Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സമരം ഇന്ന് തീരും; പൊലീസ് കോൺസ്റ്റബിൾ ലിസ്റ്റിലുള്ളവർ പ്രതിഷേധം അവസാനിപ്പിക്കില്ല; നിയമനത്തിന് വേണ്ടി സമരം ചെയ്ത ഉദ്യോഗാർത്ഥികളോട് കാട്ടിയതുകൊടും ക്രൂരത; തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാക്കാൻ ഉദ്യോഗാർത്ഥികൾ; സ്ഥിര നിയമന മാമാങ്കം നടത്തിയവർ നീതി നൽകാതിരിക്കുമ്പോൾ

ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സമരം ഇന്ന് തീരും; പൊലീസ് കോൺസ്റ്റബിൾ ലിസ്റ്റിലുള്ളവർ പ്രതിഷേധം അവസാനിപ്പിക്കില്ല; നിയമനത്തിന് വേണ്ടി സമരം ചെയ്ത ഉദ്യോഗാർത്ഥികളോട് കാട്ടിയതുകൊടും ക്രൂരത; തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാക്കാൻ ഉദ്യോഗാർത്ഥികൾ; സ്ഥിര നിയമന മാമാങ്കം നടത്തിയവർ നീതി നൽകാതിരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികളിൽ ഒരു വിഭാഗത്തിന്റെ സമരം ഇന്ന് തീരും. സർക്കാരിന്റെ വഞ്ചനയിൽ നീണ്ട സമരത്തിൽ ഇനി തീരുമാനം എടുക്കാൻ പിണറായിക്ക് കഴിയില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്. ഈ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുക. ഇനി സർക്കാരിനെതിരെ പ്രചരണത്തിൽ നിറയാനാണ് സമരക്കാരുടെ തീരുമാനം.

നിയമനം തേടി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ് (എൽജിഎസ്), സിവിൽ പൊലീസ് ഓഫിസർ (സിപിഒ) ഉദ്യോഗാർഥികളുമായി മന്ത്രി എ.കെ. ബാലന്റെ ചർച്ച ഇന്ന് നടക്കും. രാവിലെ 11നു മന്ത്രിയുടെ ഓഫിസിലേക്ക് ഇരു വിഭാഗങ്ങളിലെയും 3 പേരെ വീതമാണു ക്ഷണിച്ചിരിക്കുന്നത്. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ സർക്കാരിനു തീരുമാനങ്ങൾ പ്രഖ്യാപിക്കാനാകില്ല.

ചർച്ചയുടെ ഫലം എന്തായാലും 32 ദിവസമായി തുടരുന്ന സമരം ഇന്ന് അവസാനിപ്പിക്കാനാണ് എൽജിഎസ് ഉദ്യോഗാർഥികളുടെ തീരുമാനം. കുഞ്ഞുങ്ങളുള്ള അമ്മമാർ വരെ ഇവരുടെ കൂട്ടത്തിലുണ്ട്. സർക്കാർ പ്രതികൂല നിലപാട് തുടർന്നാൽ മറ്റു തരത്തിൽ പ്രതിഷേധം തുടരാനും തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കാനുമാണു ധാരണ.

ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്കു ശേഷം വസ്തുതാവിരുദ്ധമായ ഉത്തരവ് ഇറക്കിയ സാഹചര്യത്തിൽ സമരം തുടരാനാണ് സിപിഒ ഉദ്യോഗാർഥികളുടെ തീരുമാനം. കെഎസ്ആർടിസി ഡ്രൈവർ, മെക്കാനിക്, ഫോറസ്റ്റ് വാച്ചർ, സ്‌കൂൾ അദ്ധ്യാപക റാങ്ക് പട്ടികകളിലുള്ളവരും സമരം നടത്തുന്നുണ്ടെങ്കിലും ഇവരെ ചർച്ചയ്ക്കു വിളിച്ചിട്ടില്ല.

പി എസ് സി സമരത്തെ സർക്കാർ പൊളിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ ചട്ടം നിലവിൽ വന്നതിനാൽ ഇനി ഒന്നും നടക്കില്ല. തുടർ ഭരണത്തിൽ ഇടതു സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയാൽ ഒന്നും നടക്കില്ല. മറിച്ച് ഭരണ മാറ്റം ഉണ്ടായാലും ലിസ്റ്റ് നീട്ടുന്നതിനും മറ്റും കാലതാമസമുണ്ടാക്കിയ വെല്ലുവിളികളും തടസ്സമാകും. അങ്ങനെ ഈ പാവങ്ങളുടെ ജോലിക്കായുള്ള പ്രതിഷേധം പിണറായിയുടെ ഉഗ്ര കോപത്തിൽ അണയും. എന്തുവന്നാലും വഴങ്ങില്ലെന്ന സർക്കാരിന്റെ പിടിവാശിക്ക് തെരഞ്ഞെടുപ്പും കരുത്ത് പകർന്നു. ഇനി തീരുമാനം എടുക്കാനാകില്ലെന്ന് പറഞ്ഞ് എല്ലാവരേയും സർക്കാർ മടക്കും.

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്ന് ഉറപ്പായതിനു പിന്നാലെ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി മന്ത്രിതല ചർച്ച നടത്താൻ സർക്കാർ തീരുമാനം എടുത്തു. ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽജിഎസ്), സിവിൽ പൊലീസ് ഓഫിസർ (സിപിഒ) റാങ്ക് പട്ടികകളിലുള്ളവരുമായി മന്ത്രി എ.കെ. ബാലനാകും ചർച്ച നടത്തുക. ഈ ചർച്ച കൊണ്ട് ആർക്കും ഗുണമില്ല. വോട്ടെടുപ്പ് പ്രഖ്യാപനം വന്ന സാഹചര്യം മന്ത്രി അറിയിക്കും. എല്ലാവരോടും വീട്ടിൽ പോകാനും ആവശ്യപ്പെടും. ഉദ്യോഗാർത്ഥികൾക്കും സർക്കാരിനോട് ഇനി സമ്മർദ്ദം ചെലുത്താനാകില്ല. കാരണം തീരുമാനം എടുക്കാനാവാത്ത സർക്കാരായി മാറിക്കഴിഞ്ഞു പിണറായി.

പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ സർക്കാരിനു തീരുമാനങ്ങളെടുക്കാൻ കഴിയില്ലെന്നിരിക്കെയാണു ചർച്ച. ഒരു തവണ പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ ചർച്ചയ്ക്കു തയാറായില്ല. ഒരിക്കൽ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫും പിന്നീട് 2 ഉദ്യോഗസ്ഥരുമാണു ചർച്ച നടത്തിയത്. ആവശ്യങ്ങളിൽ ഉറപ്പൊന്നും ലഭിക്കാതെ വന്നതോടെ ആ ചർച്ചകൾക്കു ശേഷവും ഉദ്യോഗാർഥികൾ സമരം തുടരുകയും ചെയ്തു. ഇതിനിടെ പല പ്രതീക്ഷകളും സമരക്കാർക്കുണ്ടായി. ഓരോ മന്ത്രിസഭാ യോഗ തീരുമാനങ്ങളേയും പ്രതീക്ഷയോടെ നോക്കി. പക്ഷേ സമരക്കാരെ പിണറായി മാത്രം കണ്ടില്ല. തെരഞ്ഞെടുപ്പ് വന്നതോടെ ചർച്ചയ്ക്ക് സർക്കാർ തയ്യാറായി എന്നതാണ് വിചിത്രത.

അതിനിടെ സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലികക്കാർ ജോലി ചെയ്യുന്നിടങ്ങളിൽ സ്ഥിരം തസ്തികകൾ സൃഷ്ടിക്കണമെന്ന ആവശ്യത്തിൽ നിന്നു പിന്മാറണമെന്ന് എൽജിഎസ് റാങ്ക് പട്ടികയിലുള്ളവരോട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം ആവശ്യപ്പെട്ടു. എന്നാൽ അതു സാധിക്കില്ലെന്ന് ഉദ്യോഗാർഥി പ്രതിനിധികൾ വ്യക്തമാക്കി. ഉദ്യോഗാർഥികൾ യൂത്ത് കോൺഗ്രസ് സമരത്തെ തള്ളിപ്പറയാത്തതിനെയും റഹിം വിമർശിച്ചു. യൂത്ത് കോൺഗ്രസിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നു എന്നായിരുന്നു ആക്ഷേപം. ഇത് സമരത്തെ അധിക്ഷേപിക്കലാണെന്നാണ് സമരക്കാരുടെ വാദം.

രണ്ട് ദിവസം മുമ്പാണ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് ഉദ്യോഗാർഥി പ്രതിനിധികൾ ഡിവൈഎഫ്ഐ ഓഫിസിൽ റഹീമുമായി വീണ്ടും ചർച്ച നടത്തിയത്. 6 മാസത്തിലേറെയായി താൽക്കാലികക്കാർ ജോലി ചെയ്യുന്നിടങ്ങളിൽ സ്ഥിരം തസ്തികകൾ സൃഷ്ടിച്ച് പിഎസ്‌സിക്കു വിടണമെന്നതാണ് ഉദ്യോഗാർഥികളുടെ പ്രധാന ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP