Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുംബൈയെ സ്തംഭിപ്പിച്ച വൈദ്യുതി മുടക്കത്തിന് പിന്നിൽ ചൈനീസ് സൈബറാക്രമണം; റിപ്പോർട്ട് പുറത്തുവിട്ടത് അമേരിക്കൻ സൈബർ സുരക്ഷാ കമ്പനി റെക്കോഡഡ് ഫ്യൂച്ചർ; കഴിഞ്ഞ വർഷം ഒക്ടോബർ 12 ലെ അഞ്ച് മണിക്കൂർ വൈദ്യുതി മുടക്കത്തിന് പിന്നിൽ ചൈനീസ് ഗ്രൂപ്പ് റെഡ് എക്കോ; നുഴഞ്ഞുകയറ്റശ്രമം തുടങ്ങിയത് 2020 ആദ്യം മുതലെന്നും റിപ്പോർട്ട്

മുംബൈയെ സ്തംഭിപ്പിച്ച വൈദ്യുതി മുടക്കത്തിന് പിന്നിൽ ചൈനീസ് സൈബറാക്രമണം; റിപ്പോർട്ട് പുറത്തുവിട്ടത് അമേരിക്കൻ സൈബർ സുരക്ഷാ കമ്പനി റെക്കോഡഡ് ഫ്യൂച്ചർ; കഴിഞ്ഞ വർഷം ഒക്ടോബർ 12  ലെ അഞ്ച് മണിക്കൂർ വൈദ്യുതി മുടക്കത്തിന് പിന്നിൽ ചൈനീസ് ഗ്രൂപ്പ് റെഡ് എക്കോ; നുഴഞ്ഞുകയറ്റശ്രമം തുടങ്ങിയത് 2020 ആദ്യം മുതലെന്നും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

 മുംബൈ : കഴിഞ്ഞ ഒക്ടോബർ 12 ന് മുംബൈയിൽ അപ്രതീക്ഷിതമായി അഞ്ച് മണിക്കൂർ വൈദ്യുതി മുടങ്ങിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും മോശം വൈദ്യുതി മുടക്കം. കാരണമില്ലാതെ ആയിരുന്നില്ല ആ മുടക്കം എന്നാണ് പുതിയ വെളിപ്പെടുത്തൽ. ഇന്ത്യ-ചൈന അതിർത്തി സംഘർഷവുമായി ബന്ധപ്പട്ടതാകാം ആ വൈദ്യുതി മുടക്കം എന്നാണ് പുതിയ പഠന റിപ്പോർട്ട് പറയുന്നത്. ചൈനയിൽ നിന്നുള്ള സൈബർ ആക്രമണമാണ് അതിന് പിന്നിലെന്നാണ് ന്യൂയോർക്ക് ടൈംസിൽ വന്ന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. അതിർത്തിയിൽ കടുത്ത നടപടികളിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം.

യുഎസ് സൈബർ സുരക്ഷാ കമ്പനി റെക്കോർഡഡ് ഫ്യൂച്ചർ ആണ് മാൽവെയർ കണ്ടെത്തിയത്. സിസ്റ്റത്തിൽ കയറിയിട്ടുള്ള മിക്ക മാൽവെയറുകളും സജീവമാക്കിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. സംഭവത്തിനു പിന്നിൽ ചൈനീസ് ഗ്രൂപ്പ് റെഡ് എക്കോയാണെന്നും റെക്കോർഡഡ് ഫ്യൂച്ചർ പറയുന്നു. വൈദ്യുതി പ്രസാരണ കമ്പനിയുടെ സെർവറുകളിൽ പല അക്കൗണ്ടുകളിലൂടെ കടന്നു കയറാൻ ശ്രമമുണ്ടായിട്ടുണ്ടെന്നു റെക്കോർഡഡ് ഫ്യൂചർ കണ്ടെത്തി.

ചൈനീസ് സർക്കാർ പിന്തുണയ്ക്കുന്ന ഹാക്കിങ് സംഘങ്ങൾ വ്യാപകമായി സൈബർ ആക്രമണത്തിനു പദ്ധതിയിടുന്നതായി മുന്നറിയിപ്പുണ്ടായിരുന്നു. നൂതന സൈബർ നുഴഞ്ഞുകയറ്റ വിദ്യകൾ റെഡ് എക്കോ ഉപയോഗപ്പെടുത്തിയെന്നും റെക്കോർഡഡ് ഫ്യൂച്ചർ പറയുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഹാക്കിങ് ശ്രമങ്ങളാകാം വൈദ്യുതിമുടക്കത്തിൽ കലാശിച്ചതെന്നു സംശയിക്കുന്നെന്നും മഹാരാഷ്ട്ര പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. വൈദ്യുതി പ്രസരണ കമ്പനിയുടെ സെർവറുകളിൽ ഫെബ്രുവരി മുതൽ ഹാക്കിങ് ശ്രമങ്ങൾ കണ്ടെത്തിയതായി സർക്കാർ വൃത്തങ്ങൾ മുൻപു പറഞ്ഞിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള എൻടിപിസി ലിമിറ്റഡ് അടക്കം 12 ഓളം ഇന്ത്യൻ വൈദ്യുതി പ്രസരണ കമ്പനികളുടെ സെർവറുകളിൽ സൈബർ ആക്രമണത്തിന് റെഡ് എക്കോ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുണ്ട്.

ചൈനീസ് സൈബർ ആക്രമണ റിപ്പോർട്ട് ആദ്യമല്ല

ഇതാദ്യമായല്ല ചൈനയുടെ സൈബർ ആക്രമണം സൂചിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവരുന്നത്. വൈദ്യുതി മുടക്കത്തിന് പിന്നിൽ മാൽവേർ ആക്രമണമാണെന്ന് മഹാരാഷ്ട്ര സൈബർ വകുപ്പ് സംശയിക്കുന്നതായി ഇന്ത്യടുഡേ റിപ്പോർട്ട് നവംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു. താനെ ജില്ലയിലെ പഡ്ഗ കേന്ദ്രമാക്കിയുള്ള ലോഡ് ഡെസ്പാച്ച് കേന്ദ്രത്തിലെ ട്രിപ്പിങ്ങാണ് വൈദ്യുത മുടങ്ങാൻ കാരണമെന്നായിരുന്നു വിലയിരുത്തൽ. ഒക്ടോബർ 12 ന് രാവിലെ 10 മണിക്കാണ് മുംബൈയിൽ ഉച്ചവരെ വൈദ്യുതി മുടങ്ങിയത്. ലോഡ് ഡെസ്പാച്ച് സെന്ററിൽ ഉണ്ടായ മാൽവേർ ആക്രമണമാണ് കാരണമെന്ന് മഹാരാഷ്ട്ര സൈബർ വകുപ്പ് കണ്ടെത്തിയിരുന്നു. സംസ്ഥാന ഉടമസ്ഥതയിലുള്ള വൈദ്യുതി പ്രസരണ കമ്പനിയുടെയും ടാറ്റ പവറിന്റെയും സബ്സ്റ്റേഷനുകളിലുണ്ടായ സാങ്കേതിക തകരാറാണു വൈദ്യുതി മുടങ്ങാൻ കാരണമെന്നു വൈദ്യുതി മന്ത്രി നിതിൻ റാവുത്ത് അറിയിച്ചുവെങ്കിലും ദുരൂഹത നീങ്ങിയിരുന്നില്ല. തുടർന്ന് സർക്കാർ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

മുംബൈയെ സ്തംഭിപ്പിച്ച വൈദ്യുതി മുടക്കം

അപ്രതീക്ഷിത വൈദ്യുതി മുടക്കത്തിൽ മുംബൈയും സമീപ പ്രദേശങ്ങളും സ്തംഭിച്ചു. ലോക്കൽ ട്രെയിനുകൾ നിശ്ചലമായി. ട്രാഫിക് സിഗ്‌നലുകൾ പ്രവർത്തിച്ചില്ല. മുംബൈ കോർപറേഷനിലെ ആശുപത്രികൾ ശസ്ത്രക്രിയകൾ മാറ്റിവച്ചു. കോളജുകളിലെ ഓൺലൈൻ പരീക്ഷകളും മാറ്റി. ആളുകൾ ലിഫ്റ്റിൽ കുടുങ്ങിയതോടെ രക്ഷിക്കാനായി അഗ്‌നിശമനസേന എത്തേണ്ടിവന്നു.ടെലികോം, റെയിൽവേ മേഖലകളെല്ലാം സ്തംഭിച്ച സംഭവത്തിൽ സൈബർ വിഭാഗം അട്ടിമറിസംശയം പ്രകടിപ്പിച്ചിരുന്നു. സിംഗപ്പൂരിൽനിന്നും ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള അക്കൗണ്ടുകളിൽ നിന്നാണു സംശയാസ്പദമായ നീക്കങ്ങൾ ഉണ്ടായതെന്നായിരുന്നു മുംബൈ സൈബർ വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.

2020 ആദ്യം മുതൽ നുഴങ്ങുകയറ്റ ശ്രമം

യുഎസ് സൈബർ സുരക്ഷാ കമ്പനി റെക്കോർഡഡ് ഫ്യൂച്ചറിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ വൈദ്യുതി ഉത്പാദനത്തിലും പ്രസാരണ ശൃംഖലയിലും കയറിപറ്റാൻ റെഡ് എക്കോ നിരന്തര ശ്രമങ്ങളാണ് നടത്തിവന്നത്. 2020 ന്റെ ആദ്യം തൊട്ടാണ് ഈ നുഴഞ്ഞുകയറ്റശ്രമം റെക്കോഡഡ് ഫ്യൂച്ചറിന്റെ ശ്രദ്ധയിൽ പെട്ടത്. ചൈനീസ് സർക്കാരിന്റെ പിന്തുണയുള്ള ഗ്രൂപ്പുകളാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചുകൊണ്ടിരുന്നത്. 2020 മധ്യത്തോടെ ഇന്ത്യയുടെ 10 വൈദ്യുതി സ്ഥാപനങ്ങളെ ചൈന ലക്ഷ്യമിട്ടു. അഞ്ച് പ്രാദേശിക ലോഡ് ഡെസ്പാച്ച് കേന്ദ്രങ്ങളിൽ നാലിലും, രണ്ടുതുറമുഖങ്ങളിലും ഈ മാൽവേർ നുഴഞ്ഞുകയറ്റശ്രമം കണ്ടെത്തി. എന്നാൽ, നിലവിലുള്ള ഏതെങ്കിലും ഹാക്കർ ഗ്രൂപ്പിനെ മാത്രമായി മുംബൈ വൈദ്യുതി മുടക്കത്തിന് ഉത്തരവാദികളായി കാണാനുള്ള തെളിവില്ലന്നും യുഎസ് സൈബർ സെക്യൂരിറ്റി കമ്പനി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റസ്‌പോൺസ് ടീമിന് തങ്ങളുടെ കണ്ടെത്തലുകൾ ി റെക്കോർഡഡ് ഫ്യൂച്ചർ അയച്ചുകൊടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP