Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയുമായി ഋഷഭ് പന്ത്; 2021-ലെ റൺവേട്ടയിൽ രോഹിതിനെ മറികടന്ന് രണ്ടാമത്; ടീം സമ്മർദത്തിലായപ്പോൾ കാഴ്ചവച്ചത് മികച്ച ഇന്നിങ്‌സ്; ആ സ്റ്റാന്റിങ് ഒവേഷൻ ഋഷഭ് പന്ത് അർഹിക്കുന്നതെന്നും വിവി എസ് ലക്ഷ്മൺ; രണ്ടാം ദിനം ഇന്ത്യ ഏഴ് വിക്കറ്റിന് 294; 89 റൺസ് ലീഡ്

കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയുമായി ഋഷഭ് പന്ത്; 2021-ലെ റൺവേട്ടയിൽ രോഹിതിനെ മറികടന്ന് രണ്ടാമത്; ടീം സമ്മർദത്തിലായപ്പോൾ കാഴ്ചവച്ചത് മികച്ച ഇന്നിങ്‌സ്; ആ സ്റ്റാന്റിങ് ഒവേഷൻ ഋഷഭ് പന്ത് അർഹിക്കുന്നതെന്നും വിവി എസ് ലക്ഷ്മൺ; രണ്ടാം ദിനം ഇന്ത്യ ഏഴ് വിക്കറ്റിന് 294; 89 റൺസ് ലീഡ്

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മിന്നുന്ന സെഞ്ചുറിയുമായി ഇന്ത്യയെ ബാറ്റിങ് തകർച്ചയിൽ നിന്നും കരകയറ്റിയ ഋഷഭ് പന്തിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വി.വി എസ് ലക്ഷ്മൺ.

സെഞ്ചുറിയോടെ ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തേകിയ പന്ത് ആൻഡേഴ്‌സന്റെ പന്തിൽ പുറത്തായി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയപ്പോൾ
എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകർ യാത്രയാക്കിയത്.

ആ കൈയടികൾ പന്ത് അർഹിക്കുന്നതാണെന്ന് പറഞ്ഞ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വി.വി എസ് ലക്ഷ്മൺ. ടീം സമ്മർദത്തിലായപ്പോൾ ഒരു യുവാവിൽ നിന്ന് കണ്ട ഏറ്റവും മികച്ച ഇന്നിങ്സാണ് ഇതെന്നും ലക്ഷ്മൺ ചൂണ്ടിക്കാട്ടി.

ശരിയായ സമീപനത്തോടെയാണ് പന്ത് കളിച്ചതെന്ന് പറഞ്ഞ ലക്ഷ്മൺ പുറത്താകുന്നതിന് മുമ്പ് അദ്ദേഹം ടീമിനായി തന്റെ ജോലി ഭംഗിയാക്കിയെന്നും കൂട്ടിച്ചേർത്തു. നരേന്ദ്ര മോദി സ്റ്റേഡിയത്തിനുള്ളിലെ ഓരോ വ്യക്തിയിൽ നിന്നും ലഭിച്ച അംഗീകാരങ്ങൾ പന്ത് അർഹിക്കുന്നുവെന്നും ലക്ഷ്മൺ കൂട്ടിച്ചേർത്തു.

കരിയറിലെ മൂന്നാം സെഞ്ചുറി കുറിച്ച പന്ത് 118 പന്തിൽ നിന്ന് രണ്ടു സിക്സും 13 ഫോറുമടക്കം 101 റൺസെടുത്തു. ഇന്ത്യൻ മണ്ണിൽ പന്തിന്റെ ആദ്യ സെഞ്ചുറിയായിരുന്നു ഇത്.

ഒരു ഘട്ടത്തിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറിനൊപ്പം എത്താൻ ഇന്ത്യയ്ക്ക് സാധിക്കുമോ എന്ന് സംശയിച്ച ഘട്ടത്തിൽ ഋഷഭ് പന്ത് പുറത്തെടുത്ത ഇന്നിങ്സാണ് ആതിഥേയരെ ലീഡിലെത്തിച്ചത്.

146-ന് ആറ് എന്ന നിലയിൽ തകർച്ചയെ നേരിട്ട ഇന്ത്യയെ ഏഴാം വിക്കറ്റിൽ 113 റൺസ് കൂട്ടിച്ചേർത്ത പന്ത് - വാഷിങ്ടൺ സുന്ദർ സഖ്യമാണ് ഒന്നാം ഇന്നിങ്സ് ലീഡിലേക്ക് നയിച്ചത്.

സെഞ്ചുറിയോടെ 2021-ലെ ടെസ്റ്റിലെ റൺവേട്ടയിൽ സാക്ഷാൽ ഹിറ്റ്മാനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും പന്തിനായി. 764 റൺസോടെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടാണ് 2021-ലെ റൺവേട്ടയിൽ ഒന്നാമൻ. 2021-ൽ കളിച്ച ആറ് ടെസ്റ്റിൽ നിന്ന് ഒരു സെഞ്ചുറിയും നാല് അർധ സെഞ്ചുറിയുമടക്കം 64.37 ശരാശരിയിൽ 515 റൺസാണ് പന്തിന്റെ സമ്പാദ്യം.

രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 294 റൺസ് എന്ന നിലയിലാണ്. 60 റൺസുമായി വാഷിങ്ടൺ സുന്ദറും 11 റൺസ് എടുത്ത അക്ഷർ പട്ടേലുമാണ് ക്രീസിൽ. ഇന്ത്യയ്ക്ക് നിലവിൽ 89 റൺസിന്റെ ലീഡായി.

24ന് ഒന്ന് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഒട്ടും ശുഭകരമായിരുന്നില്ല കാര്യങ്ങൾ. സ്‌കോർ 40-ൽ എത്തിയപ്പോൾ ചേതേശ്വർ പൂജാരയെ വിക്കറ്റിന് മുന്നിൽ കുടുക്കി ജാക്ക് ലീച്ച് ഇന്ത്യയുടെ രണ്ടാം വിക്കറ്റെടുത്തു. പിന്നാലെ വന്ന നായകൻ കോലിയെ അക്കൗണ്ട് തുറക്കും മുൻപ് ബെൻ സ്റ്റോക്സ് പുറത്താക്കിയതോടെ ഇന്ത്യ ശരിക്കും വിയർത്തു.

എന്നാൽ പിന്നീട് വന്ന അജിങ്ക്യ രഹാനെയെ കൂട്ടുപിടിച്ച് രോഹിത് ശർമ ഇന്ത്യയെ വലിയ തകർച്ചയിൽ നിന്നും കരകയറ്റി. എന്നാൽ 27 റൺസെടുത്ത രഹാനെയെ പുറത്താക്കി ആൻഡേഴ്സൻ കളി വീണ്ടും ഇംഗ്ലണ്ടിന് അനുകൂലമാക്കി. രഹാനെയ്ക്ക് പിന്നാലെ വന്ന ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് രോഹിത് ടീം സ്‌കോർ 100 കടത്തി.

സ്‌കോർ 121-ൽ നിൽക്കേ അർധസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രോഹിതിനെ 49 റൺസിന് പുറത്താക്കി ബെൻ സ്റ്റോക്സ് ഇന്ത്യയെ ഞെട്ടിച്ചു. രോഹിതിന് ശേഷം വന്ന അശ്വിൻ 13 റൺസെടുത്ത് പുറത്തായതോടെ ഇന്ത്യ ശരിക്കും അപകടം മണത്തു. 146-ന് ആറ് എന്ന നിലയിലായി ഇന്ത്യ.

എന്നാൽ പിന്നീട് ക്രീസിലെത്തിയ വാഷിങ്ടൺ സുന്ദറിനെ കൂട്ടുപിടിച്ച പന്ത് തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. വൈകാതെ പന്ത് അർധസെഞ്ചുറി തികച്ചു. സുന്ദറും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. വൈകാതെ ആദ്യ ഇന്നിങ്സിൽ ലീഡും സ്വന്തമാക്കി.

ലീഡ് നേടിയതോടെ പന്ത് ആക്രമിച്ച് കളിക്കാൻ തുടങ്ങി. വൈകാതെ താരം സെഞ്ചുറിയും നേടി. 115 പന്തുകളിൽ നിന്നും 13 ഫോറുകളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെയാണ് പന്ത് സെഞ്ചുറി നേടിയത്. താരത്തിന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണിത്. എന്നാൽ സെഞ്ചുറി നേടിയതിനുപിന്നാലെ 101 റൺസെടുത്ത പന്തിനെ ആൻഡേഴ്സൻ പുറത്താക്കി. സുന്ദറിനൊപ്പം 113 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് പന്ത് മടങ്ങിയത്.

പന്ത് മടങ്ങിയശേഷം ആക്രമണ ചുമതല സുന്ദർ ഏറ്റെടുത്തു. വൈകാതെ താരം അർധസെഞ്ചുറി നേടുകയും ചെയ്തു. സുന്ദറിന്റെ കരിയറിലെ മൂന്നാം അർധസെഞ്ചുറിയാണിത്.

ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സൻ മൂന്നു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ബെൻ സ്റ്റോക്സ്, ജാക്ക് ലീച്ച് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP