Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇലക്ട്രിക് സ്‌കൂട്ടർ ഓടിക്കുന്നതിനിടെ തെന്നിവീഴാൻ പോയെങ്കിലും ബാലൻസ് തിരിച്ചുപിടിക്കുന്ന ദീദിയുടെ വീഡിയോ വൈറലായത് അടുത്തിടെ; മെയ് രണ്ടിന് ബംഗാളിൽ വോട്ടെണ്ണുമ്പോൾ മമത വാഴുമോ വീഴുമോ? ബാലൻസ് തെറ്റുമെന്ന് ഉറപ്പിച്ച് അമിത് ഷായുടെ ഓപ്പറേഷൻ ലോട്ടസ്; ബംഗാൾ യുദ്ധം ക്ലൈമാക്സിലേക്ക്

ഇലക്ട്രിക് സ്‌കൂട്ടർ ഓടിക്കുന്നതിനിടെ തെന്നിവീഴാൻ പോയെങ്കിലും ബാലൻസ് തിരിച്ചുപിടിക്കുന്ന ദീദിയുടെ വീഡിയോ വൈറലായത് അടുത്തിടെ; മെയ് രണ്ടിന് ബംഗാളിൽ വോട്ടെണ്ണുമ്പോൾ മമത വാഴുമോ വീഴുമോ? ബാലൻസ് തെറ്റുമെന്ന് ഉറപ്പിച്ച് അമിത് ഷായുടെ ഓപ്പറേഷൻ ലോട്ടസ്; ബംഗാൾ യുദ്ധം ക്ലൈമാക്സിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: നബന്നയിലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് കാളിഘട്ടിലേക്ക് ഒരു ഇലക്ട്രിക് സ്‌കൂട്ടർ യാത്ര. ഓടിച്ചത് സാക്ഷാൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ധന വിലവർദ്ധനവിനെതിരെയായിരുന്നു യാത്ര. ഇലക്ട്രിക് സ്‌കൂട്ടർ ഓടിക്കുന്നതിനിടെ, ബാലൻസ് തെറ്റി വീഴാൻ പോയി മമത. എന്നാൽ, ബാലൻസ് തിരിച്ചു പിടിച്ച മമത ഒപ്പമുള്ളവരുടെ സഹായത്തോടെ സ്‌കൂട്ടർ മുന്നോട്ടു ഓടിച്ചു പോകുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വൈറലായി വീഡിയോ. അതെ മമത ദീദി അങ്ങനെയാണ്. ഒരിഞ്ചുവിട്ടുകൊടുക്കില്ല. തൃണമൂലിൽ നിന്ന് മന്ത്രിമാരടക്കം കൊഴിഞ്ഞുപോയാലും വസന്തം തനിക്കൊപ്പം എന്നു ബംഗാളികളോട് ഉറപ്പിച്ചുപറയുന്ന മമത. എന്നാൽ, എന്തുവിലകൊടുത്തും മമതയെ അടിയറവ് പറയിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് തന്ത്രങ്ങളുടെ ആശാനായ അമിത് ഷാ. ഇപ്പോഴല്ലെങ്കിൽ പിന്നീട് എപ്പോൾ എന്ന സന്ദേശമാണ് പാർട്ടി അനുയായികൾക്ക് അദ്ദേഹം നൽകിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പേ ലാസ്റ്റ് നമ്പർ

നിയമസഭാ തിരഞ്ഞെടുപ്പ് തിയതി ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഒടുവിലത്തെ നമ്പർ ഇറക്കി ബംഗാൾ മുഖ്യമന്ത്രി. ദിവസവേതനക്കാരുടെ ശമ്പളം വർധിപ്പിച്ചു. അവിദഗ്ധ തൊഴിലാളികളുടെ വേതനം 144 രൂപയിൽ നിന്നും 202 രൂപയാക്കി ഉയർത്തി. അർധ വിദഗ്ധ തൊഴിലാളികളുടെ വേതനം 172 രൂപയിൽ നിന്ന് 303 രൂപയായി ഉയർത്തി. വിദഗ്ധ തൊഴിലാളികൾക്ക് 404 രൂപയായിരിക്കും ദിവസവേതനം.ലോക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട വിഭാഗമാണ് ദിവവേതനക്കാർ. വകുമാനം നിലച്ചതോടെ ആയിരങ്ങളുടെ ജീവിതമാണ് വഴിമുട്ടിയത്. പുതിയ തീരുമാനം ദിവസ വേതനക്കാർക്ക് വലിയ ആശ്വാസമാകും.

നേരത്തെ പാവപ്പെട്ടവർക്കു കുറഞ്ഞ ചെലവിൽ ഭക്ഷണം നൽകുന്ന 'മാ' പദ്ധതിക്കു തുടക്കമിട്ടിരുന്നു,. പ്ലേറ്റ് ഒന്നിന് 15 രൂപ സബ്സിഡി സംസ്ഥാന സർക്കാർ വഹിക്കും. ഒരു പ്ലേറ്റ് ചോറ്, പരിപ്പ്,പച്ചക്കറി വിഭവം, ഒരു മുട്ടക്കറി എന്നിവയാണ് അഞ്ചുരൂപയ്ക്ക് ലഭിക്കുക. സ്വാശ്രയ സംഘങ്ങൾക്കാണ് ഇതിന്റെ ചുമതല. ഉച്ചക്ക് ഒരുമണി മുതൽ മൂന്നു വരെ പ്രവർത്തിക്കുന്ന ഇത്തരം അടുക്കളകൾ സംസ്ഥാനത്തിന്റെ എല്ലാഭാഗത്തും സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം.

സൗജന്യ റേഷൻ, സൗജന്യ ആരോഗ്യ പരിരക്ഷ, സൗജന്യ വിദ്യാഭ്യാസം എന്നിവ അനുവദിക്കുന്ന ഏക സംസ്ഥാനം ബംഗാളാണെന്നാണ് മമതയുടെ വാദം. സംസ്ഥാനത്തെ പത്തുകോടി ജനങ്ങൾ സ്വാസ്ഥ്യ സാഥി കാർഡിന്റെ ഗുണഭോക്താക്കളാണെന്നും മമത അഭിപ്രായപ്പെട്ടു. തൃണമൂൽ കോൺഗ്രസിന്റെ മുദ്രാവാക്യമായ മാ, മാതി, മനുഷ് (അമ്മ, മണ്ണ്, ജനം) എന്നതിൽ പദ്ധതിക്ക് 'മാ' എന്ന് പേര് നിർദ്ദേശിച്ചത്.

ഗോൾ കീപ്പർ താനെന്ന് ദീദി

ഹൂഗ്ലിയിൽ നടന്ന തൃണമൂൽ കോൺഗ്രസ് റാലിയിലാണ് ഏറ്റവുമൊടുവിൽ മമത മോദിയെ വിമർശിച്ചത്. കലാപകാരി, അസുരൻ എന്നിങ്ങനെയായിരുന്നു വിശേഷണങ്ങൾ. ടരാജ്യത്തെ ഏറ്റവും വലിയ കലാപകാരിയാണ് പ്രധാനമന്ത്രി. അമേരിക്കയിൽ ഡോണാൾഡ് ട്രംപിന് ഉണ്ടായതിനേക്കാൾ മോശമായ ദുർവിധിയാണ് നരേന്ദ്ര മേദിക്കു വരാനിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാനായിരിക്കും ഗോൾ കീപ്പർ. ബിജെപിക്ക് ഒരു ഗോൾ പോലും അടിക്കാൻ കഴിയില്ല. നിങ്ങൾക്ക് എന്നെ കൊല്ലാം, അടിക്കാം, പക്ഷേ എന്റെ മരുമകളെ അപമാനിക്കാൻ കഴിയുമോ? നിങ്ങൾ ഞങ്ങളുടെ അമ്മമാരെയും മക്കളെയും കൽക്കരി മോഷ്ടാക്കൾ എന്നു വിളിക്കുകയാണ്' മമത പറഞ്ഞു.

'അസരന്മാരാണ് രാജ്യം ഭരിക്കുന്നത്. അവർ നമ്മുടെ നട്ടെല്ല് തകർക്കാൻ ശ്രമിക്കും. ബംഗാൾ പിടിച്ചെടുക്കും. പക്ഷെ നിങ്ങൾ എന്താണ് ചെയ്യേണ്ടത്. ബിജെപി എന്തു ചെയ്താലും ബംഗാൾ ബംഗാളായി തുടരണം. ബംഗാളിനെ ഒരിക്കലും ഗുജറാത്ത് ഭരിക്കില്ല' മമത വ്യക്തമാക്കി.

എട്ടുഘട്ടം വോട്ടെടുപ്പ് ബിജെപിക്ക് വേണ്ടിയെന്ന്

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് എട്ട് ഘട്ടമായി നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെയും മമത ആഞ്ഞടിച്ചു. ബിജെപിയുടെ സൗകര്യത്തിന് അനുസരിച്ചാണ് കമ്മീഷന്റെ തീരുമാനമെന്നാണ് വിമർശനം. ബിജെപിയുടെ കണ്ണിലൂടെയല്ല, പശ്ചിമ ബംഗാളിനെ സംസ്ഥാനമായി കണക്കാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിക്കുകയാണെന്നും മമത പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അദ്ദേഹം രാജ്യത്തിനായി പ്രവർത്തിക്കുക. അദ്ദേഹത്തിന്റെ അധികാരം ഇവിടുത്തെ തെരഞ്ഞെടുപ്പിൽ ദുർവിനിയോഗം ചെയ്യരുതെന്നും മമത ആവശ്യപ്പെട്ടു.

അസമിൽ മൂന്നു ഘട്ടമായും തമിഴ്‌നാട്ടിൽ ഒറ്റഘട്ടമായും തെരഞ്ഞെടുപ്പ് നടത്തുന്നു. എന്തുകൊണ്ടാണ് ബംഗാളിൽ എട്ട് ഘട്ടം- മമത ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ഉപദേശപ്രകാരമാണോയിത്? അവരുടെ തെരഞ്ഞെടുപ്പ് പ്രചരണം സുഗമമാക്കുന്നതിനാണോ? ആസാമിനും തമിഴ്‌നാടിനും ശേഷം ബംഗാളിലേക്ക് വരുന്നതിനാണോ? ഇത് ബിജെപിയെ സഹായിക്കില്ല. തങ്ങൾ അവരെ തകർക്കുമെന്നും മമത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ മാനിക്കുന്നു. എന്തുകൊണ്ടാണ് ഒരു ജില്ലയിൽ തന്നെ പല ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്നത്. സൗത്ത് 24 പർഗാന തൃണമൂൽ ശക്തികേന്ദ്രമാണ്. അവിടെ വോട്ടിങ് മൂന്ന് ഘട്ടങ്ങളിലായാണ്. മോദിയുടെയും ഷായുടെയും സൗകര്യമനുസരിച്ചാണോ ഇത് ചെയ്തതെന്നും ബംഗാൾ മുഖ്യമന്ത്രി ചോദിച്ചു.

ഓപ്പറേഷൻ ലോട്ടസ് തുടരുന്നു

ആവനാഴിയിലെ സകല ആയുധങ്ങളും എടുത്ത് പ്രയോഗിച്ചാണ് ബിജെപിയുടെ മുന്നേറ്റം. മമതയെ പുറത്താക്കാൻ നരേന്ദ്ര മോദിയും അമിത്ഷായും തുടർച്ചയായി റാലികൾ നടത്തി വരികയാണ്. സമയവും ഊർജ്ജവും പണവും ധാരാളം വിനിയോഗിച്ചുള്ള തേരോട്ടത്തിൽ ബിജെപി വലിയ അളവിൽ മുന്നേറിയിട്ടുമുണ്ട്. വിശ്വസ്തരെ അടർത്തി മാറ്റി മമതയെ ക്ഷീണിപ്പിക്കാൻ ആയി. എന്നാൽ, ബംഗാളിന്റെ ആത്മാവറിയാത്ത പാർട്ടിയാണ് ബിജെപിയെന്നും പുറംപാർട്ടിയെന്നും വിശേഷിപ്പിച്ച് തിരിച്ചടിക്കാനാണ് മമത ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

മമതയുടെ ജനകീയ പ്രഖ്യാപനങ്ങളെ അതേനാണയത്തിൽ നേരിടുന്നു അമിത് ഷാ. ബാഗാളിൽ തോറ്റാൽ ബിജെപി രാജ്യത്ത് നിന്നേ പുറത്താകുമെന്നൊക്കെ മമത പറയുന്നത് ഷാ കൂസുന്നില്ല. ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 18,000 രൂപ എത്തുമെന്നാണ് അമിത് ഷായുടെ വാഗ്ദാനം. മമത ബാനർജിയുടെ സർക്കാർ പാവപ്പെട്ട കർഷകർക്ക് കേന്ദ്രം നൽകുന്ന സഹായം തടയുകയാണെന്നും അമിത് ഷാ ആരോപിച്ചിരുന്നു. ബംഗാളിൽ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുൻപ് മമത ബാനർജി ജയ്ശ്രീറാം വിളിക്കാൻ തുടങ്ങുമെന്ന് അദ്ദേഹം പ്രസംഗിച്ചു.

ആർഎസ്എസിന്റെയും ബിജെപിയുടെയും ചിട്ടയായ പ്രവർത്തനം

ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങൾ അഞ്ച് മേഖലകളാക്കി തിരിച്ചാണ് ബിജെപി പ്രവർത്തനങ്ങൾ സജീവമാക്കിത്. ഓരോ മേഖലയുടെയും ചുമതല ഓരോ ദേശീയ നേതാക്കൾക്കാണു നൽകിയിരിക്കുന്നത്. ഈ നേതാക്കൾ ബംഗാളിലെ എംപിമാർ, എംഎൽഎമാർ, ജില്ലാ പ്രസിഡന്റുമാർ, ബൂത്ത് പ്രസിഡന്റുമാർ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കും. ദേശീയ സെക്രട്ടറി വിനോദ് ഷോൺകർ (റബാൻക), സുനിൽ ദിയോധർ (ഹൂബ്ലി മേദിനി), ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം (കൊൽക്കത്ത), വിനോദ് താവ്ഡെ (നബദീപ്), ശിവപ്രകാശ് സിങ് (ഉത്തർ ബംഗ) എന്നിവർക്കാണു ചുമതല. ബംഗാൾ ടീമിനു പുറമേ ദേശീയ നേതൃത്വം ബൂത്ത് തലത്തിൽനിന്നു നേരിട്ടു വിവരങ്ങൾ ശേഖരിക്കുന്നു. ഓരോ പ്രദേശത്തേയും പുരോഹിതന്മാരുമായും, ആരാധനാലയങ്ങളുമായും മത നേതാക്കന്മാരുമായും സഹകരണ സംഘങ്ങളിലെ ചുമതലപ്പെട്ടവരുമായും സംസ്ഥാന നേതൃത്വം തുടർച്ചയായി ബന്ധപ്പെട്ടു കൊണ്ടിരിക്കും

പശ്ചിമബംഗാൾ ഫലത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും. ബജെപിക്ക് കടന്നുകയറാൻ കഴിയാത്ത പല സംസ്ഥാനങ്ങളും ഉണ്ടായിരുന്നു. അതിലൊന്നായ പശ്ചിമ ബംഗാളിൽ നേടിയ 18 സീറ്റാണ് 2019ൽ ലോക്‌സഭയിൽ 303 കടക്കാൻ നരേന്ദ്ര മോദിയെ സഹായിച്ചത്. ബംഗാൾ പിടിക്കാൻ എല്ലാ അടവും ബിജെപി പുറത്തെടുക്കുന്നു. മമത ബാനർജിയെ അട്ടിമറിച്ച് ഭരണം പിടിച്ചാൽ അത് സംഘപരിവാറിന് നല്കുന്ന കരുത്ത് ചെറുതായിരിക്കില്ല.

കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും ഒഡീഷയിലുമൊക്കെ സമാനവളർച്ചയ്ക്കുള്ള ബിജെപി നീക്കത്തിന് അത് ഇരട്ട ഊർജ്ജം നല്കും. രാജ്യസഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലെത്താനും കഴിയും.അസമിലെയും ബംഗാളിലെയും ഫലം പൗരത്വനിയമമഭേദഗതിയുടെ ഭാവിയും തീരുമാനിക്കും. അസമിലെ ഭരണതുടർച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സാന്നിധ്യം നിലനിറുത്താൻ ബിജെപി സഹായിക്കും. ഈ രണ്ടു സംസ്ഥാനങ്ങളിലെയും തോൽവി എന്നാൽ നരേന്ദ്ര മോദിക്ക് വലിയ ക്ഷീണമാകും.

ദീദിയുടെ പതനം ആസന്നമോ?

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 42 സീറ്റിൽ 18 എണ്ണം സ്വന്തമാക്കിയ ബിജെപി 40% വോട്ടും നേടിയിരുന്നു. 294 അംഗ നിയമസഭ സീറ്റുകൾ നേടുകയെന്ന ലക്ഷ്യമാണു ബിജെപിക്കുള്ളത്. 'തിരഞ്ഞെടുപ്പുകൾ വരും പോകും. രാഷ്ട്രീയ കൊലപാതകങ്ങൾ കൊണ്ട് ആർക്കും വോട്ട് കിട്ടില്ല. ചുവരെഴുത്ത് വായിക്കാൻ തയാറാകണം' - ബിഹാർ വിജയത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്.

മാത്രമല്ല 2011 മുതൽ തുടർച്ചയായായി പത്തുവർഷം ഭരിച്ച മമതാ ബാനർജിക്കെതിരെ ബംഗാളിൽ ഭരണ വിരുദ്ധ വികാരവുമുണ്ട്. സിപിഎമ്മിന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട ഭരണം ബംഗാളിലെ നൂറ്റാണ്ടുകൾ പിറകോട്ട കൊണ്ടുപോയി എന്ന് പറയുന്ന, ബംഗാളികളുടെ ദീദിക്ക് ആ നാടിന്റെ മുഖഛായ മാറ്റാൻ തക്ക ഒരു വികസനവും കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.

ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് തൊട്ട് നിരവധി അഴിമതികൾ തൃണമൂൽ നേതാക്കളുടെ പേരിൽ ഉയർന്നു. മമതയുടെ മരുമകൻ സഞ്ജയ് ഗാന്ധിക്ക് സമാനമായ ഫാസിസ്റ്റായി വളരുകയാണെന്നാണ് മറ്റൊരു ആരോപണം. കൊലയും കൊള്ളിവെപ്പും അക്രമവും ബംഗാളിൽ സർവ സാധാരണമായി. ഈ സാഹചര്യത്തിൽ ഭരണവിരുദ്ധ വികാരവും, ഒപ്പം മറ്റ് പാർട്ടിയിൽനിന്ന് കാലുമാറിയെത്തുന്ന നേതാക്കളും കൂടിയാവുന്നതോടെ നിഷ്പ്രായാസം ബംഗാൾ പിടിക്കാമെന്നാണ് ബിജെപി കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP