Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തോമസ് ചാണ്ടിയുടെ ഭാര്യ അനിയനും വേണ്ടി കത്തുകൊടുത്തത് വെറുതയായി; കുട്ടനാട് ഏറ്റെടുത്ത് പകരം ഒരു സീറ്റ് സഹിതം എൻസിപിക്ക് മൂന്ന് സീറ്റ്; യുഡിഎഫ് വിട്ടെത്തിയ എൽജെഡിയുടെ സീറ്റ് ഏഴിൽ നിന്നും നാലായി; ജെഡിയുവിനും നാല് സീറ്റ് മാത്രം; ജോസ് കെ മാണിക്ക് വേണ്ടി ചെറിയ കക്ഷികളെ അരിഞ്ഞ് സിപിഎം

തോമസ് ചാണ്ടിയുടെ ഭാര്യ അനിയനും വേണ്ടി കത്തുകൊടുത്തത് വെറുതയായി; കുട്ടനാട് ഏറ്റെടുത്ത് പകരം ഒരു സീറ്റ് സഹിതം എൻസിപിക്ക് മൂന്ന് സീറ്റ്; യുഡിഎഫ് വിട്ടെത്തിയ എൽജെഡിയുടെ സീറ്റ് ഏഴിൽ നിന്നും നാലായി; ജെഡിയുവിനും നാല് സീറ്റ് മാത്രം; ജോസ് കെ മാണിക്ക് വേണ്ടി ചെറിയ കക്ഷികളെ അരിഞ്ഞ് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസ് കെ മാണിയും എൽജെഡിയും ഇടതുപക്ഷത്തെ പുതു പാർട്ടികളാണ്. രണ്ടു പേർക്കും സീറ്റ് കൊടുക്കണം. ഇതിന് സിപിഎം മാത്രമല്ല എല്ലാ ഘടകകക്ഷികളും വിട്ടു വീഴ്ച ചെയ്യണം. ഇതിൽ ഏറ്റവും നഷ്ടം എൻസിപിക്കാണ്. പാലാ എന്ന സിറ്റിങ് സീറ്റ് നഷ്ടമായി. ഇനി അവർക്ക് കുട്ടനാടും പോകും. തോമസ് ചാണ്ടിയെന്ന നേതാവിന്റെ ഉറച്ച മണ്ഡലമായിരുന്നു കുട്ടനാട്. തോമസ് ചാണ്ടിയുടെ മരണത്തിന് ശേഷം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോഴും എൻസിപിക്ക് നൽകിയ സീറ്റ്. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് സ്ഥാനാർത്ഥിയാകുമെന്നും അന്ന് പ്രചരണം വന്നു. കോവിഡു കാലത്ത് പക്ഷേ ഉപതെരഞ്ഞെടുപ്പ് നടന്നില്ല.

തോമസ് ചാണ്ടിയുടെ ഭാര്യ അന്ന് മുഖ്യമന്ത്രിക്ക് സഹോദരന് സീറ്റ് നൽകണമെന്ന് കത്ത് നൽകിയിരുന്നു. എൻസിപിയിലെ ഭിന്നതകൾ മനസ്സിലാക്കിയായിരുന്നു അത്. എന്നാൽ ആ കത്ത് തെരഞ്ഞെടുപ്പ് കാലത്ത് അപ്രസക്തമാകുകയാണ്. ഇടതുപക്ഷത്തെ സീറ്റ് വിഭജനം തോമസ് ചാണ്ടിയുടെ കുടുംബത്തെ നിരാശരാക്കും. തോമസ് കെ തോമസും മാണി സി കാപ്പന്റെ വഴിയെ യുഡിഎഫിൽ എത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്. യുഡിഎഫിൽ ഏഴു സീറ്റിൽ മത്സരിച്ച എൽജെഡിക്കും നഷ്ടക്കണക്കാണ്. നാലു സീറ്റ് മാത്രമേ അവർക്ക് ഇത്തവണ സിപിഎം നൽകൂ.

എൽഡിഎഫ് സീറ്റ് വിഭജനത്തിൽ ജനതാദളിനും (എസ്) എൽജെഡിക്കും 4 വീതം സീറ്റ് കൊടുക്കാനാണ് ധാരണ. കോവളം, തിരുവല്ല, ചിറ്റൂർ, അങ്കമാലി സീറ്റുകൾ ജനതാദളിനും (എസ്) വടകര, കൂത്തുപറമ്പ്, കൽപറ്റ സീറ്റുകൾ എൽജെഡിക്കും കിട്ടും. തെക്കൻ കേരളത്തിൽ ഒരു സീറ്റ് കൂടി എൽജെഡിക്കു കിട്ടും. ഏതെന്നു തീരുമാനമായില്ല. എൻസിപിക്കു 3 സീറ്റ് ലഭിക്കും. കോട്ടയ്ക്കൽ ഉറപ്പു നൽകി. മന്ത്രി എ.കെ. ശശീന്ദ്രന്റെ സിറ്റിങ് സീറ്റായ എലത്തൂർ, തോമസ് ചാണ്ടി ജയിച്ച കുട്ടനാട് എന്നിവയിലൊന്നു നൽകാമെന്നും സിപിഎം അറിയിച്ചു. കുട്ടനാട് സിപിഎം ഏറ്റെടുക്കാൻ ഇതോടെ സാധ്യതയേറി.

എലത്തൂരിലും സിപിഎമ്മിന് കണ്ണുണ്ട്. എന്നാൽ പിളരാൻ മാണി സി കാപ്പൻ മുന്നിട്ടിറങ്ങിയപ്പോൾ എൻസിപിയെ ഇടതു പക്ഷത്ത് ഉറപ്പിച്ച് നിർത്തിയത് മന്ത്രി എകെ ശശീന്ദ്രനാണ്. ഈ പരിഗണനയിൽ എലത്തൂർ ശശീന്ദ്രന് കൊടുക്കാമെന്ന് സിപിഎം പറയുന്നു. എന്നാൽ ശശീന്ദ്രനെ എൻസിപി സ്ഥാനാർത്ഥി ആക്കിയില്ലെങ്കിൽ ഇതും സിപിഎം ഏറ്റെടുക്കും. എൻസിപിക്ക് ജയസാധ്യതയുള്ള സീറ്റ് കൊടുക്കുന്നതിൽ സിപിഎമ്മിന് താൽപ്പര്യമില്ലെന്നതാണ് വസ്തുത. അങ്ങനെ എങ്കിൽ എൻസിപി ഇനിയും യുഡിഎഫിൽ എത്താൻ സാധ്യതയുണ്ട്. മാണി സി കാപ്പൻ ഇതിനുള്ള ചർച്ച തുടരുന്നതായാണ് സൂചന.

എൽഡിഎഫിന്റെ ഭാഗമായ 2 ജനതാദളുകളും നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ലയിക്കണമെന്ന സിപിഎം നിർദ്ദേശം നടക്കില്ലെന്ന് ഉറപ്പായി സാഹചര്യത്തിലാണ് രണ്ട് കൂട്ടർക്കും നാല് സീറ്റ് വീതം കൊടുക്കുന്നത്. 2 വർഷത്തോളം നീണ്ട ലയനചർച്ചകൾ അലസിപ്പിരിഞ്ഞതിനു പരസ്പരം പഴിചാരുകയാണ് ജനതാദൾ (എസ്), എൽജെഡി നേതാക്കൾ. ലയിച്ചാൽ 8 സീറ്റ് നൽകാമെന്നറിയിച്ച എൽഡിഎഫ് നേതൃത്വം ഇരു പാർട്ടികൾക്കും 4 വീതം സീറ്റുകൾ നൽകും. ഇങ്ങനെ എൽജെഡിക്ക് വലിയ നഷ്ടമാണ് സീറ്റുകളിൽ ഉണ്ടാകുന്നത്. പിളരും തോറും വളരുമെന്ന കേരളാ രാഷ്ട്രീയത്തിലെ മാണി മുദ്രാവാക്യം ഇവിടെ തകരുകയാണ്.

ജനതാദൾ (എസ്) കേന്ദ്രനേതൃത്വത്തിന് ബിജെപിയോടുള്ള അടുപ്പമാണ് ലയനത്തിൽ നിന്നു പിന്മാറാൻ കാരണമെന്നു എൽജെഡി നേതാക്കൾ പറയുന്നു. എന്നാൽ, എൽജെഡിയുടെ രണ്ടാം നിര നേതാക്കളുടെ സ്ഥാനമോഹമാണ് ലയനത്തിനു തടസ്സമെന്ന് ജനതാദൾ എസ് ആരോപിച്ചു. ജനതാദളിന്റെ സംസ്ഥാന നേതാക്കളോട് അകൽച്ചയില്ലെന്നും അവർക്കു വേണമെങ്കിൽ എൽജെഡിയിൽ ലയിക്കാമെന്നുമാണ് എൽജെഡി സംസ്ഥാന നേതൃത്വത്തിന്റെ വാഗ്ദാനം. എന്നാൽ പുഴ കടലിലാണു ചേരുക, കടൽ പുഴയിൽ അല്ലെന്നാണു മന്ത്രി കെ.കൃഷ്ണൻകുട്ടി ഇതിനു മറുപടി നൽകിയത്. ഇതോടെ ചർച്ച വഴിമുട്ടി.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് ലയനചർച്ചകൾ തുടങ്ങിയത്. 2020 ഫെബ്രുവരിയിൽ ദൾ (എസ്) ദേശീയ നേതൃത്വം ലയനത്തിന് അനുമതി നൽകി. ഇരുപാർട്ടികളും ഉപസമിതികളെ നിയോഗിച്ചു. എന്നാൽ, പദവികളിലുടക്കി ലയനനീക്കങ്ങൾ നിലച്ചു. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ലയിക്കണമെന്ന് സിപിഎം അന്ത്യശാസനം നൽകി. രണ്ടായി തുടർന്നാൽ കൂടുതൽ സീറ്റുകൾ നൽകേണ്ടിവരുമെന്ന കണക്കുകൂട്ടലിലായിരുന്നു ഈ നിർദ്ദേശം. ജെഡിഎസിന് കഴിഞ്ഞ തവണ നൽകിയത് 5 സീറ്റാണ്. ഇത്തവണ അവർക്ക് ഒരു സീറ്റ് കുറഞ്ഞു. അങ്ങനെ നഷ്ടം അവർക്കുമുണ്ടായി. സിപിഎമ്മിനോട് ശബ്ദം ഉയർത്താൻ കഴിയുന്ന നേതാവില്ലാത്തതാണ് രണ്ട് പാർട്ടികൾക്കും വിനയായത്.

യുഡിഎഫിൽ ആർഎസ്‌പിയുടെ 3 സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായി. ഇരവിപുരത്തു മുൻ മന്ത്രി ബാബു ദിവാകരനും ചവറയിൽ മുൻ മന്ത്രി ഷിബു ബേബി ജോണും കുന്നത്തൂരിൽ ഉല്ലാസ് കോവൂരും മത്സരിക്കും. ചെറുകക്ഷികളിൽ മാണി സി. കാപ്പന്റെ നാഷനലിസ്റ്റ് കോൺഗ്രസ് കേരളയ്ക്ക് (എൻസികെ) രണ്ടും കേരള കോൺഗ്രസ് (ജേക്കബ്), ഫോർവേഡ് ബ്ലോക്, ഭാരതീയ ജനതാദൾ എന്നിവയ്ക്ക് യുഡിഎഫിൽ ഒന്നുവീതവും സീറ്റുകൾ ലഭിക്കും.

മുസ്ലിം ലീഗും കേരള കോൺഗ്രസുമായും (ജോസഫ്) അന്തിമ ധാരണയായില്ല. ഇന്നും ചർച്ച തുടരും. നാളത്തെ യുഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനമാകും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP