Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോന്നിയിൽ കോൺഗ്രസുകാരൻ ജയിക്കാൻ അടൂർ പ്രകാശ് സമ്മതിക്കില്ല; ആറ്റിങ്ങലിൽ നിന്ന് തിരിച്ചു വരുമ്പോൾ കോന്നി അയാൾക്ക് കിട്ടണം; അതിനായി ബിനാമിയെ ഉപയോഗിക്കുന്നു; പാർട്ടിയെ തളർത്തി, സാമൂഹിക-സാമുദായിക സ്പർധ വളർത്തി; അടൂർ പ്രകാശിനെതിരേ കെപിസിസി മുതൽ വാർഡ് തലം വരെയുള്ളവരുടെ പരാതി എഐസിസിക്ക്

കോന്നിയിൽ കോൺഗ്രസുകാരൻ ജയിക്കാൻ അടൂർ പ്രകാശ് സമ്മതിക്കില്ല; ആറ്റിങ്ങലിൽ നിന്ന് തിരിച്ചു വരുമ്പോൾ കോന്നി അയാൾക്ക് കിട്ടണം; അതിനായി ബിനാമിയെ ഉപയോഗിക്കുന്നു; പാർട്ടിയെ തളർത്തി, സാമൂഹിക-സാമുദായിക സ്പർധ വളർത്തി; അടൂർ പ്രകാശിനെതിരേ കെപിസിസി മുതൽ വാർഡ് തലം വരെയുള്ളവരുടെ പരാതി എഐസിസിക്ക്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ആറ്റിങ്ങൽ എംപി അടൂർ പ്രകാശിനെതിരേ കോന്നിയിൽ നിന്നുള്ള കെപിസിസി അംഗം മുതൽ വാർഡ് തലം വരെയുള്ള നേതാക്കളുടെ പരാതി എഐസിസിക്ക് അയച്ചു. കോന്നിയിൽ കോൺഗ്രസ് പാർട്ടിയുടെ വളർച്ച മുരടിപ്പിച്ച് സ്വന്തം നിലയിൽ പ്രകാശ് വളർന്നുവെന്നും സാമൂഹിക- സാമുദായിക സ്പർധ വളർത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. താനില്ലെങ്കിൽ തന്റെ ബിനാമിയെ കോന്നിയിൽ മൽസരിപ്പിക്കാനാണ് പ്രകാശ് ലക്ഷ്യമിടുന്നത്.

96 ൽ അടൂർ പ്രകാശ് കോന്നിയിൽ മത്സരിക്കാൻ വന്ന കാലം മുതലുള്ള കഥകൾ അക്കമിട്ട് നിരത്തിയാണ് നിവേദനം. കോന്നി മണ്ഡലത്തിലുള്ളയാളല്ല അടൂർ പ്രകാശ്. അടൂരിലാണ് അദ്ദേഹത്തിന്റെ വീടും വോട്ടും. 96 ൽ സിറ്റിങ് എംഎൽഎ സിപിഎമ്മിലെ എ പത്മകുമാറിനെ 806 വോട്ടിന് തോൽപ്പിക്കാൻ അടൂർ പ്രകാശിന് തുണയായത് സാമുദായിക പിന്തുണയായിരുന്നു. ഈഴവ സമുദായം ഒന്നടങ്കം രാഷ്ട്രീയ ഭേദമന്യേ പ്രകാശിന് പിന്നിൽ അണിനിരന്നതാണ് 2019 വരെ തുടർച്ചയായി വിജയിക്കാൻ അദ്ദേഹത്തിന് തുണയായത്. ഈഴവ സമുദായത്തിൽ നിന്നൊരു സ്ഥാനാർത്ഥി ഇദ്ദേഹത്തിന് എതിരായി വന്നത് 2011 ൽ മാത്രമാണ്. അന്ന് അടൂർ പ്രകാശിന് വിജയിക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടി വന്നതും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ മത്സരിച്ച് പ്രകാശ് ജയിച്ചപ്പോൾ കോന്നിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ തന്റെ ബിനാമിയെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചു. ഇതിന് സഹായം തേടി പത്തനംതിട്ട എസ്എൻഡിപി യൂണിയൻ സെക്രട്ടറിയെ സമീപിച്ചപ്പോൾ ഈഴവ സമുദായത്തിൽ നിന്നുള്ളയാളിനെയാണ് അടൂർ പ്രകാശ് നിർദേശിക്കുന്നതെങ്കിൽ മാത്രം പിന്തുണയ്ക്കാമെന്ന മറുപടിയാണ് കിട്ടിയത്. ഈഴവ സ്ഥാനാർത്ഥി തന്നെ കോന്നിയിൽ വരണമെന്ന താൽപര്യക്കാരായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.

അടൂർ പ്രകാശ് തന്റെ സ്ഥാനാർത്ഥിക്ക് വേണ്ടി കടുംപിടുത്തം തുടർന്നപ്പോഴാണ് ഒത്തു തീർപ്പ് സ്ഥാനാർത്ഥി എന്ന ലേബലിൽ മുൻ ഡിസിസി പ്രസിഡന്റ് പി മോഹൻരാജിനെ കൊണ്ടു വന്നത്. അയാൾ നായരാണ് എന്ന ഒറ്റ പ്രസ്താവനയിലൂടെ അടൂർ പ്രകാശ് അദ്ദേഹത്തിന്റെ പരാജയം ഉറപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. അടൂർ പ്രകാശിന്റെ പ്രസ്താവന നായരെയും ഈഴവരെയും വിഘടിപ്പിക്കുകയും ക്രൈസ്തവ വോട്ടുകൾ മോഹൻരാജിൽ നിന്ന് അകറ്റുകയും ചെയ്തു. അങ്ങനെയാണ് പാർട്ടി സ്ഥാനാർത്ഥിക്ക് പരാജയം നേരിടേണ്ടി വന്നത്. ഇപ്പോൾ വീണ്ടും തന്റെ ബിനാമിയെയും കൊണ്ട് അടൂർ പ്രകാശ് സീറ്റ് ആവശ്യപ്പെട്ട് വന്നിരിക്കുകയാണ്. ഈ ബിനാമിക്ക് സീറ്റ് നൽകാൻ പാടില്ല.

എന്തു വില കൊടുത്തും കോന്നി പിടിക്കണം. അതിന് ഈഴവ സമുദായത്തിൽ നിന്നൊരാൾ വേണം. പ്രകാശിന്റെ ബിനാമി ക്രൈസ്തവ സമുദായത്തിൽപ്പെട്ടയാളാണ്. 1954 മുതൽ കോൺഗ്രസ് മാത്രം ഭരിച്ച പ്രമാടം പഞ്ചായത്തിൽ കഴിഞ്ഞ ടേമിൽ പ്രസിഡന്റായിരുന്നു. ഇക്കുറി ചരിത്രത്തിൽ ആദ്യമായി പ്രമാടം പഞ്ചായത്ത് ഭരണം സിപിഎം നേടി. പ്രകാശിന്റെ ബിനാമി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന വാർഡിൽ ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒരു വോട്ടിന് തോറ്റു. ഇതിനൊക്കെ കാരണക്കാർ അടൂർ പ്രകാശും ബിനാമിയുമാണ്. പാർട്ടിക്ക് വേണ്ടി ഒരു പ്രവർത്തനവും നടത്താത്തയാളാണ് പ്രകാശിന്റെ ബിനാമി.

ഒരു സമരത്തിനോ പൊതുപ്രവർത്തനത്തിനോ ഇതുവരെ ഇറങ്ങിയിട്ടില്ല. അടൂർ പ്രകാശിന്റെ ബിനാമി എന്നതു മാത്രമാണ് അയാളുടെ യോഗ്യത. കോന്നി മണ്ഡലത്തിലേക്ക് ഒരു നേതാവിനെയും കടന്നു വരാൻ അടൂർ പ്രകാശ് അനുവദിക്കില്ല. ഡിസിസി പ്രസിഡന്റ് ഈ മണ്ഡലത്തിൽപ്പെട്ടയാളാണെങ്കിലും അടൂരിൽ നിന്ന് വരുന്ന പ്രകാശ് ഇവിടെ അടുപ്പിക്കില്ല. ജില്ലയുടെ മുഴുവൻ എംപിയാണ് ആന്റോ ആന്റണി. അദ്ദേഹത്തിന് കോന്നിയിൽ ഒരു വികസന പ്രവർത്തനം കൊണ്ടു വരാൻ അവസരം കൊടുത്തില്ല. കോന്നി മെഡിക്കൽ കോളജിനോട് ചേർന്ന് കേന്ദ്രീയ വിദ്യാലയം അനുവദിച്ച എംപിക്ക് അതിന്റെ തുടർ പ്രവർത്തനം നടത്താനുള്ള അവസരവും അനുമതിയും നിഷേധിച്ചു. കോന്നിയിൽ കോൺഗ്രസിന്റെ വളർച്ച തടയുന്നു. അടൂർ പ്രകാശും ബിനാമിയും മാത്രമാണ് വളരുന്നത്.

കോൺഗ്രസ് നേതൃത്വം ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, അടൂർ പ്രകാശ് എംപി എന്നിവരുമായി ചർച്ച ചെയ്ത് മാത്രമേ സ്ഥാനാർത്ഥിയെ തീരുമാനിക്കാവൂ എന്നും പരാതിയിൽ പറയുന്നു. കെപിസിസി അംഗം മാത്യു കുളത്തുങ്കൽ, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, മുൻ ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു എന്നിവർ ഈ മണ്ഡലത്തിലുണ്ടെന്നത് പരിഗണിക്കണം. ഈഴവ സമുദായത്തിന് സീറ്റ് നൽകുകയാണെങ്കിൽ കെപിസിസി സെക്രട്ടറിമാരായ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, എൻ. ഷൈലാജ് എന്നിവരെ കൂടി പരിഗണിക്കണമെന്നും പരാതിയിലുണ്ട്. കെപിസിസി അംഗം മാത്യു കുളത്തുങ്കൽ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, എംഎസ് പ്രകാശ്, റെജി പൂവത്തൂർ, ഡിസിസി എക്സിക്യൂട്ടീവ് അംഗം യോഹന്നാൻ ശങ്കരത്തിൽ തുടങ്ങി നിരവധി പേരാണ് പരാതിയിൽ ഒപ്പു വച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP