Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

''തീപാറും പോരാട്ടം''; സ്നേഹഗ്രാമം ഇനി ഇവർ നയിക്കും

''തീപാറും പോരാട്ടം''; സ്നേഹഗ്രാമം ഇനി ഇവർ നയിക്കും

സ്വന്തം ലേഖകൻ

പത്തനാപുരം: മത്സരവീര്യത്തിലും വിദ്വേഷത്തിന് ഇടം നൽകാതെ ആലംബഹീനരുടെ ആശ്രയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിൽ തുടർച്ചയായ 16-ാം വർഷവും സ്നേഹഗ്രാമം പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നു. ആയിരത്തിലധികം അന്തേവാസികളുള്ള ഗാന്ധിഭവനെ ഒൻപത് വാർഡുകളായി വിഭജിച്ച് കാരുണ്യമുന്നണി, സ്നേഹമുന്നണി എന്നിങ്ങനെ രണ്ടു മുന്നണികളിലായി ഒൻപത് സ്ഥാനാർത്ഥികൾ വീതം മത്സരിച്ചപ്പോൾ കാരുണ്യമുന്നണിയിൽ നിന്നും അഞ്ച് പേരും സ്നേഹമുന്നണിയിൽ നിന്നും നാല് പേരും തെരഞ്ഞെടുക്കപ്പെട്ടു. ഗാന്ധിഭവനിലെ അന്തേവാസികളുടെ ക്ഷേമം, അച്ചടക്കം, ശുചിത്വം, ഭക്ഷണം, കാർഷികം തുടങ്ങിയ പ്രവർത്തനങ്ങൾ ഈ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമാണ് നിർവ്വഹിക്കപ്പെടുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ രണ്ട് വർഷം തുടർച്ചയായി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്ന പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റു കൂടിയായ കാരുണ്യമുന്നണി സ്ഥാനാർത്ഥി ചന്ദ്രമോഹനെ അട്ടിമറിച്ചുകൊണ്ട് ഒരുകാലത്ത് മുംബൈയിൽ സ്‌കൂൾ മാനേജരായി പ്രവർത്തിച്ചിരുന്ന സ്നേഹമുന്നണി സ്ഥാനാർത്ഥി ആലപ്പുഴ വണ്ടാനം സ്വദേശി എൺപത്തിഅഞ്ചുകാരനായ ആർ. ഗോപാലകൃഷണന്റെ വിജയം ഏവരെയും അതിശയിപ്പിച്ചു.

ഫെബ്രുവരി 21 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാൾ മുതൽ ശക്തമായ പ്രചാരണത്തിലായിരുന്നു സ്ഥാനാർത്ഥികൾ. അന്തേവാസികൾ കഴിയുന്ന എല്ലാ വാർഡുകളിലും നിരന്തരമെത്തി അവരോട് വോട്ടഭ്യർത്ഥിക്കുകയും തങ്ങളെ വിജയിപ്പിച്ചാലുണ്ടാകുന്ന നേട്ടങ്ങൾ വിശദീകരിക്കുകയും ചെയ്തു. സ്നേഹമുന്നണിയുടെ സൈക്കിൾ ചിഹ്നത്തിന്റെയും കാരുണ്യമുന്നണിയുടെ പ്രാവ് ചിഹ്നത്തിന്റെയും പ്ലക്കാർഡുകൾ ഉയർത്തിയും, പേരും ചിത്രവും ചിഹ്നവുമുള്ള പോസ്റ്ററുകൾ പതിച്ചും, നോട്ടീസുകൾ വിതരണം ചെയ്തും ഇരുമുന്നണികളും പ്രചാരണം കൊഴിപ്പിച്ചു. പലപ്പോഴും ഇരുവിഭാഗത്തിലെയും സ്ഥാനാർത്ഥികൾ തമ്മിൽ വാഗ്വാദങ്ങൾ ഉണ്ടാവുകയും ചെയ്തു. അപ്പോഴെല്ലാം ഇലക്ഷൻ കമ്മീഷന്റെ ഇടപെടലുമുണ്ടായി. ഗാന്ധിഭവൻ ചീഫ് ജനറൽ മാനേജരും മുൻ സെയിൽസ് ടാക്സ് ഓഫീസറുമായിരുന്ന വിജയൻ ആമ്പാടിയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ. ഇലക്ഷൻ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ടായിരുന്നു പ്രചാരണം. തെരഞ്ഞെടുപ്പിന് തലേദിവസം വൈകിട്ട് നടന്ന സ്ഥാനാർത്ഥി സംഗമത്തിൽ ഇരുമുന്നണികളിലെയും നേതാക്കന്മാർ മൈക്കിലൂടെ അന്തേവാസികളോടും സേവനപ്രവർത്തകരോടും സംസാരിക്കുകയും അവർ ചെയ്യുവാനുദ്ദേശിക്കുന്ന ക്ഷേമകാര്യങ്ങൾ സംബന്ധിച്ച് വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് നിശബ്ദപ്രചരണമായിരുന്നു.

ഇരുമുന്നണികളും അവരെ പിന്തുണയ്ക്കുന്ന അന്തേവാസികളും ചേർന്ന് നടത്തിയ പ്രകടനത്തിൽ പ്രായത്തിന്റെ അവശതകൾ മറന്ന് വയോജനങ്ങളും അവരോടൊപ്പം കുട്ടികളും മുദ്രാവാക്യങ്ങൾ വിളിച്ച് തെരഞ്ഞെടുപ്പിന് ആവേശം പകർന്നു.

തെരഞ്ഞെടുപ്പ് ദിവസം രാവിലെ 7 മണി മുതൽ തന്നെ ഗാന്ധിഭവനിലെ സേവനപ്രവർത്തകരും തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളും ചേർന്ന് പോളിങ് ബൂത്തുകൾ ക്രമീകരിക്കുകയും, കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വോട്ടിങ് നടത്താനാവശ്യമായ ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. ഒൻപത് ബൂത്തുകളിലേക്കുമുള്ള ബാലറ്റ് പേപ്പറുകൾ, വോട്ടർപട്ടിക, മറ്റ് വോട്ടിങ് സാമഗ്രികൾ, സാനിറ്റൈസർ, ഗ്ലൗസ് എന്നിവ അടങ്ങിയ കിറ്റുകൾ അതാത് ബൂത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിസൈഡിങ് ഓഫീസർമാർക്ക് കൈമാറി. ഗാന്ധിഭവനിലെ തെരഞ്ഞെടുക്കപ്പെട്ട സേവനപ്രവർത്തകരായിരുന്നു പ്രിസൈഡിങ് ഓഫീസർമാർ.

ഇലക്ഷൻ കമ്മീഷണറുടെ നിർദ്ദേശമനുസരിച്ച് വോട്ടർ പട്ടികയിൽ പേരുള്ള എല്ലാ അന്തേവാസികളും കൂടാതെ ഗാന്ധിഭവന്റെ ഭാരവാഹികളും സേവനപ്രവർത്തകരും അവർക്ക് അനുവദിച്ചിരുന്ന ബൂത്തുകൾക്ക് മുമ്പിൽ രാവിലെ ഒൻപത് മണിക്ക് മുമ്പ് തന്നെ എത്തിയിരുന്നു. ബൂത്തുകൾക്ക് മുമ്പിൽ അകലം പാലിച്ച് നിൽക്കുന്ന അന്തേവാസികളുടെ നീണ്ട നിര വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ കാണാൻ സാധിക്കുമായിരുന്നു. പ്രിസൈഡിങ് ഓഫീസർമാർ നൽകിയ ബാലറ്റ് പേപ്പറുകളിൽ അവർ വോട്ടുകൾ രേഖപ്പെടുത്തി ബാലറ്റ് പെട്ടികളിൽ നിക്ഷേപിച്ചു. ഇരുമുന്നണികളിലെയും സ്ഥാനാർത്ഥികളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്ന വോട്ടർമാരെയാണ് അവിടെ കാണുവാൻ കഴിഞ്ഞത്. ജീവിതത്തിൽ ഇന്നേവരെ വോട്ട് ചെയ്യാൻ അവസരം ലഭിക്കാത്തവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ചൂണ്ടുവിരലിൽ മഷി പതിപ്പിക്കുമ്പോഴും ബാലറ്റ് പേപ്പറുകളിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും നോക്കി വോട്ട് രേഖപ്പെടുത്തുമ്പോഴും പരിചയസമ്പന്നരെപ്പോലെയാണ് അവർ പെരുമാറിയത്. സ്ഥാനാർത്ഥികളുടെ അനുയായികൾ കിടപ്പുരോഗികളായ വോട്ടർമാരെ വീൽചെയറിലും ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെയും പോളിങ് ബൂത്തുകളിലെത്തിച്ച് വോട്ട് ചെയ്യിപ്പിച്ചതും കൗതുകക്കാഴ്ചയായി. ഇത്തവണ 90 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

കൃത്യം 12 മണിക്ക് വോട്ടിങ് അവസാനിക്കുകയും ബാലറ്റ് പെട്ടികൾ കമ്മീഷണർക്ക് മുമ്പാകെ ഹാജരാക്കുകയും ചെയ്തു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉൾപ്പടെ എല്ലാ ഭാരവാഹികളും ഉച്ചയ്ക്ക് ശേഷം നടന്ന വോട്ടെണ്ണലിന് സാക്ഷ്യം വഹിച്ചു. ഓരോ ബാലറ്റ് പെട്ടികൾ പൊട്ടിക്കുമ്പോഴും കൗണ്ടിങ് സ്റ്റേഷന് ഇരുവശങ്ങളിലുമായി അണിനിരന്ന സ്ഥാനാർത്ഥികളുടെ മുഖത്ത് ആശങ്കയും പിരിമുറുക്കവും തെളിഞ്ഞ് കാണാമായിരുന്നു.

ആയിരത്തിലധികം വോട്ടുകൾ രേഖപ്പെടുത്തിയതിൽ അസാധുവായ വോട്ടുകളുടെ എണ്ണം അഞ്ചിൽ താഴെയായിരുന്നു എന്നത് വോട്ടർമാരുടെ 'പ്രബുദ്ധത' വെളിപ്പെടുത്തുന്നതായിരുന്നു. 'ഞങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവരാകണം പഞ്ചായത്ത് സമിതിയിൽ തിരഞ്ഞെടുക്കപ്പെടേണ്ടത്' എന്ന അന്തേവാസികളുടെ തീരുമാനമാണ് ഇവിടെ കണ്ടത്.

സ്നേഹമുന്നണിയിലെ ഗോപാലകൃഷ്ണനെ പ്രസിഡന്റായും, കാരുണ്യമുന്നണിയിലെ കൊല്ലം കണ്ണനല്ലൂർ സ്വദേശി മേരിക്കുട്ടിയെ വൈസ് പ്രസിഡന്റായും, സ്നേഹമുന്നണിയിലെ തിരുവനന്തപുരം മണക്കാട് സ്വദേശി ആർ.എസ്. രമേശിനെ ക്ഷേമകാര്യ ചെയർമാനായും ഏകകണ്ഠേന തെരഞ്ഞെടുത്തു. കൊല്ലം നീണ്ടകര സ്വദേശി സരിത, തിരുവനന്തപുരം നന്തിയോട് സ്വദേശി മഞ്ജു, കർണാടക സ്വദേശി ഷക്കാന, കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാർ, ആലപ്പുഴ കരുവാറ്റ സ്വദേശി ഓമന, ആലപ്പുഴ ഹരിപ്പാട് സ്വദേശി ഓമന എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ. ജീവിതത്തിന്റെ പലവിധ പ്രതിസന്ധികളെ തരണം ചെയത് എത്തിയവരാണ് ഇവരെല്ലാവരും. ഫലപ്രഖ്യാപനത്തിനുശേഷം അന്തേവാസികൾ ചേർന്ന് വിജയികളെ പുഷ്പഹാരങ്ങളണിയിക്കുകയും ആർപ്പുവിളികളോടെ സ്വീകരിക്കുകയും ആഹ്ലാദപ്രകടനങ്ങൾ നടത്തുകയും ചെയ്തു.

തുടർന്ന് വിജയികളെ അഭിനന്ദിക്കുവാൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ആമ്പാടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു.

നിയുക്ത പഞ്ചായത്ത് ഭരണസമിതിയുടെ സത്യപ്രതിജ്ഞാചടങ്ങ് മാർച്ച് ഒന്നിന് ഗാന്ധിഭവൻ സ്നേഹമന്ദിർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സംസ്ഥാന സാമൂഹ്യനീതിവകുപ്പിന്റെ കീഴിലുള്ള പത്തനംതിട്ട മഹിളാമന്ദിരം സൂപ്രണ്ട് പ്രിയാ ചന്ദ്രശേഖരൻ നായർ സത്യവാചകം ചൊല്ലിക്കൊടുക്കുകയും സ്ഥാനാർത്ഥികൾ അതേറ്റുപറഞ്ഞ് അധികാരമേൽക്കുകയും ചെയ്തു.

അടുത്ത ഒരു വർഷത്തേക്ക് തങ്ങളുടെ ക്ഷേമകാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുവാൻ പോകുന്ന പുതിയ പഞ്ചായത്ത് സമിതിയിൽ അന്തേവാസികൾക്ക് ഒട്ടേറെ പ്രതീക്ഷകളുണ്ട്. നീതിയുടെയും ന്യായത്തിന്റെയും പാതയിൽ സഞ്ചരിച്ച് തങ്ങളുടെ ക്ഷേമകാര്യങ്ങൾ നന്നായി നിർവ്വഹിക്കുവാൻ പുതിയ പഞ്ചായത്ത് ഭരണസമിതിക്ക് കഴിയുമെന്ന് അവർ ഒന്നടങ്കം വിശ്വസിക്കുന്നു. ചുമതലാബോധമുള്ള ഭരണകർത്താക്കളാകുന്നതോടെ തങ്ങൾ അനാഥരല്ല എന്ന ചിന്തയും ആത്മവിശ്വാസവും അവരിൽ ഉളവാക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു സാങ്കൽപ്പിക പഞ്ചായത്ത് ഭരണസമിതിക്ക് പതിനഞ്ച് വർഷം മുമ്പ് രൂപം നൽകിയതെന്ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP