമാക്കൽ.

കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തുവന്ന ദേശീയ കുടുംബ ആരോഗ്യ സർവേ-5-ൽ പോഷണവുമായി ബന്ധപ്പെട്ട സൂചകങ്ങളായ വിളർച്ച, ജീവകം ഡിയുടെ അളവ് എന്നിവയിൽ മിക്ക സംസ്ഥാനങ്ങളും മോശം പ്രകടനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 17 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഈ സർവേ നടത്തിയത്. ഗോവ, കേരളം (19.7 ശതമാനത്തിൽ നിന്നും 23.4 ശതമാനമായി വർദ്ധിച്ചു), തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കുട്ടികളിലെ വളർച്ചാ മുരടിപ്പ് വർദ്ധിച്ചു. കേരളത്തിൽ ഭാരക്കുറവുള്ള കുഞ്ഞുങ്ങളുടെ ശതമാനം 16.1-ൽ നിന്നും 19.7 ശതമാനമായി വർദ്ധിച്ചു. തെലങ്കാനയിലും കുട്ടികളുടെ ഭാരക്കുറവ് 26.6-ൽ നിന്നും 28.9 ശതമാനമായി വർദ്ധിച്ചു.

22 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ 13 എണ്ണത്തിൽ പകുതിയിലധികം കുട്ടികളും സ്ത്രീകളും വിളർച്ച ബാധിതരാണ്. നാലാമത്തെ സർവേയുമായി താരതമ്യപ്പെടുത്തുമ്പോൾ പകുതിയോളം സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഗർഭിണികളിലെ വിളർച്ച വർദ്ധിച്ചു.

തെലങ്കാന, കർണാടക, കേരള എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ കുട്ടികളിലേയും സ്ത്രീകളിലേയും പുരുഷന്മാരിലേയും കണക്കുകൾ യഥാർത്ഥ ചിത്രം നൽകും.

തെലങ്കാനയിൽ വിളർച്ച ബാധിച്ച കുട്ടികളുടെ എണ്ണം 60.7 ശതമാനത്തിൽ നിന്നും 70 ശതമാനമായി വർദ്ധിച്ചു. കർണാടകയിൽ 60.9 ശതമാനത്തിൽ നിന്നും 65.5 ശതമാനമായും കേരളത്തിൽ 35.7 ശതമാനത്തിൽ നിന്നും 39.4 ശതമാനമായും വർദ്ധിച്ചു.

സ്ത്രീകളുടെ കാര്യത്തിൽ കണക്കുകൾ ഇപ്രകാരമാണ്: തെലങ്കാന- 56.6 ശതമാനത്തിൽ നിന്നും 57.6 ശതമാനമായി, കർണാടക- 44.8 ശതമാനത്തിൽ നിന്നും 47.8 ശതമാനമായി, കേരളം- 34.3 ശതമാനത്തിൽ നിന്നും 36.3 ശതമാനമായി വർദ്ധിച്ചു.

പുരുഷന്മാരുടെ കാര്യത്തിൽ തെലങ്കാനയിൽ മാറ്റം ഉണ്ടായില്ലെങ്കിലും കർണാടകത്തിലും കേരളത്തിലും സൂചകങ്ങൾ വഷളായി. കർണാടകത്തിൽ 18.2 ശതമാനത്തിൽ നിന്നും 19.6 ശതമാനമായും കേരളത്തിൽ 11.7 ശതമാനത്തിൽ നിന്നും 17.8 ശതമാനമായും വർദ്ധിച്ചു.

ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായം മുഖ്യമായും ധാന്യങ്ങളെ (അരിയും ഗോതമ്പും) അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അവ ആവശ്യംവേണ്ട മാംസ്യമോ ജീവകം എ, ഡി പോലുള്ള സൂക്ഷ്മപോഷകങ്ങളോ നൽകുന്നില്ല. ഈ പോഷകങ്ങളുടെ അഭാവം പോഷകാഹാര കുറവിനും രോഗങ്ങൾ വരാൻ സാധ്യത കൂടുകയും ചെയ്യുന്നു.

ഭക്ഷ്യ പദ്ധതികളുടെ ഉപഭോക്താക്കളായവരിൽ മിക്കവരും മാംസ്യ സമ്പുഷ്ടമായ ആഹാരങ്ങളും സൂക്ഷ്മപോഷകങ്ങൾ അടങ്ങിയ ഇലവർഗങ്ങളും പഴങ്ങളും വാങ്ങാൻ കഴിയാത്തവിധം ദരിദ്രരും ആണ്. ഭക്ഷണത്തെ പോഷണസമ്പന്നമാക്കൽ ചെലവ് കുറഞ്ഞ ശാസ്ത്രീയ മാർഗമായി തെളിയിക്കപ്പെട്ടതും വ്യാപകമാക്കാവുന്നതുമാണ്.

ദേശീയ വികസന അജണ്ടയിൽ പോഷണം ഒരു പ്രധാന മേഖലയാണ് (ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടതാണ് ഇത്). ധാന്യങ്ങൾ, ഭക്ഷ്യ എണ്ണ, പാൽ എന്നിവയിൽ യോജിച്ച സൂക്ഷ്മപോഷകങ്ങൾ ചേർക്കുന്ന ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിലേയും ഭക്ഷണ വ്യാപാരത്തിലേയും നയങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) ആണ്. അതിനാൽ പോഷണസമ്പുഷ്ടമാക്കിയ ഭക്ഷണം പൊതുവിപണിയിലും പൊതുവിതരണ സംവിധാനത്തിലൂടേയും സംയോജിത ശിശു വികസന സേവനങ്ങളിലൂടെയും (ഐ സി ഡി എസ്), ഉച്ചഭക്ഷണ പദ്ധതിയിലൂടേയും വിതരണം ചെയ്യുന്നതിന് സംസ്ഥാന സർക്കാരുകളുടെ പക്കലും ലഭ്യമാണ്.

പൊതുവിതരണ സംവിധാനം, സർക്കാരിന്റെ പദ്ധതികൾ കൂടാതെ പൊതുവിപണി എന്നിവയിലൂടെ സൂക്ഷ്മപോഷണങ്ങൾ അടങ്ങിയ ഭക്ഷണം ജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ സർക്കാർ ഭക്ഷണം പോഷണസമ്പുഷ്ടമാക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എഫ് എസ് എസ് എ ഐ നിശ്ചയിച്ച നിലവാരത്തിൽ ഭക്ഷണ പോഷണസമ്പുഷ്ടമാക്കൽ നടക്കുന്നുവെന്നും ഉറപ്പു വരുത്തണം.

ഇന്ത്യയിൽ ഭക്ഷണ പോഷണസമ്പുഷ്ടീകരണം ഒരു ചട്ടമാക്കാൻ സർക്കാർ അനവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കെ എച്ച് പി ടിയുടെ ഫോർട്ടിഫിക്കേഷൻ ടീം ലീഡ് മിസ്റ്റർ ഗുരുരാജ് പാട്ടീൽ പറഞ്ഞു. രാജ്യത്ത് ഭക്ഷ്യ എണ്ണയിലും പാലിലും ഭക്ഷണ പോഷണ സമ്പുഷ്ടീകരണം നിർബന്ധമാക്കുന്നതിനുള്ള നിർദ്ദേശം എഫ് എസ് എസ് എ ഐ മുന്നോട്ടു വച്ചിട്ടുണ്ട്. പോഷണ സമ്പുഷ്ടീകരണം നടത്തിയ ഗുണനിലവാരമുള്ള ഭക്ഷണം സാമൂഹിക സുരക്ഷാ പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരുന്നു. ഈ ശ്രമങ്ങൾ ത്വരിതപ്പെടുത്തുകയും വർദ്ധിപ്പിക്കുകയും ചെയ്താൽ ഇന്ത്യൻ ജനതയിൽ കാണപ്പെടുന്ന സൂക്ഷ്മ പോഷണ കുറവിന് പരിഹാരം കാണാൻ സാധിക്കും. ജനങ്ങൾക്കിടയിൽ പോഷണ സമ്പുഷ്ടീകരണം നടത്തിയ ഭക്ഷണത്തിന്റെ ഫലങ്ങളെ കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിലൂടെ ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കും, ഗുരുരാജ് പാട്ടീൽ പറഞ്ഞു.

പോഷണസമ്പുഷ്ടമാക്കിയ ഭക്ഷണ പായ്ക്കറ്റുകളുടെ മുകളിൽ നീല നിറത്തിൽ +എഫ് എന്ന് എഴുതിയ ലോഗോ ഉണ്ടാകും. ഇത്തരത്തിലെ പാക്കറ്റുകളിൽ കൂടുതലായി ചേർത്തിട്ടുള്ള സൂക്ഷ്മപോഷണങ്ങൾ ഏതെന്നും അവയുടെ അളവും എഫ് എസ് എസ് എ ഐ നിർദ്ദേശിച്ചിട്ടുള്ളത് പോലെ രേഖപ്പെടുത്തണം. പോഷണസമ്പുഷ്ടമാക്കിയിട്ടില്ലാത്ത ഉൽപന്നങ്ങൾ ഈ ലോഗോ ഉപയോഗിക്കാൻ പാടില്ല.

കെ എച്ച് പി ടിയെ കുറിച്ച്

ഇന്ത്യയിലെ സമൂഹങ്ങൾക്കിടയിൽ ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഞങ്ങൾ (കെ എച്ച് പി ടി). കർണാടകയിലെ എച്ച് ഐ വിയുടെ സാന്നിദ്ധ്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2003-ൽ ആണ് കെ എച്ച് പി ടി സ്ഥാപിതമായത്. ഈ പദ്ധതിയുടെ വിജയം ദേശീയ, ആഗോള തലങ്ങളിൽ വളർത്താവുന്ന മാതൃകയായി കെ എച്ച് പി ടിയെ മാറ്റി. നൂനതമായ സമീപനങ്ങൾക്കുള്ള പഠന സ്ഥലമാണ് കെ എച്ച് പി ടി.

ഭക്ഷണ പോഷണസമ്പുഷ്ടമാക്കുന്നതിലൂടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സൂക്ഷ്മപോഷണ ദൗർലഭ്യ പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിനായി ഗ്ലോബൽ അലയൻസ് ഫോർ ഇംപ്രൂവ്ഡ് ന്യൂട്രീഷ്യൻ (ജി എ ഐ എൻ) ഞങ്ങൾക്ക് ധനസഹായം നൽകുന്നു. സർക്കാരുകളുമായുള്ള ഇടപെടലിലൂടെയും ഭക്ഷ്യ വ്യവസായങ്ങൾ, അക്കാദമിക വിദഗ്ദ്ധർ, പരീക്ഷണശാലകൾ എന്നിവയുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിലൂടെയും കെ എച്ച് പി ടി സൂക്ഷ്മപോഷണ ദൗർലഭ്യം കുറയ്ക്കാൻ ലക്ഷ്യമിടുന്നു. പോഷകാഹാര പദ്ധതികൾ അടക്കമുള്ള അനവധി പൊതു ജനാരോഗ്യ ഇടപെടലുകൾ വിജയകരമായി നടപ്പിലാക്കിയ കെ എച്ച് പി ടി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നയരൂപകർത്താക്കളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള കഴിവുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP