Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എൽഡിഎഫ് മൈൻഡ് ചെയ്യുന്നില്ല; യുഡിഎഫ് പ്രവേശനവും വഴിമുട്ടി; ജനപക്ഷം വീണ്ടും എൻഡിഎയിലേക്ക്; രാമക്ഷേത്ര നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവന അച്ഛനും മകനും സീറ്റ് ഉറപ്പിക്കാൻ; രണ്ട് സീറ്റ് വിട്ടുനൽകാൻ ബിജെപിയും; ശനിയാഴ്ച രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് പി സി ജോർജ്; 'പൂഞ്ഞാർ സിംഹത്തിന്' തിരിച്ചറിവ് നൽകിയത് റിജുൽ മാക്കുറ്റിയുടെ അധിക്ഷേപമോ?

എൽഡിഎഫ് മൈൻഡ് ചെയ്യുന്നില്ല; യുഡിഎഫ് പ്രവേശനവും വഴിമുട്ടി; ജനപക്ഷം വീണ്ടും എൻഡിഎയിലേക്ക്; രാമക്ഷേത്ര നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവന അച്ഛനും മകനും സീറ്റ് ഉറപ്പിക്കാൻ;  രണ്ട് സീറ്റ് വിട്ടുനൽകാൻ ബിജെപിയും; ശനിയാഴ്ച രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് പി സി ജോർജ്; 'പൂഞ്ഞാർ സിംഹത്തിന്' തിരിച്ചറിവ് നൽകിയത് റിജുൽ മാക്കുറ്റിയുടെ അധിക്ഷേപമോ?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രവേശനത്തിനുള്ള നീക്കം വഴിമുട്ടിയതോടെ പി.സി. ജോർജിന്റെ ജനപക്ഷം പാർട്ടി എൻഡിഎ ഘടക കക്ഷിയായേക്കും. യുഡിഎഫിൽ ഘടക കക്ഷിയാക്കുന്നതിനോട് കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിർപ്പുയർത്തിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ശനിയാഴ്ച രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നാണ് പി.സി ജോർജ് വ്യക്തമാക്കിയിരിക്കുന്നത്.

പി.സി ജോർജിന്റെ ബിജെപി ബാന്ധവവും സമീപകാലത്ത് നടത്തിയ മുസ്ലിം വിരുദ്ധ പരാമർശവും തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക നേതൃത്വം എതിർപ്പ് ഉയർത്തിയത്. പി.സി. ജോർജിനെ മുന്നണിയിലെടുത്താൽ സമാന്തര സ്ഥാനാർത്ഥിയെ നിർത്തുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയതോടെ പൊതുസ്വതന്ത്രൻ എന്ന വാഗ്ദാനം യുഡിഎഫ് മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇതിനോട് പി സി ജോർജിന് താൽപര്യമില്ല.

പ്രാദേശിക നേതാക്കളുടെ എതിർപ്പ് ശക്തമായി തുടരുന്നതിനിടെയാണ് സെക്രട്ടറിയേറ്റിന് മുന്നിലെ യൂത്ത് കോൺഗ്രസിന്റെ സമരപന്തലിലെത്തിയ പിസി ജോർജ്ജിനെ സംസ്ഥാന വൈസ് പ്രസിഡന്റ് റിജുൽ മാക്കുറ്റി നിശിതമായി വിമർശിച്ചത്. യൂത്ത് കോൺഗ്രസിന്റെ സമരപന്തലിൽ നിരാഹാരമിരിക്കുന്ന റിയാസ് മുക്കോളി, എൻഎസ് നുസൂർ , റിജിൽ മാക്കുറ്റി എന്നിവരെ ആദരിക്കാനെത്തിയപ്പോഴായിരുന്നു പിസി ജോർജിനെ റിജുൽ വിമർശിച്ചത്. യൂത്ത് കോൺഗ്രസ് നേതാക്കളിൽ നിന്നടക്കം വിയോജിപ്പ് ശക്തമായതോടെയാണ് പി സി ജോർജിന്റെ നിലപാട് മാറ്റം.

അതേ സമയം എൽഡിഎഫ് നേതൃത്വം ദീർഘനാളായി അകലം പാലിക്കുന്നതിനാൽ ഉദ്യോഗാർത്ഥികളുടെ സമര വിഷയത്തിലടക്കം ഇടതുപക്ഷത്തെ നിശിതമായി വിമർശിച്ചാണ് പി സി ജോർജ് വേദിയിൽ നിന്നും മടങ്ങിയത്.

ജോസ് കെ. മാണിയും മാണി സി. കാപ്പനും കൊമ്പുകോർക്കുന്ന പാലായിൽ എൻഡിഎ സ്ഥാനാർത്ഥിയായി പി.സി. തോമസ് എത്തുമോ എന്ന ചോദ്യം ശക്തമാണ്. ഏറെ നാളായി എൻഡിഎ മുന്നണിയിൽ നിന്ന് അകന്നുനിന്ന പി.സി. തോമസ് കഴിഞ്ഞ ദിവസം കെ. സുരേന്ദ്രന്റെ വിജയയാത്രയിൽ പങ്കെടുത്തിരുന്നു. ശക്തമായ ത്രികോണ മത്സരം ഉറപ്പുവരുത്താൻ പിസി ജോർജിനെ പാലായിൽ എൻഡിഎ സ്ഥാനാർത്ഥിയാക്കാനാണ് ശ്രമിക്കുന്നത്. പിസി തോമസാണ് ചർച്ചകൾക്ക് പിന്നിൽ. ഇത് ഫലം കാണുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

പിസി ജോർജിന് പാലായിൽ മത്സരിക്കാൻ താൽപ്പര്യമുണ്ട്. യുഡിഎഫും എൽഡിഎഫും പിസി ജോർജിനെ മുന്നണിയിൽ എടുക്കുന്നില്ല. ഒറ്റയ്ക്ക് മത്സരിച്ചാൽ ഇത്തവണ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക പിസി ജോർജിനുണ്ട്. തദ്ദേശത്തിൽ പൂഞ്ഞാറിൽ മത്സരിച്ച് മകൻ ഷോൺ ജോർജ് ജില്ലാ പഞ്ചായത്തിൽ എത്തി. അതുകൊണ്ട് തന്നെ പൂഞ്ഞാറിൽ മകനെ എംഎൽഎയാക്കാൻ പിസി ജോർജിന് ആഗ്രഹമുണ്ട്. ഈ സാഹചര്യത്തിലാണ് പാലായിൽ മത്സരിക്കാൻ ജോർജിന് താൽപ്പര്യം. പാലായിൽ പിസി തോമസിനെ നിർത്തി കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാനുള്ള സാധ്യതയും പിസി ജോർജിന് മുന്നിലുണ്ട്.

ഈ രാഷ്ട്രീയ നീക്കം പിസി ജോർജും സ്ഥിരീകരിച്ചിട്ടുണ്ട്. എൻഡിഎയിൽ നിന്നു ക്ഷണിച്ചിരുന്നു. ഞങ്ങളുടെ പാർട്ടി ഘടക കക്ഷിയായാൽ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകൾ എൻഡിഎയ്ക്ക് വിജയിക്കാം. രണ്ടു സീറ്റുകൾ ഞങ്ങൾ ചോദിക്കും. യുഡിഎഫുമായും ചർച്ചയുണ്ട്. 27 വരെ കാത്തിരിക്കും. അതു കഴിഞ്ഞാൽ മുന്നണിയിൽ ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. ഏതു മുന്നണിയെന്ന് ഇപ്പോൾ പറയുന്നില്ല എന്നായിരുന്നു പിസി ജോർജിന്റെ പ്രതികരണം.

പിസി ജോർജ് അനുകൂല നിലപാട് എടുത്തില്ലെങ്കിൽ പാലായിൽ പിസി തോമസ്് മത്സരിക്കും. കോട്ടയത്ത് പി.സി. തോമസ് എത്തിയതോടെ ജില്ലയിൽ ശക്തമായ പോരാട്ടത്തിന് ബിജെപി ഒരുങ്ങുകയാണ്. ഇതിനൊപ്പമാണ് മുൻ ഘടക കക്ഷി ജനപക്ഷത്തെ തിരിച്ചെത്തിക്കാൻ ശ്രമം നടക്കുന്നത്. പൂഞ്ഞാറിനു പുറമേ ബിജെപിക്കു സ്വാധീനമുള്ള ഒരു മണ്ഡലം കൂടി പി.സി. ജോർജിന് നൽകാനും എൻഡിഎയിൽ നീക്കമുണ്ട്. പാർട്ടിയുടെ മുന്നൊരുക്കം പൂർത്തിയായതായി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമാവുകയും പത്തനംതിട്ട മണ്ഡലത്തിൽ കെ. സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. എന്നാൽ പ്രതീക്ഷിച്ച വിജയം എൻഡിഎയ്ക്ക് ലഭിച്ചില്ല. തൊട്ടുപിന്നാലെ എൻഡിഎ എന്നത് കേരളത്തിൽ തട്ടിക്കൂട്ട് സംവിധാനമാണെന്ന് ആക്ഷേപിച്ച് പി.സി. ജോർജ് മുന്നണി വിടുകയും ചെയ്തു. പിന്നാലെയാണ് യുഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് ചർച്ചകൾ നടത്തിയത്.

നിലവിൽ ഒരുമുന്നണിയുടെയും ഭാഗമല്ലാതിരിക്കുന്ന പി.സി ജോർജിനെ എൻഡിഎയിലേക്ക് തിരികെ കൊണ്ടുവരാൻ ബിജെപി ശ്രമിക്കുന്നുണ്ട്. പൂഞ്ഞാർ മണ്ഡലത്തിൽ പി.സി ജോർജിന് കാര്യമായ സ്വാധീനം ഉണ്ടെന്നതും അതിനൊപ്പം ബിജെപി സംവിധാനവും ചേരുമ്പോൾ വിജയം ഉറപ്പാണെന്നാണ് ബിജെപി വിലയിരുത്തുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാമക്ഷേത്ര നിർമ്മാണ ഫണ്ടിലേക്ക് പി.സി ജോർജ് സംഭാവന നൽകിയിരുന്നു. ഇതോടെയാണ് എൻഡിഎ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നത്. നിയമസഭയിൽ പരമാവധി സീറ്റുകൾ നേടിയെടുക്കുക എന്നതാണ് ബിജെപി ശ്രമിക്കുന്നത്.

2016 ൽ അഞ്ചു സീറ്റിൽ ബിജെപിയും (പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കോട്ടയം, പുതുപ്പള്ളി), 3 സീറ്റിൽ ബിഡിജെഎസും (വൈക്കം, ഏറ്റുമാനൂർ, പൂഞ്ഞാർ) ഒരു സീറ്റീൽ കേരള കോൺഗ്രസും (കടുത്തുരുത്തി) മത്സരിച്ചു. ഇത്തവണ ബിഡിജെഎസിൽ നിന്ന് ഒന്നോ രണ്ടോ സീറ്റുകൾ ഏറ്റെടുക്കാൻ ബിജെപിയിൽ ആലോചനയുണ്ട്. പൂഞ്ഞാറിൽ മത്സരിച്ചത് ബിഡിജെഎസാണ്. അതു വാങ്ങി പിസി ജോർജിന് കൊടുക്കാനാണ് ബിജെപിയുടെ തീരുമാനം. കാഞ്ഞിരപ്പള്ളി പാർട്ടിയുടെ എ ഗ്രേഡ് മണ്ഡലമാണ്. ഇതു പിസി ജോർജിന് കൊടുക്കാൻ ബിജെപി എതിരു നിൽക്കില്ലെന്നാണ് സൂചന.

യുഡിഎഫിൽ മത്സരിക്കാനായിരുന്നു പിസി ജോർജിന്റെ ആഗ്രഹം. പാലായിൽ താൻ മത്സരിക്കാമെന്നും പറഞ്ഞു. എന്നാൽ മാണി സി കാപ്പൻ യുഡിഎഫിൽ എത്തിയതോടെ പിസി ജോർജിന് സാധ്യത കുറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് പിസി ജോർജിനോട് തീർത്തും താൽപ്പര്യമില്ല. ഇതാണ് യുഡിഎഫ് പ്രവേശനത്തിനുള്ള തടസ്സം. എന്നാലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിസി ജോർജിന് അനുകൂലവും. മുസ്ലിം ലീഗ് അടക്കമുള്ളവരും ജോർജിന് അനുകൂലമല്ല. ഇത് മനസ്സിലാക്കിയാണ് ബിജെപിയുമായി ചർച്ച നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP