Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കൻ മലയാള സാഹിത്യതറവാട്ടിലെ കാരണവർ ജോയൻ കുമരകം അന്തരിച്ചു

അമേരിക്കൻ മലയാള സാഹിത്യതറവാട്ടിലെ കാരണവർ ജോയൻ കുമരകം അന്തരിച്ചു

സ്വന്തം ലേഖകൻ

കാലിഫോർണിയ: അമേരിക്കൻ മലയാള സാഹിത്യതറവാട്ടിലെ കാരണവരും പ്രശസ്ത സാഹിത്യകാരനും നിരവധി ഗ്രൻഥങ്ങളുടെ രചിയിതാവും വാഗ്മിയുമായ ശ്രീ ജോയൻ കുമരകം കാലിഫോർണിയയിൽ അന്തരിച്ചു. 84 വയസ്സായിരുന്നു ദീർഘകാലമായി കാലിഫോർണിയയിലെ നഴ്‌സിങ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി ആയിരുന്നു അന്ത്യമെന്ന് അദ്ദേഹം താമസിച്ചിരുന്ന ഹേയ്വാർഡിലെ ലാൻഡ്മാർക്ക് നഴ്സിങ് ഹോം ഉടമയും എഴുത്തുകാരനും നടനുമായ തമ്പി ആന്റണി പറഞ്ഞു.

ഏതാനും ദിവസം മുൻപാണ് അദ്ദേഹത്തിന്റെ എണ്പത്തിനാലാം ജന്മദിനം ആഘോഷിച്ചത്. അന്ന് സംസാരിച്ചില്ലെങ്കിലും ഹൃദയസ്പൃക്കായ ഒരു മറുപടി ഓൺലൈൻ മാധ്യമമായ 'ഇ-മലയാളി'യിൽ അദ്ദേഹം എഴുതിയിരുന്നു.

1937 ഫെബ്രുവരി നാലാം തീയതി കുമരകം ലക്ഷമിച്ചിറയിൽ പൊതുവിക്കാട്ട് പി.എം. മാത്യുവിന്റെയും കാനം പരപ്പളിതാഴത്തു പുത്തൻപുരയിൽ അന്നമ്മ മാത്യുവിന്റേയും അഞ്ചുമക്കളിൽ രണ്ടാമനായി ജനിച്ചു.

സഹോദരർ: പരേതയായ അമ്മുക്കുട്ടി ചാക്കോ (കങ്ങഴ വണ്ടാനത്തു വയലിൽ) പി.എം. മാത്യു (പൊതുവിക്കാട്ട്, കുമരകം) മോളി ജേക്കബ് (ചെരിപ്പറമ്പിൽ, വെള്ളൂർ, പാമ്പാടി) ജോർജ് മാത്യു (പൊതുവിക്കാട്ട്, കുമരകം)

കാനം സി.എം.എസ് സ്‌കൂൾ , കുമരകം ഗവൺമെന്റ് സ്‌കൂൾ, കുമരകം ഹൈസ്‌കൂൾ - തേവര കോളജ് , സി എം എസ് കോളേജ്, കോട്ടയം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.

യൂത്ത് കോൺഗ്രസ്, ഓർത്തഡോക്‌സ് മൂവ് മെന്റ് ബാലജനസഖ്യം തുടങ്ങിയ തട്ടകങ്ങളിൽ ആണ് ജോയൻ പൊതു പ്രവർത്തനം ആരംഭിച്ചത്.

ചെറുപ്പകാലത്ത് ലഭിച്ച ഇഴയടുപ്പമുള്ള കുടുംബ സാഹചര്യങ്ങൾ ജോയനെ പുസ്തക വായനയിലേക്ക് കൂടുതൽ അടുപ്പിച്ചു. രവീന്ദ്ര നാഥ ടാഗോറിന്റെ ഗീതാഞ്ജലി വായിക്കുക വഴി ടാഗോറിന്റെ ഒരു കടുത്ത ആരാധകനായി മാറി.

ഇതിനോടകം അനിയൻ അത്തിക്കയം ചീഫ് എഡിറ്റർ ആയിരുന്ന ബാലകേരളം മാസികയിൽ പ്രവർത്തിക്കുകയും , സീയോൻ സന്ദേശം മാസികയിൽ, 'സ്വർഗ്ഗത്തിലേക്കൊരു കത്ത്' എന്ന തന്റെ ആദ്യ കഥ പ്രസിദ്ധികരിക്കുകയും ചെയ്തു.

തുടർന്ന് ബാലകേരളം, ബാലമിത്രം, കുട്ടികളുടെ ദീപിക എന്നീ മാസികകളിൽ ധാരാളം കഥകൾ പ്രസിദ്ധികരിക്കപ്പെട്ടു.

1965 ൽ മലയാള മനോരമ പത്രത്തിൽ എഡിറ്റോറിയൽ വിഭാഗത്തിൽ ഒൻപതു മാസത്തോളം പരിശീലനം നേടി.

കൂടാതെ കേരളം ഭൂഷണം, ഭാവന, പൗരധ്വനി - എന്നീ മാധ്യമ സ്ഥാപനങ്ങളിൽ എഡിറ്റർ ആയി.

സ്വപ്നം കാണുന്ന സോമൻ, വയലിലെ ലില്ലി തുടങ്ങി അറുപതില്പരം ബാല സാഹിത്യ രചനകൾ മലയാള ഭാഷയ്ക്ക് നൽകി. പുതുവത്സരയപ്പൂപ്പന്റെ പൂക്കൂട 1963 ൽ എൻ.ബി.എസ് ബുക്ക്‌സ് പബ്ലിഷ് ചെയ്യുകയും സംസ്ഥാന ബാല സാഹിത്യ അവാർഡ് നേടുകയും ചെയ്തു.

ഡി.സി. ബുക്ക്‌സ് സമ്മാനപ്പെട്ടിയിലൂടെ പ്രസിദ്ധികരിച്ച - കവിയമ്മവന്റെ ഗ്രാമത്തിൽ എന്ന രചന പിൽക്കാലത്തു ഹ്രസ്വ സിനിമയായി നിർമ്മിക്കപ്പെട്ടിരുന്നു.

പതിനെട്ടു വയസ്സുള്ളപ്പോൾ അഖില കേരള ബാലജന സഖ്യത്തിന്റെ മത്സരത്തിൽ ഏറ്റവും മികച്ച പ്രാസംഗികനുള്ള സമ്മാനം നേടി.

തുടർന്ന് യൂത്ത് കോൺഗ്രസ് മത്സര വേദിയിലും തേവര കോളേജിൽ പഠിക്കുമ്പോൾ ഇന്റർ കോളീജിയറ്റ് മത്സരത്തിലും മികച്ച പ്രാസംഗികനുള്ള സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

സുകുമാർ അഴിക്കോട് ,കെ എം തരകൻ , വേളൂർ കൃഷ്ണൻകുട്ടി, കാർട്ടൂണിസ്‌റ് സുകുമാർ തുടങ്ങിയ സാഹിത്യ നായകന്മാരോട് അടുത്ത സഹവാസം പുലർത്താൻ ജോയന് കഴിഞ്ഞു.

ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക പ്രസിദ്ധികരണമായ മലങ്കര സഭയിൽ കുഞ്ചിച്ചായന്റെ കത്തുകൾ എന്ന പംക്തി ഇരുപത്തിയഞ്ചോളം വർഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഇത് ജോയന് വളരെ പ്രസിദ്ധിയും സ്വീകാര്യതയും നേടിക്കൊടുത്തു.

റവ. ഡോ. കെ എം ജോർജ് , പൗലോസ് മാർ ഗ്രീഗോറിയോസ്, കാലം ചെയ്ത മാത്യൂസ് മാർ ബർണബാസ്,. മാർത്തോമാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവ തുടങ്ങിയ സമുദായ നേതാക്കന്മാരോടും വളരെ അടുത്ത സംസർഗം കാത്തു സൂക്ഷിക്കാൻ ജോയൻ ശ്രദ്ധിച്ചിരുന്നു.

അനിതരസാധാരണമായ വാക്ചാതുരിയും, ചരിത്രത്തിലും, രാഷ്ട്രീയ- സാംസ്‌കാരിക - സാമുദായിക രംഗങ്ങളിലും ഉള്ള ആഴമേറിയ പരിജ്ഞാനവും ചുരുങ്ങിയ സമയം കൊണ്ട് ജോയനെ പൊതുജനങ്ങൾക്കിടയിൽ വലിയ സമ്മതിയുള്ള ആളാക്കി മാറ്റി. പ്രസിദ്ധമായ മാരാമൺ കൺവെൻഷനിലും ജോയന്റെ പ്രസംഗം അലയടിച്ചു.

ജി സുകുമാരൻ നായർ- NSS കോളേജ് പ്രിൻസിപ്പൽ; VK സുകുമാരൻ നായർ - വൈസ് ചാൻസിലർ കേരള യൂണിവേഴ്‌സിറ്റി; TKG നായർ - മനോരമ അസി. എഡിറ്റർ ; KV മാമൻ - മനോരമ അസി. എഡിറ്റർ; പത്മൻ - മനോരമ വീക്കിലി എഡിറ്റർ (EV കൃഷ്ണപിള്ളയുടെ മകൻ); സംവിധായകൻ അരവിന്ദൻ; സാധു മത്തായിച്ചൻ - മാങ്ങാനം ക്രൈസ്തവാശ്രമം സ്ഥാപകൻ എന്നിവരോടുള്ള അടുത്ത സൗഹൃദം ജീവിതത്തെ വളരെ സ്വാധിനിച്ചു

അമ്പലപ്പുഴ രാമവർമ- CMS കോളേജ്; പ്രൊഫെസർ മാത്യു ഉലകംതറ- തേവര കോളജ്; ഫാദർ അജയൂസ് - തേവര കോളേജ്; പീറ്റർ ജോൺ കല്ലട, സിസ്റ്റർ ജൊവാൻ ചുങ്കപ്പുര തുടങ്ങിയവർ ജോയന്റ് ജീവിതത്തിന് ഊർജവും കരുത്തും നല്കിയവരായി ജോയൻ സ്മരിക്കുന്നു.

തന്റെ ചെറുപ്പകാലത്ത് മദ്യാസക്തനായിരുന്ന ജോയൻ പിൽക്കാലത്ത് അതിൽ നിന്നും മോചിതനായി മദ്യ വിമുക്തിക്കു വേണ്ടി സംഘടനാ പ്രവർത്തനങ്ങളുമായി സജീവമായി.

1980-ൽ അമേരിക്കയിൽ എത്തിയതിനു ശേഷം അമേരിക്കയിലും കാനഡയിലും അങ്ങോളമിങ്ങോളമുള്ള മലയാളി സദസ്സുകളിൽ ജോയൻ ഒരു സ്ഥിര സാന്നിധ്യമായി മാറി. ആളുകൾ ജോയന്റെ പ്രസംഗം കേൾക്കാൻ ദൂരെ സ്ഥലങ്ങളിൽ നിന്നും കേട്ടറിഞ്ഞു എത്തുമായിരുന്നു.

ജോബോട്ട് ഇന്റർനാഷണൽ എന്ന പേരിൽ ന്യൂ യോർക്കിൽ ആരംഭിച്ച പുസ്തക പ്രസാധക കമ്പനിയിലൂടെ ഏഴ് പുസ്തകങ്ങൾ പ്രസിദ്ധികരിച്ചു.

ജീവിത സായാഹ്നത്തിൽ കാലിഫോർണിയായിൽ വിശ്രമ ജീവിതം നയിക്കുന്ന ജോയൻ, നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയുമായി പരിചയപ്പെട്ടത് വഴിത്തിരിവായി കാണുന്നു. തമ്പി ആന്റണിയുടെയും ഭാര്യ പ്രേമ ആന്റണിയുടെയും ഉടമസ്ഥയിൽ വളരെ ഉന്നതമായ പ്രവർത്തിക്കുന്ന പരിചരണ കേന്ദ്രത്തിലാണ് ജോയൻ ഇപ്പോൾ താമസിചിരുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP