Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒടുവിൽ എല്ലാം ശരിയാകുന്നു; ഇന്നലെ പുതിയതായി കണ്ടെത്തിയത് വെറും 5455 രോഗികളെ; മരണം പൂകിയത് 104 പേർ മാത്രം; വാക്സിനേഷൻ ഡ്രൈവ് സമ്പൂർണ്ണ വിജയം; ഏതാനും മാസങ്ങൾക്കകം ബ്രിട്ടൻ കോവിഡിനെ കീഴടക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങും

ഒടുവിൽ എല്ലാം ശരിയാകുന്നു; ഇന്നലെ പുതിയതായി കണ്ടെത്തിയത് വെറും 5455 രോഗികളെ; മരണം പൂകിയത് 104 പേർ മാത്രം; വാക്സിനേഷൻ ഡ്രൈവ് സമ്പൂർണ്ണ വിജയം; ഏതാനും മാസങ്ങൾക്കകം ബ്രിട്ടൻ കോവിഡിനെ കീഴടക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങും

സ്വന്തം ലേഖകൻ

പ്രചാരണങ്ങളില്ലാതെ, പ്രഖ്യാപനങ്ങളില്ലാതെ, തികച്ചും നിശബ്ദമായ യുദ്ധത്തിലൂടെ ബ്രിട്ടൻ ലക്ഷ്യത്തിലെത്തുകയാണ്. ഒരാഴ്‌ച്ചകൊണ്ട് പ്രതിദിന രോഗവ്യാപനതോത് പകുതിയായി കുറഞ്ഞു. മരണനിരക്ക് 42 ശതമാനമായി താഴ്ന്നു. കോവിഡിനെതിരെയുള്ള യുദ്ധത്തിൽ അവസാനം ബ്രിട്ടൻ മേൽക്കൈ നേടിയിരിക്കുന്നു. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് ഇന്നലെ 5,455 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 104 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 28 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണത്.

ശുഭവാർത്തകൾ പുറത്തുവരുമ്പോൾ ലോക്ക്ഡൗണിനെ എതിർക്കുന്ന, ഭരണകക്ഷിയിലെ തന്നെ എം പി മാർ നിയന്ത്രണങ്ങൾ എത്രയും പെട്ടെന്ന് നീക്കുന്നതിന് ബോറിസ് ജോൺസന്റെ മേൽ സമ്മർദ്ദം ചെലുത്തുകയാണ്. വാക്സിൻ പദ്ധതി വിചാരിച്ചതുപോലെ മുന്നോട്ടുപോവുകയാണെങ്കിൽ, ജൂൺ 21 ആകുമ്പോഴേക്കും നിയന്ത്രണങ്ങൾ പൂർണ്ണമായുംനീക്കം ചെയ്യുമെന്നാണ് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, അത്രയും കാലം കാത്തുനിൽക്കേണ്ടതില്ല എന്നാണ് ലോക്ക്ഡൗൺ വിരുദ്ധർ പറയുന്നത്.

അതേസമയം, വാക്സിൻ പദ്ധതി, ഇപ്പോഴുള്ളതിന്റെ ഇരട്ടി വേഗത്തിലായിരുന്നു വരുന്ന മൂന്ന് മാസങ്ങളിൽ മുന്നോട്ടുപോവുക എന്ന് വാക്സിൻ മന്ത്രി നദിം സഹാവി പ്രഖ്യാപിച്ചു. ഈ പദ്ധതിയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള ഒരു മാസമായിരിക്കും മാർച്ച് എന്നും അദ്ദേഹം പറഞ്ഞു. അതെസമയം, ഇന്നലെ 1,85,000 പേർക്കാണ് വാക്സിൻ നൽകിയത്.

ബ്രസീലിയൻ ഇനത്തിന്റെ വ്യാപനം തടയുന്നതിന് കർശനമായ നടപടികൾ കൈക്കൊണ്ട സാഹചര്യത്തിൽ, തന്റെ ലോക്ക്ഡൗൺ പിൻവലിക്കൽ നടപടികൾ പാളം തെറ്റുകയില്ലെന്ന് ബോറിസ് ജോൺസൺ പ്രത്യാശപ്രകടിപ്പിച്ചു. ഈ ഇനം ബാധിച്ച മൂന്നാമത്തെ വ്യക്തിയെ ഇതുവരെ ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ലെന്ന വലിയ അപകടം മറച്ചുപിടിച്ചുകൊണ്ടാണ് ബോറിസ് ജോൺസൺ ഈ പ്രത്യാശ പ്രകടിപ്പിച്ചത്. ആമസോണിയൻ നഗരമായ മനൗസിൽ കണ്ടെത്തിയ, ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം നേരത്തെ ബ്രിട്ടനിൽ ആറുപേരിൽ കണ്ടെത്തിയിരുന്നു.

ഇതിൽ മൂന്നു പേർ ഇംഗ്ലണ്ടിലും മൂന്നു പേർ സ്‌കോട്ട്ലാൻഡിലുമാണ് ഉള്ളത്. ഇതിൽ ഇംഗ്ലണ്ടിൽ ഉള്ളവരിൽ രണ്ടുപേർ ഉള്ളത് സൗത്ത് ഗ്ലൗസെസ്റ്റർഷയറിലാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മൂന്നാമന്റെവിശദാംശങ്ങൾ വെളിവായിട്ടില്ല. രോഗപരിശോധന സമയത്ത് വ്യക്തിപരമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകാതിരുന്നതാണ് കാരണം. എന്നാൽ, വളരെ വ്യാപകമായ രീതിയിൽ തന്നെ ഈ വൈറസിന്റെ വ്യാപനം ചെറുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചു. പോസ്റ്റൽ വകുപ്പിന്റെ സഹായത്തോടെ, ഈ വ്യക്തിയെ പരിശോധിച്ച കിറ്റ് ഏത് ഭാഗത്തേക്കായിരുന്നു അയച്ചത് എന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

അതേസമയം, ഇപ്പോൾ നൽകിയിരിക്കുന്ന വാക്സിന്റെ ആദ്യ ഡോസ് തന്നെ പ്രായമേറിയവർ കോവിഡ് ബാധിച്ച് ആശുപത്രിയിൽ എത്തുന്നത് കാര്യമായി കുറച്ചിട്ടുണ്ട് എന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് പറഞ്ഞു.ഒക്സ്ഫോർഡിന്റെയൊ ഫൈസറിന്റെയോ ഒരു ഡോസ് വാക്സിൻ, 80 വയസ്സിനു മുകളിലുള്ള 10 ൽ എട്ടുപേർ വീതം രോഗബാധിതരായി ആശുപത്രിയിൽ എത്തുന്നതിനെ തടയുന്നു എന്ന് തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു. എൻ എച്ച് എസ്സ് ആശുപത്രികൾക്ക് മുകളിൽ സമ്മർദ്ദമേറുന്നു എന്നതായിരുന്നു ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന കാരണം. ഏതായാലും ഇപ്പോൾ ആ സമ്മർദ്ദം കുറഞ്ഞുവരികയാണ്.

അതുപോലെ പ്രായമായവരിൽ കോവിഡ് മൂലമുള്ള മരണനിരക്ക് കുറയ്ക്കുന്നതിലും വാക്സിനുകൾ വിജയിച്ചതായി കണക്കുകൾ പറയുന്നു. അതായത്, നിലവിലെ സാഹചര്യങ്ങൾ ബ്രിട്ടന് ഏറെ പ്രതീക്ഷകൾ നൽകുന്നു എന്നർത്ഥം. അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ, നേരത്തേ പ്രധാനമന്ത്രി പ്രഖ്യാപിച്ചതുപോലെ ജൂൺ അവസാനത്തോടെ ബ്രിട്ടൻ പഴയ ജീവിതത്തിലേക്ക് തിരിച്ചുമടങ്ങും. ഇതുവരെ 20 മില്ല്യണിലധികം ആളുകൾക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞു. 8 ലക്ഷം പേരിലധികം പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചുകഴിഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP