Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളം എടുക്കാൻ കൈനീട്ടിയപ്പോൾ താഴെ ഇട്ടു പൊട്ടിച്ചു; കോഫി കുടിക്കാൻ എടുത്തപ്പോഴും അതു തന്നെ സംഭവിച്ചു; ചൂടു കാപ്പി വീണ് പൊള്ളിയത് ഐഎഎസ് കൺഫർ മോഹമുള്ള ഉദ്യോഗസ്ഥയുടെ കാല്; ഉദ്യോഗസ്ഥയിൽ നിന്നും പരാതി വാങ്ങി കേസെടുക്കാനും ആലോചന; കിഫ്ബിയിൽ രണ്ടും കൽപ്പിച്ച് പിണറായി; ഐഎഎസ് നഷ്ടമാകാതിരിക്കാൻ കരുതലോടെ അഡീ സെക്രട്ടറിയും

വെള്ളം എടുക്കാൻ കൈനീട്ടിയപ്പോൾ താഴെ ഇട്ടു പൊട്ടിച്ചു; കോഫി കുടിക്കാൻ എടുത്തപ്പോഴും അതു തന്നെ സംഭവിച്ചു; ചൂടു കാപ്പി വീണ് പൊള്ളിയത് ഐഎഎസ് കൺഫർ മോഹമുള്ള ഉദ്യോഗസ്ഥയുടെ കാല്; ഉദ്യോഗസ്ഥയിൽ നിന്നും പരാതി വാങ്ങി കേസെടുക്കാനും ആലോചന; കിഫ്ബിയിൽ രണ്ടും കൽപ്പിച്ച് പിണറായി; ഐഎഎസ് നഷ്ടമാകാതിരിക്കാൻ കരുതലോടെ അഡീ സെക്രട്ടറിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ കെ.എം.ഏബ്രഹാം പരാതി നൽകിത് കേന്ദ്ര നീക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗം. ചോദ്യംചെയ്യലിനു വിളിച്ചു വരുത്തി കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നു ചീഫ് സെക്രട്ടറിക്കു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുക്കുന്നതടക്കം നിയമനടപടികൾ സർക്കാർ പരിഗണിക്കുകയാണ്.

ഇഡിയുടെ ചോദ്യം ചെയ്യലിനായി കൊച്ചി ഓഫിസിലെത്തിയ ധനവകുപ്പ് അഡിഷനൽ സെക്രട്ടറിക്കും 2 ഉദ്യോഗസ്ഥർക്കും നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനമെന്നാണ് പരാതി. ചോദ്യം ചെയ്യലിനിടെ കുടിക്കാനുള്ള 3 ഗ്ലാസ് വെള്ളവുമായി ഒരാൾ വന്നു. അത് എടുക്കാൻ കൈനീട്ടിയപ്പോൾ താഴെയിട്ടു പൊട്ടിച്ചു. സോറി പോലും പറയാതെ അയാൾ പോയി. ഉടൻ അടുത്തയാൾ വന്നു നിലം തുടച്ചു. കുറച്ചു സമയം കഴിഞ്ഞ് ഒരാൾ ചൂടുള്ള കോഫിയുമായി വന്നു. അത് എടുക്കാൻ ആഞ്ഞപ്പോൾ നിലത്തിട്ടു പൊട്ടിച്ചു. ചൂടു കോഫി അഡിഷനൽ സെക്രട്ടറിയുടെ കാലിൽ കൊണ്ടു ചെറുതായി പൊള്ളലേൽക്കുകയും ചെയ്തു. ഉടൻ അടുത്തയാൾ വന്നു നിലം തുടച്ചു വൃത്തിയാക്കി. വളഞ്ഞ വഴിയിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു ഇഡി ഉദ്യോഗസ്ഥരുടെ ഉദ്ദേശ്യമെന്നാണു സർക്കാർ കരുതുന്നത്. അതേസമയം, വ്യക്തിപരമായി പരാതി നൽകാൻ ചോദ്യം ചെയ്യലിനു വിധേയരായ ഉദ്യോഗസ്ഥർ ഇപ്പോൾ തയാറല്ല. കേന്ദ്ര ഏജൻസികളെ ഭയന്നാണ് ഇത്.

മുൻപ് പ്രോട്ടോക്കോൾ ഓഫിസിലെ ഉദ്യോഗസ്ഥനും സമാന പരാതി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇഡിക്കെതിരെ കേസെടുക്കുന്നത് ഉചിതമല്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ സർക്കാരിനെ അറിയിക്കുകയായിരുന്നു. പുതിയ പരാതിയിൽ മുഖ്യമന്ത്രി സമ്മതം നൽകിയാൽ പൊലീസ് കേസെടുക്കും. വനിതാ ഉദ്യോഗസ്ഥയുടെ പരാതി കിട്ടിയാൽ ആകും കേസെടുക്കുക. ജാമ്യമില്ലാ വകുപ്പുകളും ചുമത്തും. ധനവകുപ്പിൽ നിന്നു കിഫ്ബിയിലേക്കു പോയി ഡപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന അഡിഷനൽ സെക്രട്ടറിയെ ചോദ്യം ചെയ്യലിനിടെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതെന്ന ആരോപണത്തെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. കെ എം എബ്രഹാമിന്റെ അതിവിശ്വസ്തയാണ് ഈ ഉദ്യോഗസ്ഥ. 

ഇവർ ഐഎഎസ് കൊടുക്കേണ്ട ഉദ്യോഗസ്ഥ പട്ടികയിലുമുണ്ട്. ഇതിൽ ചില പരാതികളും സെക്രട്ടറിയേറ്റിൽ ചർച്ചയാണ്. കെ എം എബ്രഹാമിന്റെ ശുപാർശയിലാണ് ഇവർ ഐഎഎസ് പട്ടികയിൽ കടന്നുകൂടിയതെന്ന ആരോപണമാണ് ഇത്. ഐ എ എസ് കൺഫർ ചെയ്യേണ്ടത് കേന്ദ്ര സർക്കാരാണ്. കേന്ദ്ര ഏജൻസിക്കെതിരെ പരാതി കൊടുത്താൽ പിന്നെ ഈ മോഹം നടക്കുമോ എന്നും അറിയില്ല. കേരളാ അഡ്‌മിനിസ്‌ട്രേറ്റീവ് സർവ്വീസിലേക്കും ഇവർ പരീക്ഷ എഴുതിയിരുന്നു. അങ്ങനെ ഐ എ എസ് മോഹമുള്ള ഉദ്യോഗസ്ഥയാണ്. മസാല ബോണ്ടിറക്കുന്നതിനു മുൻപ് ഫണ്ട് മാനേജ്‌മെന്റ് സംബന്ധിച്ചുള്ള പരിശീലനത്തിനായി ലണ്ടനിൽ പോയ സംഘത്തിൽ ഇവരുമുണ്ടായിരുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നൽകിയ പരാതിയിൽ ഇവരെ ചോദ്യം ചെയ്ത കാര്യം പരാമർശിച്ചിരുന്നെങ്കിലും വിശദാംശങ്ങളിലേക്കു കടന്നിരുന്നില്ല. ഇഡിയുടെ ചോദ്യം ചെയ്യലിനു ഹാജരായ ശേഷം ഉദ്യോഗസ്ഥ കിഫ്ബിക്കു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരാതി എഴുതി വാങ്ങി ക്രിമിനൽ കേസ് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് ആലോചന. ഇങ്ങനെ കേസെടുത്താൽ ഇഡി അതിനെ കോടതിയിൽ ചോദ്യം ചെയ്യും. ഇതെല്ലാം വിവാദങ്ങൾക്ക് പുതിയ തലം നൽകി. ഇഡിയുമായി ഏറ്റുമുട്ടലിലേക്കു സർക്കാർ നീങ്ങുന്ന സാഹചര്യത്തിൽ ഈയാഴ്ച നിശ്ചയിച്ചിരുന്ന ചോദ്യം ചെയ്യലിനു ഹാജരാകേണ്ടെന്നു കിഫ്ബി ഉദ്യോഗസ്ഥർക്കു സർക്കാർ നിർദ്ദേശം നൽകി. 2 വർഷം മുൻപ് ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ മസാല ബോണ്ടിറക്കി എടുത്ത 2150 കോടി വായ്പയുടെ പേരിൽ ഇപ്പോൾ കേസെടുക്കുന്നത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നീക്കമെന്നാണു സംസ്ഥാന സർക്കാർ ആരോപിക്കുന്നത്.

അതിനിടെ കിഫ്ബിക്കെതിരായ ഇഡി അന്വേഷണം എന്തു വിലകൊടുത്തും ചെറുക്കാനും വിവാദമാക്കാനും സർക്കാർ തന്നെ മുൻകൈ എടുക്കുന്നതിനു പിന്നിൽ തികഞ്ഞ രാഷ്ട്രീയ കണക്കുകൂട്ടൽ. സർക്കാർ സ്വർണക്കടത്ത് വിവാദത്തിൽപെട്ടിരിക്കെ നടന്ന തദ്ദേശതിരഞ്ഞെടുപ്പിനു മുൻപ് എല്ലാ ശ്രദ്ധയും കിഫ്ബിയിലേക്കു തിരിച്ചുവിട്ടതു പോലെ നിയമസഭാ തിരഞ്ഞെടുപ്പിനും കിഫ്ബി മുഖ്യ ചർച്ചാവിഷയമാക്കാനാണു നീക്കം. കിഫ്ബി ചർച്ചയായാൽ സംസ്ഥാനത്തു നടപ്പാക്കിയ വികസനപദ്ധതികൾ ചർച്ചയാകും. നാടിന്റെ പുരോഗതിക്കുവേണ്ടി ജനവികാരം ഉയരും. തദ്ദേശത്തിൽ ഈ നീക്കം വിജയിച്ചിരുന്നു.

2019 മേയിലാണ് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി 9.72% പലിശയ്ക്ക് 5 വർഷ തിരിച്ചടവു കാലാവധിയോടെ 2150 കോടി രൂപ മസാല ബോണ്ട് വഴി കിഫ്ബി സമാഹരിച്ചത്. ഉയർന്ന പലിശയ്ക്കുള്ള ഈ കടമെടുപ്പിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും വലിയ വിമർശനമുയർന്നു. സംസ്ഥാനങ്ങൾ രാജ്യത്തിനു പുറത്തു നിന്നു കടമെടുക്കുന്നതു ഭരണഘടനാലംഘനമാണെന്നു സിഎജി റിപ്പോർട്ട് കുറ്റപ്പെടുത്തിയതോടെ ആരോപണങ്ങളുടെ ഗൗരവം കൂടി. നിയമസഭയിൽ വയ്ക്കും മുൻപു റിപ്പോർട്ടിന്റെ ഉള്ളടക്കം ധനമന്ത്രി വാർത്താ സമ്മേളനത്തിലൂടെ പുറത്തുവിടുകയും പിന്നീടു വിവാദഭാഗം നിയമസഭാ പ്രമേയത്തിലൂടെ നീക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ച തൃപ്പൂണിത്തുറയിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ തന്നെ കിഫ്ബിക്കെതിരെ നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെ കിഫ്ബി സിഇഒയെ അടക്കം ചോദ്യം ചെയ്യാനുള്ള നീക്കം തികച്ചു രാഷ്ട്രീയ പ്രേരിതമായാണു സർക്കാർ കാണുന്നത്. ഇഡി തന്നെ ചോദ്യംചെയ്യൽ വിവരങ്ങൾ പുറത്തുവിട്ടതിനാൽ വിഷയം വിവാദമാക്കാൻ സർക്കാർ തീരുമാനിച്ചു. കേന്ദ്രസർക്കാരിനു കീഴിലെ വിവിധ സ്ഥാപനങ്ങൾ മസാല ബോണ്ടിറക്കി പണം സമാഹരിച്ചതാണു തിരിച്ചടിക്കാൻ സർക്കാർ കാണുന്ന മുഖ്യ ആയുധം.

വിദേശനാണയ വിനിമയ ചട്ടം (ഫെമ) അനുസരിച്ചും റിസർവ് ബാങ്ക് അനുമതിയോടെയുമാണു കിഫ്ബി മസാല ബോണ്ടിലൂടെ പണം കണ്ടെത്തിയതെന്നു സർക്കാർ വാദിക്കുന്നു. ബോഡി കോർപറേറ്റായ കിഫ്ബിക്കു മാസാല ബോണ്ട് വഴി പണം സമാഹരിക്കാൻ റിസർവ് ബാങ്കിന്റെ എൻഒസി മതിയെന്നും സംസ്ഥാന സർക്കാർ വായ്പയെടുക്കുമ്പോൾ ചെയ്യുന്നതു പോലെ കേന്ദ്രത്തിന്റെ മുൻകൂർ അനുമതി വേണ്ടെന്നുമാണ് നിലപാട്. എന്നാൽ ഫെമ ലംഘിച്ചെന്ന നിലയിലാണ് ഇഡിയുടെ അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP