Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണി സി കാപ്പന്റെ പാർട്ടിക്കു എലത്തൂർ കൂടി നൽകും; ലീഗിന് അധികമായി ബോപ്പൂരും പട്ടാമ്പിയും കൂത്തുപറമ്പും; പുതിയ ചെറുകക്ഷികൾക്കെല്ലാം ഇടതു കോട്ടകൾ വീതിച്ചു നൽകും; ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും അടക്കം കോട്ടയത്തു നാലു സീറ്റെന്ന ജോസഫിന്റെ പിടിവാശിക്ക് മുമ്പിൽ ചർച്ചകൾ വഴിമുട്ടി; യുഡിഎഫിൽ ഇനി ശരിയാകാനാള്ളത് ജോസഫ് മാത്രം

മാണി സി കാപ്പന്റെ പാർട്ടിക്കു എലത്തൂർ കൂടി നൽകും; ലീഗിന് അധികമായി ബോപ്പൂരും പട്ടാമ്പിയും കൂത്തുപറമ്പും; പുതിയ ചെറുകക്ഷികൾക്കെല്ലാം ഇടതു കോട്ടകൾ വീതിച്ചു നൽകും; ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും അടക്കം കോട്ടയത്തു നാലു സീറ്റെന്ന ജോസഫിന്റെ പിടിവാശിക്ക് മുമ്പിൽ ചർച്ചകൾ വഴിമുട്ടി; യുഡിഎഫിൽ ഇനി ശരിയാകാനാള്ളത് ജോസഫ് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫിലെ സീറ്റു വിഭജന ചർച്ചകൾ വഴിമുട്ടി നിൽക്കുന്നത് പി ജെ ജോസഫിന്റെ കടുംപിടുത്തത്തിൽ. മറ്റു കക്ഷികളുമായുള്ള ചർച്ചകൾ ഏതാണ്ട് കരയ്ക്കടുത്തപ്പോഴും 13 സീറ്റു വേണമെന്ന വാശിയിലാണ് ജോസഫ്. വിട്ടുവീഴ്‌ച്ചയില്ലാതെ മുന്നോട്ടു പോകാനാവില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയതോടെ മുന്നണിയിലെ സീറ്റു ധാരണ വൈകുകയാണ്. രണ്ട് റൗണ്ട് ചർച്ചകൾ പിന്നീടുമ്പോൾ കോട്ടയം ജില്ലയിലെ സീറ്റുകളെ ചൊല്ലിയാണ് തർക്കം ഉടലെടുത്തിരിക്കുന്നത്.

കോട്ടയം ജില്ലയിലെ 9 സീറ്റുകളിൽ മാണി സി.കാപ്പൻ മത്സരിക്കുന്ന പാലാ ഒഴികെയുള്ള 8 സീറ്റുകൾ തുല്യമായി പങ്കിടാമെന്നാണു പി.ജെ. ജോസഫിന്റെ നിലപാട്. ഇത് അംഗീകരിച്ചു കൊടുക്കാൻ കോൺഗ്രസ് തയ്യാറാല്ല. ഇടുക്കിയിൽ മാത്രം ശക്തരായ കേരളാ കോൺഗ്രസിന് കോട്ടയത്ത് സീറ്റുകൾ നൽകാൻ സാധിക്കില്ലെന്നാണ് കോൺഗ്രസിന്റെ വാദം.

കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂർ സീറ്റുകൾ നിർബന്ധമായും വേണമെന്നും കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നിവയിലൊന്നു വിട്ടുനൽകാമെന്നും പറയുന്നു. കടുത്തുരുത്തിയും ചങ്ങനാശേരിയും നൽകാമെന്നും പൂഞ്ഞാർ പരിഗണിക്കാമെന്നും കോൺഗ്രസ് മറുപടി നൽകി. എന്നാൽ, ഏറ്റുമാനൂരും കൂടിയേ തീരൂ എന്ന ജോസഫ് ഗ്രൂപ്പിന്റെ കടുംപിടിത്തത്തിൽ ചർച്ച വഴിമുട്ടിയിരിക്കുന്നത്.

ഒമ്പത് സീറ്റെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിന്നപ്പോൾ 12 ൽ വിട്ടുവീഴ്ച ചെയ്യാൻ ജോസഫും തയാറായില്ല. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളെ കേന്ദ്രീകരിച്ചാണ് തർക്കം. ഈ സീറ്റുകളിലെല്ലാം ഇരു കക്ഷികൾക്കും കണ്ണുണ്ട്. തദ്ദേശ ഫലം കണക്കിലെടുക്കുമ്പോൾ ഇവയെല്ലാം നൽകുന്നത് ഗുണകരമാകില്ലെന്നാണ് കോൺഗ്രസ് നിലപാട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസഫിന് വഴങ്ങി സീറ്റുകൾ നൽകിയിട്ടും അവർക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ അമിത അവകാശവാദങ്ങൾ ഉപേക്ഷിക്കണമെന്നാണ് കോൺഗ്രസ് വാദം. അതേസമയം വർഷങ്ങളായി കേരള കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകൾ നൽകി വിട്ടുവീഴ്ചക്കില്ലെന്നാണ് ജോസഫ് ഗ്രൂപ്പ് നിലപാട്. യു.ഡി.എഫ് യോഗശേഷവും ജോസഫ് വിഭാഗവുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി.

മുസ്‌ലിം ലീഗിന്റെ സീറ്റുകളെ സംബന്ധിച്ച് ഏതാണ്ട് ധാരണ ഉണ്ടെങ്കിലും പട്ടാമ്പി സീറ്റിനെ ചൊല്ലി ഉടക്കുണ്ടാകാനുള്ള സാധ്യതയുണ്ട്. ലീഗിന് മൂന്ന് സീറ്റ് അധികം നൽകാമെന്ന് പറഞ്ഞെങ്കിലും പ്രാദേശിക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വിട്ടുനൽകേണ്ട സീറ്റുകളെ സംബന്ധിച്ച് വീണ്ടും ചർച്ച ആവശ്യമാണ്. മുസ്ലിം ലീഗിന് ബേപ്പൂർ, പട്ടാമ്പി, കൂത്തുപറമ്പ് സീറ്റുകൾ കൂടി അധികമായി നൽകാനാണ് ധാരണയുള്ളത്. ഇതിൽ പട്ടാമ്പി സീറ്റ് കോൺഗ്രസ് മത്സരിച്ചു വന്ന സീറ്റാണ്. ഇത് വിട്ടുകൊടുക്കുന്നതിൽ പ്രദേശിക എതിർപ്പ് ശക്തമാകാൻ സാധ്യതയുണ്ട്.

നിലവിൽ ലീഗിനു മൊത്തം 27 സീറ്റാണ് നൽകാൻ ഉദ്ദേശിക്കുന്നത്. ലീഗ് മത്സരിച്ചിരുന്ന ബാലുശ്ശേരി കോൺഗ്രസ് ഏറ്റെടുത്ത്, പകരം കുന്നമംഗലം നൽകും. ചടയമംഗലം ലീഗിനു കൈമാറി, പുനലൂരിൽ കോൺഗ്രസ് മത്സരിക്കും. മാണി സി.കാപ്പന്റെ നാഷനലിസ്റ്റ് കോൺഗ്രസ് കേരളയ്ക്കു (എൻസികെ) പാലായ്ക്കു പുറമേ എലത്തൂർ കൂടി നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ എൻസിപി മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എൻസികെ സ്ഥാനാർത്ഥി വരും.

ആർഎസ്‌പി കയ്പമംഗലത്തിനു പകരം അമ്പലപ്പുഴ ചോദിച്ചെങ്കിലും ലഭിക്കാനിടയില്ല. സിഎംപിക്കു നെന്മാറ നൽകും. കേരള കോൺഗ്രസ് (ജേക്കബ്) സിറ്റിങ് സീറ്റായ പിറവത്തു തന്നെ മത്സരിക്കും. ഫോർവേഡ് ബ്ലോക്കിനും ഭാരതീയ നാഷനൽ ജനതാദളിനും ഓരോ സീറ്റ് കിട്ടിയേക്കും. ചാത്തന്നൂർ വേണമെന്ന ഉറച്ച നിലപാടിലാണ് ഫോർവേഡ് ബ്ലോക്ക്. മലമ്പുഴയാകും ദൾ വിഭാഗത്തിനു നൽകുക. കേരള കോൺഗ്രസുമായി (ജോസഫ്) ധാരണയായിരുന്നെങ്കിൽ ഇന്നലെ യുഡിഎഫ് യോഗത്തിനുശേഷം അന്തിമ പ്രഖ്യാപനമുണ്ടാകുമായിരുന്നു. ചർച്ച തുടരുകയാണെന്നും 2 ദിവസത്തിനകം അന്തിമ ധാരണയാകുമെന്നും നേതാക്കൾ പറയുന്നു. കഴിഞ്ഞ തവണ അനുവദിച്ച രണ്ട് സീറ്റുകൾക്കുപകരം രണ്ടെണ്ണം വേണമെന്ന ആർ.എസ്‌പിയുടെ ആവശ്യത്തിലും തീരുമാനമായിട്ടില്ല.

മറുവശത്ത് കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങളിൽ തട്ടി എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ സീറ്റ് വിഭജനം നീളുകയാണ്. സീറ്റെണ്ണത്തിലും ചങ്ങനാശ്ശേരിയിലും ഉടക്കിയാണ് കേരളാ കോൺഗ്രസ് (എം) - സിപിഎം ഉഭയകക്ഷി ചർച്ച ഇഴയുന്നത്. ആദ്യഘട്ട ചർച്ചയിൽ 13 സീറ്റ് ചോദിച്ച കേരള കോൺഗ്രസിനോട് രണ്ടാം ഘട്ടത്തിൽ 10 ലധികം നൽകാനാകില്ലെന്ന് സിപിഎം വ്യക്തമാക്കി.

ചങ്ങനാശ്ശേരി, തിരുവമ്പാടി, പെരുമ്പാവൂർ സീറ്റുകളിലാണ് ഭിന്നത നിലനിൽക്കുന്നുണ്ട്. പാലാ ആദ്യമേ നൽകിയിരുന്നു. കൂടാതെ സിപിഐ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളി നൽകാൻ അവർ തയാറാണെന്നും സിപിഎം അറിയിച്ചു. എന്നാൽ, കേരള കോൺഗ്രസ് എമ്മിന് താൽപര്യമുള്ള ചങ്ങനാശ്ശേരി സിപിഐ ആവശ്യപ്പെട്ടു. 50 വർഷത്തോളമായി കൈവശമുള്ള ചങ്ങനാശ്ശേരി നൽകാനാവില്ലെന്നായിരുന്നു മറുപടി. തിരുവമ്പാടി ചോദിച്ചെങ്കിലും സിറ്റിങ് സീറ്റ് നൽകാനാകില്ലെന്ന് സിപിഎം വ്യക്തമാക്കി. പെരുമ്പാവൂരിന്റെ കാര്യത്തിലും തീരുമാനമായില്ല. 10 സീറ്റെന്ന സിപിഎം നിർദ്ദേശം പുനരാലോചിക്കണമെന്നാണ് മറ്റൊരു ആവശ്യം. ചർച്ച തുടരാമെന്ന ധാരണയിലാണ് ഇരുകക്ഷി നേതാക്കളും പിരിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP