Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഗ്ന ചിത്രങ്ങൾ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിൽ നിന്ന് മൊബൈൽ മണി വാലറ്റു വഴി പണം തട്ടി; ഫെയ്‌സ് ബുക്ക് മെസഞ്ചർ ഹണി ട്രാപ്പ് ബ്ലാക്ക് മെയിലിങ് കേസിൽ രാജസ്ഥാനികളുടെ ജാമ്യാപേക്ഷയിൽ നിലപാട് അറിയിക്കാൻ സർക്കാരിനോട് കോടതി

നഗ്ന ചിത്രങ്ങൾ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിൽ നിന്ന് മൊബൈൽ മണി വാലറ്റു വഴി പണം തട്ടി; ഫെയ്‌സ് ബുക്ക് മെസഞ്ചർ ഹണി ട്രാപ്പ് ബ്ലാക്ക് മെയിലിങ് കേസിൽ രാജസ്ഥാനികളുടെ ജാമ്യാപേക്ഷയിൽ നിലപാട് അറിയിക്കാൻ സർക്കാരിനോട് കോടതി

അഡ്വ നാഗരാജ്

തിരുവനന്തപുരം: കോളേജ് കുമാരികളുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് ഫെയ്‌സ് ബുക്ക് മെസഞ്ചറിലൂടെ ചാറ്റ് ചെയ്ത് ഹണി ട്രാപ്പൊരുക്കി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ കേസിൽ പ്രതികളായ രണ്ടു രാജസ്ഥാനികളുടെ ജാമ്യ ഹർജികളിൽ സർക്കാർ നിലപാടറിയിക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. തലസ്ഥാനത്തെ സിറ്റി സൈബർ ക്രൈം ഡിവൈഎസ്‌പി യോട് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.

തലസ്ഥാന ജില്ലക്കാരനായ യുവാവിൽ നിന്നും പണം തട്ടിയ കേസിൽ റിമാന്റിൽ കഴിയുന്ന ഒന്നും രണ്ടും പ്രതികളും രാജസ്ഥാനിലെ കാമൻ സ്വദേശികളുമായ നഹർ സിങ്ങും സുഖ്‌ദേവ് സിങ്ങും സമർപ്പിച്ച ഹർജിയിലാണ് ജില്ലാ കോടതി ഉത്തരവ്. ഇരുവരുടെയും ആദ്യ ജാമ്യ ഹർജികൾ തള്ളിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ടേട്ട് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചത്. തങ്ങൾ നിരപരാധികളാണെന്നും പൊലീസിന് ആളുമാറി തങ്ങളെ അറസ്റ്റ് ചെയ്തതാണെന്നും പ്രതികൾ ജാമ്യഹർജിയിൽ പറയുന്നു. യഥാർത്ഥ പ്രതികളെ കിട്ടാത്തതിനാൽ കേസുമായി യാതൊരു ബന്ധവുമില്ലാത്ത തങ്ങളെ കളവായി കേസിൽ പ്രതി ചേർത്തതാണ്.

കേസിൽ അന്വേഷണം പ്രായോഗികമായി പൂർത്തിയായതിനാൽ തങ്ങളുടെ തുടർ ജയിൽ കസ്റ്റഡി യാതൊരന്വേഷണത്തിനും ആവശ്യമില്ല. 2020 നവംബർ 26 മുതൽ ജയിലിൽ റിമാന്റിൽ കഴിയുകയാണ്. കോടതി കൽപ്പിക്കുന്ന ഏതു വ്യവസ്ഥയും പാലിക്കാൻ തയ്യാറാണെന്നും പ്രതികളുടെ ജാമ്യ ഹർജിയിൽ പറയുന്നു. ആരോപണം ഗൗരവമേറിയതാണെന്നും അന്യ സംസ്ഥാനക്കാരായ പ്രതികൾക്ക് ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ ഒളിവിൽ പോകാൻ സാധ്യതയുള്ളതായും അപ്രകാരം സംഭവിച്ചാൽ കേസ് വിചാരണക്ക് പ്രതികളെ ലഭ്യമാകില്ലെന്നും നിരീക്ഷിച്ചാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആർ. രേഖ പ്രതികളുടെ ജാമ്യ ഹർജി തള്ളിയത്.

2020 സെപ്റ്റംബർ - ഒക്ടോബർ ലോക് ഡൗൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് തേൻ കെണി തട്ടിപ്പിനിരയായത്. കോളേജ് വിദ്യാർത്ഥിനി ' അങ്കിത് ശർമ്മ '' എന്ന പേരിൽ ഒരു പെൺകുട്ടിയുടെ ചിത്രമുള്ള ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ നിന്ന് പരാതിക്കാരന് ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം ലഭിക്കുകയും സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. സൗഹൃദ ചാറ്റിങ് പതിയെ പ്രണയത്തിന് വഴിമാറുകയായിരുന്നു. കൗമാരക്കാരിയുടെ ശബ്ദത്തിനായി പ്ലേ സ്റ്റോറിൽ നിന്നും പ്രത്യേക ആപ്പ് ഡൗൺലോഡ് ചെയ്താണ് പ്രതികൾ സൈബർ സ്‌പേസ് തട്ടിപ്പിന് കളമൊരുക്കിയത്.

തുടർന്ന് പ്രണയം നടിച്ച് ചാറ്റ് ചെയ്ത് പെൺകുട്ടിയുടെ കാമോദ്ദീപകമായതും അർദ്ധനഗ്‌ന മേനി കാട്ടുന്നതുമായ ചൂടേറിയ അശ്ലീല ബിക്കിനി ഫോട്ടോകൾ അയച്ചുകൊടുത്ത് യുവാവിന്റെ ഉറക്കം കെടുത്തി. അനുരാഗ വിവശനായി തേൻ കെണിയിൽ വീണ് നിദ്രാ വിഹീനനായ യുവാവിനോട് നഗ്‌നചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെട്ടു. പ്രണയ , കാമ പരവശനായ യുവാവിന്റെ നഗ്‌ന ചിത്രങ്ങൾ കരസ്ഥമാക്കിയ ശേഷം പ്രതികൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാക്കുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയിലിംഗിലൂടെ യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവം പുറത്തറിഞ്ഞാൽ മാനം പോകുമെന്ന് ഭയന്ന തലസ്ഥാന ജില്ലക്കാരനായ യുവാവ് ഇതോടെ മൊബൈൽ മണി വാലറ്റുകൾ വഴി പല തവണയായി പതിനായിരങ്ങൾ നൽകി. എന്നിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നപ്പോഴാണ് പൊലീസിൽ പരാതിപ്പെട്ടത്.

തിരുവനന്തപുരം റെയിഞ്ച് ഡി ഐ ജി യുടെ മേൽനോട്ടത്തിൽ സിറ്റി സൈബർ ക്രൈം ഡിവൈഎസ്‌പി റ്റി. ശ്യാംലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് രാജസ്ഥാനിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. 2020 നവംബർ 26 നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് രാജസ്ഥാനിൽ നിന്നും കേരളത്തിലെത്തിച്ചത്. ഗൂഗിളിൽ നിന്നും വാട്ട്‌സ്ആപ്പിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കിയ ശേഷം ജിയോ മാപ്പിങ് രീതി ഉപയോഗിച്ചാണ് പ്രതികളുടെ വാസസ്ഥലം കണ്ടെത്തിയത്. പ്രതികളുടെ കെണിയിൽ വീണ് യാതൊരു സ്വകാര്യതയും സംരക്ഷിക്കാതെ സഭ്യതയുടെ അതിർ വരമ്പുകൾ ലംഘിച്ച് സ്വന്തം നഗ്‌നചിത്രങ്ങൾ അപ് ലോഡ് ചെയ്ത മറ്റു പലരെയും പ്രതികൾ സമാന രീതിയിൽ ട്രാപ്പ് ചെയ്യാൻ ടാർജറ്റ് ചെയ്തതായും അന്വേഷണത്തിൽ വെളിപ്പെടുകയായിരുന്നു.

രാജസ്ഥാൻ , ഹരിയാന , ഉത്തർ പ്രദേശ് സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിലാണ് ഹണി ട്രാപ്പ് , ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്നത്. വ്യാജ ആധാർ ഐഡി രേഖകളും , അപരന്മാരുടെ ഫോട്ടോകളും ഉപയോഗിച്ച് ആൾമാറാട്ടം നടത്തി ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കുന്നതിനാൽ യഥാർത്ഥ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നത് ശ്രമകരമാണ്. തട്ടിപ്പു സംഘങ്ങൾക്ക് വ്യാജരേഖകളുടെ പിൻബലത്തിൽ ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്ത് തട്ടിപ്പിന് ഒത്താശ ചെയ്യുന്ന ബാങ്ക് അധികൃതർ തേൻ കെണി റാക്കറ്റ് വഞ്ചനയിലൂടെ സ്വരൂപിക്കുന്ന തുകയുടെ നിശ്ചിത ശതമാനം തുക കമ്മീഷൻ പറ്റുന്നതായും ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP