Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെക്കൻ കേരളത്തിലും മത്സരിക്കാൻ തനിക്ക് മേൽ സമ്മർദ്ദമുണ്ട്; നേമത്തു അനായാസ വിജയിക്കാമെന്ന് ബിജെപി വിചാരിക്കേണ്ടെന്ന് മുന്നറിയിപ്പും; കെപിസിസി അധ്യക്ഷന് മത്സരിക്കാമെന്ന് ഹൈക്കമാൻഡിന്റെ പച്ചക്കൊടി; ബിജെപിയുടെ 'കേരള ഗുജറാത്തിൽ' കോൺഗ്രസിന്റെ കടത്തനാടൻ അങ്കച്ചുവടോ? കൊയിലാണ്ടിയിലും പേര്; മുല്ലപ്പള്ളിയുടെ സീറ്റിൽ ചർച്ചകൾ തുടരുമ്പോൾ

തെക്കൻ കേരളത്തിലും മത്സരിക്കാൻ തനിക്ക് മേൽ സമ്മർദ്ദമുണ്ട്; നേമത്തു അനായാസ വിജയിക്കാമെന്ന് ബിജെപി വിചാരിക്കേണ്ടെന്ന് മുന്നറിയിപ്പും; കെപിസിസി അധ്യക്ഷന് മത്സരിക്കാമെന്ന് ഹൈക്കമാൻഡിന്റെ പച്ചക്കൊടി; ബിജെപിയുടെ 'കേരള ഗുജറാത്തിൽ' കോൺഗ്രസിന്റെ കടത്തനാടൻ അങ്കച്ചുവടോ? കൊയിലാണ്ടിയിലും പേര്; മുല്ലപ്പള്ളിയുടെ സീറ്റിൽ ചർച്ചകൾ തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിയുടെ ഗുജറാത്തിൽ കോൺഗ്രസിന്റെ കടത്തനാടൻ അടവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ എത്തുമെന്ന വിധത്തിലാണ് ചർച്ചകൾ. ഈ സൂചനയിലേക്ക് തന്നെയാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയുടെ വാക്കുകളും. ബിജെപി ഈ നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്തു നിന്നും അനായാസമായി വിജയിക്കാമെന്ന് ധരിക്കേണ്ടെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കിയിരിക്കുന്നത്. അതൊക്കെ ഒരു കടംകഥയാണ്. നേമത്തും വട്ടിയൂർക്കാവിലും ഏറ്റവും മികച്ച സ്ഥാനാർത്ഥികൾ കോൺഗ്രസിന് ഉണ്ടാകും. മുതിർന്ന നേതാക്കൾ ആയിരിക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാനുമാണ് മുല്ലപ്പള്ള്ളിയുടെ മറുപടി. ഇത് മുല്ലപ്പള്ളി മത്സരിക്കുമെന്ന വിധത്തിലേക്കുള്ള ചർച്ചകളെ കൊഴുപ്പിക്കുന്നത്.

20 സീറ്റിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ടാക്കിയിരിക്കുന്നു എന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവന വിചിത്രമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഈ വർഷത്തെ നിറം പിടിപ്പിച്ച നുണ മാത്രമാണിത്. താൻ നിരവധി തവണ സിപിഎമ്മും ബിജെപിയുമായുള്ള രഹസ്യബന്ധത്തെക്കുറിച്ച് വ്യക്തമാക്കിക്കഴിഞ്ഞു. ആ രഹസ്യധാരണയുടെ അന്തർധാര പരിപൂർണമായും പ്രതിഫലിച്ച് തദ്ദേശ തെരഞ്ഞെടുപ്പിലാണ്. താൻ നിരന്തരം ഉന്നയിച്ച തില്ലങ്കേരി മോഡലിൽ ഈ നിമിഷം വരെ മറുപടി പറയാൻ ബിജെപിയോ സിപിഎമ്മോ തയ്യാറായിട്ടില്ല. അതിൽ നിന്നും രക്ഷപ്പെടാൻ എടുത്ത തന്ത്രമാണിതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, കോൺഗ്രസിന് ഏറ്റവും മികച്ച വിജയം നേടിക്കൊടുക്കുക എന്നതാണ് തന്റെ മുന്നിലുള്ള ലക്ഷ്യമെന്ന് മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസിന് സ്ഥാനാർത്ഥികൾ സംബന്ധിച്ച് ഒരുകാലത്തും ദൗർലഭ്യമില്ല. നേതാക്കന്മാരെ കൊണ്ട് സമ്പന്നമായ പാർട്ടിയാണ്. മിടുക്കന്മാരും മിടുക്കികളുമായ ധാരളം പേർ ഉള്ളതുകൊണ്ടു തന്നെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പ്രയാസം ഉണ്ടാകില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

പി സി ജോർജിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മുല്ലപ്പള്ളിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. പിസി ജോർജിനെക്കുറിച്ച് താൻ എന്തിപറയാനാണ്. അദ്ദേഹം എന്തെല്ലാം സംസാരിക്കുന്നു. എന്തെല്ലാം കാര്യങ്ങൾ പറയുന്നു. അതിനൊക്കെ തന്നെ മറുപടി പറയുക എന്നു പറഞ്ഞാൽ, തനിക്ക് അതിന് സമയമില്ല എന്നു മാത്രമേ പറയാനുള്ളൂ എന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

അതേസമയം മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കാൻ ഹൈക്കമാൻഡും അനുമതി നൽകി. താരിഖ് അൻവറാണ് മുല്ലപ്പള്ളി മത്സരിക്കുന്നതിൽ തടസ്സങ്ങളില്ലെന്ന് വ്യക്തമാക്കുന്നത്. അതേസമയം കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികയിലും മുല്ലപ്പള്ളി ഇടം പിടിച്ചിട്ടുണ്ട്. കൊയിലാണ്ടി മണ്ഡലത്തിലാണ് കെപിസിസി അധ്യക്ഷന്റെ പേരുള്ളത്. വടകരയിൽ കെ.കെ രമയെ മത്സരിപ്പിക്കണമെന്ന ശിപാർശ ഡി.സി.സി കെപിസിസിക്ക് കൈമാറാനാണ് ഒരുങ്ങുന്നത്.

കോഴിക്കോടിന് പുറമെ പല ഡി.സി.സികളും മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. വടകരയിൽ ആർഎംപി നേതാവ് കെ.കെ രമയുടെ പേര് ശിപാർശ ചെയ്യുന്നുവെന്നതാണ് ഡിസിസി പട്ടികയുടെ ഹൈലൈറ്റ്. പക്ഷെ രമയുടെ പേര് ചർച്ചയിലുള്ളകാര്യം കെപിസിസി നേത്യത്വം പരസ്യമായി സമ്മതിക്കുന്നില്ല. കൊയിലാണ്ടിയിൽ മുല്ലപ്പള്ളിയുടെ പേര് ഉൾപ്പെടുത്തിയാണ് പട്ടിക.

ഡിസിസി പ്രസിഡന്റ് യു. രാജീവൻ മാസ്റ്ററുടെ പേരും എൻ. സുബ്രഹ്മണ്യന്റെ പേരും കൊയിലാണ്ടി ലിസ്റ്റിലുണ്ട്. നാദാപുരത്ത് കെ. പ്രവീൺ കുമാറിന്റെ പേര് മാത്രമേയുള്ളൂ. കോഴിക്കോട് നോർത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെയും വിദ്യാ ബാലക്യഷ്ണന്റെയും പേരുകളുണ്ട്. അഭിജിത്തിനെ പേരാമ്പ്രയിലും പരിഗണിക്കുന്നു. അല്ലെങ്കിൽ പി.എം നിയാസ്,കെ.സി അബു എന്നിവർക്കാണ് മുൻഗണന. എലത്തൂരിൽ നിജേഷ് അരവിന്ദ്, ദിനേഷ് മണി എന്നിവരെ ഉൾപ്പെടുത്തി. കെ.എം ഗംഗേഷ്, ഉഷാദേവി ടീച്ചർ എന്നീ പേരുകളാണ് ബേപ്പൂരിന്റെ ലിസ്റ്റിലുള്ളത്.

നേരത്തെ ഉമ്മൻ ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കണമെന്നാണ് മുല്ലപ്പള്ളി മുന്നോട്ടു വെച്ചനിർദ്ദേശം. ഉമ്മൻ ചാണ്ടി തീരുമാനം തള്ളിയതോടെ താൻ നേമത്ത് മത്സരിക്കാമെന്ന തീരുമാനം മുല്ലപ്പള്ളി കൈക്കൊള്ളുകയായിരുന്നു. എതിരാളികളുടെ കോട്ടയിൽ മത്സരിക്കാനാണ് താൽപ്പര്യമെന്നും വിശദീകരിച്ചു. നേമത്തോ വട്ടിയൂർക്കാവിലോ മത്സരിക്കാൻ തയ്യാറാണെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. അല്ലെങ്കിൽ പിണറായി വിജയന്റെ തട്ടകമായ ധർമ്മടവും. ഉറച്ച സീറ്റൊന്നും തനിക്ക് വേണ്ടെന്ന് നിലപാട് എടുത്ത് ഏവരേയും അമ്പരപ്പിക്കുകയാണ് മുല്ലപ്പള്ളി. നേമത്തേയും വട്ടിയൂർക്കാവിലേയും സമവാക്യങ്ങൾ മുല്ലപ്പള്ളിക്ക് അനുകൂലമല്ല. ഈ സാഹചര്യത്തിൽ വട്ടിയൂർക്കാവിൽ വി എം സുധീരൻ മത്സരിക്കുമോ എന്നും കോൺഗ്രസ് ഹൈക്കമാണ്ട് പരിശോധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP