Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോൾ " പപ്പു " മത്സ്യം പിടിക്കുന്നു; തോൽക്കുമ്പോൾ കുറ്റമെല്ലാം വോട്ടിം​ഗ് മെഷീനും; രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര

ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: കേരളത്തിന്റെ തീരത്ത് അറബിക്കടലിൽ പ്രാദേശിക മത്സ്യത്തൊഴിലാളികളുമായി രാഹുൽ ഗാന്ധി നീന്തുന്ന വീഡിയോ പുറത്ത് വന്ന് ദിവസങ്ങൾക്കുശേഷം, മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പരിഹാസവുമായി രം​ഗത്ത്. കോൺ​ഗ്രസുകാരുടെ 'പപ്പു' (വിഡ്ഢി) നേതാവ് ഇപ്പോൾ മത്സ്യം പിടിക്കുന്ന തിരക്കിലാണെന്നും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി നേരിടുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇവി എം) ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുമെന്നുമായിരുന്നു മിശ്രയുടെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കൾ കനത്ത പ്രചാരണങ്ങളിൽ ഏർപ്പെടുമ്പോൾ രാഹുൽ ​ഗാന്ധി മീൻപിടിച്ച് നടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "വ്യത്യാസം നോക്കൂ. മോദിജി തമിഴ്‌നാട്ടിൽ പ്രചാരണം നടത്തുന്നു, പശ്ചിമ ബംഗാളിൽ അമിത് ഷാജി, നദ്ദാജി അസമിൽ, രാജ്‌നാഥ് സിങ് കേരളത്തിലാണ്," പപ്പു "മത്സ്യം പിടിക്കുന്നു. എന്നിട്ട് ഇവിഎമ്മുകൾ തകരാറിലാണെന്ന് അവർ പറയും," മിശ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കേരള സന്ദർശനത്തിനിടെയാണ് രാഹുൽ ​ഗാന്ധി മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോയത്. ബോട്ടിലേക്ക് മടങ്ങുന്നതിനുമുമ്പ് അദ്ദേഹം കടലിൽ ചാടി മറ്റ് രണ്ട് പേർക്കൊപ്പം 10 മിനിറ്റ് നീന്തി. തെക്കൻ തീരദേശ ജില്ലയിലെ തങ്കശ്ശേരി കടൽത്തീരത്ത് തടിച്ചുകൂടിയ സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുമായി വയനാട് എംപി സംവദിക്കുകയും ചെയ്തിരുന്നു.

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം -, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലായി മൊത്തം 824 നിയമസഭാ മണ്ഡലങ്ങളിലാണ് ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ പോളിങ് മാർച്ച് 27 മുതൽ ഏപ്രിൽ 29 ന് അവസാനിക്കും. വോട്ടെണ്ണൽ മെയ് 2 ന് നടക്കും.

അതേസമയം, ചെറിയ ഭൂരിപക്ഷത്തിൽ കോൺ​ഗ്രസ് അധികാരത്തിലെത്തിയാലും ബിജെപി ഭരണം അട്ടിമറിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. തൂത്തുക്കുടിയിൽ അഭിഭാഷകരുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ പ്രതികരണം. നല്ല ആളുകൾ സ്ഥാനാർത്ഥികളായാലും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺ​ഗ്രസിന് ഭരിക്കണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കണമെന്നാണ് രാഹുൽ ​ഗാന്ധിയുടെ അഭിപ്രായം.

നല്ല ആളുകളെ സ്ഥാനാർത്ഥിയാക്കിയിട്ടും കാര്യമില്ല. ചെറിയ ഭൂരിപക്ഷത്തിൽ ഭരണം പിടിച്ചാൽ ബിജെപി അട്ടിമറിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ജനാധിപത്യം ബിജെപി അട്ടിമറിച്ചു. പണം മാത്രമല്ല മാധ്യമങ്ങളും, ജുഡീഷ്യറിയും പോലും അട്ടിമറികൾക്ക് കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണം അട്ടിമറിക്കാൻ ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു. ഇത്തരം ഒരു സ്വാധീനത്തിനും വഴങ്ങാത്ത വിധം സത്യസന്ധനായതുകൊണ്ടാണ് ബിജെപി തന്നെ ഇത്രമാത്രം കടന്നാക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP