Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശ്രീകണ്ഠേശ്വരവും നിഘണ്ടു നിർമ്മാണവും സെമിനാറും അനുസ്മരണവും സംഘടിപ്പിച്ചു

ശ്രീകണ്ഠേശ്വരവും നിഘണ്ടു നിർമ്മാണവും സെമിനാറും അനുസ്മരണവും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ എഴുപത്തിഅഞ്ചാം ചരമവാർഷികദിനത്തിന്റെ ഭാഗമായി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സെമിനാർ സംഘടിപ്പിച്ചു. ചരമവാർഷികദിനാചരണവും സെമിനാറും തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ഭാഷാ പണ്ഡിതൻ പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള ഉൽഘാടനം ചെയ്തു. ഓരോ പദത്തിനുമുള്ള പദഘടന വ്യത്യസ്തമാണ്. പദങ്ങളുടെ ആശയതലങ്ങളിലേക്ക് കടന്നു ചെല്ലാൻ നിഘണ്ടുക്കൾക്കുള്ള സ്ഥാനം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ലെക്‌സിക്കൻ മുതൽ വിഷയവൈവിധ്യമുള്ള ധാരാളം നിഘണ്ടുക്കൾ നിലവിലുണ്ട്. അവയെല്ലാം ക്രോഡീകരിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാകണം. ഇവയെല്ലാം ഡിജിറ്റൈസ് ചെയ്യാനുള്ള സംവിധാനവും സ്വീകരിക്കേണ്ടതാണ്.

ജീവിതം തന്നെ നിഘണ്ടു നിർമ്മാണത്തിനായി മാറ്റിവച്ച മഹത് വ്യക്തിയാണ് ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയെന്ന് 'ശ്രീകണ്ഠേശ്വരവും നിഘണ്ടു നിർമ്മാണവും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിച്ചുകൊണ്ട് ഡോ.പി.വേണുഗോപാൽ പറഞ്ഞു. സുഖം എന്ന വാക്കിന്റെ അർഥം ഇതിലുണ്ടെങ്കിലും അതെന്തെന്നറിഞ്ഞിട്ടില്ലാത്ത വ്യക്തിയാണ് ഞാൻ എന്ന് ശബ്ദതാരാവലിയുടെ ആമുഖത്തിൽ ശ്രീകണ്‌ഠേശ്വരം എഴുതിയിട്ടുണ്ട്. പട്ടിണി കിടന്നാണ് നിഘണ്ടു പൂർത്തിയാക്കിയത്. യൗവനത്തിന്റെ 26 കൊല്ലം ശബ്ദതാരാവലിക്കായി മാറ്റിവച്ചയാളാണ്. താൻതന്നെ നിശ്ചയിച്ച സ്വകീയമായ ഒരു മാതൃകയിലൂടെ മുന്നോട്ടു പോയയാളാണ് . അമ്മാവനായ സർവാധി കാര്യക്കാരൻ പി. ഗോവിന്ദപിള്ളയ്ക്ക് ആയില്യം തിരുനാൾ അളവറ്റ് സഹായിച്ചുകൊണ്ടേയിരുന്നു. സാഹിത്യ ചരിത്ര രചനയ്ക്കായി അമ്മാവന്റെ സ്വത്തുക്കളൊന്നും അനുഭവിക്കാൻ യോഗമില്ലാതെപോയ മരുമകനാണ് ശ്രീകണ്*!*!*!േശ്വരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ശ്രീകണ്ഠേശ്വരവും നിഘണ്ടു നിർമ്മാണവും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ.പി.വേണുഗോപാൽ, പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. 'ശ്രീകണ്ഠേശ്വരം സ്മാരക റഫറൻസ് ഗ്രന്ഥാലയ നിർവഹണത്തെക്കുറിച്ചുള്ള ചർച്ചയും നടത്തി. ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. പഴയ കെട്ടിടം വിപുലമായ റഫറൻസ് ഗ്രന്ഥാലയം ഉൾപ്പെടെ ആധുനിക സാങ്കേതിക വിദ്യ പ്രയോജാനപ്പെടുത്തി സജ്ജീകരിക്കുമെന്ന് ഡയറക്ടർ പറഞ്ഞു. പുതിയ കെട്ടിടത്തിന് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടർ എൻ.വി.കൃഷ്ണവാര്യരുടെ പേര് നൽകാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പൈതൃകത്തെ നിലനിർത്തണമെന്ന ആലോചനയുടെ ഫലമായി ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം നിലനിർത്തുമ്പോൾ അതിനെ നിഘണ്ടുശേഖരണ കെട്ടിടമായി സംരക്ഷിക്കണമെന്നും എല്ലാ ഭാഷയിലുമുണ്ടായിട്ടുള്ള ആദ്യ നിഘണ്ടുക്കൾ ശേഖരിച്ചു കൊണ്ട് വികസിപ്പിക്കണമെന്നും ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. 1939 ൽ ഇറങ്ങിയ അവസാന ശബ്ദതാരാവലി എവിടെ എന്ന് ആർക്കും അറിയില്ല. 1923 ൽ ഇറങ്ങിയ ആദ്യ പതിപ്പ് എവിടെ ? ഇവയെല്ലാം അന്വേഷിക്കണം. കുറ്റവും കുറവുകളുമില്ലാത്ത നിഘണ്ടുവല്ല ശബ്ദതാരാവലി. ഇത് എല്ലാവർക്കും കൊണ്ടു നടക്കാൻ കഴിയുന്നതല്ല എന്ന് മനസ്സിലാക്കിയാണ് കീശാ നിഘണ്ടു അദ്ദേഹം ആദ്യം പ്രസിദ്ധപ്പെടുത്തിയത്. ഇതിനു മുമ്പിറങ്ങിയ നിഘണ്ടുക്കളിലെ പോരായ്മകൾ പരിഹരിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ശബ്ദതാരാവലി ഇറക്കിയത്. 27 ഭാഷകളിൽ നിന്നുള്ള വാക്കുകൾ ഈ ഗ്രന്ഥം ഉൾക്കൊള്ളുന്നുണ്ട്. പരകീയ പദസൂചനകൾ ഇവിടെനിന്നു പഠിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസി. ഡയറക്ടർമാരായ ഡോ.ഷിബു ശ്രീധർ സ്വാഗതവും ജി. ബി. ഹരീന്ദ്രനാഥ് നന്ദിയും പറഞ്ഞു. വിജ്ഞാനകൈരളിയുടെ ശ്രീകണ്ഠേശ്വരം പ്രത്യേക പതിപ്പ് ഡയറക്ടർ പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥ പിള്ളയ്ക്ക് നൽകി പ്രകാശനം ചെയ്തു. വട്ടപ്പറമ്പിൽ ഗോപിനാഥ പിള്ള ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകം ഡയറക്ടർ ഏറ്റുവാങ്ങി.

മലയാളത്തിലെ ലക്ഷണയുക്തമായ ഭാഷാനിഘണ്ടു ശബ്ദതാരാവലിയുടെ കർത്താവായ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ സ്മാരകമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ചുവരുന്ന പൈതൃകമൂല്യമുള്ള കെട്ടിടത്തെ 'ശ്രീകണ്ഠേശ്വരം സ്മാരക റഫറൻസ് ഗ്രന്ഥാലയ'മാക്കി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. അതിന്റെ നിർവഹണത്തെക്കുറിച്ചുള്ള നിർദേശങ്ങൾ സെമിനാറിൽ ഉയർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP