Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസിൽ ജോലി കിട്ടാൻ സെക്രട്ടേറിയറ്റിന് മുന്നിൽ തലകുത്തി നിന്ന് സമരം; ജോലി കിട്ടി കൊടുങ്ങല്ലൂരിൽ തൊഴാൻ പോയപ്പോൾ പീസിയടിച്ച് തുലാഭാരം നടത്തിയെന്ന ആരോപണം കേട്ട് കരഞ്ഞുപോയ സംഭവം; സ്റ്റേഷനിൽ എത്തുന്നവർക്ക് ഭക്ഷണം ഒരുക്കിയതിന് ഇപ്പോൾ ഡിസിപി ഐശ്വര്യ ഡോങ്രയുടെ സസപെൻഷനും; സിപിഒ പി.എസ്.രഘുവിന്റെ പോരാട്ട കഥ

പൊലീസിൽ ജോലി കിട്ടാൻ സെക്രട്ടേറിയറ്റിന് മുന്നിൽ തലകുത്തി നിന്ന് സമരം; ജോലി കിട്ടി കൊടുങ്ങല്ലൂരിൽ തൊഴാൻ പോയപ്പോൾ പീസിയടിച്ച് തുലാഭാരം നടത്തിയെന്ന ആരോപണം കേട്ട് കരഞ്ഞുപോയ സംഭവം;  സ്റ്റേഷനിൽ എത്തുന്നവർക്ക് ഭക്ഷണം ഒരുക്കിയതിന് ഇപ്പോൾ ഡിസിപി ഐശ്വര്യ ഡോങ്രയുടെ സസപെൻഷനും; സിപിഒ പി.എസ്.രഘുവിന്റെ പോരാട്ട കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിൽ 'അക്ഷയപാത്രം' എന്ന പേരിൽ സ്റ്റേഷനിലെത്തുന്നവർക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തത് തിങ്കളാഴ്ച വാർത്ത ആയിരുന്നു. പൊലീസിൽ അച്ചടക്കം കാക്കേണ്ടത് അത്യാവശ്യമെങ്കിലും ഉപകാരം ചെയ്യുന്നവനെ ഉപദ്രവിക്കാമോ എന്നാണ് സോഷ്യൽ മീഡിയയിൽ ഭൂരിപക്ഷം പേരും ചോദിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും മാധ്യമങ്ങളോട് സംസാരിച്ചെന്നും കാട്ടിയാണ് സിപിഒ പി.എസ്.രഘുവിന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്ര സസ്‌പെൻഷൻ അടിച്ചുവിട്ടത്. സംഭവം പൊലീസുകാർക്കിടയിൽ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.

ഫെബ്രുവരി 17നാണ് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ചായയും ബിസ്‌ക്കറ്റും ബ്രഡ്ഡും നൽകുന്ന സംവിധാനം നടപ്പിലാക്കിയത്. വലിയ ചടങ്ങായി ഉദ്ഘാടനം നടത്താതെ അന്നേ ദിവസം സംവിധാനം പ്രവർത്തന സജ്ജമാക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകർ വാർത്ത നൽകിയതോടെ സംസ്ഥാനമൊട്ടാകെ കളമശ്ശേരി പൊലീസിനെ അഭിനന്ദിച്ചു. ഡി.ജി.പി ഓപീസിൽ നിന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറേറ്റിൽ അഭിനന്ദന സന്ദേശം എത്തി. ഇതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ ലഭിച്ചത്. പൊലീസ് കമ്മീഷ്ണറേറ്റിൽ അറിയിക്കാതെ ഉദ്ഘാടനം നടത്തിയതിനും മാധ്യമങ്ങളിൽ വാർത്തയായതുമാണ് കാരണം. ഡിസിപിയുടെ നടപടി വിവാദമായതോടെ പലരും രഘുവിനെ കുറിച്ചുള്ള അന്വേഷണമായി. പി.എസ്.രഘു പൊലീസുകാരനായത് വലിയൊരു പോരാട്ടത്തിലൂടെയാണ്.

സെക്രട്ടേറിയറ്റിന് മുന്നിൽ തല കുത്തി നിന്ന് സമരം

പറവൂർ സ്വദേശിയാണ് പി.എസ്.രഘു. ഇന്നത്തെ പിഎസ്‌സി റാങ്ക് ഹോൾഡർമാരുടെ സമരം പോലെ രഘുവിനും ഉണ്ട് ഓർമയിൽ ഒരുസമരകാലം. എറണാകുളം ജില്ലയിലെ പൊലീസ് കോൺസ്റ്റബിൾ നിയമനം വേഗത്തിലാക്കുക, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യുഡിഎഫ് ഭരണകാലത്ത് സെക്രട്ടേറിയറ്റ് നടയിൽ നിരാഹാര സമരം നടത്തിയത്.

അന്ന് മൂന്നും നാലും വയസുള്ള മക്കളോടൊപ്പം സമരത്തിനെത്തിയ രഘു സെക്രട്ടേറിയറ്റിന് മുന്നിലെ റോഡിൽ തലകുത്തി നിന്നാണ് സമരം നടത്തിയത്. പൊരിവെയിലിൽ തലകുത്തി നിന്ന് സമരം ചെയ്യുന്ന അച്ഛന്റെ വിയർപ്പ് മക്കൾ തുടച്ചുമാറ്റുന്ന രംഗം കണ്ടുനിന്നവരെ കരയിക്കാൻ പോന്നതായിരുന്നു. സമരം രൂക്ഷമായതോടെ റാങ്ക് ലിസ്റ്റിലെ 95 പേർക്കും ഉമ്മൻ ചാണ്ടി സർക്കാർ നിയമന ഉത്തരവ് ഇറക്കി. അങ്ങനെ സമരം ചെയ്ത് നേടിയ പൊലീസ് ജോലി കഷ്ടതകൾ അനുഭവിക്കുന്നവരെ സഹായിക്കാൻ വേണ്ടി കൂടി വിനിയോഗിക്കാൻ രഘു തീരുമാനിച്ചത് അന്നാവണം. തലകുത്തി നിന്ന് സമരം ചെയ്തു..തലയിൽ പൊലീസ് തൊപ്പ് നേടി എന്നൊക്കെയായിരുന്നു 2006 നവംബറിലെ വാർത്താ തലക്കെട്ടുകൾ

സദ്പ്രവൃത്തികൾ ചെയ്യുന്ന പതിവുണ്ടെങ്കിലും പലപ്പോഴും വലിയ പാരകൾ രഘുവിനെ തേടിയെത്തിയിട്ടുണ്ട്. ഒപ്പം മേലുദ്യോഗസ്ഥരുടെ സ്‌നേഹവും ആവോളം കിട്ടി. അത്തരമൊരു കഥ രഘുവിന്റെ വാക്കുകളിൽ തന്നെ വായിക്കാം.

കൊടുങ്ങല്ലൂരിലെ തുലാഭാരവും കണ്ണീരും

'പൊലീസുകാരൻ പീസിയടിച്ച് ബസിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്, പക്ഷെ അമ്പലത്തിൽ തുലാഭാരം നടത്തിയ കഥ കേട്ടിട്ടുണ്ടോ, പറയാം' ഈ കഥയിലെ കഥാപാത്രം ഞാൻ തന്നെ, പരിശീലനം കഴിഞ്ഞ ശേഷം ആദ്യത്തെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിലെ ഡ്യൂട്ടിയിലാണ് സംഭവം നടന്നത്., ഞാൻ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം കിട്ടാതായപ്പോൾ, ലിസ്റ്റിന്റെ കാലാവധി കഴിയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഞാൻ മനസ്സിൽ നിശ്ചയദാർഡ്യത്തോടെ എന്റെ നാലും രണ്ടരയും വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങളുമായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ പന്തല് കെട്ടി സമരം കിടക്കുന്ന സമയത്ത് ,എന്റെ അമ്മയും ഭാര്യ സൗമ്യയും എനിക്ക് ജോലി കിട്ടാൻ ക്ഷേത്രങ്ങളിലേക്കും, പള്ളികളിലേക്കും വഴിപാടുകൾ നേർന്നു, വഴിപാടുകളുടെ ശക്തി കൊണ്ടോ, അവരുടെ മനമുരുകിയുള്ള പ്രാർത്ഥന കൊണ്ടോ സർക്കാർ എന്റെ നമ്പർ വരെയുള്ളവർക്ക് നിയമനം നൽകാൻ ക്യാബിനറ്റ് കൂടി വേക്കൻസി ക്രിയേഷൻ നടത്തി ലിസ്റ്റ് കാലാവധി പൂർത്തിയാക്കുന്ന ദിവസം ജടഇ യിൽ ഒഴിവ് റിപ്പോർട്ട് ചെയ്തു, അങ്ങനെ ഞാനും എന്റെ നമ്പറിന്റെ മുന്നിലുള്ളവരും പൊലീസുകാരായി.

കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ എന്റെ അമ്മ ഒരു സ്വർണ്ണമാലയും ,അരമണിയും, തുലാഭാരവും നേർന്നിരുന്നു, ക്ഷേത്ര ഡ്യൂട്ടിയിലാണെന്ന് അറിഞ്ഞപ്പോൾ അമ്മ വഴിപാട് നടത്താൻ പറഞ്ഞു, അമ്മ തന്ന സ്വർണ്ണമാലയും, അര മണിക്കും തുലാഭാരത്തിനുമായി ചെലവ് പ്രതീക്ഷിക്കുന്ന 3500 രൂപയുമായി ക്ഷേത്രത്തിലെത്തി, അരമണിയും സ്വർണ്ണകാശ് മാലയും സമർപ്പിച്ചു, തുലാഭാരം നടത്തി കഴിഞ്ഞപ്പോൾ കൈയിൽ 150 രുപ കുറവ്, ഞാൻ ക്ഷേത്രജീവനക്കാരോട് വിവരം പറഞ്ഞു 'ഞാൻ ഇവിടെ ഡ്യൂട്ടിയിലുള്ള പൊലീസുകാരനാണ്, താമസിക്കുന്ന റൂമിൽ പോയി പൈസ എടുത്തുകൊണ്ടുവന്ന് തരാം എന്ന് പറഞ്ഞു ' അവർ സമ്മതിച്ചു,

കൊടുങ്ങല്ലൂർ സ്റ്റേഷൻകാർ ക്യാമ്പിൽ നിന്ന് വന്ന ഞങ്ങൾക്ക് ടൗൺ ഹാളിലാണ് താമസം ഒരുക്കിയിരുന്നത്, അവിടെ ചെന്ന് അല്പം വിശ്രമിച്ച ശേഷം സഹപ്രവർത്തകൻ രാജേന്ദ്രന്റെ കൈയിൽ നിന്നും 150 രുപ കടം വാങ്ങി ക്ഷേത്രത്തിലെത്തി കൗണ്ടറിൽ ചെന്നപ്പോൾ ആദ്യം ഉണ്ടായിരുന്ന സ്റ്റാഫ് ഡ്യൂട്ടി കഴിഞ്ഞ് പോയിരുന്നു, പുതിയ ഡ്യൂട്ടിക്കാരോട് വിവരം പറഞ്ഞ് പണം നൽകി, ഇതിനിടയിൽ മറ്റൊരു കാര്യം സംഭവിച്ചിരുന്നു - ഡൂട്ടി ഇറങ്ങിയ ദേവസ്വം സ്റ്റാഫ് അവിടെ തയ്യാറാക്കിയിരുന്ന താല്കാലിക പൊലീസ് കൺട്രോൾ റൂമിൽ ചെന്ന് എന്നെ തിരക്കി, കാര്യം തിരക്കിയ പൊലീസുകാരോട് തുലാഭാരത്തിന്റെ പൈസ കിട്ടാനുണ്ടെന്ന് മറ്റ് വിശദീകരണങ്ങളില്ലാതെ പറഞ്ഞു.

ഇത് കേട്ടപാതി കേൾക്കാത്തപാതി വയർലെസ് സന്ദേശത്തിനേക്കാൾ വേഗത്തിൽ വിവരം പലയിടത്തേക്കും പാഞ്ഞു ' 6274 രഘു ജട' പീസിയടിച്ച് തുലാഭാരം നടത്തി പൊലീസ് ഡിപ്പാർട്ട്‌മെന്റിന് നാണക്കേടുണ്ടാക്കി '(പൊലീസിൽ ഇങ്ങനെയാണ് ഇത്തരം കാര്യങ്ങൾ പെട്ടന്ന് സാറ്റ് ലൈറ്റ് സംവിധാനം വഴി കൈമാറും) ' പിന്നെ പറയേണ്ടല്ലോ , എന്റെ ഫോൺ നിർത്താതെ ബെല്ലടിക്കാൻ തുടങ്ങി , വിവരമറിഞ്ഞ് ഡെപ്യൂട്ടി കമാണ്ടന്റ് എന്നെ വിളിപ്പിച്ചു .ഞാൻ രസീത് സഹിതം സകല കാര്യങ്ങളും ബോധ്യപ്പെടുത്തി, എന്റെ കണ്ണ് നിറഞ്ഞ് തുളുമ്പി നെയിം പ്ലേറ്റിലെ എന്റെ പേര് നനഞ്ഞു. മനസ്സിൽ ഞാൻ കൊടുങ്ങല്ലൂരമ്മയെ വിളിച്ചു.

DCP അൺവിൻ ആന്റണി സർ ചെയറിൽ നിന്ന് എണിറ്റ് വന്ന് എന്നെ കെട്ടിപ്പിടിച്ചു, എന്റെ തോളിൽ തട്ടിയിട്ട് ആശ്വസിപ്പിച്ചിട്ട് പറഞ്ഞു, ഇത് നിന്റെ ആദ്യത്തെ അനുഭവമല്ലെ... അതുകൊണ്ടാണ് ഞാൻ എത്രയോ അനുഭവിച്ചിരിക്കുന്നു. ഞാൻ ആ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളും നിറഞ്ഞിരുന്നു... ആ നല്ല മനുഷ്യൻ സ്ഥലം മാറി പോകുന്നത് വരെ എനിക്ക് ആ സ്‌നേഹവും ധൈര്യവും നൽകിയിരുന്നു, എന്റെ അമ്മയും ഭാര്യ സൗമ്യയും ആറ് പവൻ സ്വർണ്ണവും നിരവധി മറ്റ് വഴിപാടുകളും നടത്തി,,, ദൈവാനുഗ്രഹം ഇന്നും കൂടെയുണ്ട്. അവരുടെ പ്രാർത്ഥനയും.. അങ്ങനെ കേരള പൊലീസിൽ പീസിയടിച്ച് തുലാഭാരം നടത്തിയ ആദ്യത്തെയും അവസാനത്തെയും പൊലീസുകാരൻ ഞാനാണ്. ഇന്ന് തമാശ തോന്നുന്നു എങ്കിലും അന്ന് ഞാൻ സഹിച്ച അപമാനം കൊടുങ്ങല്ലൂരമ്മക്ക് മാത്രമേ അറിയാവൂ... '

ഇരുപതിലധികം ഗുഡ് സർവീസ് എൻട്രികൾ

ഇരുപതിലധികം ഗുഡ് സർവീസ് എൻട്രികൾ കിട്ടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് പി.എസ്.രഘു. ലോക്ക് ഡൗൺ സമയത്ത് വിശക്കുന്നവർക്ക് 24 മണിക്കൂറും ഭക്ഷണം ലഭിക്കും ' എന്നൊരു ബോർഡ് ഈ പൊലീസ് സ്റ്റേഷന് മുന്നിൽ തൂക്കിയിരുന്നു. ദിവസം ആയിരത്തോളം പേർക്കാണ് കളമശ്ശേരി ജനമൈത്രി പൊലീസ് വിശപ്പകറ്റിയിരുന്നത്.. 'മനുഷ്യർക്കും മാത്രമല്ല മൃഗങ്ങൾക്കും. വയറ് നിറയെ ഭക്ഷണം കൊടുത്തിരുന്നു. മുഴുവൻ തെരുവുനായകൾക്കും ഭക്ഷണം എത്തിച്ച് കൊടുത്തിരുന്നു.

ലോക്ഡൗൺ കാലത്താണ് കളമശേരി പൊലീസ് മിണ്ടാപ്രാണികൾക്ക് സഹായവുമായെത്തിയത്. ഹോട്ടലുകളും വ്യാപാരശാലകളുമില്ലാതെ തെരുവിൽ വിശന്നുവലഞ്ഞ നായകളെ പൊലീസിന്റെ കരുതൽ തുണച്ചു. കാക്കിക്കുള്ളിൽ ഇങ്ങനെയും ഒരു മനസുണ്ടെന്ന് മലയാളിയെ കാണിച്ചുതന്നു. പിടിപ്പതു പണിയുടെ ഇടയിലാണ് പൊലീസ് കരുണയുടെ കൈ നീട്ടിയത്. രഘു തന്നെയാണ് തെരുവു നായ്ക്കൾക്ക് ഭക്ഷണം നൽകാൻ സ്വന്തം കാറുമെടുത്ത് ഇറങ്ങിയത്. കലൂർ ബസ്റ്റാൻഡ്, മണപ്പാട്ടിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവു നായ്ക്കൾക്കുള്ള ഭക്ഷണവുമായി അന്ന് രഘുവെത്തി.

പഴ്‌സ് നഷ്ടപ്പെട്ട ഫ്രഞ്ച് യുവതിക്ക് സഹായം

കോവിഡ് കാലത്ത് നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തുവെച്ച് രാത്രി പണമടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടതോടെയാണ് ഫ്രഞ്ച് യുവതിയുടെയും കുഞ്ഞിന്റെയും കഷ്ടകാലം തുടങ്ങുന്നത്. കൊറോണ ബാധിതരാണെന്ന് നാട്ടുകാർ തെറ്റിദ്ധരിക്കുകകൂടി ചെയ്തതോടെ അവർ ഒറ്റപ്പെട്ടു. ഫ്രഞ്ച് യുവതി ഡെസ്മാസൂർ ഫ്ളൂറിനും മകൻ മൂന്നുവയസ്സുള്ള താവോയുമാണ് പണം നഷ്ടപ്പെട്ട് നഗരത്തിൽ കുടുങ്ങിയത്.

എറണാകുളം മെഡിക്കൽ കോളേജിന്റെ പരിസരത്തുനിന്നാണ് അവരെ കളമശ്ശേരി പൊലീസ് കണ്ടെത്തുന്നത്. സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.എസ്.രഘു ആദ്യം ഇവർക്ക് ഭക്ഷണം വാങ്ങിനൽകി. പിന്നീട് ഫ്രഞ്ച് എംബസിയെ അറിയിച്ചു. ഇവർ യുവതിക്ക് പണമയച്ചു നൽകി. പിന്നീട് ഇരുവരെയും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് ഡൽഹിയിലേക്ക് കയറ്റി അയച്ചശേഷമാണ് പൊലീസ് മടങ്ങിയത്. രഘു നെടുമ്പാശ്ശേരി പൊലീസുമായി ചേർന്ന് പഴ്‌സ് കണ്ടെത്താനുള്ള ശ്രമം തുടർന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഫ്രഞ്ച് യുവതിയും മകനും കയറിയ ഓട്ടോറിക്ഷ കണ്ടെത്തി. ഓട്ടോയുടെ പിൻഭാഗത്തുനിന്ന് പഴ്‌സ് കണ്ടെടുക്കുകയും ചെയ്തു. പഴ്‌സിൽനിന്ന് ഏഴായിരത്തിലധികം രൂപയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും ഡ്രൈവിങ് ലൈസൻസും ശ്രീലങ്കൻ കറൻസിയുമാണു കിട്ടിയത്. പിന്നീട് പണം യുവതിക്ക് അയച്ചു നൽകി. അന്ന് ഡി.ജി.പിക്കുവേണ്ടി ഐജി വിജയ് സാക്കറെ രഘുവിന് പ്രശസ്തി പത്രവും അയ്യായിരം രൂപ ക്യാഷ് റിവാർഡും നൽകിയിരുന്നു. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഭിനന്ദിച്ചിരുന്നു. കളമശ്ശേരിയിൽ വരുന്നതിന് മുൻപ് ഫോർട്ട് കൊച്ചി ടൂറിസം പൊലീസായിരുന്നപ്പോൾ മെക്‌സിക്കൻ യുവതിയെ പട്ടികളുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ച് താമസ സ്ഥലത്തുകൊണ്ടു പോയതിനും എംബസിയുടെ അഭിനന്ദനം ലഭിച്ചിട്ടുണ്ട്.

കളമശേരി പൊലീസ് സ്റ്റേഷനിലെ ചായ വിവാദം

മനസിൽ പല പ്രശ്നങ്ങളുമായി പലീസ് സ്റ്റേഷനിൽ എത്തുവരാണ് ഏറിയ പങ്കും, നിയമപരമായി പരിഹരിക്കേണ്ട വിഷയങ്ങളിൽ സഹായം തേടിയെത്തുന്നവർ. പലപ്പോഴും ഭക്ഷണം പോലും കഴിക്കാതെയാകും പലരും എത്തുന്നത്. പൊലീസ് സ്റ്റേഷനിൽ വരുന്നവർ ആരുമായിക്കൊള്ളട്ടെ, വാദിയോ, പ്രതിയോ, സാക്ഷിയോ, പൊതുപ്രവർത്തകരോ, ആരായാലും വേണ്ടില്ല, ആദ്യം ഒരു ചായയോ, കാപ്പിയോ, ലെമൺ ടീയോ കുടിക്കൂ എന്ന ആശയം പി.എസ് രഘുവാണ് സ്റ്റേഷൻ എസ്.എച്ച്.ഒയോട് അവതരിപ്പിക്കുന്നത്. വിശന്നു വരുന്നവർക്ക് ഫ്രിഡ്ജിൽ ബ്രഡ്, ബിസ്‌ക്കറ്റ് എന്നിവയും കരുതാമെന്നും അഭിപ്രായപ്പെട്ടു. മികച്ച ആശയമായതിനാൽ എസ്.എച്ച്.ഒ എ.വി.ടി കമ്പനിയോട് സ്റ്റേഷനിൽ ചായ നിർമ്മിക്കുന്ന മെഷീൻ വയ്ക്കാൻ കത്തെഴുതി. തുടർന്ന് അവർ മെഷീൻ സ്ഥാപിക്കുകയായിരുന്നു. സ്റ്റേഷനിൽ വരുന്നവർക്ക് ഇത് പുതിയൊരു അനുഭവമായി മാറി. ഇതിന് വേണ്ട ചെലവ് പൊലീസ് ഉദ്യോഗസ്ഥർ തന്നെ പിരിവിട്ടാണ് കണ്ടെത്തുന്നത്.

പൊതുജനങ്ങളുമായി പൊലീസ് സൗഹൃദത്തിലാകണമെന്ന ഡിജിപി ലോക്‌നാഥ് ബെഹറയുടെ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കളമശ്ശേരി പൊലീസ് 'അക്ഷയപാത്രം' ഒരുക്കിയത്. സംസ്ഥാനത്ത് ഇത്തരമൊരു സൗകര്യമൊരുക്കുന്ന ആദ്യത്തെ സ്റ്റേഷനായിരുന്നു ഇത്. എന്നാൽ, മറ്റു സ്റ്റേഷനുകൾക്ക് മാതൃകയാക്കാവുന്ന പദ്ധതിയെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന കാരണത്താൽ ഉന്നത ഉദ്യോഗസ്ഥർ തുരങ്കം വെക്കുകയാണെന്ന് പൊലീസുകാർ പറയുന്നു.അതിനിടയിലാണ് രഘുവിന് തിങ്കളാഴ്ച ഉച്ചയോടെ സസ്‌പെൻഷൻ ഉത്തരവ് ലഭിക്കുന്നത്.

രഘുവിന്റെ സസ്‌പെൻഷനെതിരെ പ്രതിഷേധം

നിരവധി സദ്പ്രവൃത്തികൾ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ നിസ്സാര കാര്യത്തിന് സസ്‌പെന്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ജനുവരി ആദ്യആഴ്ചയിൽ ഡിസിപി ഐശ്വര്യ ഡോങ്‌റെ ചുമതലയേറ്റതിനു പിന്നാലെ എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ മഫ്തിയിൽ എത്തിയപ്പോൾ പാറാവു നിന്ന ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താൽ വിശദീകരണം ചോദിച്ചതും തുടർന്ന് ശിക്ഷാനടപടി സ്വീകരിച്ചതും വിവാദമായിരുന്നു.

പാറാവു നിന്ന ഉദ്യോഗസ്ഥ ശ്രദ്ധാലുവായിരുന്നില്ല എന്നായിരുന്നു അന്ന് ശിക്ഷാ നടപടി സ്വീകരിച്ചതിനെ ന്യായീകരിച്ച് ഐശ്വര്യ ഡോങ്‌റെ ഐപിഎസ് പറഞ്ഞത്. അന്ന് ഡിസിപി ഐശ്വര്യ ഡോങ്‌റയെ കമ്മീഷണർ താക്കീത് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP