Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202430Saturday

മൈനിങ് പ്ലാൻ പ്രകാരമുള്ള അനുവദനീയ അളവിൽ ഖനനം നടന്ന ക്വാറികളിലും ഒരു വർഷം കൂടി ഇനി ഖനനം നടത്താം; കോവിഡിലെ കേന്ദ്ര വിജ്ഞാപനം വളച്ചൊടിച്ച് കേരളത്തിന്റെ കുതന്ത്രം; കോളടിക്കുന്നത് പാറമട മുതലാളിമാർക്കും ഫണ്ട് പ്രതീക്ഷിക്കുന്ന കക്ഷികൾക്കും; പാറഖനനത്തിലും അഴിമതി?

മൈനിങ് പ്ലാൻ പ്രകാരമുള്ള അനുവദനീയ അളവിൽ ഖനനം നടന്ന ക്വാറികളിലും ഒരു വർഷം കൂടി ഇനി ഖനനം നടത്താം; കോവിഡിലെ കേന്ദ്ര വിജ്ഞാപനം വളച്ചൊടിച്ച് കേരളത്തിന്റെ കുതന്ത്രം; കോളടിക്കുന്നത് പാറമട മുതലാളിമാർക്കും ഫണ്ട് പ്രതീക്ഷിക്കുന്ന കക്ഷികൾക്കും; പാറഖനനത്തിലും അഴിമതി?

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: തെരഞ്ഞെടുപ്പുകാലത്ത് ഫണ്ട് കിട്ടുന്ന വഴികളിൽ പ്രധാനം ബാർ മുതലാളിമാരാണ്. ഇതിനൊപ്പം തന്നെ പ്രധാനപ്പെട്ടവരാണ് ക്വാറി മുതലാളികൾ. കൂടുതൽ ബാറുകൾ അനുവദിക്കാനുള്ള ഫയലുകൾ സെക്രട്ടറിയേറ്റിൽ നീങ്ങുന്നുണ്ട്. ഇതിൽ തീരുമാനം ഉടൻ ഉണ്ടാകില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ്. ഇത് ഇതിനൊപ്പമാണ് പാറ ക്വാറികൾക്കു ഖനനപ്പാട്ടവും പെർമിറ്റും നീട്ടിക്കൊടുക്കുന്നതിലെ ദുരൂഹതയും പുറത്തു വരുന്നത്. കേന്ദ്ര സർക്കാരിന്റെ കോവിഡ് കാല ഉത്തരവിനെ വളച്ചൊടിച്ചാണ് തീരുമാനം.

കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്തു ക്വാറികളുടെ പരിസ്ഥിതി അനുമതി ഒരു വർഷത്തേക്കു നീട്ടിനൽകാമെന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയിരുന്നു. ഈ ഉത്തരവിന്റെ മറവിൽ എല്ലാ ക്വാറികളുടെയും പാട്ടവും (ലീസ്) പെർമിറ്റും നീട്ടി നൽകാനാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപ് വ്യവസായ വകുപ്പ് ഉത്തരവിറക്കിയത്. ഫലത്തിൽ ഒരു കൊല്ലം കൂടി എല്ലാ ക്വാറികൾക്കും പ്രവർത്തിക്കാം. ഇതിലൂടെ പാറമട ഉടമകൾക്ക് വമ്പൻ ലാഭവും കിട്ടും.

പരിസ്ഥിതി അനുമതി നീട്ടുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം പെർമിറ്റോ പാട്ടമോ നീട്ടാനാവില്ലെന്നതാണ് വസ്തുത. ഇത് മറച്ചു വച്ചാണ് പാരിസ്ഥിതിക അനുമതിയിലെ കേന്ദ്ര വിജ്ഞാപനത്തെ മറയാക്കി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉൾപ്പെട്ട ഈ നീക്കം. പ്രത്യേക അനുമതിയില്ലാതെ ഒരു വർഷം കൂടി ഖനനം നടത്താൻ അവസരമൊരുക്കുകയാണ്. ഇത് ആഴക്കടലിലെ അഴിമതിക്ക് തുല്യമാണെന്ന വാദം ശക്തമാണ്. ക്വാറി മുതലാളിമാരിൽ നിന്ന് ലക്ഷങ്ങളുടെ ഫണ്ട് പാർട്ടികൾക്ക് ലഭിക്കും. അതുകൊണ്ട് പ്രതിപക്ഷവും ഇത് ചർച്ചയാക്കുന്നില്ല.

ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടി വന്ന ക്വാറികളുടെ പരിസ്ഥിതി അനുമതി കാലഹരണപ്പെട്ടെങ്കിൽ 2020 ഏപ്രിൽ 1 മുതൽ 2021 മാർച്ച് 31 വരെയുള്ള ഒരു വർഷം അവയ്ക്ക് പരിസ്ഥിതി അനുമതിയുണ്ടെന്നു കണക്കാക്കാമെന്നാണു ജനുവരി 18ലെ കേന്ദ്ര വിജ്ഞാപനത്തിൽ പറയുന്നത്. കേരളത്തിൽ കോവിഡു കാലത്ത് ഒന്നര മാസം മാത്രമാണ് ക്വാറികൾക്ക് നിയന്ത്രണം ഉണ്ടായിരുന്നത്. അതുകൊണ്ട് ഈ വിജ്ഞാപനം പോലും കേരളത്തിൽ അതേ പടി നടപ്പാക്കേണ്ടതില്ല. ഒന്നര മാസത്തെ പ്രശ്‌നം മാത്രമാണ് ഉണ്ടായിരുന്നത്.

പല സംസ്ഥാനത്തും മാസങ്ങൾ പാറമടയുടെ പ്രവർത്തനം നിലച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കേന്ദ്ര വിജ്ഞാപനം. അനുമതി നൽകുന്നതിനു മുന്നോടിയായുള്ള ക്വാറി സന്ദർശനം ഉൾപ്പെടെ കോവിഡ് നിയന്ത്രണങ്ങൾ മൂലം നിലച്ച സാഹചര്യത്തിലായിരുന്നു ഇളവ്. സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അഥോറിറ്റിയാണ് ക്വാറികൾക്ക് 5 വർഷം വീതം പരിസ്ഥിതി അനുമതി നൽകുന്നത്.

സംസ്ഥാനത്ത് ഒരു ഹെക്ടർ വരെയുള്ള നൂറിലേറെ ക്വാറികൾക്ക് ഒരു വർഷത്തെ പെർമിറ്റും അതിനു മുകളിലുള്ള ഏകദേശം 750 ക്വാറികൾക്ക് 5 12 വർഷത്തെ പാട്ടവുമാണ് അനുവദിച്ചിരിക്കുന്നത്. ലോക്ഡൗൺ കാലത്ത് ഒന്നര മാസത്തേക്കു മാത്രമാണു ക്വാറികൾക്കു സ്റ്റോപ്പ് മെമോ നൽകിയിരുന്നത്. ബാക്കി സമയങ്ങളിലെല്ലാം ക്വാറികളിൽ നല്ലൊരു പങ്കും പ്രവർത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ കേന്ദ്ര വിജ്ഞാപനം പോലും നടപ്പാക്കണ്ടതില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവിലും അഴിമതി സംശയം നിറയുന്നത്.

മൈനിങ് പ്ലാൻ പ്രകാരമുള്ള അനുവദനീയ അളവിൽ ഖനനം നടന്ന ക്വാറികളിലും ഒരു വർഷം കൂടി ഖനനം നടത്താൻ പുതിയ ഉത്തരവിലൂടെ കഴിയും. റോയൽറ്റിയും മറ്റു നിരക്കുകളും അടയ്ക്കണമെങ്കിലും കോടികളുടെ ബിസിനസ് സാധ്യമാകും. ലീസ് എഗ്രിമെന്റ് രജിസ്റ്റർ ചെയ്യുമ്പോഴുള്ള സ്റ്റാംപ് ഡ്യൂട്ടി ഇനത്തിലും മറ്റും സർക്കാരിനു കിട്ടേണ്ട വൻ വരുമാനം നഷ്ടമാകുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP