Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പശ്ചിമ ബം​ഗാളിൽ പരാജയപ്പെട്ടാൽ പണിനിർത്തുമെന്ന് പ്രശാന്ത് കിഷോർ; മോദിയെ അധികാരത്തിലേറ്റാൻ ഉലയൂതിയവൻ ദീദിയുടെ തേര് തെളിക്കുമ്പോൾ തീപാറുന്ന പോരാട്ടം; മമത ബാനർജിക്ക് ഭരണത്തുടർച്ചയെന്ന ആത്മവിശ്വാസവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

പശ്ചിമ ബം​ഗാളിൽ പരാജയപ്പെട്ടാൽ പണിനിർത്തുമെന്ന് പ്രശാന്ത് കിഷോർ; മോദിയെ അധികാരത്തിലേറ്റാൻ ഉലയൂതിയവൻ ദീദിയുടെ തേര് തെളിക്കുമ്പോൾ തീപാറുന്ന പോരാട്ടം; മമത ബാനർജിക്ക് ഭരണത്തുടർച്ചയെന്ന ആത്മവിശ്വാസവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ പരാജയപ്പെട്ടാൽ പണിനിർത്തുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ​ബം​ഗാളിൽ മമത ബാനർജി ഭരണം നിലനിർത്തുമെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോർ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ബംഗാളിൽ ബിജെപി നൂറ് സീറ്റിന് മുകളിൽ വിജയിക്കുകയാണെങ്കിൽ താൻ ഈ പണി നിർത്തി മറ്റ് മാർ​ഗങ്ങൾ തേടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തേ, ഉത്തർപ്രദേശിൽ തനിക്ക് കാലിടറിയത് പ്രവർത്തന സ്വാതന്ത്ര്യത്തിലെ അപാകതകൾ മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ബംഗാളിൽ ബിജെപി നൂറ് സീറ്റിന് മുകളിൽ വിജയിക്കുകയാണെങ്കിൽ ഞാൻ ജോലി നിർത്തും. ഐപിഎസി എന്ന തന്റെ തിരഞ്ഞെടുപ്പ് പ്രവർത്തന സ്ഥാപനം വിടും. വ്യത്യസ്തമായ മറ്റെന്തെങ്കിലും ജോലി ചെയ്യും. മറ്റൊരു തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലും നിങ്ങൾക്കെന്നെ കാണാനാകില്ല' പ്രശാന്ത് കിഷോർ പറഞ്ഞു. ഉത്തർപ്രദേശിൽ താൻ പരാജയപ്പെട്ടിട്ടുണ്ട്. അവിടെ ഞങ്ങൾക്ക് വേണ്ട കാര്യങ്ങൾ ചെയ്യാൻ സാധിച്ചിരുന്നില്ല. പക്ഷേ ബംഗാളിൽ എനിക്ക് ഒഴിവ്കഴിവ് പറയാനാവില്ല. മമത തനിക്ക് പ്രവർത്തിക്കാൻ വേണ്ടത്ര സ്വാതന്ത്ര്യം തന്നിട്ടുണ്ട്. ബംഗാൾ നഷ്ടപ്പെടുകയാണെങ്കിൽ. താൻ ഈ ജോലിക്ക് യോഗ്യനല്ലെന്ന് സമ്മതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃണമൂലിൽ ചില ആഭ്യന്തര വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ആ വിടവുകൾ നികത്താൻ ബിജെപി വളരെ സഹായകരമായെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. പണവും പദവികളും ടിക്കറ്റും നൽകി ബിജെപി ചില നേതാക്കളെ വശത്താക്കുന്നുണ്ട്. അതിൽ അതിശയപ്പെടാനില്ല. പാർട്ടി പ്രവർത്തകർക്ക് ഒരു ആവേശം സൃഷ്ടിക്കാനാണ് 200 സീറ്റുകൾ നേടുമെന്നെല്ലാം അമിത് ഷാ പറയുന്നത്. അതിനപ്പുറത്തേക്ക് ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുവേന്ദു അധികാരിയുടെ ശക്തി എന്താണെന്ന് മെയ് രണ്ടിന് അറിയാം.മമത നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശാന്ത് കിഷോറിന്റെ ഐ പാക് എന്ന കമ്പനിയാണ് ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പുമുതൽ സംസ്ഥാനത്ത് ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റം തടയുന്ന തരത്തിലുള്ള പ്രചരണങ്ങളാണ് തൃണമൂലിനുവേണ്ടി പ്രശാന്ത് കിഷോർ തയ്യാറാക്കുന്നത്.

മോദിയെ പ്രധാനമന്ത്രി കസേരയിലെത്തിച്ച ചാണക്യൻ

2014ൽ നരേന്ദ്ര മോദിയെയും ബിജെപിയെയും അധികാരത്തിലെത്തിക്കാൻ അണിയറയിൽ തന്ത്രങ്ങളൊരുക്കിയ 'രാഷ്ട്രീയ തന്ത്രജ്ഞൻ' എന്ന നിലയിലാണ് പ്രശാന്ത് കിഷോർ പ്രശസ്തനായത്. ഇക്കഴിഞ്ഞ തിരഞ്ഞടുപ്പിൽ തെലുങ്കാനയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ പ്രചാരണ ചുമതലയേറ്റെടുത്ത പ്രശാന്തിന്റെ തന്ത്രങ്ങൾ അത്ഭുത വിജയമാണ് റെഡ്ഡിക്കു സമ്മാനിച്ചത്. 175ൽ 150 സീറ്റിലും മിന്നും ജയം കരസ്ഥമാക്കിയാണ് റെഡ്ഡി അധികാരത്തിലേറിയത്. അതിന് പിന്നാലെയാണ് ഡൽഹിയിലെ നേട്ടം. ഇതോടെ ഇലക്ഷൻ ഗുരുവെന്ന പേരിന് താൻ അർഹനാണെന്ന് പ്രശാന്ത് തെളിയിക്കുകയാണ്. ജന മനസ്സുകളിലേക്ക് നേതാക്കളെ കയറ്റി വിടുന്ന തന്ത്രജ്ഞൻ.

തികഞ്ഞ അച്ചടക്കത്തിലൂടെ ആത്മസംയമനത്തോടെയാണ് ഓരോ ആം ആദ്മി നേതാവും ഡൽഹിയിൽ പ്രചാരണത്തിന് ഇറങ്ങിയത്. അതിന്റെ മുഴുവൻ ക്രെഡിറ്റും ബുദ്ധികേന്ദ്രമായ പ്രശാന്ത് കിഷോറിനുള്ളതാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയും പാർട്ടി തീരുമാനങ്ങൾക്കെതിരെയും പരസ്യ നിലപാടെടുത്തതിന് ജെഡിയു ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രശാന്ത് കിഷോറിനെ പുറത്താക്കിയതും എഎപിക്ക് ഗുണമായി മാറി. ഇനി തമിഴ്‌നാട്ടിലേക്കും ബംഗളാലികേകും പ്രശാന്ത് കിഷോർ പോകും. ബിജെപിയെ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിച്ച പ്രശാന്ത് ഇപ്പോൾ ഓടി നടക്കുന്നത് അവരെ അധികാരത്തിൽ നിന്ന് പുറത്താക്കാനും. ഇനി പ്രശാന്തിന് മുന്നിലുള്ളത് മമതയുടെ തിരഞ്ഞെടുപ്പാണ്. കെജ്രിവാളിന് പുറമേ മമത ബാനർജിയുടെയും എം.കെ.സ്റ്റാലിന്റെയും തിരഞ്ഞെടുപ്പ് ഉപദേശകനാണ് പ്രശാന്ത്. പശ്ചിമ ബംഗാൾ ബിജെപിയുടെ ശവപ്പെട്ടിയിൽ അവസാന ആണിയടിക്കുമെന്ന് മമത പ്രഖ്യാപിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ അടുത്ത വർഷം പ്രശാന്തിന് മുന്നിലുള്ളത് വലിയ വെല്ലുവിളി തന്നെയാണ്.

2014 ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച പ്രചാരണ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ചാണ് പ്രശാന്ത് കിഷോർ ചർച്ചയായത്. മോദി തരംഗം ആഞ്ഞടിച്ചതിന് പിന്നിൽ പ്രശാന്ത് കിഷോറൊരുക്കിയ പ്രചരണ വാക്യങ്ങളായിരുന്നു. ഇതിന് ശേഷം പലയിടത്തും ഈ പരീക്ഷണം വിജയിച്ചു. എന്നാൽ കോൺഗ്രസിനായി നടത്തിയ ശ്രമങ്ങൾ പാളുകളും ചെയ്തു. അതുകൊണ്ട് തന്നെ പ്രാദേശിക കക്ഷികളുടെ പ്രചരണത്തിൽ പ്രശാന്ത് കിഷോർ പിന്നീട് ശ്രദ്ധ നൽകി. അതും വിജയം കണ്ടു. രാഷ്ട്രീയ നേതാക്കളുടെ പ്രതിച്ഛായ അഥവാ ഇമേജ് ബിൽഡിംഗിൽ മികവ് തെളിയിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോർ. മമതയും തന്റെ പ്രതിച്ഛായ നഷ്ടം മാറ്റാനാണ് ശ്രമിക്കുന്നത്. ലോക്സഭയിലെ തിരിച്ചടി നിയമസഭയിൽ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാനാണ് നീക്കം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മമതയുടെ തൃണമൂൽ കോൺഗ്രസിന് ബിജെപിയിൽനിന്ന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുഴുവൻ ശ്രദ്ധയും ബംഗാളിലാണ്. നോർത്ത് ഈസ്റ്റിൽ നേട്ടമുണ്ടാക്കിയ അതേ വഴിയേ ബംഗാളിലും ഒന്നാമനാകാനാണ് ബിജെപിയുടെ ശ്രമം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതിന്റെ സൂചനകളുമെത്തി. ബംഗാളിൽ 18 സീറ്റിലാണ് ബിജെപി ജയിച്ചത്. ഇത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കടുത്ത തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് ഭരണ നേട്ടങ്ങളെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനുള്ള പി ആർ തന്ത്രങ്ങൾക്ക് പിറകേ മമതയും പോകുന്നത്. ഇതിന് വേണ്ടിയാണ് പ്രശാന്ത് കിഷോറിനെ കൊൽക്കത്തയിൽ എത്തിയച്ചത്. ആന്ധ്രാപ്രദേശിൽ ജഗന്മോഹൻ റെഡ്ഡിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചതും പ്രശാന്ത് കിഷോറായിരുന്നു. 2014 ൽ നരേന്ദ്ര മോദിക്കുവേണ്ടിയും 2015 ൽ നിതീഷ് കുമാറിനു വേണ്ടിയും അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾക്ക് രൂപംനൽകിയിരുന്നു. ഇതോടെയാണ് ദേശീയ രാഷ്ട്രീയം പ്രശാന്ത് കിഷോറിനെ ശ്രദ്ധിച്ചു തുടങ്ങിയത്.

ഗുജറാത്തിൽ 2011 ൽ നരേന്ദ്ര മോദിയുടെ പ്രചാരണ തന്ത്രങ്ങൾ ആവിഷ്‌കരിച്ചതോടെയാണ് പ്രശാന്ത് ശ്രദ്ധയിലേക്കുയർന്നത്. 2014ലെ വിജയത്തിനുശേഷം അമിത് ഷായും പ്രശാന്ത് കിഷോറും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ലായിരുന്നു. പാർട്ടിയിൽ കാര്യമായ സ്ഥാനം വേണമെന്ന പ്രശാന്തിന്റെ ആവശ്യം അമിത് ഷാ തള്ളിയതോടെ ബിജെപി വിട്ടു. ഡൽഹിയിൽ ഹാട്രിക് വിജയം നേടിയ ആപ്പിന് അഭിനന്ദനവുമായി എത്തിയ ആദ്യത്തെ ആളുകളിലൊന്ന് പ്രശാന്ത് കിഷോർ ആയിരുന്നു. സി.എ.എ നിയമത്തോടുള്ള എതിർപ്പ് മൂലം നിതീഷ് കുമാറുമായി പിരിഞ്ഞ പ്രശാന്ത് കിഷോറായിരുന്നു ഡൽഹിയിൽ ആപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിച്ചത്. മുസ്ലിം ഭൂരിപക്ഷ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്ലിംകൾക്ക് മാത്രം പൗരത്വം നൽകാൻ സർക്കാരിനെ പ്രാപ്തരാക്കുന്ന പൗരത്വ നിയമത്തെ നിശിതമായി വിമർശിക്കുന്നവരിൽ ഒരാളാണ് പ്രശാന്ത് കിഷോർ.

ദീദിയുടെ തേര് തെളിച്ച് പ്രശാന്ത്

പ്രശാന്ത് കിഷോറിന്റെ ഐ പാക് എന്ന കമ്പനിയാണ് ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പുമുതൽ സംസ്ഥാനത്ത് ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റം തടയുന്ന തരത്തിലുള്ള പ്രചരണങ്ങളാണ് തൃണമൂലിനുവേണ്ടി പ്രശാന്ത് കിഷോർ തയ്യാറാക്കുന്നത്.

തൃണമൂൽ കോൺ​ഗ്രസിന്റെ പ്രചാരണം ഏറ്റെടുത്ത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ രം​ഗത്തെത്തിയതോടെ ബം​ഗാളിലെ രാഷ്ട്രീയ കാലാവസ്ഥയും മാറുമെന്ന പ്രതീക്ഷയിലാണ് നിരീക്ഷകർ. താൻ രം​ഗത്തിറങ്ങിയെന്ന പ്രഖ്യാപനവും ട്വിറ്ററിലൂടെ പ്രശാന്ത് കിഷോർ നടത്തിയിരുന്നു.

‘ഇന്ത്യയിൽ ജനാധിപത്യത്തിന് വേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട പോരാട്ടം നടക്കുന്നത് പശ്ചിമ ബംഗാളിലാണ്. ബംഗാളിലെ ജനങ്ങൾ യാഥാർഥ്യത്തെ തെരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ബംഗാളിന് സ്വന്തം മകളെയാണ് വേണ്ടത്. മെയ് രണ്ടിനുള്ള എന്റെ അവസാനത്തെ ട്വീറ്റിനുവേണ്ടി കാത്തിരിക്കൂ’, പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം. ബംഗാളിന് വേണ്ടത് തന്റെ സ്വന്തം മകളെയാണെന്ന തൃണമൂൽ കോൺഗ്രസിന്റെ മുദ്രാവാക്യവും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

വം​ഗനാട്ടിൽ ഇക്കുറി തീപാറും പോര്

മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ ഘട്ടംഘട്ടമായാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടുദിവസങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഇത്രയും സമയമെടുത്ത് സംസ്ഥാനത്ത് നടത്തുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം. 2016ലെ തെരഞ്ഞെടുപ്പിൽ ഏഴുദിവസങ്ങളിലായായിരുന്നു തെരഞ്ഞെടുപ്പ്. 6.5 കോടിയിലധികം വോട്ടർമാരായിരുന്നു അന്ന് വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ രാഷ്ട്രീയ കലാപങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്.

ദിവസങ്ങൾ കൂട്ടി തെരഞ്ഞെടുപ്പ് നടത്താനുള്ള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തിയിട്ടുണ്ട്. ‘240 സീറ്റുകളുള്ള ബീഹാറിൽ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. 234 സീറ്റുകളുള്ള തമിഴ്‌നാട്ടിൽ ഒറ്റദിവസമാണ് തെരഞ്ഞെടുപ്പ്. എന്തുകൊണ്ടാണ് ഇവിടെമാത്രം എട്ടുഘട്ടം? ആർക്കാണ് ഇതിൽ നേട്ടം? ഇത് ബിജെപിക്കുവേണ്ടി നടത്തുന്ന തീരുമാനമാണ്’, മമത കുറ്റപ്പെടുത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും നേർക്കുനേർ പോരാട്ടത്തിലാണ്. 42 ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 18 ഇടത്ത് വിജയിച്ചിരുന്നു. തൃണമൂൽ-ഇടത് പോരിന്റെ മറവിൽ വോട്ടുനേടി മമത സർക്കാരിന് തിരിച്ചടിയുണ്ടാക്കാനാണ് ബിജെപി ശ്രമം. സംസ്ഥാനത്തെ ക്രമസമാധാനം, രാഷ്ട്രീയ പോരുകളുടെ ചരിത്രം, വികസന വിരുദ്ധത എന്നിവ ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രചരണം ആരംഭിച്ചിരിക്കുന്നത്. ബിജെപിയുടെ ആരോപണങ്ങളെ കടന്നാക്രമിക്കുന്ന പദ്ധതികളാണ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തൃണമൂൽ സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി മമത പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP