Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളമാണ് രാഹുലിന്റെ ഉന്നമെന്ന് തിരിച്ചറിഞ്ഞതോടെ വളഞ്ഞിട്ടാക്രമണവുമായി സിപിഎം; ഉമ്മൻ ചാണ്ടിയെ മാറ്റി 15 ദിവസം രാഹുലിനെ പ്രചാരണത്തിന്റെ കുന്തമുനയാക്കി അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസും; വയനാട് പ്രധാനമന്ത്രി എന്ന് പരിഹസിച്ചു ബിജെപിയും; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങുമ്പോൾ ഇടതിന് കടമ്പകളേറുന്നു

കേരളമാണ് രാഹുലിന്റെ ഉന്നമെന്ന് തിരിച്ചറിഞ്ഞതോടെ വളഞ്ഞിട്ടാക്രമണവുമായി സിപിഎം; ഉമ്മൻ ചാണ്ടിയെ മാറ്റി 15 ദിവസം രാഹുലിനെ പ്രചാരണത്തിന്റെ കുന്തമുനയാക്കി അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസും; വയനാട് പ്രധാനമന്ത്രി എന്ന് പരിഹസിച്ചു ബിജെപിയും; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങുമ്പോൾ ഇടതിന് കടമ്പകളേറുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആളു വിചാരിച്ച പോലെയല്ലല്ലോ. രാഹുൽ ഗാന്ധിക്കൊപ്പം മത്സ്യബന്ധന ബോട്ടിൽ യാത്രചെയ്ത വ്ളോഗർ സെബിൻ സിറിയക്കിന്റെ വീഡിയോ വൈറലാകുമ്പോൾ കമന്റ്‌സ് വായിച്ചാൽ അറിയാം...ആളു വളരെ സിമ്പിൾ..ഇതുപോലെ ഒരാളാണ് രാജ്യം ഭരിക്കേണ്ടത് എന്നൊക്കെ പലരും. ഒരുകടൽ യാത്ര രാഷ്ട്രീയം മാറ്റിമറിക്കുമെന്നല്ല. എന്നാൽ, നേരത്തെ എതിരാളികൾ പരിഹസിച്ച പോലെ വെറും പപ്പുവല്ല താനെന്നും, ജനകീയപ്രശ്‌നങ്ങളിൽ ഇടപെടാൻ നേതാവിന് താൽപര്യമുണ്ടെന്നും തെളിയിക്കാൻ വീഡിയോ വഴി സാധിച്ചു. ഇത് കേരളത്തിലെ എതിരാളികൾക്ക് വലിയൊരു വെല്ലുവിളി തന്നെയാണ്. വയനാട്ടിൽ രാഹുൽ മത്സരിച്ചപ്പോഴത്തേതു പോലൊരു ഈസി വാക്കോവർ കേരളം ഒന്നാകെ പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും മുൻ അദ്ധ്യക്ഷൻ പ്രചാരണത്തിന്റെ അമരത്ത് വരുന്നതോടെ കോൺഗ്രസ് അണികളാകെ കൂടുതൽ ഊർജ്ജസ്വലരാകുമെന്ന് ഉറപ്പായി. സിപിഎമ്മും ബിജെപിയും കൗണ്ടർ അടിക്കാൻ തുടങ്ങിയതും ഇത് മുൻകൂട്ടി കണ്ടുകൊണ്ടുതന്നെ.

രാഹുൽ ഗാന്ധി കൂടി പങ്കെടുത്ത ചൊവ്വാഴ്ചത്തെ യുഡിഎഫ് യോഗത്തിൽ കൺവീനർ എം.എം.ഹസൻ ഔദ്യോഗികമായി ഒരു ആവശ്യം മുന്നോട്ടുവച്ചു: ''കെപിസിസിക്കും യുഡിഎഫിനും വേണ്ടി ഒരു കാര്യം അഭ്യർത്ഥിക്കുകയാണ്.നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ യുഡിഎഫ് പ്രചാരണത്തിന്റെ നേതൃത്വം താങ്കൾ ഏറ്റെടുക്കണം''. പി.കെ.കുഞ്ഞാലിക്കുട്ടി ഉടൻ പിന്താങ്ങി: ''ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുലിന്റെ സാന്നിധ്യം ഇവിടെയുണ്ടാക്കിയ മാറ്റം പറഞ്ഞു ഫലിപ്പിക്കാൻ കഴിയില്ല. കേരളത്തിലെ മതനിരപേക്ഷ സമൂഹം താങ്കളിലർപ്പിക്കുന്ന വിശ്വാസം വളരെ വലുതാണ്''. രാഹുലും കൂടെ പ്രിയങ്കയും കേരളത്തിൽ കേന്ദ്രീകരിക്കണം എന്നായിരുന്നു എൻ.കെ.പ്രേമചന്ദ്രന്റെ നിർദ്ദേശം.
ഞാൻ കൂടെത്തന്നെ ഉണ്ടാകും' എന്ന് രാഹുൽ ഉറപ്പുനൽകി. ഇതിന് പിന്നാലെ സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി സമരക്കാരെ കണ്ടു. ഐശ്വര്യ കേരളയാത്രയിൽ എൽഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ചതും അപ്രതീക്ഷിതമായി. കാരണം ഇതുവരെ അദ്ദേഹം ബംഗാൾ കൂട്ടുകെട്ടും മറ്റും പരിഗണിച്ച് പിണറായിയോടും കൂട്ടരോടും സൗമ്യനായിരുന്നു. ബംഗാളല്ല കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പാണ് തനിക്ക് പ്രധാനമെന്ന് പറയാതെ പറയുകയായിരുന്നു രാഹുൽ ശംഖുമുഖത്ത്.

ബംഗാളല്ല കേരളമാണ് രാഹുലിന് വലുത്

ബംഗാളിൽ തൃണമൂലും, ബിജെപിയുമാണ് മുഖ്യകളിക്കാർ. കോൺഗ്രസ്-സിപിഎം സഖ്യം കാഴ്ചക്കാരുടെ റോളുകളിലാണ് പല മണ്ഡലങ്ങളിലും. കോൺഗ്രസിന് നഷ്ടപ്പെടാൻ ഏറെയുള്ളത് കേരളത്തിലാണ്. അധികാരത്തിൽ തിരിച്ചുവരേണ്ടത് മറ്റെന്തിനേക്കാളും പ്രധാനവും.
രാഹുലിന്റെ കേരള സന്ദർശനം മലയാളിമനസിൽ കയറിയെന്ന വിലയിരുത്തിയതുകൊണ്ടാവണം പ്രചാരണ നേതൃത്വം അദ്ദേഹം ഏറ്റെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടാൻ കാരണം. പുതുച്ചേരി കൂടി കൈയിൽ നിന്ന് പോയതോടെ ഇനി നോക്കിനിൽക്കാനാവില്ല. ഭരണത്തുടർച്ച മോഹിക്കുന്ന ഇടതിനെയും ഇ.ശ്രീധരനെ മുൻനിർത്തി പോരാടുന്ന ബിജെപിയെയും നേരിടാൻ ആവനാഴിയിലെ ഏറ്റവും വലിയ ആയുധങ്ങൾ തന്നെ വേണ്ടി വരും.

ഉമ്മൻ ചാണ്ടി മാറി രാഹുലായപ്പോൾ

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിൽ പതിനഞ്ച് ദിവസത്തെ പ്രചാരണത്തിനാണ് രാഹുൽ ഗാന്ധി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രിയങ്ക ഗാന്ധിയെയും കേരളത്തിലെത്തിക്കാൻ യുഡിഎഫ് ശ്രമിക്കുന്നുണ്ട്. നേരത്തെ ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്താനാണ് ആലോചിച്ചിരുന്നതെങ്കിൽ ഇപ്പോഴത് രാഹുൽ ഗാന്ധിയിലേക്ക് വഴിമാറി. ഇതിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെ ചിത്രമുള്ള ഫേസ്‌ബുക്ക് ഫ്രെയിം പ്രചരണം കോൺഗ്രസ് ഇപ്പോഴെ ആരംഭിച്ച് കഴിഞ്ഞു,

നിലമ്പൂരിൽ ചോലനായ്ക്കർ ഉൾപ്പെടെ ആദിവാസി വിഭാഗത്തിലുള്ളവരെയും കൊല്ലത്തു മത്സ്യത്തൊഴിലാളികളെയും രാഹുൽ നേരിൽ കണ്ടതും വെറുതയല്ല. യുഡിഎഫിന് ഒരു ജനകീയ മാനിഫെസ്റ്റോ തയാറാക്കുന്നതിന് മുന്നോടിയാണ് ഇത്. കടൽ യാത്രക്കിടെയും രാഹുൽ ചോദിക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ജീവൽ പ്രശ്‌നങ്ങളാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ ഗൗരവമേറിയ സമീപനം യുഡിഎഫ് സ്വീകരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ശശി തരൂർ നടത്തുന്ന സംവാദങ്ങളും 140 നിയോജക മണ്ഡലങ്ങളിലും ജനകീയ സദസ്സുകൾ വിളിക്കാനുള്ള യുഡിഎഫ് തീരുമാനവും രാഹുലിന്റെ നിർദ്ദേശപ്രകാരമായിരുന്നു.

കളി തിരിച്ചറിഞ്ഞ് സിപിഎം

ഭരണവിരുദ്ധ വികാരമില്ലെന്ന് ആണയിടുന്ന എൽഡിഎഫ് സർക്കാർ വരും തിരഞ്ഞെടുപ്പിനെയും നേരിടുന്നത് തീർച്ചയായും പിണറായിയെയും ഭരണനേട്ടങ്ങളെയും മുൻനിർത്തിയാണ്. ഇതുവരെ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കാതിരുന്ന രാഹുൽ ശംഖുമുഖത്ത് പതിവ് മട്ട് വിട്ടു. സിപിഎം കൊടി പിടിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നും സ്വർണ്ണക്കടത്ത് നടത്താം. എൽ.ഡി.എഫിനൊപ്പമെങ്കിൽ എല്ലാ ജോലിയും ഉറപ്പാണെന്നും അല്ലെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ മരിച്ചാലും മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാകില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

സ്വർണ്ണക്കടത്തുകേസിൽ ബിജെപി-സിപിഎം ഒത്തുകളി സൂചിപ്പിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫിസിനെക്കുറിച്ചുള്ള അന്വേഷണത്തിൽ സിബിഐയും ഇഡിയും ഇഴയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇഡി, കസ്റ്റംസ്, സിബിഐ അന്വേഷണങ്ങൾ എന്തുകൊണ്ട് ഇഴയുന്നു? രാഹുൽ പിണറായിയെ ലാക്കാക്കി ചോദിച്ച ചോദ്യങ്ങൾക്ക് ശക്തമായ ഭാഷയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മറുപടി നൽകിയത്.

രാഹുൽ ബിജെപിക്കെതിരെയും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചതെങ്കിലും സിപിഎമ്മിന്റെ മറുപടിയിൽ അതിലേക്ക് ഊന്നലുണ്ടായില്ല.രാഹുൽ ഗാന്ധിയുടെ പ്രസംഗം ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റിനെപ്പോലെയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തിയത്. ശംഖുമുഖം പ്രസംഗത്തിൽ ബിജെപിക്കെതിരെ ഒരക്ഷരം പോലും മിണ്ടാതിരുന്ന രാഹുൽ ഗാന്ധിക്ക്, ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നതിൽ സംഘപരിവാറിന്റെ അതേ ശബ്ദമാണെന്ന് സിപിഎം കുറ്റപ്പെടുത്തി. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുവെന്ന് വിമർശിച്ചിരുന്ന രാഹുൽ ഗാന്ധി കേരളത്തിൽ വന്നപ്പോൾ മലക്കം മറിഞ്ഞുവെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.

രാഹുൽ ഗാന്ധി കേരള സർക്കാറിനെതിരെ നടത്തിയ പരാമർശം മൃദു ഹിന്ദുത്വ സമീപനത്തിന് ഉദാഹരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും വിമർശിച്ചു. ബിജെപിയുമായി കോൺഗ്രസ് വോട്ടുകച്ചവടം തുടരുമെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. ബിജെപി മുസ്‌ലിം ലീഗിനെ ക്ഷണിക്കുന്നു. ബിജെപിയെ എതിർക്കുന്നതിന് പകരം ഇടതുപക്ഷമാണ് മുഖ്യ എതിരാളി എന്നാണ് കോൺഗ്രസും ഘടക കക്ഷികളും പറയുന്നതെന്ന് വിജയരാഘവൻ വിമർശിച്ചു. ബിജെപിയുമായി നീക്കുപോക്കുണ്ടാക്കാനുള്ള ഗൂഢാലോചന കോൺഗ്രസിന്റെ ദേശീയ നേതൃത്വം ആരംഭിച്ചോ എന്ന് സംശയമുണ്ട്.രാഹുൽ കടലിൽ യാത്ര നടത്തുന്നത് വോട്ട് ലക്ഷ്യമാക്കിയുള്ള നാടകമാണെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

രാഹുൽ വയനാട്ടിൽ മത്സരിച്ചപ്പോഴും വളഞ്ഞിട്ടാക്രമണം

ലോക് സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ അപരാധമെന്ന നിലയിലായിരുന്നു രാഹുൽ വയനാട്ടിൽ മത്സരിച്ചതിനെ സിപിഎം ചിത്രീകരിച്ചത്.ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം വെള്ളം ചേർത്തിരിക്കുകയാണെന്നും തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് തിരക്കഥ നഷ്ടപ്പെട്ടു കഴിഞ്ഞെന്നുമാണ് ബൃന്ദ കാരാട്ട് അന്ന് എഴുതിയിത്. വയനാട്ടിൽ മത്സരിക്കുന്നതിലൂടെ രാഹുൽ എന്തു സന്ദേശമാണ് നൽകുന്നതെന്നാണ് പിണറായി വിജയൻ ചോദിച്ചത്. ഏതായാലും ആ തിരഞ്ഞെടുപ്പിൽ പ്രതിസന്ധിയെ അവസരമാക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. ഇത്തവണ അതെങ്ങനെ എന്നതാണ് കണ്ടറിയേണ്ടത്.

എതിരാളിയെ തിരിച്ചറിഞ്ഞ് സുരേന്ദ്രനും

വയനാട് എംപി രാഹുൽ ഗാന്ധിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പരിഹസിച്ചത് അങ്കമാലി പ്രധാനമന്ത്രി പോലെയാണ് വയനാട് പ്രധാനമന്ത്രി എന്നായിരുന്നു. വയനാടിന്റെ പ്രധാനമന്ത്രി വയനാട്ടിൽ വന്ന് ട്രാക്ടർ ഓടിച്ചു നടക്കുകയാണ്. ഇതിനേക്കാൾ നല്ലത് വയനാട്ടിലെ പഴയ എംപിയായിരുന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു. വയനാട്ടിലേക്ക് വരുന്ന വഴിക്കിറങ്ങി പെറോട്ടയും ചായയും കുടിക്കാൻ എല്ലാവർക്കും കഴിയുമെന്നും സുരേന്ദ്രൻ പരിഹസിച്ചു.ബഫർ സോണടക്കമുള്ള വിഷയങ്ങളിൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ് സുരേന്ദ്രൻ സുൽത്താൻ ബത്തേരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. 'വയനാട്ടുകാരെ വിഡ്ഢികളാക്കാമെന്ന് രാഹുൽ ഗാന്ധിയും കമ്പനിയും കരുതരുത്. രാഹുൽ ഗാന്ധിക്ക് ആരെങ്കിലും കാര്യങ്ങൾ ഉപദേശിച്ച് കൊടുക്കണം. ബഫർ സോൺ സംബന്ധിച്ചുള്ള ആദ്യപ്രൊപ്പോസൽ പോയത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ്. പിന്നീട് കേരളത്തിൽ വന്ന സർക്കാർ അതേ നിലപാട് തുടരുകയാണ് ചെയ്തത്. കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. അതുകൊണ്ട് ഈ നാടകം വയനാട്ടുകാർ അവസാനിപ്പിക്കണം. ഇത്തരം നാടകങ്ങൾക്ക് രാഹുൽ ഗാന്ധിയെപ്പോലുള്ളവർ കൂട്ടുനിൽക്കരുത്', സുരേന്ദ്രൻ പറഞ്ഞു.

അധികാരത്തുടർച്ച സ്വപ്‌നം കാണുന്ന എൽഡിഎഫിനും,ഗണ്യമായ സ്വാധീനശക്തിയായി മാറാൻ പരിശ്രമിക്കുന്ന ബിജെപിക്കും രാഹുലിനെ ഇകഴ്‌ത്തി കാട്ടിയേ മതിയാവൂ. പോരിൽ മുന്നിൽ നിന്ന് നയിക്കുന്ന നായകന്റെ ദൗർബല്യങ്ങളെ ഊതിപ്പെരുപ്പിക്കാൻ ആയിരിക്കും തുടർപരിശ്രമങ്ങൾ. ഏപ്രിൽ ആറിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇനി യുദ്ധ കാഹളം മുഴങ്ങുകയായി. മെയ് രണ്ടിന് അറിയാം...ആരാണ് ശരിയെന്ന് കേരളത്തിലെ ജനങ്ങൾ വിധി എഴുതിയതെന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP