Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻഫോഴ്‌സ്‌മെന്റിന്റെ നടപടിക്കെതിരെ കിഫ്ബിയും; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ഇഡിക്ക് കത്ത്; ഉദ്യോഗസ്ഥർ ഇന്ന് ഹാജരായേക്കില്ല; ഏറ്റുമുട്ടൽപാതയിൽ മുന്നോട്ടു പോകാൻ സർക്കാർ തീരുമാനം; വിവാദങ്ങൾക്കിടെ വീണു കിട്ടിയ വികസന അജണ്ട വീണ്ടും സജീവ ചർച്ചയാക്കാൻ സിപിഎം; കേന്ദ്രം വികസനത്തിന് തുരങ്കം വെക്കുന്നത് പ്രചരിപ്പിക്കാൻ തീരുമാനം

എൻഫോഴ്‌സ്‌മെന്റിന്റെ നടപടിക്കെതിരെ കിഫ്ബിയും; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ഇഡിക്ക് കത്ത്; ഉദ്യോഗസ്ഥർ ഇന്ന് ഹാജരായേക്കില്ല; ഏറ്റുമുട്ടൽപാതയിൽ മുന്നോട്ടു പോകാൻ സർക്കാർ തീരുമാനം; വിവാദങ്ങൾക്കിടെ വീണു കിട്ടിയ വികസന അജണ്ട വീണ്ടും സജീവ ചർച്ചയാക്കാൻ സിപിഎം; കേന്ദ്രം വികസനത്തിന് തുരങ്കം വെക്കുന്നത് പ്രചരിപ്പിക്കാൻ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിഫ്ബിക്കെതിരെ കേന്ദ്ര ഏജൻസിയായ ഇഡി കേസെടുത്ത വിഷയം രാഷ്ട്രീയ ആയുധമാക്കി മാറ്റാൻ സിപിഎം. മസാലബോണ്ടുമായി ബന്ധപ്പെട്ട് കേസെടുത്ത എൻഫോഴ്സ്മെന്റ് നടപടിക്കെതിരേ കിഫ്ബി തുറന്ന പോരിനാണ് ഒരുങ്ങുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും നടപടിയിൽ നിന്ന് പിന്മാറണമെന്നും ഇ.ഡിക്ക് അയച്ച മറുപടിയിൽ കിഫ്ബി വ്യക്തമാക്കി. മാത്രമല്ല, കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ വിളിപ്പിച്ച കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രംജിത്ത് സിങ് വ്യാഴാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കില്ല.

കിഫ്ബി ഡെപ്യൂട്ടി ഡയറക്ടറർക്ക് പുറമേ കിഫ്ബി സിഇഒ കെ.എം എബ്രഹാമിനോട് വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനും ഇ.ഡി നിർദ്ദേശം നൽകിയിരുന്നു. ഇഡി നടപടിയിൽ സർക്കാർ സ്വരം കടുപ്പിച്ച സാഹചര്യത്തിൽ കെ.എം എബ്രഹാമും അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായേക്കില്ല.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എൻഫോഴ്സ്മെന്റിന്റെ നടപടി മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് ഇ.ഡിക്ക് കിഫ്ബി അധികൃതർ മറുപടി നൽകിയത്. ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ധനമന്ത്രി തോമസ് ഐസക്കും ആരോപിച്ചിരുന്നു.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നിർദ്ദേശപ്രകാരം ഇ.ഡി. പ്രവർത്തിക്കുകയാണെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയ നേട്ടത്തിന് ഇ.ഡിയെ ഉപയോഗിക്കുന്നതിനെതിരേ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ വിജയയാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ നിർമലാ സീതാരാമൻ, സംസ്ഥാന സർക്കാരിനും കിഫ്ബിക്കും എതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇ.ഡി., കിഫ്ബിക്കെതിരെ മാധ്യമങ്ങളിലൂടെ വാർത്തകൾ നൽകുന്നതെന്നും കത്തിൽ ആരോപിക്കുന്നു.

കിഫ്ബിയിലെ ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കാൻ ഇ.ഡി. നിരന്തരം ശ്രമിക്കുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കേ കേന്ദ്ര അന്വേഷണ ഏജൻസികളെ അനാവശ്യമായി ഉപയോഗിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് കേന്ദ്രധനമന്ത്രി ശ്രമിക്കുന്നത്. ഇതിന് കേന്ദ്ര അന്വേഷണ ഏജൻസിയെ ഉപയോഗപ്പെടുത്തുന്നെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.

അന്വേഷണത്തിന് അനാവശ്യധൃതിയാണ് കേന്ദ്രഏജൻസികൾ കാണിക്കുന്നത്. കിഫ്ബിയുടെ സിഇഒയെ ചോദ്യംചെയ്യാൻ വിളിക്കുമെന്ന് കഴിഞ്ഞദിവസം വാർത്തകൾ വന്നിരുന്നു. എന്നാൽ അദ്ദേഹത്തിന് ഇതുവരെയും ഇ.ഡിയിൽനിന്ന് ഒരു അറിയിപ്പ് ലഭിച്ചിട്ടില്ല. പൊതുജനങ്ങൾക്ക് ഉള്ള വിശ്വാസം ഇല്ലാതാക്കാനേ ഇത്തരം നടപടികൾ ഉപകരിക്കൂ. തിരഞ്ഞെടുപ്പ് നീതിപൂർവ്വം നടത്താനും കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീതിപൂർവവുമായ ഇടപെടൽ ഉണ്ടാകാനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്നാണ് മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം നിരവധി വിവാദങ്ങൾക്കിടെ വീണു കിട്ടിയ ആയുധമായി കിഫ്ബിയെ മാറ്റാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇതോടെ വികസന അജണ്ട വീണ്ടും ചർച്ചയാക്കാനാണ് സിപിഎം തയ്യാറെടുക്കുന്നത്. ഹിന്ദുത്വ വിവാദത്തിലും ബിജെപി സഖ്യമെന്ന യു.ഡി.എഫ് ആരോപണത്തിലുംനിന്ന് പുറത്തുവന്ന് വികസന അജണ്ട ചർച്ചയാക്കാനുള്ള വാതിൽ കൂടിയാണ് സിപിഎം തുറക്കുന്നത്.

50,000 കോടിയുടെ അടക്കം വികസന പ്രവർത്തനം, അതു തുരങ്കംവെക്കാനുള്ള കേന്ദ്ര ഏജൻസി ഇടപെടൽ, കേന്ദ്ര അവഗണന എന്നിവ ഉയർത്തി ബിജെപിക്കൊപ്പം കോൺഗ്രസിനെയും കടന്നാക്രമിക്കുകയാണ് സിപിഎം ലക്ഷ്യം. സ്വർണക്കടത്ത്, ലൈഫ് പദ്ധതിയിലെ ഇ.ഡി അന്വേഷണം ഭരണത്തെ അട്ടിമറിക്കാനാണ് ഉപയോഗിക്കുന്നതെന്ന് ആക്ഷേപിച്ച സിപിഎമ്മിന് സംസ്ഥാന വികസനം സ്തംഭിപ്പിക്കാനുള്ള നീക്കമാണ് ഇതെന്ന് സമർഥിക്കാനുള്ള രാഷ്ട്രീയവേദിയാണ് ലഭിച്ചത്.

അടിസ്ഥാനസൗകര്യ വികസനരംഗത്തും 140 മണ്ഡലങ്ങളിലെയും വികസനക്കുതിപ്പിനു പിന്നിലെ ചാലകശക്തി കിഫ്ബിയാണെന്നിരിക്കെ കേന്ദ്ര ഇടപെടൽ സംസ്ഥാന വികസനം അട്ടിമറിക്കാനാണെന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര അവഗണനയും വികസന പ്രവർത്തനത്തിന് ധനസമാഹരണം നടത്താനുള്ള ശ്രമത്തെയും കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നെന്ന ആക്ഷേപം വർഷങ്ങളായി എൽ.ഡി.എഫ് ഉയർത്തുകയാണ്. ഓഖി, പ്രളയദുരന്ത കാലത്ത് വിദേശസഹായം തേടുന്നത് തടഞ്ഞ കേന്ദ്രം കേരളത്തിന് അനുവദിച്ച അരിക്ക് പോലും പൈസ ഈടാക്കിയെന്ന് മുഖ്യമന്ത്രി അടക്കം ആക്ഷേപിച്ചിരുന്നു. അതു പ്രചാരണത്തിന്റെ മുഖ്യഅജണ്ടയിലേക്ക് കൂട്ടിച്ചേർക്കാൻ പുതിയ വിവാദം സഹായിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP