Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആ പെൺകുട്ടി ഡിപ്രഷന് മരുന്ന് കഴിക്കേണ്ട അവസ്ഥയിൽ; വാളയാറിലേയും പാലത്തായിയിലേയും പോലെ കുട്ടികളെ ഇരയാക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടിൽ സിപിഎം ഉറച്ചു നിൽക്കുന്നു; പുകാസ നേതാവ് ഗോകുലേന്ദ്രനെതിരായ പോക്സോ ആരോപണത്തിൽ നടപടി എടുക്കാത്തതിനെ വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

ആ പെൺകുട്ടി ഡിപ്രഷന് മരുന്ന് കഴിക്കേണ്ട അവസ്ഥയിൽ; വാളയാറിലേയും പാലത്തായിയിലേയും പോലെ കുട്ടികളെ ഇരയാക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടിൽ സിപിഎം ഉറച്ചു നിൽക്കുന്നു; പുകാസ നേതാവ് ഗോകുലേന്ദ്രനെതിരായ പോക്സോ ആരോപണത്തിൽ നടപടി എടുക്കാത്തതിനെ വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എ ഗോകുലേന്ദ്രനെതിരെ പോക്സോ ആരോപണം ഉയർന്നിട്ടും നടപടി എടുക്കാൻ വൈകുന്നതിനെതിരെ കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ്. പെൺകുട്ടി തനിക്ക് നേരെയുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിട്ടും കുറ്റവാളിയെ അന്വേഷണാർത്ഥം സ്ഥാനത്ത് നിന്ന് മാറ്റിനിർത്താൻ പോലും സിപിഎമ്മോ, അതിന്റെ സാംസ്‌കാരിക സംഘടനയായ പുകാസയൊ തുനിഞ്ഞിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

വാളയാറിലേയും പാലത്തായിയിലേയും പോലെ കുട്ടികളെ ഇരയാക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടിൽ സിപിഎം ഉറച്ചു നിൽക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് ശേഷം ഇടതു സൈബർ ലോകം പുലർത്തുന്ന കുറ്റകരമായ മൗനമെന്നും കൊടിക്കുന്നിൽകുറ്റപ്പെടുത്തി.

കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം;

'എനിക്കോ എന്റെ വീട്ടുകാർക്കോ എന്തെങ്കിലും വിധത്തിലുള്ള ഉപദ്രവം ഉണ്ടായാൽ അതിന് ഗോകുലേന്ദ്രനും സിപിഎമ്മും (അയാളെ സംരക്ഷിക്കുന്നിടത്തോളം) ഉത്തരവാദി ആയിരിക്കും' കഴിഞ്ഞ ദിവസം ഒരു ദളിത് പെൺകുട്ടി ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റിലെ അവസാന വരികളാണിത്. ആ പെൺകുട്ടി പുകസ സംസ്ഥാന വൈസ് പ്രസിഡണ്ട് എ. ഗോകുലെന്ദ്രനിൽ നിന്ന് കുട്ടിക്കാലം മുതൽ തനിക്ക് നേരെയുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു. അവർ അത് ചെറുപ്പം മുതൽ പലരോടും പറഞ്ഞിരുന്നു എന്നും, അതേ അനുഭവം ഉള്ള പലകുട്ടികളും തന്നോട് ഗോകുലെന്ദ്രനിൽ നിന്നുണ്ടായ സമാന അനുഭവം പങ്കുവെച്ചിട്ടുണ്ടെന്നും പെൺകുട്ടി എഴുതുന്നു. പതിനാല് വയസ്സിൽ തന്റെ കവിത സമാഹാരം പുറത്തിറക്കിയ ആ കുട്ടി ഈ അനുഭവത്തിന് ശേഷം വേദികളിൽ നിന്നും, സാഹിത്യ ലോകത്ത് നിന്നും പിൻവലിഞ്ഞ് ഡിപ്രഷന് മരുന്ന് കഴിക്കേണ്ട അവസ്ഥയിൽ വരെയെത്തി.

ആ പെൺകുട്ടിയെ പോലുള്ള ഒരുപാട് കുട്ടികൾക്ക് ഇടതുപക്ഷ സാംസ്‌കാരിക ഇടങ്ങളിൽ നിന്ന് ഇതേ ചൂഷണ അനുഭവങ്ങൾ ഉണ്ട്. ത്രീവ്രത കുറഞ്ഞ പീഡനങ്ങൾ എന്നൊക്കെ പാർട്ടി കോടതികളിൽ തീർപ്പുണ്ടാക്കി പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരുന്നതിന് പാർട്ടി തന്നെ വിലങ്ങുതടിയകാറാണ് പതിവ്. പെൺകുട്ടി ഇത് തുറന്നു പറഞ്ഞതിന് ശേഷവും കുറ്റവാളിയെ അന്വേഷണാർത്ഥം സ്ഥാനത്ത് നിന്ന് മാറ്റിനിർത്താൻ പോലും സിപിഎമ്മോ, അതിന്റെ സാംസ്‌കാരിക സംഘടനയായ പുകാസയൊ തുനിഞ്ഞിട്ടില്ല.

വാളയാറിലേയും പാലത്തായിയിലേയും പോലെ കുട്ടികളെ ഇരയാക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടിൽ സിപിഎം ഉറച്ചു നിൽക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ വെളിപ്പെടുത്തലിന് ശേഷം ഇടതു സൈബർ ലോകം പുലർത്തുന്ന കുറ്റകരമായ മൗനം. സമൂഹത്തിലെ സ്ത്രീകളും കുട്ടികളും നേരിടുന്ന ഇത്തരം അതിക്രമങ്ങളിൽ പ്രതികൾ എത്ര ഉന്നതരായാലും അവർ പിടിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവേണ്ടത്. അതിനു വേണ്ടി സൈബറിടവും പൊതു സമൂഹവും ഇരയുടെ കൂടെ നിൽക്കേണ്ടതുണ്ട്.

പത്തനംതിട്ട സ്വദേശിനിയായ യുവ കലാകാരിയാണ് പതിനാലാം വയസിൽ പു.ക.സ വൈസ് പ്രസിഡന്റും ബുക്ക്മാർക്ക് ഭാരവാഹിയുമായ എ ഗോകുലേന്ദ്രനിൽ നിന്നും നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞും ഫേസ്പുക്കിൽ പോസ്റ്റിട്ടിരുന്നത്. ചെറുപ്രായത്തിൽ തന്നെ കവിതയുടെയും എഴുത്തിന്റെയും ലോകത്ത് വിഹരിക്കേണ്ട പെൺകുട്ടി ഇത്രയും നാൾ ഭീതിയും അപമാനവും കാരണം ഉൾവലിഞ്ഞ് ജീവിക്കുകയായിരുന്നു എന്നാണ് അനുഭവം വ്യക്തമാക്കുന്നത്.

അന്നത്തെ ആ ദുരനുഭവം മൂലം താൻ ഇന്നു വരെ ജീവിതത്തിൽ നേരിട്ട ഡിപ്രഷനും ട്രോമയും നഷ്ടങ്ങളും ഭയവും പെൺകുട്ടി വിശദീകരിക്കുന്നു. താൻ നേരിട്ട വലിയ മാനസിക സമ്മർദത്തിന്റെ ആഴം മൂലമാണ് ഇതുവരെ ഇക്കാര്യം പറയാതിരുന്നതെന്നും പെൺകുട്ടി പറയുന്നു. പുരോഗമനം പറഞ്ഞു നടക്കുന്ന ഒരു വൃത്തികെട്ട മനുഷ്യനെ കുറിച്ചാണ് തനിക്ക് പറയാനുള്ളതെന്ന് വ്യക്തമാക്കിയാണ് തന്റെ അനുഭവം ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയത്. 'ലോൺ ബേഡ്' എന്ന ഐഡിയിൽ നിന്നാണ് കുറിപ്പ്.

2018ലാണ് ആദ്യ സംഭവം. ലൈബ്രറി കൗൺസിലിന്റെയും പു.ക.സ യുടെയും സാഹിത്യ അക്കാദമിയുടെയും എല്ലാം ക്യാംപുകളിൽ സജീവമായി പങ്കെടുത്തിരുന്ന സമയമായിരുന്നു അതെന്ന് പെൺകുട്ടി പറയുന്നു. അതിനു ശേഷം വളരെ പെട്ടെന്നു തന്നെ വേദികളിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. പലരും അതിന് പല വ്യാഖ്യാനങ്ങളുമായി വന്നു. എന്നൽ ഒരു കൊച്ചു പെൺകുട്ടി എന്തുകൊണ്ട് വേദികളെ ഭയക്കുന്നുവെന്ന് ആരും ഒരിക്കലും ചോദിച്ചിരുന്നില്ലെന്നും കുറിപ്പിൽ പറയുന്നു.

'ചുറ്റുമുള്ളവർ കുത്തുവാക്കുകൾ കൊണ്ട് നോവിക്കുമ്പോഴും അതിലും വലിയ വേദനയിൽ കുടുങ്ങിക്കിക്കുകയായിരുന്നു താൻ. ആ മനുഷ്യന്റെ പേര് പറയുമ്പോഴോ അയാളുടെ മുഖം കാണുമ്പോഴോ ഓർക്കുമ്പോഴോ ഒക്കെ അറപ്പാണ്. അതിനേക്കാളുപരി താൻ ഭയചകിതയാവാറുണ്ട്. ഒന്നും ചെയ്യാനാവാതെ തളർന്നു പോവാറുണ്ട്'

'അച്ഛൻ മരിച്ചതിനു ശേഷമുള്ള സമയമാണ് തനിക്കിയാളിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്. അമ്പലപ്പുഴയിൽ നടന്ന ക്യാംപിൽ താൻ ഒരു സുഹൃത്തുമായാണ് പോയത്. അമ്മയും അനിയത്തിയും തങ്ങളെ കൊണ്ടാക്കി. അന്ന് കൈയിൽ ഫോൺ ഇല്ലാത്ത സമയമാണ്. അതു കൊണ്ട് തിരിച്ചു പോരാൻ സമയം അമ്മ വരുമോ എന്ന് ഉറപ്പില്ലാതെ നിൽക്കുകയാണ് ഞങ്ങൾ. ഞങ്ങൾ പോവുന്ന വണ്ടിയിൽ സ്ഥലമുണ്ട്, നീ വന്നോളൂ, പക്ഷേ നിന്റെ ഫ്രണ്ട് വണ്ടി കയറി വന്നോളൂമെന്ന് അയാൾ പറഞ്ഞു. ഞങ്ങൾ ഒരുമിച്ചാണ് വന്നത് അതുകൊണ്ട് ഞങ്ങൾ ഒരുമിച്ചേ പോകൂ എന്ന് താൻ മറുപടി പറഞ്ഞു'.

'അന്ന് മുതൽ എനിക്കയാളെ പേടിയാണ്. സ്നേഹമോ വാത്സല്യമോ ഒക്കെ ആക്കി തോളിൽ കൈയിടുന്ന അയാളെ ഞാൻ ഭയക്കാൻ തുടങ്ങി. അയാളുടെ ഇടപെടലിൽ പേടിക്കാനുണ്ട് എന്ന് ഞാൻ മനസിലാക്കി. അതിന് മറ്റ് രണ്ട് കാരണം കൂടി ഉണ്ടായിരുന്നു. ഒന്ന് മറ്റൊരു ക്യാംപിൽ വച്ച് എനിക്ക് രണ്ട് പ്രിയപ്പെട്ട ചേച്ചിമാർ ഇയാളെ പറ്റി അടക്കം പറയുന്നത് ഞാൻ കേട്ടിരുന്നു. ഞാൻ വന്നപ്പോൾ അവർ സംസാരം നിർത്തിയിരുന്നു. എങ്കിലും ഇയാളെ പറ്റിയാണ് സംസാരം എന്ന് എനിക്ക് മനസിലായി. കുട്ടിയാണെങ്കിലും എനിക്കൂഹിക്കാമായിരുന്നു. മറ്റൊന്ന് ഒരു യാത്രയിൽ എന്റെ അടുത്താണ് ഇയാളിരുന്നത്'.

'കൈ അധികമായി എന്റെ ശരീരത്തിലേക്ക് ആയുന്നത് പോലെ എനിക്കാനുഭവപ്പെട്ടു. എല്ലാവരും തിങ്ങിയാനണിരുന്നത് എങ്കിലും മറ്റൊരാളുടെ ശരീരത്തിലേക്ക് കൈ വീഴുന്നതിൽ ഒരു സങ്കോചവും ഇല്ലാതെ ആണ് അയാളിരുന്നത്. കൈയിലിരുന്ന ഫയൽ കൊണ്ട് ഞാൻ അയാളെ തടുത്തു. മറ്റൊരു അവസരത്തിൽ ഒരു കവിത ചൊല്ലിയപ്പോൾ 'വിലപ്പെട്ടതെല്ലാം കവർന്നിട്ടും അവരെന്റെ ഹൃദയത്തെ ഉപേക്ഷിച്ചു' എന്നൊരു വരിയുണ്ടായിരുന്നു. വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടോ എന്നയാൾ ചോദിച്ചു. അന്ന് എനിക്കതിന്റെ അർഥം മനസിലായിരുന്നില്ല'.

'പിന്നീട് പുസ്തക മേള നടക്കുന്ന സമയം... ആ സംഭവത്തിന് ശേഷം എനിക്ക് നല്ല ഭയമുണ്ടായിരുന്നു. എങ്കിലും എനിക്ക് പിതൃതുല്യനായ ഭദ്രൻ സാറിനെ കാണാൻ ഞാൻ പോയി. അന്നിയാൾ എന്റെ അടുത്ത് വന്ന് സാറാ ജോസഫിനെ പറ്റി പറയാൻ തുടങ്ങി. സ്ത്രീ ശരീരങ്ങളെ പറ്റി സ്ത്രീകൾ എഴുതാൻ മടിക്കുന്നു എന്നും മുല എന്നെഴുതാൻ സ്ത്രീകൾക്ക് മടിയാണെന്നും, സെക്സ് ഒരു പാപമല്ല, കുഞ്ഞായിരുന്നപ്പോൾ ഇയാൾ ഒരു കന്യസ്ത്രീയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, അതിലൊന്നും ഒരു ആസ്വഭാവികത ഇല്ലായെന്നും പറഞ്ഞു'.

'ആൾക്കൂട്ടത്തിന് നടുവിൽ വച്ച് എന്റെ അടുത്ത് വന്നു ശബ്ദം താഴ്‌ത്തിയാണ് ഇയാൾ ഇത് പറഞ്ഞത്. എന്റെ കണ്ണെത്തുന്ന ദൂരത്തു എല്ലാവരുമുണ്ടായിരുന്നു. എനിക്കൊന്നും ചെയ്യാനായില്ല. എനിക്ക് കരച്ചിൽ വന്നു. ആരോടും പറയാൻ ധൈര്യമുണ്ടായിരുന്നില്ല. നാണക്കേടും ഭയവും ആയിരുന്നു. ഞാൻ തുറന്ന് പറഞ്ഞിരുന്നെങ്കിൽ കൂടി ആരും എന്നെ സപ്പോർട്ട് ചെയ്യില്ല എന്ന് ഞാൻ ഭയന്നു. അത് ഭയമായിട്ടല്ല ഒരു വിശ്വാസമായി ഇപ്പോഴുമുണ്ട്. പിന്നീട് ഞാൻ പല ക്യാംപുകളിലും പോകാതെയായി'.

'എല്ലാവരും അഹങ്കാരം ആണെന്ന് പറഞ്ഞു. അങ്ങനെ ഒരിക്കൽ കൂടെ എനിക്കിയാളുടെ അടുത്ത് പോവേണ്ടി വന്നു. ഇയാളുടെ പുസ്തക കടയിൽ. ഉദ്ഘാടനം മുതൽ ഇയാൾ ക്ഷണിക്കുകയാണ്. പക്ഷേ ഭയം കാരണം ഞാൻ മാറി നിന്നു. ഒടുവിൽ എല്ലാവരും എന്നെ നിർബന്ധിച്ചു പറഞ്ഞു വിട്ടു. ആരോടും തുറന്ന് പറയാൻ നാണക്കേട് കാരണം കഴിഞ്ഞില്ല. ഒറ്റയ്ക്ക് പോവാൻ പേടിയായതിനാൽ ഞാൻ അനിയത്തിയെയും കൂട്ടിയാണ് പോയത്.

അന്നും ഇയാൾ എന്റെ അടുത്ത് വന്നു പറഞ്ഞു- നിന്റെ അനിയത്തി ഇവിടെ ഉണ്ടായിപ്പോയി, അല്ലെങ്കിൽ നിനക്കിവിടുത്തെ സെക്സ് റിലേറ്റഡ് പുസ്തകങ്ങൾ ഞാൻ തന്ന് വിടാമായിരുന്നു എന്ന് പറഞ്ഞു. ഞാൻ തിടുക്കം കൂട്ടി അനിയത്തിയേം കൊണ്ട് പോന്നു. അന്ന് ഞാനൊരുപാട് കരഞ്ഞു. ആരെങ്കിലും എന്നെ മനസിലാക്കുമൊന്ന് ഭയന്ന്. എങ്ങനെ പറയുമെന്ന് അറിയാതെ. ആരെങ്കിലും വിശ്വസിക്കുമോ എന്നറിയാതെ. പിന്നീട് ആരൊക്കെ നിർബന്ധിച്ചിട്ടും ഞാൻ പൊതു വേദികളിൽ ഒഴിവാക്കി- പെൺകുട്ടി പറയുന്നു'.

'ഞാൻ എന്നെയും എന്റെ എഴുത്തിനെയും വെറുത്തു പോയി. ഞാൻ എഴുതാതെയായി. അതിനേക്കാളെല്ലാം എന്നെ അസ്വസ്ഥതപ്പെടുത്തിയത് ആ ഓർമകൾ ആണ്. ആരോ പതിയിരുന്നു സംസാരിക്കുന്നതു പോലെ. ആൾക്കൂട്ടങ്ങളിൽ ബസ് സ്റ്റാൻഡിൽ ഒക്കെ ഇയാളെ കാണുമോ എന്ന് ഞാൻ ഭയന്നു. പുറം ലോകം ഏറെക്കുറെ പൂർണമായും ഞാൻ ഉപേക്ഷിച്ചു. എനിക്ക് ചുറ്റും ഭയം മാത്രം. എനിക്ക് ചുറ്റുമുള്ള ഓരോ ആണുങ്ങളെയും ഞാൻ പേടിച്ചു തുടങ്ങി. അറപ്പ് തോന്നി തുടങ്ങി. ഇതൊക്കെ ഓരോ ദിവസവും കൂടി വന്നു- പെൺകുട്ടി കുറിക്കുന്നു'.

'കുറച്ച് അധിക നേരം ആരെങ്കിലും സംസാരിച്ചാൽ എനിക്ക് പേടിയാണ്. മോശമായിട്ട് ഇടപെടുമോ എന്ന്. ആരെങ്കിലും വയലൻസ് നേരിട്ട് എന്നറിഞ്ഞാൽ ഞാൻ എല്ലാമുപേക്ഷിച്ചു മുറിയടച്ചിരിക്കും ഇപ്പോഴും. പേടികൾ ഓരോ ദിവസവും കൂടി വന്നു. അത്തരം വാർത്തകൾ കേൾക്കുമ്പോൾ ഞാൻ മുഴു ഭ്രാന്തി ആവാറുണ്ട്. ഇത്ര നാളും എന്തുകൊണ്ട് പറഞ്ഞില്ല എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇപ്പോഴാണ് എനിക്കതിനു പറ്റുന്നത്. വൈകാരികമായി പ്രാപ്തയായതുകൊണ്ടല്ല. താങ്ങി നിർത്താൻ കുറച്ച് മനുഷ്യർ ഉറപ്പായും കാണും എന്ന് വിശ്വാസമുള്ളതുകൊണ്ടാണ്. ഒറ്റയ്ക്കല്ല നീയെന്നു പറയാൻ ആരെങ്കിലും ഉള്ളതുകൊണ്ടാണ്'- കൂട്ടിച്ചേർക്കുന്നു.

പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ വലിയ വിമർശനമാണ് ഗോകുലേന്ദ്രനെതിരെ ഉയരുന്നത്. ഇടതുപക്ഷ പുരോഗമനവാദിയെന്ന് അവകാശപ്പെടുകയും പുകസയുടെ സംസ്ഥാന ഭാരവാഹിത്വം വഹിക്കുകയും ചെയ്യുന്നൊരാളുടെ തനി നിറം പുറത്തുവന്നു എന്ന് നിരവധി പേർ ചൂണ്ടിക്കാട്ടുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP