Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിയറ ലിയോണിലെ സ്വർണ്ണ ഖനനം അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അൻവറിന് മടി; എംഎൽഎയെ അന്വേഷിച്ച് നാട്ടുകാരും സ്ഥാനാർത്ഥിയെ തിരക്കി സിപിഎമ്മും; കോടികൾ മുടക്കിയ കച്ചവടമാണോ അതോ മത്സരമാണോ വലുതെന്ന് തീരുമാനിക്കാൻ ആവാതെ നിലമ്പൂർ എംഎൽഎ

സിയറ ലിയോണിലെ സ്വർണ്ണ ഖനനം അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അൻവറിന് മടി; എംഎൽഎയെ അന്വേഷിച്ച് നാട്ടുകാരും സ്ഥാനാർത്ഥിയെ തിരക്കി സിപിഎമ്മും; കോടികൾ മുടക്കിയ കച്ചവടമാണോ അതോ മത്സരമാണോ വലുതെന്ന് തീരുമാനിക്കാൻ ആവാതെ നിലമ്പൂർ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: നിലമ്പൂരിൽ സിപിഎം പ്രതിസന്ധിയിൽ. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ വന്നുപോയിട്ടും സ്ഥാനാർത്ഥി നിർണയ ചർച്ചകൾ അവസാന ഘട്ടത്തിലായിട്ടും സിറ്റിങ് എംഎൽഎയെ കാണാനില്ല. പത്രിക നൽകുന്നതിനുള്ള നടപടിക്രമങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ തുടങ്ങും. അതുകൊണ്ട് തന്നെ നിലമ്പൂരിലെ സ്ഥാനാർത്ഥിയിൽ സിപിഎമ്മിന് ഉടൻ തീരുമാനം എടുക്കണം. സ്ഥലം എംഎൽഎയെ കാണാനുമില്ല. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ നിലമ്പൂരിൽ ഉയരുന്ന രാഷ്ട്രീയ ചർച്ച പി.വി.അൻവർ എംഎൽഎയുടെ അസാന്നിധ്യം തന്നെയാണ്.

രണ്ടു മാസമായി ആഫ്രിക്കയിലെ സിയറ ലിയോണിൽ കഴിയുന്ന എംഎൽഎ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴേക്കും മണ്ഡലത്തിൽ തിരിച്ചെത്തുമെന്നായിരുന്നു സിപിഎം നേതാക്കൾ നേരത്തെ അണികളെ അറിയിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ വാക്കു കൊടുത്ത നേതൃത്വം തന്നെ പ്രതിസന്ധിയിലായി. ആഫ്രിക്കയിൽ സ്വർണ്ണ ഖനനത്തിലാണ് അൻവർ. കോടികൾ മുതൽ മുടക്കിയിട്ടുണ്ട്. ഖനനം അവസാനിപ്പിച്ച് നാട്ടിലേക്ക് വന്നാൽ അത് വലിയ നഷ്ടമുണ്ടാക്കും അൻവറിന്. അതുകൊണ്ട് തന്നെ നിലമ്പൂരിൽ എത്തുന്നതിൽ വ്യക്തതയില്ല. ആർക്കും ഒന്നും പറയാനുമാകുന്നില്ല.

എംഎൽഎ ഓഫിസുമായും സിപിഎം പ്രാദേശിക നേതൃത്വവുമായി അൻവർ ബന്ധപ്പെടുന്നുണ്ടെന്നും മാർച്ച് രണ്ടിന് നാട്ടിൽ തിരിച്ചെത്തുമെന്നുമാണു സിപിഎം പറയുന്നത്. നിലവിലെ സാഹചര്യത്തിൽ വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന എംഎൽഎയ്ക്ക് ക്വാറന്റൈൻ കാലാവധി കൂടി പിന്നിട്ട ശേഷമേ പരസ്യ പ്രചാരണത്തിന് ഇറങ്ങാനാകൂ. ഇതെല്ലാം ഇടതു പക്ഷത്തിന്റെ വിജയ സാധ്യതകളെ സ്വാധാനിക്കും. നിലമ്പൂർ മണ്ഡലത്തിൽ ആര്യാടൻ മുഹമ്മദിന്റെ പടയോട്ടമായിരുന്നു. ആര്യാടൻ മത്സരത്തിൽ നിന്ന് മാറി കഴിഞ്ഞ തവണ മകനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി. അന്ന് അൻവർ അട്ടിമറിയിലൂടെ നിലമ്പൂർ പിടിച്ചു. നിലമ്പൂരിൽ അൻവറിന് അപ്പുറം മികച്ച സ്ഥാനാർത്ഥി ഇല്ലെന്ന് സിപിഎമ്മിനും അറിയാം.

അതുകൊണ്ടാണ് ആഫ്രിക്കയിലുള്ള എംഎൽഎ കാത്തിരിക്കുന്നത്. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി മാർച്ച് 19 ആണ്. ഇതു കണക്കിലെടുത്ത് നിലമ്പൂരിൽ മറ്റൊരു സ്ഥാനാർത്ഥിയെ നിർത്താനും സിപിഎമ്മിൽ ആലോചനകൾ നടക്കുന്നുണ്ട്. നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം, മുൻ ജില്ലാ പഞ്ചായത്ത് അംഗം വി എം.ഷൗക്കത്ത് എന്നിവരെയാണു പരിഗണിക്കുന്നത്. എന്നാൽ അൻവറിൽ നിന്ന് അവസാന മറുപടി കിട്ടും വരെ കാത്തിരിക്കാനാണ് തീരുമാനം. ഭരണ തുടർച്ച ആഗ്രഹിക്കുന്ന സിപിഎമ്മിനും പിണറായിക്കും ഓരോ സീറ്റും നിർണ്ണായകമാണ്. അതിനാൽ അൻവറിനെ തന്നെ നിലമ്പൂരിൽ ഇടതു സ്വതന്ത്രനാക്കാനാണ് സിപിഎം തീരുമാനം.

ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിലാണ് താനിപ്പോൾ ഉള്ളതെന്ന് പി വി അൻവർ നേരത്തെ. ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു. ബിസിനസിന് ആയാണ് താൻ ആഫ്രിക്കയിൽ എത്തിയത്. നിയമ വ്യവസ്ഥകൾക്ക് വിധേയമായി സർക്കാർ സഹായത്തോടെയാണ് ആഫ്രിക്കയിൽ ബിസിനസ് ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 'എന്നെ ഇത്രമാത്രം സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ഊത്ത് കോൺഗ്രസുകാരേ.. മൂത്ത കോൺഗ്രസുകാരേ.. നിങ്ങളുടെ സ്‌നേഹം ഇത്രനാളും മനസ്സിലാക്കാൻ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്' - എന്ന് തുടങ്ങുന്ന കുറിപ്പോടു കൂടിയാണ് പി വി അൻവർ എം എൽ എ വീഡിയോ പങ്കു വച്ചത്. നൂറോളം തൊഴിലാളികളും തന്റെ ഒപ്പമുണ്ട്. നാട്ടിലെ എല്ലാ വ്യവസായങ്ങളും കച്ചവടവും പൂട്ടിച്ച് കോൺഗ്രസ് തന്റെ വരുമാനം അടച്ചു. ഒരു രൂപ പോലും ഇല്ലാത്ത അവസ്ഥയിലാക്കി. അതു കൊണ്ടാണ് ആഫ്രിക്കയിലേക്ക് വന്നത്. ഇതിനടയിൽ കോവിഡും ബാധിച്ചു. ബിസിനസ് ശരിയാകുന്നതോടെ തിരിച്ച് എത്രയും വേഗം നാട്ടിലെത്തും. അതിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും പി വി അൻവർ എം എൽ എ പറഞ്ഞിരുന്നു. എന്നാൽ ഈ വീഡിയോ പോസ്റ്റ് ചെയ്ത് ദിവസങ്ങളായിട്ടും എംഎൽഎ തിരിച്ചെത്തിയില്ല.

രാഷ്ട്രീയ പ്രവർത്തനമല്ല തന്റെ വരുമാനമാർഗമെന്നും നിയമസഭാ അംഗം എന്ന നിലയിൽ ലഭിക്കുന്ന അലവൻസിനേക്കാൾ എത്രയോ അധികം തുക ഓരോ മാസങ്ങളിലും ചിലവഴിക്കുന്നുണ്ടെന്നുമാണ് എംഎൽഎ വ്യക്തമാക്കിയത്. എന്നാൽ ഈ വിശദീകരണം ദുരൂഹത പടർത്തുകയാണ്. പിവി അൻവർ പൊന്നാനിയിൽ മത്സരിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച് ആദായനികുതി കണക്കിൽ 2017-18 സാമ്പത്തിക വർഷം 40,59,083 രൂപയുടെ വരുമാന നഷ്ടമാണ് കാണിച്ചിരിക്കുന്നത്. ഇത്തരത്തിൽ വലിയ കടബാധ്യതയുള്ള പിവി അൻവർ എംഎൽഎ എങ്ങിനെയാണ് ആഫ്രിക്കയിൽ ബിസിനസ് നടത്തുകയും വലിയ തുക ചെലവഴിക്കുകയും ചെയ്യുക എന്നത് വ്യക്തമാക്കണം എന്ന ആവശ്യം കോൺഗ്രസ് ഉയർത്തിയിരുന്നു.

അഞ്ച് വർഷം കൊണ്ട് വികസനമില്ലാതെ നിലമ്പൂർ തകർന്നടിഞ്ഞപ്പോൾ പിവി അൻവർ എ.എൽഎയാണ് വികസിച്ച് വളർന്നത്. 2016ൽ നിലമ്പൂരിൽ എംഎൽഎയായി മത്സരിക്കുമ്പോൾ 14.38 കോടി രൂപയായിരുന്നു പിവി അൻവറിന്റെ ആസ്തി. 2019തിൽ പൊന്നാനിയിൽ മത്സരിക്കുമ്പോൾ ആസ്തി 49.95 കോടിയായി കുത്തനെ വർധിച്ചു. ആദായനികുതി അടയ്ക്കാത്ത പിവി അൻവർ 49.95 കോടിയുടെ സ്വത്തുക്കൾ ആർജ്ജിച്ചതെങ്ങനെ എന്ന് വ്യക്തമാക്കണം. സ്വർണക്കടത്തും മയക്കുമരുന്ന് ഇടപാടും ഖനനവുമാണ് പല ആഫ്രിക്കൻ രാജ്യങ്ങളിലേയും മാഫിയാ ബിസിനസ്. ഇത്തരം ബിസിനസിനാണോ എംഎൽഎ ആഫ്രിക്കയിൽ പോയതെന്ന ആശങ്കയുണ്ട്. പിവി അൻവർ എംഎൽഎയുടെ വിദേശയാത്രകളും ബിസിനസുകളും കള്ളപ്പണ ഇടപാടുകളെയുംകുറിച്ച് സർക്കാർ സമഗ്ര അന്വേഷണം നടത്തണം എന്നും യുഡിഎറ് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP