Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയെന്ന് അഭിപ്രായ സർവെ; എബിപി-സീ വോട്ടർ സർവേയിൽ എൽഡിഎഫിന് പ്രവചിക്കുന്നത് 91 സീറ്റ് വരെ; യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനാകില്ല; ബിജെപി രണ്ടിലൊതുങ്ങും; കേരളത്തിലും ബം​ഗാളിലും തമിഴ്‌നാട്ടിലും ബിജെപിക്ക് ഭരണം പിടിക്കാനാകില്ലെന്നും സർവേഫലം; തെരഞ്ഞെടുപ്പ് ചൂടേറുമ്പോൾ ഇടതു ക്യാമ്പിന് ആശ്വസിക്കാൻ വക ഇങ്ങനെ

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയെന്ന് അഭിപ്രായ സർവെ; എബിപി-സീ വോട്ടർ സർവേയിൽ എൽഡിഎഫിന് പ്രവചിക്കുന്നത് 91 സീറ്റ് വരെ; യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനാകില്ല; ബിജെപി രണ്ടിലൊതുങ്ങും; കേരളത്തിലും ബം​ഗാളിലും തമിഴ്‌നാട്ടിലും ബിജെപിക്ക് ഭരണം പിടിക്കാനാകില്ലെന്നും സർവേഫലം; തെരഞ്ഞെടുപ്പ് ചൂടേറുമ്പോൾ ഇടതു ക്യാമ്പിന് ആശ്വസിക്കാൻ വക ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയെന്ന് അഭിപ്രായ സർവെ. എബിപി-സീ വോട്ടർ അഭിപ്രായ സർവേയിലാണ് എൽഡിഎഫിന് 83 - 91 സീറ്റ് വരെ ലഭിക്കുമെന്ന പ്രവചനം. യുഡിഎഫ് 47 മുതൽ 55 സീറ്റ് വരെ നേടുമെന്നും പ്രവചിക്കുന്ന അഭിപ്രായ സർവെ പക്ഷേ ബിജെപിക്ക് നേടാനാകുക പരമാവധി രണ്ട് സീറ്റുകളാണെന്നും പറയുന്നു. മറ്റുള്ളവർക്കും രണ്ടു സീറ്റുകളാണ് അഭിപ്രായ സർവെയിൽ പറയുന്നത്.

സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിക്ക് 40 ശതമാനം വോട്ടും കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന് 33 ശതമാനം വോട്ടുമാണ് സർവെ പ്രവചിക്കുന്നത്. ബിജെപിക്ക് 13 ശതമാനം വോട്ട് ലഭിക്കുമെന്നും സർവെ പറയുന്നു.

തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് ഫലം. സഖ്യത്തിന് 154 മുതൽ 162 സീറ്റ് വരെ ലഭിക്കും. എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് 58 മുതൽ 66 സീറ്റ് വരെയാണ് ലഭിക്കുക. മറ്റുള്ളവർ 8 മുതൽ 20 സീറ്റ് വരെ നേടിയേക്കുമെന്നും സർവേ ഫലം പറയുന്നു. അസമിൽ 68 മുതൽ 76 സീറ്റ് വരെ നേടി ബിജെപി അധികാരം നിലനിർത്തും. കോൺഗ്രസിന് 43 മുതൽ 51 സീറ്റ് വരെ ലഭിച്ചേക്കും. മറ്റുള്ളവർക്ക് അഞ്ച് മുതൽ 10 വരെ സീറ്റ് ലഭിച്ചേക്കുമെന്നും ഫലം പറയുന്നു.

തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പുതുച്ചേരിയിൽ ഭരണം നഷ്ടമായ കോൺഗ്രസിന് വരുന്ന തെരഞ്ഞെടുപ്പിലും ഭരണം നഷ്ടമായേക്കുമെന്നും സർവേയിൽ പറയുന്നു. ഇതിലൂടെ ദക്ഷിണേന്ത്യയിൽ രണ്ടാമത്തെ ബിജെപി സഖ്യ സർക്കാർ യാഥാർത്ഥ്യമായേക്കും. ബിജെപി സഖ്യത്തിന് 17 മുതൽ 21 സീറ്റ് വരെ ലഭിക്കും. കോൺഗ്രസിന് എട്ട് മുതൽ 12 സീറ്റ് വരെ ലഭിക്കും. മറ്റുള്ളവർ ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ നേടുമെന്നും അഭിപ്രായ സർവേ പറയുന്നു. അതേസമയം, ബംഗാളിൽ മമത ബാനർജി സർക്കാർ തുടർഭരണം നേടുമെന്നാണ് പ്രവചനം. 148-164 സീറ്റുകൾ വരെ തൃണമൂൽ കോൺഗ്രസ് നേടും. ബിജെപിക്ക് 92-108, സീറ്റുകൾ നേടിയേക്കും. ബംഗാൾ ആകെ സീറ്റ്-294​; ടിഎംസി-148-164, ബിജെപി 92-108, കോൺഗ്രസ്+മറ്റുള്ളവർ:31-39

ദേശീയ രാഷ്ട്രീയത്തിൽ അതിനിർണ്ണായകമാണ് മെയ്‌ രണ്ട് വരെയുള്ള ദിനങ്ങൾ. അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിൽ അസമിൽ മാത്രമാണ് ബിജെപി ഭരണം. എന്നാൽ ബംഗാളിലും പുതുച്ചേരിയിലും കേന്ദ്രം ഭരിക്കുന്ന മോദിക്ക് ചില സ്വപ്‌നങ്ങളുണ്ട്. ഇത് പൂവമിയുമോ അസമിൽ തകർന്നടിയുമോ.. ഇതെല്ലാമാണ് ഉയരുന്ന ചോദ്യം. കർഷ പ്രക്ഷോഭത്തിന്റെ നാളിൽ കോൺഗ്രസിനും ബിജെപിക്കും മൂന്നാം ബദലിനും ഏറെ നിർണ്ണായകമാണ് ഈ വോട്ടെടുപ്പ് കാലവും.

ബംഗാളിൽ ഭരണം മമാത ബാനർ നിലനിർത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ അട്ടിമറി നടത്തുമെന്ന് ബിജെപിയും പറയുന്നു. എതായാലും ഈ തെരഞ്ഞെടുപ്പിൽ തൃണമൂലും ബിജെപിയും നേർക്കുനേർ ബംഗാളിൽ മത്സരിക്കുന്നു. കോൺഗ്രസും ഇടതുമുന്നണിയും അവരോട് അരികുപറ്റി ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി അബ്ബാസ് സിദ്ദിഖിയും. 2016 ൽ ആകെയുള്ള 294 സീറ്റുകളിൽ 293 ൽ മത്സരിച്ച തൃണമൂൽ 211 ഇടത്തു വിജയിച്ചു. ബിജെപി 291 സീറ്റിൽ മത്സരിച്ചെങ്കിലും 3 ഇടത്തുമാത്രമേ വിജയം കണ്ടുള്ളൂ. മറ്റു പാർട്ടികൾ മത്സരിച്ച സീറ്റുകളും വിജയിച്ച സീറ്റും: കോൺഗ്രസ് 92 (വിജയിച്ചത് 44), സിപിഎം 148 (26), സിപിഐ 11 (1), എഫ്ബി 25 (2), ആർഎസ്‌പി 19 (3).

കഴിഞ്ഞ തവണ ഏറ്റവും വലിയ പരാജയം ബിജെപിക്കായിരുന്നു. സാധുവായ വോട്ടുകളിൽ 10.16% മാത്രമേ അവർക്കു ലഭിച്ചുള്ളൂ. എന്നാൽ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റിൽ വിജയിച്ച ബിജെപി 40.64% വോട്ട് നേടി. 22 സീറ്റു ലഭിച്ച തൃണമൂലിന്റെ വോട്ട് 43.69% ആയി കുറഞ്ഞു. ഇടതിന് 7.53 ശതമാനവും കോൺഗ്രസിന് 5.67 ശതമാനവും വോട്ട് ലഭിച്ചു. ഈ കണക്കും തൃണമൂലിന് അനുകൂലമാണ്. ഈ വോട്ട് ഷെയർ കിട്ടിയാലും മമത വീണ്ടും അധികാരത്തിലെത്തും. എന്നാൽ തൃണമൂലിൽ നിന്ന് മുകുൾ റോയ് മുതലങ്ങോട്ട് ബിജെപിയിലേക്കു നീങ്ങിയ പ്രമുഖർ പലരാണ്, സുവേന്ദു അധികാരിയും രജീബ് ബാനർജിയും ഉൾപ്പെടെ. ഇത് മമതയ്ക്ക് വെല്ലുവിളിയാണ്.

വിട്ടുപോകുന്നവർ സ്ഥാനമോഹികളെന്നും തൃണമൂലിന്റെ ആദർശത്തിന് ഒന്നും സംഭവിക്കില്ലെന്നുമാണ് മമതയുടെ നിലപാട്. സംസ്ഥാനത്ത് 30 ശതമാനത്തിലേറെയുള്ള മുസ്ലിം വോട്ട് ഇത്തവണയും തനിക്കു ലഭിക്കുമെന്നാണു മമത കരുതുന്നത്.

അസമിൽ പൗരത്വ ചർച്ചകൾ

അസം ഗണ പരിഷത്തിൽ നിന്ന് സർബാനന്ദ സൊനോവാളിനെയും കോൺഗ്രസിൽനിന്ന് ഹിമന്ത ബിശ്വ ശർമയെയും പിടിച്ചെടുത്താണു ബിജെപി അസമിൽ അധികാരം പിടിച്ചത്. ഭരണം നിലനിർത്താനാണ് ഇത്തവണ പാർട്ടിയുടെ ശ്രമം. ലക്ഷ്യമിടുന്നത് 126 ൽ 100 സീറ്റ്. എന്നാൽ, സൊനോവാൾ തന്നെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നു തീർത്തു പറയാൻ പാർട്ടി തയാറായിട്ടില്ല. ഹിമന്തയുടെയും മറ്റൊരു പ്രധാന നേതാവായ ദിലീപ് സൈക്കിയയുടെയും സമ്മർദമാണ് ഇതിനു കാരണം. ഹിമന്ത വടക്കുകിഴക്കൻ മേഖലയിലെ ബിജെപിയുടെ കരുത്തനായ നേതാവായതു പെട്ടെന്നായിരുന്നു. ഇപ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ എൻഡിഎ ചെയർമാനുമാണ്.

പൗരത്വ ഭേദഗതി നിയമമാണ് പാർട്ടിയുടെ വലിയ വെല്ലുവിളി. പുറത്തു നിന്നുള്ളവർ അസമിലേക്കു വരുന്നതിനെ എതിർക്കുന്ന യുവാക്കളുടെ വലിയ പിന്തുണയുള്ള അസം ജാതീയ പരിഷത്തും മനുഷ്യാവകാശ പ്രവർത്തകൻ അഖിൽ ഗൊഗോയിയുടെ റെയ്‌ജോർ ദളും ചേർന്നുള്ള സഖ്യത്തെയാണ് കോൺഗ്രസും എഐയുഡിഎഫും ഇടതുപാർട്ടികളും ചേർന്ന കൂട്ടുകെട്ടിനെക്കാൾ വെല്ലുവിളിയായി ബിജെപി കരുതുന്നത്. ബിജെപിയുടെ സഖ്യം വിട്ട ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടിനെക്കൂടി അസം ജാതീയ പരിഷത്ത് സഖ്യത്തിൽ ചേർക്കുന്നുണ്ട്. യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുള്ള ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയനും അസം ജാതീയവാദി യുവഛാത്ര പരിഷത്തും ചേർന്നാണ് ജാതീയ പരിഷത്ത് പാർട്ടി രൂപവൽക്കരിച്ചത്.

എന്നാൽ ബിജെപിയെ താഴെയിറക്കി ഭരണത്തിൽ തിരിച്ചുകയറാമെന്ന പ്രതീക്ഷയിലാണു കോൺഗ്രസ്. ഇടത് പാർട്ടികൾ, ബദ്‌റുദീൻ അജ്മലിന്റെ എഐയുഡിഎഫ് എന്നിവ കൂടി ഉൾപ്പെട്ട പ്രതിപക്ഷ സഖ്യത്തിനു ബിജെപിയെ മുട്ടുകുത്തിക്കാനുള്ള കരുത്തുണ്ടെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

മുൻതൂക്കം സ്റ്റാലിന്

അണ്ണാഡിഎംകെയിലെ സർവപ്രതാപിയായിരുന്ന ജയലളിതയും ഡിഎംകെയുടെ ചാലകശക്തിയായിരുന്ന കരുണാനിധിയും വിട പറഞ്ഞതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് താര പരിവേഷമുള്ള വമ്പന്മാർ ആരും ഇല്ല. ഡിഎംകെ പ്രസിഡന്റ് എം.കെ. സ്റ്റാലിനും അവിചാരിതമായെത്തി പാർട്ടിയിലും സർക്കാരിലും ആധിപത്യമുറപ്പിച്ച മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമിയും തമ്മിലാണു പ്രധാന പോര്. ഇതിൽ ജയം സ്റ്റാലിനാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ. മുന്നണി സമവാക്യങ്ങളും അടിയൊഴുക്കുകളും നിർണായകം.

ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന കമൽഹാസന്റെ മക്കൾ നീതി മയ്യം, വി.കെ. ശശികലയുടെ ധാർമിക പിന്തുണയോടെ പട നയിക്കുന്ന ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം, ഗ്രാമീണ മേഖലയിൽ വേരോട്ടമുള്ള സീമാന്റെ നാം തമിഴർ കക്ഷി എന്നീ പാർട്ടികൾ പിടിക്കുന്ന വോട്ടുകളും പ്രധാനം. രാഷ്ട്രീയ പ്രവേശം അവസാന നിമിഷം മാറ്റിവച്ച സൂപ്പർ താരം രജനീകാന്തിന്റെ നിലപാടും സംസ്ഥാനം ഉറ്റുനോക്കുന്നു. ബിജെപിയുടെ കണ്ണ് ഇപ്പോഴും രജിനിയിലാണ്.

ബിജെപി, വടക്ക്-പടിഞ്ഞാറൻ തമിഴ്‌നാട്ടിൽ അടിത്തറയുള്ള പിഎംകെ, വിജയകാന്തിന്റെ ഡിഎംഡികെ, ശരത് കുമാറിന്റെ സമത്വ മക്കൾ കക്ഷി എന്നിവയാണു അണ്ണാഡിഎംകെ മുന്നണിയിലെ പ്രധാന പാർട്ടികൾ. ഇതിൽ പിഎംകെ കഴിഞ്ഞതവണ ഒറ്റയ്ക്കു മത്സരിച്ച് 5.3% വോട്ടു നേടി. ഒറ്റയ്ക്കു മത്സരിച്ച ബിജെപിക്കു ലഭിച്ചതു 2.8% വോട്ട്. കഴിഞ്ഞതവണ ഭരണത്തുടർച്ച നേടിയ അണ്ണാഡിഎംകെയ്ക്ക് ഭരണവിരുദ്ധ വികാരമാണു വെല്ലുവിളി.

പുതുച്ചേരിയിൽ അവ്യക്തത

രാജ്യത്തിന്റെ മറ്റിടങ്ങളിൽ പരീക്ഷിച്ചു വിജയിച്ച തന്ത്രം ബിജെപി ദക്ഷിണേന്ത്യയിൽ ആദ്യമായി പയറ്റുന്നതു പുതുച്ചേരിയിലാണ്. അതിനാൽ, 30 സീറ്റുകൾ മാത്രമുള്ള സംസ്ഥാനത്തെ ഫലത്തിന് അതിൽ കവിഞ്ഞ പ്രാധാന്യമുണ്ട്. കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കുക എന്നതു മുൻ മുഖ്യമന്ത്രി വി.നാരായണ സാമിക്ക് അഭിമാന പ്രശ്‌നമാണ്. എന്നാൽ, ഒറ്റയ്ക്കു മത്സരിച്ചു ശക്തി തെളിയിക്കാൻ ഡിഎംകെ നടത്തുന്ന നീക്കങ്ങൾ കോൺഗ്രസിനു കൂനിന്മേൽകുരുവാണ്. മതനിരപേക്ഷ സഖ്യത്തെ ദുർബലപ്പെടുത്തുന്ന നീക്കങ്ങളുണ്ടാകരുതെന്നു കോൺഗ്രസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

എൻആർ കോൺഗ്രസിന്റെ നേത്വത്തിലുള്ള എൻഡിഎ സഖ്യവും വേരുറച്ചിട്ടില്ല. കഴിഞ്ഞ തവണ ഒറ്റയ്ക്കു മത്സരിച്ചു 3 ശതമാനത്തിൽ താഴെ വോട്ടു നേടിയ ബിജെപി ഭരണം പിടിക്കാൻ നടത്തുന്ന ശ്രമം എൻആർ കോൺഗ്രസിനും അണ്ണാഡിഎംകെയ്ക്കും ഇഷ്ടപ്പെട്ടിട്ടില്ല. സീറ്റ് ചർച്ചയിൽ ബിജെപി വലിയ അവകാശവാദങ്ങൾ ഉന്നയിച്ചാൽ സഖ്യം പൊളിയും. അങ്ങനെയെങ്കിൽ കോൺഗ്രസ്, ഡിഎംകെ, ബിജെപി, എൻആർ കോൺഗ്രസ്-അണ്ണാഡിഎംകെ സഖ്യമെന്ന ചതുഷ്‌കോണ മത്സരത്തിനു പുതുച്ചേരിയിൽ സാഹചര്യം ഒരുങ്ങും.

എ.നമശിവായം ഉൾപ്പെടെ കോൺഗ്രസിൽ നിന്നു ബിജെപിയിലേക്കു പോയ നേതാക്കൾക്കു തിരഞ്ഞെടുപ്പു ജയം രാഷ്ട്രീയ ഭാവിയുടെ പ്രശ്‌നമാണ്. കോൺഗ്രസിന്റെ പുതുച്ചേരി തുരുത്ത് ബിജെപി പിടിക്കുമോയെന്നതാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP