Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളാ ടീമിനെ തെരഞ്ഞെടുക്കുന്നത് യോഗ്യത ഇല്ലാത്തവർ; ബൈലോയിൽ പറയുന്ന കളി മികവുള്ളവരുടെ സേവനം ഉപയോഗിക്കുന്നത് പോണ്ടിച്ചേരിയും! കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതുമില്ല; കേരളാ ക്രിക്കറ്റിനെ നേർവഴിയിൽ എത്തിക്കാൻ പട നയിച്ച് മുൻ ക്യാപ്ടൻ ഒകെ രാംദാസ്; ലോധാ നിർദ്ദേശങ്ങളിലെ അട്ടിമറി ഹൈക്കോടതിയിൽ

കേരളാ ടീമിനെ തെരഞ്ഞെടുക്കുന്നത് യോഗ്യത ഇല്ലാത്തവർ; ബൈലോയിൽ പറയുന്ന കളി മികവുള്ളവരുടെ സേവനം ഉപയോഗിക്കുന്നത് പോണ്ടിച്ചേരിയും! കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതുമില്ല; കേരളാ ക്രിക്കറ്റിനെ നേർവഴിയിൽ എത്തിക്കാൻ പട നയിച്ച് മുൻ ക്യാപ്ടൻ ഒകെ രാംദാസ്; ലോധാ നിർദ്ദേശങ്ങളിലെ അട്ടിമറി ഹൈക്കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളാക്രിക്കറ്റ് അസ്സോസ്സിയേഷനിലെ കെടുകാര്യസ്ഥതയും ഭരണഘടനാലംഘനങ്ങളും ചൂണ്ടിക്കാട്ടി ചില മുൻ കാല കളിക്കാർ ചേർന്ന് കേരളാക്രിക്കറ്റ് അസ്സോസ്സിയേഷനെതിരെ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. പരാതികളിൽ ഏഴു ദിവസത്തിനകം മറുപടി കൊടുക്കാൻ കെ സി എയോട് കോടതി ആവശ്യപ്പെട്ടു. ഈ ഹർജി കുടുക്കായി മാറാനും സാധ്യത ഏറെയാണ്. ഈ ഹർജി പിൻവലിപ്പിക്കാൻ ചില ഇടപെടലുകൾ കെസിഎ നടത്തിയിരുന്നു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. ഇതിനു പിന്നാലെയാണ് ഹർജി ഹൈക്കോടതി പരിഗണിക്കാനും തീരുമാനിച്ചത്. ഇത് കെ സി എയ്ക്ക് വലിയ തിരിച്ചടിയുമാകും.

സ്ഥലം വിൽപ്പന, വലിയ കോൺ ട്രാക്ടുകൾ തുടങ്ങി വലിയ വിലയുള്ള പദ്ധതികൾ ഉൾപ്പടെയുള്ള നയപരമായ തീരുമാനങ്ങൾ അപെക്‌സ് കൗൺസിലിൽ ആലോചിക്കാതെ നേരിട്ട് കെ സി എ ജനറൽ ബോഡി വിളിച്ച് വളരെ എളുപ്പത്തിൽ പാസാക്കിയെടുക്കുകയാണ് പതിവ്. ബി സി സി ഐയുടെ ഭരണഘടനയിൽ നിന്നും വിരുദ്ധമായി കെ സി എ യുടെ അക്കൗണ്ട്‌സുകൾ മാനേജ് ചെയ്യുന്നത് സെക്രട്ടറിയും ട്രഷററും സി എഫ് ഒ യും കൂടിയാണ്. അത്തരം തീരുമാനങ്ങൾ പരിശോധിക്കപ്പെടേണ്ടതാണെന്ന് ഹർജിക്കാർ ആവശ്യപ്പെടുന്നു.

കെ സി എ ബൈലൊ യിലെ ഖണ്ഡിക 26 പ്രാകാരം സെലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ യോഗ്യത വ്യക്തമായി നിർവ്വചിച്ചിട്ടുണ്ട്. അതുപ്രാകാരം 30 ഫസ്റ്റ്ക്ലാസ് മൽസരങ്ങൾ അല്ലെങ്കിൽ 20 ഏകദിനമോ ടി 20 മൽസരങ്ങളോ കളിച്ച മുൻ കളിക്കാരാവണം സെലക്ടർമാർ. കളിയുടെ നിലവാരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന സെലക്ഷൻ കമ്മിറ്റിയിൽ യതൊരു യോഗ്യതയും ഇല്ലാത്ത അംഗങ്ങൾ 2015 മുതൽ ഭരണഘടനയക്ക് വിരുദ്ധമായി തൽസ്ഥാനത്ത് തുടർന്നു വരുന്നു. എന്നാൽ ഈ യോഗ്യതയുള്ള മുൻ കളിക്കാരുടെ സേവനം പോണ്ടിച്ചേരി പോലുള്ള സംസ്ഥാനങ്ങൾ ഭംഗിയായി ഉപയോഗിച്ച് വരുന്നുമുണ്ട്. ടൂർ, ഫിക്ചർ ടെക്‌നിക്കൽ കമ്മിറ്റി ഇതുവരെ ചേർന്നില്ലെന്നും ആരോപണമുണ്ട്.

ചില ജില്ലാ അസ്സോസ്സിയേഷനുകളിൽ കാലങ്ങളായി ഒരേ പോസ്റ്റുകളിൽ ഇരുക്കുന്നവരുണ്ട്. കെ സി എ ഭരണഘടന അനുസരിച്ച് 14 ജില്ലാ അസ്സോസ്സിയേഷനുകളാണ് അവരുടെ അംഗങ്ങൾ എന്നിരിക്കെ 42 പേരടങ്ങുന്ന ഒരു ജനറൽ ബോഡി വിളിച്ചു ചേർത്ത് ഡിഎ യും ടി എ യും വിതരണം ചെയ്തുകൊണ്ടിരിക്കുന്നതും നിയമവിരുദ്ധമാണ്. മുൻ കളിക്കാരായ ഒ.കെ രാംദാസ് , പി ടി ഗോഡ്വിൻ, പി വി മണികണ്ഠൻ, എസ് ആർ ശ്രീകല, പത്മ എന്നിവരാണ് പരാതിക്കാർ . രജ്ഞി ട്രോഫി മുൻ ക്യാപ്ടനാണ് രാംദാസ്. ബിസിസിഐ മാച്ച് റഫറിയും ആയിരുന്നു.

കളിക്കാരായ പരാതിക്കാർ കെ സി എ യുടെ ഭരണ നിർവ്വഹണത്തിൽ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരാണ്. എന്നാൽ ലോധ കമ്മിറ്റി നിർദ്ദേശിച്ച നല്ല വശങ്ങൾ അപ്പാടെ തകിടം മറിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇന്ന് നടക്കുന്നത്. ഇന്നത്തെ സ്ഥിതിവിശേഷം കണ്ട് നിവൃത്തിയില്ലാതെയാണ് കോടതിയെ സമീപിക്കുന്നതെന്നും കളിക്കാർ പറയുന്നു.

പരാതിക്കാർ വളരെ കൃത്യതയോടെ കോടതിയിൽ ബോധിപ്പിച്ച പ്രധാന ആവശ്യങ്ങൾ.

1. സി ഇ ഓ നിയമനം:

കെ സി എ ഭരണഘടന യിലെ 23 മത് ഖണ്ഡിക പ്രകാരം കെ സി എ യുടെ ദൈനംദിന പ്രവർത്തനങ്ങൾ മാനേജ് ചെയ്യാൻ ഒരു മാനേജ്‌മെന്റ് വിദഗ്ദനെ അപെക്‌സ് കൗൺസിൽ നിയമിക്കണമെന്ന നിബന്ധന കാറ്റിൽ പറത്തി, അനിശ്ചിതകാലത്തേക്ക് നീട്ടിക്കൊണ്ടു പോവുകയാണ്. അതു വഴി കെ സി എയുടെ ദൈനം ദിന പ്രവർത്തനങ്ങൾ കളിക്കാരോ ഒരു മാനേജ്‌മെന്റ് വിദഗ്ദരോ അല്ലാത്ത ചില വ്യക്തികൾ കൈകാര്യം ചെയ്ത് വരികയാണ്.

2. അപെക്‌സ് കൗൺസിൽ പ്രവർത്തനത്തിലെ അപാകതകൾ:

കെ സി എ ഭരണഘടന ഖണ്ഡിക 14 - 15 പ്രകാരം കെ സി എ യുടെ ഭരണ നിർവ്വഹണം നടത്തേണ്ട പ്രാഥമിക ഉത്തരവാദിത്വം അപെക്‌സ് കൗൺസിലിൽ നിക്ഷിപ്തമാണെന്നിരിക്കെ, കെ സി എ ഭരണ നിർവ്വഹണത്തിന് ജനറൽ ബോഡിയെ ആശയിച്ചു വരികയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ അപെക്‌സ് കൗൺസിൽ ആകെ 3 തവണയാണ് കൂടിയിട്ടുള്ളത് എന്നതു മാത്രം മതി ഈ ഭരണഘടനാലംഘനത്തിന്റെ ചിത്രം മനസ്സിലാവാൻ. ഭരണഘടന നിഷ്‌ക്കർഷിക്കുന്നതിനു വിരുദ്ധമായി, രണ്ടു അപെക്‌സ് കൗൺസിൽ യോഗങ്ങൾക്കിടെ പത്തു മാസം വരെ ഇടവേളയുണ്ടായിട്ടുണ്ട്. മൊത്തം 9 അംഗങ്ങൾ ഉള്ള അപെക്‌സ് കൗൺസിലിൽ മൂന്നു പേർ സ്വതന്ത്രരായി തെരഞ്ഞെടുക്കപ്പെട്ടവരായതു കൊണ്ട് തന്നെ അവരുമായി കൂടിയാലോചിക്കാൻ പോലും നിൽക്കാതെ ഭരണപരമായ കാര്യങ്ങൾക്ക് ജനറൽ ബോഡി വിളിച്ചുകൂട്ടുകയെന്നത് പതിവാക്കിയിരിക്കുകയാണ്. മേൽപ്പറഞ്ഞ മൂന്നു പേരിൽ രണ്ടു പേർ ഇന്ത്യൻ ക്രിക്കറ്റ് കൗൺസിൽ വഴി തെരഞ്ഞെടുക്കപ്പെട്ടവരും ഒരാൾ അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ നിന്നു നിയമിതനായ ആളുമാണ്. സ്വതന്ത്രമായി തെരഞ്ഞെടുക്കപ്പെട്ടവരിനിന്നും നേരിടേണ്ടി വരുന്ന എതിർപ്പുകളെയും സ്വതന്ത്ര ചിന്തകളെയും മറികടക്കാൻ വേണ്ടിയാണ് കെ സി എ ജനറൽ ബോഡിയെ ആശ്രയിച്ചു വരുന്നത് എന്നതാണ് സത്യം. കളിക്കാരുടെ പ്രതിനിധികളെ വരുതിയിൽ കൊണ്ടു വരുന്നതിനായി കെ സി എ സെക്രട്ടറി നേരിട്ട് അവർക്കെതിരെ, ഇന്ത്യൻ ക്രിക്കറ്റ് അസ്സോസ്സിയേഷനിലേക്ക് അയച്ച സന്ദേശങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട കളിക്കാരുടെ പ്രതിനിധികൾ, കെ സി എ യുടെ ഭരണകാര്യങ്ങളിൽ ഇടപെടുന്നതായി പരാതിപ്പെടുന്നുണ്ട്. ഭരണനിർവ്വഹണനത്തിന്റെ പ്രാഥമിക അധികാരം അപെക്‌സ് കൗൺസിലിൽ ഭരണഘടനാപരമായി നിലനിൽക്കെ തന്നെയാണ് ഈ പരാതികൾ എന്നത് വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണുണ്ടാക്കിയിട്ടുള്ളത്.

3. സംശയകരമായ ചില വൻ കച്ചവടങ്ങൾ:

സ്ഥലം വിൽപ്പന, വലിയ കോൺ ട്രാക്ടുകൾ തുടങ്ങി വലിയ വിലയുള്ള പദ്ധതികൾ ഉൾപ്പടെയുള്ള നയപരമായ തീരുമാനങ്ങൾ അപെക്‌സ് കൗൺസിലിൽ ആലോചിക്കാതെ നേരിട്ട് കെ സി എ ജനറൽ ബോഡി വിളിച്ച് വളരെ എളുപ്പത്തിൽ പാസാക്കിയെടുക്കുകയാണ് പതിവ്. ബി സി സി ഐയുടെ ഭരണഘടനയിൽ നിന്നും വിരുദ്ധമായി കെ സി എ യുടെ അക്കൗണ്ട്‌സുകൾ മാനേജ് ചെയ്യുന്നത് സെക്രട്ടറിയും ട്രഷററും സി എഫ് ഒ യും കൂടിയാണ്. അത്തരം തീരുമാനങ്ങൾ പരിശോധിക്കപ്പെടേണ്ടതാണെന്ന് കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

4. കഴിഞ്ഞ നാലുവർഷമായി ഓഡിറ്റ് ചെയ്യാത്ത കെ സി എ അക്കൗണ്ട്‌സുകൾ:

കടുത്ത ഭരണഘടനാലംഘനത്തിനു ഉത്തമദൃഷ്ടാന്തമായി കഴിഞ്ഞ നാലുവർഷമായി അതായത് 2017 നു ശേഷം, കെ സി എ യുടെ കണക്കുകൾ ഓഡിറ്റ് ചെയ്ത് ജനറൽ ബോഡിയിൽ അവതരിപ്പിച്ച് പാസാക്കിയെടുത്തിട്ടില്ല.! ഭരണഘടനയുടെ മുപ്പത്താറാം ഖണ്ഡികയുടെ നഗ്‌നമായ ലംഘനത്തെ നിസ്സാരമായി കാണാനാവില്ല. കളിയുമായി സംബന്ധിക്കുന്നതും കളിക്കാരുടെ ടൂറുമായി സംബന്ധിക്കുന്ന കണക്കുകൾ വലിയ പ്രാധാന്യം അർഹിക്കുന്നതാണ്.

5. സുതാര്യതയുടെ ലംഘനം:

ഭരണഘടനയുടെ 37 ഖണ്ഡിക പ്രകാരം സുതാര്യതയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ജ.ലോധാകമ്മിറ്റിയുടെ മോഡൽ ബൈലോയ്ക്ക് വിരുദ്ധമായി 44 a ഖണ്ഡിക പ്രകാരം കെ സി എ യുടെ ബൈ ലോയിൽ മാത്രം സീക്രസിക്കായി, സൗകര്യാർത്ഥം ഒരു ഖണ്ഡിക എഴുതിചേർത്തു. എന്നാൽ സുതാര്യതയ്ക്ക് വേണ്ടിയുള്ള ഖണ്ഡിക 3(d)(b)(ix) അനുസരിക്കാതെ പോയാൽ ബി സി സി ഐ ക്ക് വേണമെങ്കിൽ കെ സി എ യ്ക്കുള്ള ഗ്രാന്റ് നിഷേധിക്കാനും ബൈലോ അനുശാസിക്കുന്നുണ്ട്. അതുകൊണ്ട് സുതാര്യത ഉറപ്പു വരുത്തുന്ന കാര്യത്തിൽ ബി സി സി ഐയുടെ ഇടപെടലുണ്ടാവണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

6. സെലക്ഷൻ കമ്മിറ്റിയിലെ അർഹതയില്ലാത്തവർ

കെ സി എ ബൈലൊ യിലെ ഖണ്ഡിക 26 പ്രാകാരം സെലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ യോഗ്യത വ്യക്തമായി നിർവ്വചിച്ചിട്ടുണ്ട്. അതുപ്രാകാരം 30 ഫസ്റ്റ്ക്ലാസ് മൽസരങ്ങൾ അല്ലെങ്കിൽ 20 ഏകദിനമോ ടി 20 മൽസരങ്ങളോ കളിച്ച മുൻ കളിക്കാരാവണം സെലക്ടർമാർ. കളിയുടെ നിലവാരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന സെലക്ഷൻ കമ്മിറ്റിയിൽ യതൊരു യോഗ്യതയും ഇല്ലാത്ത അംഗങ്ങൾ 2015 മുതൽ ഭരണഘടനയ്ക് വിരുദ്ധമായി തൽസ്ഥാനത്ത് തുടർന്നു വരുന്നു. എന്നാൽ ഈ യോഗ്യതയുള്ള മുൻ കളിക്കാരുടെ സേവനം പോണ്ടിച്ചേരി പോലുള്ള സംസ്ഥാനങ്ങൾ ഭംഗിയായി ഉപയോഗിച്ച് വരുന്നുമുണ്ട്

ടൂർ, ഫിക്ചർ ടെക്‌നിക്കൽ കമ്മിറ്റിയിലെ ചെയർമാനാണ് രണ്ടാം പരാതിക്കാരൻ എന്നിരിക്കെ, ഇതുവരെ അങ്ങനെയൊരു കമ്മിറ്റി കൂടിയിട്ടില്ലെന്നും പരാതിയിൽ സാക്ഷ്യപ്പെടുത്തുന്നു.

7. ബൈലോയിലെ അപാകതകൾ

ബി സി സി ഐ യുടെ മുൻ സി ഒ എ അംഗീകരിച്ച കെ സി എ സെക്രട്ടറിയുടെ സത്യവാങ്മൂലത്തിൽ ബി സി സി ഐ യുടെ ഭരണഘടന പൂർണ്ണമായും അംഗീകരിച്ചു കൊണ്ടാണ് കെ സി എ യുടെ പുതിയ ഭരണഘടന രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നും പറയുന്നു. എന്നാൽ ബോധപൂർവ്വമായ പല മാറ്റങ്ങളും വരുത്തിയാണ് കെ സി എ ബൈലോ പുനർ നിർവ്വചിച്ചിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.

8. ഓംബുഡ്‌സ് മാൻ നിയമനം:

ബൈലോയുടെ ഖണ്ഡിക 40 പ്രകാരം സുതാര്യമായും പക്ഷപാത രഹിതവുമായി പരാതികൾ പരിഹരിക്കുവാനായി നിയമിതനായ ഓംബുഡ്‌സ് മാന് ലഭിക്കുന്ന പരാതികൾ കെ സി എ സെക്രട്ടറിയുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ കൈമാറുകയുള്ളൂ എന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. ഒറ്റരാത്രി കൊണ്ട് മുൻ ഓംബുഡ്‌സ് മാനായിരുന്ന ജ. രാം കുമറിനെ നീക്കം ചെയ്തതും തുടർന്ന് അദ്ദേഹം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതും കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. കെ സി എ യ്ക്ക് എതിരായ പരാതി ഓംബുഡ്‌സ് മാനു നേരിട്ട് നൽകാതെ സെക്രട്ടറിയുടെ പരിശോധനയ്ക്കും പരിഗണനയ്ക്കും ശേഷം മാത്രമേ കൈമാറുകയുള്ളൂ എന്ന തീരുമാനം നീതീകരിക്കാനാവാത്തതാണ്.

9. ലോധകമ്മിറ്റി റിപ്പോർട്ട് ജില്ലകൾക്ക് ബാധകമാക്കണം.

ഭരണസംവിധാനങ്ങൾ ബിസിസിഐയിൽ നിന്നും കെ സി എ വഴി ജില്ലാ അസ്സോസ്സിയേഷനിലേക്ക് നീളുന്നതാണ്. അതു പോലെ തന്നെ കളിക്കാരുടെ സെലക്ഷൻ ജില്ലാ അസ്സോസ്സിയേഷനിൽ നിന്നും തുടങ്ങി സംസ്ഥാന അസ്സോസ്സിയേഷനും കഴിഞ്ഞാണ് ദേശീയ തലത്തിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ബി സി സി ഐ ക്കും കെ സി എ യ്കും ബാധകമായ ഭരണഘടന ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതാണെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പല സംസ്ഥാന അസ്സോസ്സിയേഷനുകളും ഇതിനോടകം തങ്ങളുടെ ജില്ലാ അസ്സോസ്സിയേഷനുകളിൽ ജ.ലോധ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിലുള്ള ഭേദഗതികൾ ഇതിനോടകം പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP