Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാറ്റിംഗിന് പറ്റിയ പിച്ചെന്ന് രോഹിതും കോലിയും; ഹർഭജനും കുംബ്ലെയും 1000 വിക്കറ്റ് നേടുമെന്ന് യുവരാജ്; ടെസ്റ്റിന് പറ്റില്ലെന്ന് ലക്ഷ്മണും ഹർഭജനും; പ്രശ്‌നം ബാറ്റ്‌സ്മാന്മാരുടെ രീതിയെന്ന് ഗവാസ്‌കർ; പിഴവ് ഇംഗ്ലണ്ടിന്റേതെന്ന് ഗ്രേയം സ്വാൻ; രണ്ടു ദിവസം കൊണ്ട് സന്ദർശകരെ കെട്ടുകെട്ടിച്ച മോദി സ്‌റ്റേഡിയത്തിലെ പിച്ചിൽ ദുർഭൂതമോ?; വിവാദം കത്തുന്നു

ബാറ്റിംഗിന് പറ്റിയ പിച്ചെന്ന് രോഹിതും കോലിയും; ഹർഭജനും കുംബ്ലെയും 1000 വിക്കറ്റ് നേടുമെന്ന് യുവരാജ്; ടെസ്റ്റിന് പറ്റില്ലെന്ന് ലക്ഷ്മണും ഹർഭജനും; പ്രശ്‌നം ബാറ്റ്‌സ്മാന്മാരുടെ രീതിയെന്ന് ഗവാസ്‌കർ; പിഴവ് ഇംഗ്ലണ്ടിന്റേതെന്ന് ഗ്രേയം സ്വാൻ; രണ്ടു ദിവസം കൊണ്ട് സന്ദർശകരെ കെട്ടുകെട്ടിച്ച മോദി സ്‌റ്റേഡിയത്തിലെ പിച്ചിൽ ദുർഭൂതമോ?; വിവാദം കത്തുന്നു

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം അരങ്ങേറിയ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ പിച്ചിനെച്ചൊല്ലി വിവാദം കത്തുകയാണ്. രണ്ട് ദിവസം മാത്രം നീണ്ടുനിന്ന പിങ്ക് ബോൾ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് പിച്ചിന്റെ ഗുണനിലവാരത്തെച്ചൊല്ലി വാദപ്രതിവാദങ്ങൾ ഉടലെടുത്തത്.

ബാറ്റ്‌സ്മാന്മാർക്ക് പിടിച്ചു നിൽക്കാൻ സാധിക്കാത്ത പിച്ചിൽ പാർട് ടൈം സ്പിന്നർമാർ പോലും വിക്കറ്റ് കൊയ്യുന്ന കാഴ്ചയായിരുന്നു പിങ്ക് ബോൾ ടെസ്റ്റിൽ. പിച്ചിന്റെ ഗുണനിലവാരത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തിയതോടെ ഇന്ത്യൻ ടീമിനെയും മാനേജ്‌മെന്റിനേയും കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മൊട്ടേരയിലേത് ടെസ്റ്റിന് പറ്റിയ പിച്ച് അല്ലായിരുന്നെന്ന് വി.വി എസ്. ലക്ഷ്മണും ഹർഭജൻ സിങ്ങും തുറന്നടിച്ചു. എന്നാൽ ബാറ്റ്‌സ്മാന്മാരുടെ രീതികളാണു പ്രശ്‌നമായതെന്നാണു സുനിൽ ഗാവസ്‌കറിന്റെ നിലപാട്.

അതേ സമയം പിച്ചിനെ തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും രോഹിത് ശർമയുമെത്തി. മൂന്നാം ടെസ്റ്റിലെ പ്രശ്‌നങ്ങളിൽ പിച്ച് ഒന്നും ചെയ്തിട്ടില്ലെന്നു രോഹിത് ശർമ പറഞ്ഞു. ഇന്ത്യൻ താരങ്ങൾക്കും ബാറ്റിങ്ങിനിടെ പിഴവ് പറ്റി. അതുകൊണ്ടാണ് അവരും പുറത്തായതെന്നും രോഹിത് വ്യക്തമാക്കി. സത്യം പറഞ്ഞാൽ പിച്ച് പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. അധികം ബാറ്റ്‌സ്മാന്മാരും പുറത്തായത് സ്‌ട്രെയിറ്റ് ഡെലിവറികളിൽനിന്നാണ്. അഹമ്മദാബാദിലേത് ബാറ്റിങ്ങിന് പറ്റിയ പിച്ചാണ്. പിച്ചിൽ ശ്രദ്ധ നൽകി കളിക്കുകയായിരുന്നു വേണ്ടത് മത്സരത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ രോഹിത് പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും രോഹിത് ശർമയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി. വിജയം ഇന്ത്യയ്ക്കായിരുന്നെങ്കിലും ഇരു വിഭാഗങ്ങളിലും ബാറ്റിങ്ങിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി വിരാട് കോലി പറഞ്ഞു. അതേസമയം ഇംഗ്ലണ്ടിന്റെ ബോളർമാരെക്കാൾ മികച്ച പ്രകടനം ഇന്ത്യൻ താരങ്ങൾ നടത്തി. അതുകൊണ്ടാണ് ഇന്ത്യ വിജയിച്ചത് വിരാട് കോലി മത്സരശേഷം പറഞ്ഞു.

മൊട്ടേരയിലേതു ടെസ്റ്റ് മത്സരങ്ങൾക്കു പറ്റിയ പിച്ചല്ലെന്ന് വി.വി എസ്. ലക്ഷ്മൺ പറഞ്ഞു. ഹർഭജൻ സിങ്ങും സമാനമായ അഭിപ്രായമാണു പങ്കുവച്ചത്. ഇതു മികച്ച പിച്ചല്ല. ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ട് 200 റൺസ് നേടിയിരുന്നെങ്കിൽ ഇന്ത്യ പ്രശ്‌നത്തിലായേനെ ഹർഭജൻ സിങ് പറഞ്ഞു. ഇങ്ങനെയുള്ള പിച്ചിലാണ് കളിക്കേണ്ടതെങ്കിൽ ഇരു ടീമുകൾക്കും മൂന്ന് വീതം ഇന്നിങ്‌സ് നൽകണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോഗൻ കുറ്റപ്പെടുത്തി.

ബോളർമാരെ അഭിനന്ദിക്കുന്നതിനോടൊപ്പം പിച്ചിന്റെ മോശം സ്വഭാവത്തെ യുവരാജ് സിങ്ങും വിമർശിച്ചു. ടെസ്റ്റ് ക്രിക്കറ്റ് രണ്ട് ദിവസം കൊണ്ട് അവസാനിക്കുന്നത് നല്ല കാര്യമാണോയെന്ന് ഉറപ്പില്ല, ഇത്തരം പിച്ചുകളിൽ അനിൽ കുംബ്ലെയോ ഹർഭജൻ സിങ്ങോ പന്തെിഞ്ഞാൽ അവർക്ക് എണ്ണൂറോ ആയിരമോ വിക്കറ്റുകൾ വരെ നേടാം യുവരാജ് ട്വിറ്ററിൽ കുറിച്ചു.

മികച്ച പ്രകടനം നടത്തിയ അക്‌സർ പട്ടേലിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും യുവരാജ് ട്വിറ്ററിൽ വ്യക്തമാക്കി. മൊട്ടേരയിലെ ഇതേ പിച്ചിലാണ് രോഹിത് ശർമയും ഇഗ്ലണ്ട് താരം ക്രൗളിയും അർധസെഞ്ചുറി നേടിയതെന്ന് സുനിൽ ഗാവസ്‌കർ വ്യക്തമാക്കി. ഇംഗ്ലണ്ട് എങ്ങനെ പിടിച്ച് നിൽക്കാമെന്നാണു ചിന്തിച്ചത്? എങ്ങനെ റൺസ് നേടാമെന്ന് ആയിരുന്നില്ല. അശ്വിനും അക്‌സർ പട്ടേലും മികച്ചു നിന്നെന്നുമായിരുന്നു ഗാവസ്‌കറിന്റെ പ്രതികരണം.

അതേസമയം തോൽവിക്ക് ഇംഗ്ലണ്ട് തന്നെയാണ് ഉത്തരവാദികളെന്ന് മുൻ ഇംഗ്ലണ്ട് സ്പിന്നർ ഗ്രേയം സ്വാൻ വിമർശിച്ചു. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റിൽ ഒരു സ്പിന്നറുമായി കളിക്കാൻ ഇംഗ്ലണ്ട് ഇറങ്ങരുതായിരുന്നെന്ന് സ്വാൻ പ്രതികരിച്ചു. ബാറ്റ്‌സ്മാന്മാരുടെ കഴിവ് പരീക്ഷിക്കാമെന്നതിനാൽ മൊട്ടേരയിലെ പിച്ചിൽ ഒരു മത്സരം നടത്തുകയെന്നതു നല്ല കാര്യമാണെന്ന് കെവിൻ പീറ്റേഴ്‌സൻ വ്യക്തമാക്കി. എന്നാൽ ഇതേ പിച്ചിൽ വീണ്ടുമൊരു മത്സരം കാണാൻ താൽപര്യമില്ലെന്നും പീറ്റേഴ്‌സൻ തുറന്നടിച്ചു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 10 വിക്കറ്റിന്റെ തകർപ്പൻ ജയമാണു സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 49 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 7.4 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യത്തിലെത്തി. ഓപ്പണർമാരായ രോഹിത് ശർമ (25 പന്തിൽ 25), ശുഭ്മാൻ ഗിൽ (21 പന്തിൽ 15) എന്നിവരാണ് വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 21ന് മുന്നിലെത്തി. പരമ്പരയിൽ ഇന്ത്യയ്ക്കായി സ്പിന്നർമാർ കൂടുതൽ വിക്കറ്റുകൾ വീഴ്‌ത്തി. അക്‌സർ പട്ടേൽ 11 വിക്കറ്റുകളും ആർ. അശ്വിൻ 7 വിക്കറ്റുകളും നേടി. 400 വിക്കറ്റുകളെന്ന നേട്ടവും ചെന്നൈ ബോളർ സ്വന്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP