Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തരം താണ കളിക്ക് നിൽക്കുന്നവർ ഇതു കേരളമാണെന്ന് ഓർക്കുന്നത് നല്ലതാണെന്ന് സിപിഎം; ഡോളർ കടത്തുകേസിലെ സ്വപ്നയുടെ മൊഴിയെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുറച്ച് ഇടതുപക്ഷം; ഭരണത്തു‌ടർച്ചക്ക് വിഘാതമാകാവുന്ന വെളിപ്പെടുത്തലുകൾ പുറത്ത് വരുമ്പോഴും ഭയം പുറത്തുകാട്ടാതെ ഭരണക്കാർ

തരം താണ കളിക്ക് നിൽക്കുന്നവർ ഇതു കേരളമാണെന്ന് ഓർക്കുന്നത് നല്ലതാണെന്ന് സിപിഎം; ഡോളർ കടത്തുകേസിലെ സ്വപ്നയുടെ മൊഴിയെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുറച്ച് ഇടതുപക്ഷം; ഭരണത്തു‌ടർച്ചക്ക് വിഘാതമാകാവുന്ന വെളിപ്പെടുത്തലുകൾ പുറത്ത് വരുമ്പോഴും ഭയം പുറത്തുകാട്ടാതെ ഭരണക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതുപക്ഷത്തിനെതിരെ തരം താണ കളിക്ക് നിൽക്കുന്നവർ ഇതു കേരളമാണെന്ന് ഓർക്കുന്നത് നല്ലതാണെന്ന് സിപിഎം. ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രിക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ പ്രസ്താവനയിലൂടെയായിരുന്നു സിപിഎമ്മിന്റെ പ്രതികരണം. കസ്റ്റംസിന്റെ സത്യവാങ്മൂലത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ തന്നെയാണ് സിപിഎം നീക്കം. ഇടത് സർക്കാരിനെതിരായ കേന്ദ്ര അന്വേഷണ ഏജൻസിയുടെ നീക്കങ്ങളെ കേരളത്തിന്റെ വികസനത്തിനെതിരായ ബിജെപി നീക്കമെന്ന നിലയിൽ നേരത്തേ തന്നെ സിപിഎം പ്രചരണം ആരംഭിച്ചിരുന്നു. അത്തരം നീക്കം കൂടുതൽ ശക്തമാക്കാനാണ് സിപിഎം തീരുമാനം എന്ന് വ്യക്തമാകുന്നതാണ് സിപിഎം സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന.

എൽ.ഡി.എഫിന് ഭരണ തുടർച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബിജെപിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലമെന്ന് സിപിഎം പ്രസ്താവനയിൽ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഈ സർക്കാരിനുമുള്ള തിളക്കമേറിയ പ്രതിച്ഛായ ഇക്കൂട്ടരെ വിറളിപിടിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായി ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവർ മാറിയെന്നും വ്യക്തമാക്കുന്നതാണ് കസ്റ്റംസ് കൊടുത്ത പ്രസ്താവന.

തിരഞ്ഞെടുപ്പ് പ്രചാരവേലയുടെ ഉപകരണങ്ങളായി കേന്ദ്ര അന്വേഷണ ഏജൻസികൾ അധ:പ്പതിച്ചിരിക്കുന്നു. ജനങ്ങൾ വിഡ്ഢികളാണെന്നു കരുതരുത്. യു.ഡി.എഫ്-ബിജെപി കൂട്ടുകെട്ട് നടത്തുന്ന ഈ വെല്ലുവിളിക്ക് കേരളം ശക്തമായ മറുപടി നൽകും.പ്രതികളിലൊരാൾ കോടതിയിൽ മജിസ്‌ട്രേട്ടിന് നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞതാണെന്ന രീതിയിൽ മാസങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഹൈക്കോടതിയിൽ കസ്റ്റംസ് പ്രസ്താവന നൽകുന്നതിന്റെ ഉദ്ദേശം പകൽ പോലെ വ്യക്തമാണ്. ഇത് പരസ്യമായ ചട്ടലംഘനവും അന്വേഷണ ഏജൻസികളുടെ ദുരുപയോഗവുമാണെന്നും പ്രസ്താവനയിൽ് പറയുന്നു.

കഴിഞ്ഞ കുറച്ചു കാലമായി ബിജെപിയും കോൺഗ്രസും ഉയർത്തിയ അടിസ്ഥാനരഹിത ആരോപണങ്ങൾ കോടതികളിൽ പ്രസ്താവനകളും സത്യവാങ്മൂലങ്ങളുമായി എഴുതി കൊടുക്കുന്ന പണിയാണ് ഇ.ഡിയും കസ്റ്റംസും സിബിഐയും ചെയ്യുന്നത്. സ്വർണ്ണക്കടത്ത് അന്വേഷിക്കാൻ വന്ന ഏജൻസികൾക്ക് ഇതുവരെയും അതു സംബന്ധിച്ച ഒന്നും തന്നെ കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. പുകമറകൾ സൃഷ്ടിച്ച് സങ്കുചിത രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമം തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പരാജയപ്പെടുത്തിയതാണ്. അതിൽ നിന്നും പാഠം പഠിക്കാതെ തരം താണ കളിക്ക് നിൽക്കുന്നവർ ഇതു കേരളമാണെന്ന് ഓർക്കുന്നത് നല്ലതാണെന്നും പ്രസ്താവന പറയുന്നു.

അന്വേഷണ ഏജൻസികളെ ആയുധമായി ഉപയോഗിച്ച് ബിജെപിയും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരിനെ വേട്ടയാടാൻ ശ്രമിക്കുന്നു, ഉന്നതരെ താറടിക്കുന്നു, സർക്കാരിന്റെ പ്രവർത്തനങ്ങളെയും വികസന പദ്ധതികളെയും അട്ടിമറിക്കുന്നു എന്നീ ആരോപണങ്ങൾ ഇനിയും ശക്തമാക്കാനാണ് സിപിഎം നീക്കം. അതോടൊപ്പം നിയമപരമായി ഇതിനെ നേരിടനെന്തെങ്കിലും വഴിയുണ്ടോ എന്നും സർക്കാർ ആലോചിക്കും. കേന്ദ്ര ഏജൻസികൾക്കെതിരെ നീങ്ങുമ്പോൾ പഴുതടച്ച നടപടികൾ വേണമെന്ന് സർക്കാരിന് ബോധ്യമുണ്ട്. പ്രതിപക്ഷത്തിന്റെ കൈയിലെ മൂർച്ചയുള്ള ആയുധമായി കസ്റ്റംസിന്റെ സത്യവാങ്മൂലം മാറിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷത്തിന്റെ വാദങ്ങളെയും താറടിച്ചുകാണിക്കുകയാവും മറുമരുന്ന്. അതോടൊപ്പം സ്വപ്നയുടെ ജയിലെ സുരക്ഷിതതത്വം സംബന്ധിച്ച ആശങ്കകൾക്ക് ജയിൽ വകുപ്പിനെക്കൊണ്ട് കേന്ദ്ര ഏജൻസികൾക്ക് ശക്തമായ മറുപടികൊടുക്കുന്നതും പരിഗണിക്കും.

സ്വപ്ന സുരേഷ് പ്രതിയായ ഡോളർ കടത്ത് കേസിൽ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ് ഹൈക്കോടതിയിൽ നിറയുമ്പോൾ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പുതിയ മാനം കൈവരും. ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ ഈ വിഷയത്തിലും സിപിഎം-ബിജെപി ഗൂഢാലോചന കാണുകയാണ് കോൺഗ്രസ്. സ്വപ്‌നയുടെ മൊഴി കിട്ടി നൂറു ദിവസമായിട്ടും എന്തുകൊണ്ട് നടപടി വന്നില്ലെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

ജയിലിൽ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയിൽ വകുപ്പും കസ്റ്റംസ് തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്നുണ്ട്. ഈ ഹർജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോൾ നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാർ ചോദിച്ച് വാങ്ങിയതാണ് ഈ വെളിപ്പെടുത്തൽ എന്ന ആരോപണവും ശക്തമാണ്. സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴിയിൽ ഇത്തരത്തിൽ വെളിപ്പെടുത്തലുകൾ പുറത്തു വരുന്നത് ഇത് ആദ്യമായാണ്.

മുഖ്യമന്ത്രിക്ക് ഡോളർക്കടത്തിൽ നേരിട്ട് പങ്കെന്ന കസ്റ്റംസ് സത്യവാങ്മൂലം ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നു. പിണറായി വിജയൻ രാജ്യദ്രോഹക്കുറ്റം ചെയ്‌തെന്നും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ചെന്നിത്തലയുടെ വിമർശനം. സ്വപ്നയുടെ രഹസ്യമൊഴി കിട്ടി രണ്ടുമാസമായിട്ടും എന്തുകൊണ്ട് അന്വേഷണമില്ല? മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നായപ്പോൾ അന്വേഷണം മരവിപ്പിച്ചു. അന്വേഷണം മരവിപ്പിച്ചതിന് പിന്നിൽ സിപിഎം ബിജെപി ഒത്തുകളിയുണ്ടെന്നുമാണ് ചെന്നിത്തലയുടെ ആരോപണം. എന്നാൽ കോൺഗ്രസും ബിജെപിയും ചേർന്നുള്ള പകപോക്കലാണ് നടക്കുന്നതെന്ന് സിപിഎമ്മും പറയുന്നു. ഇത് ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തൽ.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി.ശ്രീരാമകൃഷ്ണനും ഡോളർ കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് 164-ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ പറയുന്നു. സ്വർണക്കടത്തിൽ അന്വേഷണം നേരിടുന്ന യുഎഇ കോൺസുലർ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. അറബി അറിയാവുന്നവരായിരുന്നില്ല മുഖ്യമന്ത്രിയും സ്പീക്കറും. അതിനാൽ ഇവർക്കും കോൺസുലർ ജനറലിനുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നും മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

കോൺസുലർ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളർ കടത്തിയെന്ന് സ്വപ്നയുടെ മൊഴിയിൽ പറയുന്നു. അനധികൃത പണമിടപാടുകളാണ് കോൺസുലർ ജനറലുമായി ഇവർ നടത്തിയത്. വിവിധ ഇടപാടുകളിൽ ഉന്നതർ കോടിക്കണക്കിന് രൂപ കമ്മിഷൻ കൈപ്പറ്റിയെന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന സുരേഷ് കോടതിയിൽ നടത്തിയതെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സർക്കാർ-കോൺസുലറ്റ് ഇടപാടിൽ കണ്ണിയാണ്. സർക്കാർ പദ്ധതികളുടെ മറവിൽ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടത്തി. അറബി പരിജ്ഞാനമുള്ളതിനാൽ പലപ്പോഴും ഇവർക്കിടയിൽ മൊഴിമാറ്റത്തിനായി തന്നെ നിയോഗിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇക്കാര്യങ്ങളെ കുറിച്ച് തനിക്ക് അറിയാവുന്നതെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. ഉന്നതരുടെ പേരുകൾ പുറത്തുവിടാതിരിക്കാൻ ജയിലിൽവെച്ച് തന്നെ ഭീഷണിപ്പെടുത്തി. തന്റെ കുടുംബാംഗങ്ങളും ഭീഷണി നേരിടുന്നുണ്ടെന്നും സ്വപ്ന മൊഴി നൽകിയതായും കസ്റ്റംസിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

ഡോളർ ഇടപാടുകൾ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിർദ്ദേശപ്രകാരമാണ്. പല ഉന്നതർക്കും കമ്മിഷൻ കിട്ടിയിട്ടുണ്ട്. എല്ലാ ഇടപാടുകളെക്കുറിച്ചും തനിക്ക് വ്യക്തമായി അറിയാം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സർക്കാർ കോൺസുലേറ്റ് ഇടപാടിൽ കണ്ണിയാണ്. സർക്കാർ പദ്ധതികളുടെ മറവിൽ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടത്തി. ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാൻ തന്നെ ജയിലിൽ വച്ച് ഭീഷണിപ്പെടുത്തി. കുടുംബാംഗങ്ങളും ഭീഷണി നേരിടുന്നുവെന്നും മൊഴിയിൽ പറയുന്നു. ലൈഫ്മിഷൻ ഉൾപ്പടെയുള്ള ഇടപാടുകളിൽ സംസ്ഥാനത്തെ പല പ്രമുഖർക്കും കമ്മിഷൻ ലഭിച്ചിട്ടുണ്ടെന്നും സ്വപ്ന രഹസ്യമൊഴിയിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.

ഡോളർ കടത്തിൽ സ്പീക്കർക്കു പങ്കുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്ന മൊഴി നിർണായകമാണ്. കസ്റ്റംസ് നിയമം 108 സ്റ്റേറ്റ്‌മെന്റ് പ്രകാരം നൽകുന്ന മൊഴിയിൽ തന്നെ കേസെടുക്കാം എന്നിരിക്കെ മജിസ്‌ട്രേറ്റിനു മുമ്പാകെ നേരിട്ട് ഹാജരായി നൽകിയ സെക്ഷൻ 164 പ്രകാരമുള്ള മൊഴിയിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെയുള്ള വിവരങ്ങൾ. യുഎഇ കോൺസൽ ജനറലിന്റെ നേതൃത്വത്തിലാണ് സ്വർണക്കടത്ത് നടന്നത് എന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘങ്ങൾ എത്തി നിൽക്കെ അദ്ദേഹത്തിന്റെ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുമായുള്ള ബന്ധം പുറത്തു വരുന്നതും ഗൗരവമുള്ളതാണ്.

ഡോളർ കടത്തു കേസിൽ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യ മൊഴി രേഖപ്പെടുത്തിയ ശേഷം കസ്റ്റംസ് അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യമുണ്ടായിരുന്നു. കേസിൽ ഉൾപ്പെട്ട ഉന്നതരെ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര തലത്തിൽ അറിയിച്ചശേഷം തുടർ നടപടിക്കു വേണ്ടി വൈകുകയായിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP