Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മത്സരിക്കണമെന്ന് നിർബന്ധമില്ലെന്ന് വിശദീകരിച്ച് ശിവൻകുട്ടി; സ്ഥാനാർത്ഥി ശിവൻകുട്ടി തന്നെയെന്ന് പ്രഖ്യാപിച്ച് കോടിയേരി; നേമം വെല്ലുവിളി വീണ്ടും ശിവൻകുട്ടിയിലേക്ക്; തിരുവനന്തപുരം ഏറ്റെടുത്താൽ ടിഎൻ സീമയോ വിജയകുമാറോ സ്ഥാനാർത്ഥിയാകും; ആറ്റിങ്ങലിൽ മകനെ വെട്ടി അമ്മയും; തിരുവനന്തപുരത്ത് താര സ്ഥാനാർത്ഥി കടകംപള്ളി തന്നെ; തലസ്ഥാനത്ത് സിപിഎം ലക്ഷ്യം പത്തു കടക്കൽ

മത്സരിക്കണമെന്ന് നിർബന്ധമില്ലെന്ന് വിശദീകരിച്ച് ശിവൻകുട്ടി; സ്ഥാനാർത്ഥി ശിവൻകുട്ടി തന്നെയെന്ന് പ്രഖ്യാപിച്ച് കോടിയേരി; നേമം വെല്ലുവിളി വീണ്ടും ശിവൻകുട്ടിയിലേക്ക്; തിരുവനന്തപുരം ഏറ്റെടുത്താൽ ടിഎൻ സീമയോ വിജയകുമാറോ സ്ഥാനാർത്ഥിയാകും; ആറ്റിങ്ങലിൽ മകനെ വെട്ടി അമ്മയും; തിരുവനന്തപുരത്ത് താര സ്ഥാനാർത്ഥി കടകംപള്ളി തന്നെ; തലസ്ഥാനത്ത് സിപിഎം ലക്ഷ്യം പത്തു കടക്കൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഇക്കുറി ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലം തിരുവനന്തപുരം ജില്ലയിലെ നേമം സീറ്റായിരിക്കും. ബിജെപിക്ക് വേണ്ടി കുമ്മനം രാജശേഖരനാകും മത്സരിക്കുക എന്നത് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സിറ്റിങ് സീറ്റു നിലനിർത്തുക എന്ന വെല്ലുവിളി ബിജെപി നേരിടുമ്പോൾ തന്നെ ആ സീറ്റ് പിടിച്ചെടുക്കാൻ വേണ്ടി കരുത്തനായ സ്ഥാനാർത്ഥിയെ കളത്തിലിറക്കും എന്നാണ് കോൺഗ്രസ് വ്യക്താക്കിയിരിക്കുന്നത്. മുൻ സ്പീക്കർ എൻ ശക്തൻ ഇവിടെ മത്സരിക്കാൻ എത്തുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. സിപിഎമ്മിനും മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ ആയിട്ടുണ്ട്. നേമത്ത് കഴിഞ്ഞതവണ മത്സരിച്ചു പരാജയപ്പെട്ട എൻ ശിവൻകുട്ടി തന്നൊകും ഇക്കുറിയും ഇടതു സ്ഥാനാർത്ഥി. ഇന്നു ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യം വ്യക്തമായി.

കോടിയേരി ബാലകൃഷ്ണനും ഇന്നത്തെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു. സ്ഥാനാർത്ഥി ചർച്ചകൡലേക്ക് കടക്കുമ്പോൾ നേമത്തുള്ള ലിസ്റ്റിൽ ശിവൻകുട്ടിയുടെ പേരും ഉയർന്നുവന്നു. മത്സരിക്കണമെന്ന് തനിക്ക് നിർബന്ധമില്ലെന്നാണ് ശിവൻകുട്ടി പറഞ്ഞത്. എന്നാൽ, ശിവൻകുട്ടി തന്നെയാകും ബിജെപിയിൽ നിന്നും സീറ്റു തിരിച്ചു പിടിക്കാൻ നിയോഗിക്കപ്പെടുക എന്ന് കോടിയേരി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെ ശിവൻകുട്ടിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ പാർവ്വതിയുടെ പേരും മണ്ഡലത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു.

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിൽ ഒഴികേ എല്ലാ സീറ്റിലും സിറ്റിങ് എംഎ‍ൽഎമാരെല്ലാം മത്സരിക്കുന്നുണ്ട്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ, വർക്കല വി.ജോയി, വട്ടിയൂർക്കാവ് വി.കെ.പ്രശാന്ത്, വാമനാപുരം ഡി.കെ.മുരളി, കാട്ടാക്കട ഐ.ബി.സതീഷ്, നെയ്യാറ്റിൻകര കെ.ആൻസലൻ, പാറശാല സി.കെ.ഹരീന്ദ്രൻ തുടങ്ങി ഏഴ് സിറ്റിങ്ങ് എംഎ‍ൽഎമാരെയും വീണ്ടും സ്ഥാനാർത്ഥികളാക്കുന്നതിനായി ജില്ലാ സെക്രട്ടറിയേറ്റ് നിർദേശിച്ചിട്ടുണ്ട്. ആറ്റിങ്ങളിൽ അംബികയാണ് സ്ഥാനാർത്ഥിയാകുക. ഇവിടെ അംബികയുടെ മകൻ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കൂടിയായ എ വിനീഷിന്റെ പേരും പരിഗണിച്ചിരുന്നു. എന്നാൽ, സത്യനെ മാറ്റി സിപിഎം മണ്ഡലത്തിൽ അംബികയെ വനിതയെന്ന പരിഗണന കൂടി വച്ചാണ് സ്ഥാനാർത്ഥിയാക്കുന്നത്.

യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ കെ.എസ്.ശബരീനാഥൻ പ്രതിനിധീകരിക്കുന്ന അരുവിക്കര മണ്ഡലത്തിൽ ശക്തനായ സ്ഥാനാർത്ഥിയെ പരിഗണിക്കണം എന്നാണ് സെക്രട്ടേറിയറ്റിലുണ്ടായ പൊതുവികാരം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.മധുവിന്റെ പേരാണ് നിലവിൽ ഇവിടേക്ക് പരിഗണിക്കുന്നത്. എന്നാൽ ഡിവൈഎഫ്‌ഐ നേതാവ് എ.എ.റഹീമിനെ ഇറക്കണം എന്നൊരു അഭിപ്രായവും ഉയർന്നു വന്നിട്ടുണ്ട്. മികച്ച സ്ഥാനാർത്ഥി വന്നാൽ അരുവിക്കരയിൽ വിജയിക്കാൻ കഴിയുന്ന സാഹചര്യമാണ് എന്നാണ് സിപിഎം വിലയിരുത്തൽ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം, മുൻഎസ്എഫ്‌ഐ പ്രസിഡന്റ് ഷിജു ഖാൻഎന്നിവരുടെ പേരുകളും അരുവിക്കരയിൽ പരിഗണിക്കുകയുണ്ടായി.

തലസ്ഥാനത്ത് ഇക്കുറി ആകെയുള്ള 14 സീറ്റിൽ 12 സീറ്റെങ്കിലും പിടിക്കുക എന്നതാണ് സിപിഎം ലക്ഷ്യം വെക്കുന്നത്. നേമവും അരിവുക്കരയും ഇടതുപട്ടികയിൽ ചേർക്കാമെന്നാണ് സിപിഎം ആലോചന. അതിന് വേണ്ടിയുള്ള കരുനീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതും. അതേസമയം കോവളം സീറ്റിലെ സ്ഥാനാർത്ഥിയെ കുറിച്ചുള്ള പ്രാഥമിക ചർച്ച ഇന്ന് ചേരുന്ന ജെ ഡി എസ് യോഗത്തിലുണ്ടാകും. ചിറയിൻകീഴ്, നെടുമങ്ങാട് സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് സിപിഐയിലും ഇന്ന് ചർച്ചകൾ ആരംഭിക്കും. തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കണമെന്നാവശ്യം സി പി എം ജില്ലാ നേതൃത്വം മുന്നോട്ട് വച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല. ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇവിടെ ആന്റണി രാജു പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

തലസ്ഥാന ജില്ല പിടിച്ചാൽ സംസ്ഥാന ഭരണം പിടിക്കാം എന്നാണ് ചരിത്രം. ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലയിലെ വോട്ടർമാരായതിനാൽ രാഷ്ട്രീയത്തിലെ അടവുമുറകൾ വോട്ടർമാർക്കിടയിൽ അത്ര വിലപ്പോകാത്ത ജില്ല കൂടിയാണിത്. വ്യക്തമായ രാഷ്ട്രീയ, സാഹചര്യവിശകലനത്തോടെയാണ് ഇവിടെ വിധിയെഴുത്ത്. 2016 ലെ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാലിലൂടെ കേരളത്തിലാദ്യമായി നേമം മണ്ഡലത്തിൽ താമര വിരിയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. ഇതര ജില്ലകളിൽനിന്ന് വന്ന വിവിധ ജനവിഭാഗങ്ങൾ ചേക്കേറി കൂടുകെട്ടിയ മണ്ണാണ് നഗരപ്രദേശത്തിന്റേതെന്നതിനാൽ പ്രവചനാതീതമാണ് രാഷ്ട്രീയക്കൂറ്. സാഹചര്യങ്ങൾക്കനുസരിച്ച് നഗരവോട്ടർമാരുടെ മുന്നണികൾക്കുള്ള പിന്തുണയും മാറിമറിയും. ഇടതിനു വലതിനും വളക്കൂറുള്ള മണ്ണാണ് മറ്റുള്ള പ്രദേശങ്ങൾ. നഗരത്തിന്റെ പലഭാഗങ്ങളിലും ബിജെപിക്കു സ്വാധീനമുണ്ട്. നിർണായക ശക്തിയായ തീരദേശമേഖല ഒരു ഭാഗത്ത് അതിരായി നീണ്ടുകിടക്കുമ്പോൾ മറുവശത്ത് കോട്ടകെട്ടി സഹ്യപർവതവും നിലകൊള്ളുന്നു.

ജില്ലയിൽ രണ്ട് ലോക്‌സഭാ മണ്ഡലങ്ങൾ ആറ്റിങ്ങലും തിരുവനന്തപുരവും. രണ്ടും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തുണച്ചത് യുഡിഎഫിനെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ 26 ജില്ലാ പഞ്ചായത്തു ഡിവിഷനുകളിൽ ആറെണ്ണം മാത്രമാണ് യുഡിഎഫിനു ലഭിച്ചത്. 11 ബ്ലോക്കിൽ പത്തിലും എൽഡിഎഫ് വിജയിച്ചു. ഗ്രാമപഞ്ചായത്തിൽ 637 വാർഡിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 402 വാർഡിൽ യുഡിഎഫ് വിജയിച്ചു. ബിജെപി വിജയിച്ചത് 194 വാർഡിൽ. മുനിസിപ്പാലിറ്റി സീറ്റുകൾ നോക്കിയാൽ എൽഡിഎഫ് 75, യുഡിഎഫ് 38, ബിജെപി 31. കോർപറേഷനിൽ എൽഡിഎഫ് 51, യുഡിഎഫ് 10, ബിജെപി 34 എന്നിങ്ങനെയാണ് രാഷ്ട്രീയ ബലാബലം.

തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണികൾക്കു കിട്ടിയ വോട്ടനുസരിച്ച് ജില്ലയിലെ 14 നിയമസഭാ മണ്ഡലത്തിൽ 12 എണ്ണവും എൽഡിഎഫിനൊപ്പമാണ്. നിയമസഭയിൽ യുഡിഎഫിനൊപ്പമുള്ള അരുവിക്കര, കോവളം, തിരുവനന്തപുരം മണ്ഡലങ്ങളിലും എൽഡിഎഫിനാണ് ലീഡ്. എൽഡിഎഫിന്റെ നെയ്യാറ്റിൻകര മണ്ഡലത്തിൽ യുഡിഎഫിനും. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 1546 വാർഡുകളിലെ പ്രകടനം അനുസരിച്ചുള്ള കണക്കാണിത്. നേമത്ത് എൽഡിഎഫ് രണ്ടാം സ്ഥാനത്താണ്. എന്നാൽ, മണ്ഡലത്തിലെ ബിജെപി ലീഡ് കുറഞ്ഞു. കഴക്കൂട്ടത്ത് രണ്ടാം സ്ഥാനം നിലനിർത്തിയതിനു പുറമേ വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തേക്കു കയറി. ബാക്കിയുള്ള 10 മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്തും.

ജില്ല പിടിച്ച് അധികാരത്തിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് പ്രചാരണത്തിനിറങ്ങുന്നത്. അടുത്തിടെ മത്സ്യബന്ധന മേഖലയിലുണ്ടായ വിവാദങ്ങൾ തീരദേശത്ത് നേട്ടമാകുമെന്നു പ്രതീക്ഷിക്കുന്നു. പതിവു മുഖങ്ങൾക്കു പകരം ജയസാധ്യതയുള്ളവരെയാണ് നേതൃത്വം തേടുന്നത്. വട്ടിയൂർക്കാവിൽ നെതർലൻഡ്‌സ് മുൻ അംബാസിഡർ വേണുരാജാമണിയുടേയും കഴക്കൂട്ടത്ത് ഓൾ ഇന്ത്യാ പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.എസ്.ലാലും പരിഗണിക്കുന്നവരിൽ ഉൾപ്പെടുന്നു.

നേമത്ത് വിജയിക്കാനായതിനു പിന്നാലെ കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും രണ്ടാം സ്ഥാനത്തെത്താനും നെടുമങ്ങാടും കാട്ടാക്കടയിലും 30,000ൽ അധികം വോട്ടു നേടാനും പാർട്ടിക്കു കഴിഞ്ഞതാണ് ആത്മവിശ്വാസം ഉറപ്പിക്കുന്നത്. നേമത്ത് ഒ.രാജഗോപാലിനു പകരം മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെയാണ് പരിഗണിക്കുന്നത്. കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ മത്സരിക്കുന്നില്ലെങ്കിൽ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ തന്നെ മത്സരിച്ചേക്കും. കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസും വട്ടിയൂർക്കാവിൽ വി.വി.രാജേഷും മത്സരിക്കാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP