Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഴക്കടൽ മത്സ്യബന്ധന വിവാദം ഗൂഢാലോചന; തൊഴിലാളികളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നു; സർക്കാർ രണ്ട് കരാറുകൾ റദ്ദ് ചെയ്തു; വഴിവിട്ട നീക്കങ്ങൾ ഇടത് സർക്കാരിന്റെ പിടലിക്ക് വെച്ചുകെട്ടേണ്ട; രാഹുൽ ഗാന്ധി നല്ല ടൂറിസ്റ്റെന്നും മുഖ്യമന്ത്രി

ആഴക്കടൽ മത്സ്യബന്ധന വിവാദം ഗൂഢാലോചന; തൊഴിലാളികളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നു; സർക്കാർ രണ്ട് കരാറുകൾ റദ്ദ് ചെയ്തു; വഴിവിട്ട നീക്കങ്ങൾ  ഇടത് സർക്കാരിന്റെ പിടലിക്ക് വെച്ചുകെട്ടേണ്ട; രാഹുൽ ഗാന്ധി നല്ല ടൂറിസ്റ്റെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദം ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം ശ്രമം നടത്തുന്നു. ഇതിനായി പ്രതിപക്ഷം ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

എന്തും ചെയ്യാൻ മടിയില്ലാത്ത ചില ദുഷ്ടാത്മാക്കൾ നാട്ടിലുണ്ടെന്നും നെറികേടുകൾ നാട്ടിൽ ചെലവാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശംഖുമുഖത്ത് നടന്ന യുവമഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചിലർക്ക് വലിയ തിരിച്ചടി നേരിട്ടു. അതിനെ മറികടക്കാൻ മത്സ്യത്തൊഴിലാളികളിൽ വികാരം ഇളക്കിവിടാനാകുമോ എന്ന ആലോചനയുടെ ഫലമായിട്ടാണ് ധാരണാപത്രത്തിന്റെ പേര് പറഞ്ഞ് ചില കേന്ദ്രങ്ങൾ ഇറങ്ങിയത്.

ഇത്തരമൊരു എംഒയു ഒപ്പിടുമ്പോൾ സാധാരണ നിലയിൽ ആ വകുപ്പിന്റെ സെക്രട്ടറി അറിയണം. ധാരണാപത്രം ഒപ്പിടുന്ന കാര്യം അദ്ദേഹം അറിഞ്ഞിട്ടേയില്ല. എന്തായിരുന്നു ഒപ്പിടാൻ ഇത്ര ധൃതി. എവിടെയോ ഉള്ള ഒരു ആലോചനയുടെ ഫലമായാണ് ഇത് സംഭവിച്ചത്. ബന്ധപ്പെട്ട സെക്രട്ടറിക്കോ സർക്കാരിനോ മന്ത്രിക്കോ അറിയാത്ത വിവരം എങ്ങനെ പ്രതിപക്ഷ നേതാവിന് വിവരം ലഭിച്ചു. എന്തും ചെയ്യാൻ മടിയില്ലാത്ത ചില ദുഷ്ടാത്മാക്കൾ നമ്മുടെ നാട്ടിലുണ്ട്. ഈ നെറികേടൊന്നും നമ്മുടെ നാട്ടിൽ ചെലവാകില്ല എന്ന് മനസ്സിലാക്കണമെന്നും കെഎസ്ഐഎൻസി എം.ഡി എൻ പ്രശാന്തിന്റെ പേരെടുത്ത് പറയാതെ അദ്ദേഹം വിമർശിച്ചു.

.ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി കൊടുക്കാൻ സംസ്ഥാനത്തിന് ഒരു അവകാശവുമില്ല. കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴാണ് വിദേശ മത്സ്യബന്ധന കപ്പലുകൾക്ക് വരാനുള്ള അനുമതി നൽകിയത്. അതാണ് കോൺഗ്രസിന്റെ നയം. അന്ന് അതിനെ എതിർക്കുകയാണ് എൽഡിഎഫ് ചെയ്തത്. ആഴക്കടൽ മത്സ്യബന്ധനത്തിന് എതിരാണെന്ന് ഫിഷറീസ് നയത്തിൽ നേരത്തേ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ അത്തരമൊരു കാര്യം സർക്കാർ ആലോചിക്കുന്ന പ്രശ്നമേയില്ല.

ഇത്തരമൊരു ആരോപണം പുറത്തുവന്ന ഉടനേ സർക്കാരിന്റെ നയത്തിനെതിരായി ഉണ്ടാക്കിയ രണ്ടു കരാറുകളും റദ്ദ് ചെയ്തു. വഴിവിട്ട നീക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് എൽഡിഎഫ് സർക്കാരിന്റെ പിടലിക്ക് വെച്ചുകെട്ടാമെന്ന് കരുതേണ്ട. അത് ചെലവാകില്ല. എൽഡിഎഫ് സർക്കാരിന്റെ സംശുദ്ധി കൃത്യമായി ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള നീക്കങ്ങൾ ഉണ്ടായേക്കാം. അത് എന്താണെന്നൊന്നും ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് റാങ്ക് ലിസ്റ്റിൽ സർക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തു. നിയമമില്ലാതിരുന്നിട്ടും ലിസ്റ്റിന് കാലാവധി നീട്ടി നൽകി. എന്നിട്ടും ഉദ്യോഗാർഥികൾ സർക്കാരിനതിരെ സമരം ചെയ്തു. മാധ്യമങ്ങളും ഇതിന് കൂട്ടുനിന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ബാനർ ഹെഡിങ് നൽകി ജനങ്ങളെ പറ്റിക്കാമെന്ന് കരുതണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും പിണറായി രൂക്ഷവിമർശനം ഉന്നയിച്ചു. നേരിട്ട് ബിജെപിയും കോൺഗ്രസും ഏറ്റുമുട്ടുന്ന ഒരു സംസ്ഥാനങ്ങളിലും ദേശീയ നേതാവായ രാഹുൽ ഗാന്ധി പോകുന്നില്ല. പുതുച്ചേരി അടക്കമുള്ള സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് രാഹുൽ ഗാന്ധി പോകുന്നില്ലെന്ന് വ്യക്തമാക്കണം.

അദ്ദേഹം നല്ല ടൂറിസ്റ്റാണ്. അങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം പോകാറുണ്ട്. ചില കടലുകൾ തീർത്തും ശാന്തമാണ്. അവിടെ ടൂറിസ്റ്റുകൾ കടലിൽ ചാടി നീന്താറുണ്ട്. അദ്ദേഹവും അങ്ങനെ നീന്തി ശീലിച്ചിട്ടുണ്ടാകും. കേരളത്തിലെ കടൽ അങ്ങനെ നീന്താൻ പറ്റുന്ന കടലല്ല. കേരളത്തിലേത് അത്ര ശാന്തമായ കടലല്ല. വളരെ സൂക്ഷിക്കേണ്ട കടലാണ്. ഇതുകൊണ്ടൊന്നും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല. ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്ന് കോൺഗ്രസ് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP