Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനമെന്ന സൂചന കിട്ടിയതോടെ സെക്രട്ടറിയേറ്റ് നട കാലിയാക്കാൻ കച്ചമുറുക്കി പിണറായി വിജയൻ; ഉദ്യോ​ഗാർത്ഥികളുമായി ഇന്ന് തന്നെ ചർച്ച നടത്തും; ഭരണത്തുടർച്ച തന്നാൽ എല്ലാം ശരിയാക്കാം എന്ന സന്ദേശവുമായി സമരക്കാരെ കാണുക മന്ത്രി എ കെ ബാലനും

ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനമെന്ന സൂചന കിട്ടിയതോടെ സെക്രട്ടറിയേറ്റ് നട കാലിയാക്കാൻ കച്ചമുറുക്കി പിണറായി വിജയൻ; ഉദ്യോ​ഗാർത്ഥികളുമായി ഇന്ന് തന്നെ ചർച്ച നടത്തും; ഭരണത്തുടർച്ച തന്നാൽ എല്ലാം ശരിയാക്കാം എന്ന സന്ദേശവുമായി സമരക്കാരെ കാണുക മന്ത്രി എ കെ ബാലനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാരിനെതിരായ യുവരോഷം തണുപ്പിക്കാൻ നേരിട്ടിറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ പി എസ് സി റാങ്ക് ഹോൾഡേഴ്സിന്റെ സമരം അവസാനിപ്പിച്ച് സെക്രട്ടറിയേറ്റ് നട കാലിയാക്കാനാണ് പിണറായി വിജയൻ ലക്ഷ്യമിടുന്നത്. ഇതിനായി സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനെയാണ് മുഖ്യമന്ത്രി നിയോ​ഗിച്ചിട്ടുള്ളത്. ഇന്ന് തന്നെ ചർച്ച നടന്നേക്കും എന്നാണ് റിപ്പോർട്ടുകൾ.

യുവജന പ്രതിഷേധം ഭരണത്തുടർച്ചക്ക് വിഘാതമാകുമെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രിയെ ചർച്ചകൾക്ക് മുൻകൈ എടുക്കാൻ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്നെ സമരക്കാരുമായി ചർച്ചക്കുള്ള വഴികൂടി അടയുകയും പ്രതിപക്ഷത്തിന് മേൽക്കൈ നേടാൻ സാധിക്കുകയും ചെയ്യും. ഇന്ന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും എന്ന സൂചനകൾ വന്നതിന് പിന്നാലെയാണ് സർക്കാർ ചർച്ചക്ക് തയ്യാറായത്. ഇനി ഇക്കുറി ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഭരണത്തുടർച്ച വന്നാൽ എല്ലാം ശരിയാക്കാം എന്ന വാക്ക് നൽകാൻ മാത്രമേ എ കെ ബാലന് കഴിയൂ. സർക്കാർ ഉദ്ദേശിക്കുന്നതും അത് തന്നെയാണ്.

പ്രശ്‌നപരിഹാരത്തിന് അനുകൂലമായ തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗാർഥികൾ പ്രതികരിച്ചു. കഴിഞ്ഞ ശനിയാഴ്ച ഉദ്യോഗാർഥികളുമായി ആഭ്യന്തര അഡീഷണൽ സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി. മനോജ് എബ്രഹാമും നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ ഇന്നലെ ഉത്തരവായി വന്നിരുന്നു. എന്നാൽ ഉദ്യോഗാർഥികളുടെ ആവശ്യങ്ങളിൽ കൃത്യമായ ഉറപ്പുകൾ നൽകാതെയാണ് ഉത്തരവിറക്കിയതെന്ന് അവകാശപ്പെട്ട് ഉദ്യോഗാർഥികൾ സമരം തുടരുകയാണ്. നിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്ത് ലിസ്റ്റിൽനിന്ന് പരമാവധി നിയമനം നൽകുകയാണ് സർക്കാർ നിലപാടെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ, സർക്കാരിന്റെ മറുപടി മാത്രമാണ് പുറത്തുവന്നതെന്നും ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ഉദ്യോഗാർഥികളുടെ പ്രതിനിധിയായ ലയാ രാജേഷ് പറഞ്ഞു.

പി എസ് സി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കിയത്. ഉദ്യോ​ഗാർത്ഥികളുടെ ആവശ്യങ്ങളടങ്ങിയ ഉത്തരവിൽ പുതിയ ഉറപ്പുകൾ ഒന്നുമില്ല. ഇതോടെ സമരം തുടരുമെന്ന നിലപാടിലാണ് ഉദ്യോ​ഗാർത്ഥികൾ. എൽജിഎസ് നിയമനത്തിനായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ച് സർക്കാർ, സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സിന്റെ ആവശ്യങ്ങൾ പൂർണമായും നിരാകരിച്ചു. സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ വാദം വസ്തുതാപരമല്ലെന്നാണ് സർക്കാർ നിലപാട്.

പിഎസ്‌സി ഉദ്യോഗാർത്ഥികളുമായി ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടികെ ജോസ് നടത്തിയ ചർച്ചയിലെ കാര്യങ്ങളാണ് ഉത്തരവായിറങ്ങിയത്. ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കാതെ, വാക്കാൽ കൊടുത്ത മറുപടി മാത്രമാണ് പുതിയ ഉത്തരവിലുള്ളത്. സിവിൽ പൊലീസ് ഓഫീസർമാരുടെ റാങ്ക് ലിസ്‌റ്റിൽ നിന്ന് 74.01 ശതമാനം അഡ്‌വൈസ് നൽകി കഴിഞ്ഞതിനാൽ ഇനി നിയമനം നടത്താൻ കഴിയില്ലെന്നും, ഒഴിവുകളുണ്ടെന്ന ആരോപണത്തിന് വസ്‌തുതകളുടെ പിൻബലമില്ലെന്നുമാണ് ഉത്തരവിലുള്ളത്.

28 ദിവസത്തെ സഹനസമരത്തിനൊടുവിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയതിനു പിന്നാലെയാണ് എൽജിഎസ് ഉദ്യോഗാർഥികൾക്ക് പ്രതീക്ഷ നൽകുന്ന നീക്കങ്ങളായിരുന്നു സർക്കാർ നടത്തിയത്. ഉദ്യോഗസ്ഥ ചർച്ചയിലെ തീരുമാനങ്ങൾ ഫയലായി ഉടൻ ഇറങ്ങുമെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പുറത്തിറങ്ങിയ ഉത്തരവാകട്ടെ നിരാശപ്പെടുത്തുന്നതും

ഉദ്യോഗാർത്ഥികളുന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഉറപ്പ് രേഖാമൂലം നൽകാനാണ് ഉദ്യോഗസ്ഥ തലത്തിൽ തിരക്കിട്ട നടപടികൾ നടന്നത്. വിവിധ വകുപ്പുകളിൽ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ വകുപ്പു മേധാവികൾ ഇതിനോടകം ചീഫ് സെക്രട്ടറിയെ അറിയിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ. ഈ വർഷം ഡിസംബർ 31നുള്ളിൽ ഉണ്ടാകാനിടയുള്ള ഒഴിവുകൾ മുൻകൂട്ടി കണ്ടാണ് റിപ്പോർട്ട് ചെയ്യുന്നത്. ആഗസറ്റ് വരെ എൽജിഎസ് റാങ്ക് ലിസ്റ്റിന് കാലാവധിയുമുണ്ട്. വാച്ച് മാന്മാരുടെ സമയക്രമം ഉദ്യോഗസ്ഥ ഭരണപരിഷ്‌കര വകുപ്പ് പരിശോധിക്കും. ഈ സമയം പുനക്രമീകരിച്ച് പുതിയ തസ്തികകൾ സൃഷിടിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

അതേ സമയം സിപിഒ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഈ വർഷം അവസാനം വരെ ഉണ്ടാകാനിടയുള്ള ഒഴിവുകൾ കൂടി മുൻകൂട്ടിക്കണ്ട് 1200 പേരെ നിയമനം നടത്തിക്കഴിഞ്ഞെന്നാണ് സർക്കാർ നിലപാട്. ഇതിനിടെ ഫോറസ്റ്റ് വാച്ചർ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികളും സമരവുമായെത്തി. നിയമനം നടത്താത്തതിൽ റോഡിൽ ശയനപ്രദക്ഷിണം നടത്തിയായിരുന്നു സമരം.

തലസ്ഥാനത്ത് ഉദ്യോഗാർഥികളുടെ സമരം തുടരവേ കൂടുതൽ നിയമനങ്ങൾക്ക് ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ദേശീയ ഗെയിംസിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ 82 കായികതാരങ്ങളെ കായിക യുവജനകാര്യ ഡയറക്ടറേറ്റിൽ നിയമിക്കും. കോഴിക്കോട് ജില്ലയിൽ കെഎപി ആറാം ബറ്റാലിയൻ എന്ന പേരിൽ പുതിയ ആംഡ് പൊലീസ് ബറ്റാലിയൻ രൂപീകരിച്ച് 25 വനിതകൾ ഉൾപ്പെടെ 100 പേരെ നിയമിക്കും. എയ്ഡഡ് കോളേജുകളിൽ 44 തസ്തികകളടക്കം വിവിധ വകുപ്പുകളിലായി 150ഓളം തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അതേസമയം, സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരുമായി ചർച്ച കഴിഞ്ഞ സാഹചര്യത്തിൽ ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒന്നും ഉണ്ടായില്ല. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി അഡീഷനൽ ചീഫ് സെക്രട്ടറിയും അഡീഷനൽ ഡിജിപിയും നടത്തിയ ചർച്ചയുടെ തുടർനടപടികൾ മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. അങ്ങനെ സമരക്കാരുടെ വേദന മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടില്ലെന്ന് നടിച്ചു.

പകരം വിവിധ വകുപ്പുകളിൽ കൂടുതൽ തസ്തിക സൃഷ്ടിക്കാൻ നടപടി സ്വീകരിക്കുകയാണു ചെയ്തത്. ഇതിലൂടെ കൂടുതൽ ഉദ്യോഗാർഥികൾക്കു നിയമനം നൽകാൻ സാധിക്കുമെന്നു മന്ത്രിമാർ ചൂണ്ടിക്കാട്ടി. എന്നാൽ സമരം ചെയ്യുന്നവർക്ക് ഇതു കൊണ്ടു കാര്യമായ പ്രയോജനമില്ല. സമരം ചെയ്യുന്നവരുമായി ചർച്ച നടത്തുന്ന കാര്യവും മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നില്ല. ഒരിക്കൽ കൂടി ചർച്ച നടത്തിയാലും എന്തെങ്കിലും ഉറപ്പു നൽകാൻ സർക്കാരിനു നിയമപരമായി സാധിക്കില്ലെന്ന നിലപാടിലാണു മന്ത്രിമാർ.

മന്ത്രിസഭ കൂടുമ്പോൾ ശ്രദ്ധ ക്ഷണിക്കാൻ പുറത്ത് റോഡിൽ ഇഴയുകയായിരുന്നു സിവിൽ പൊലീസ് റാങ്ക് ലിസ്റ്റുകാർ. ചുട്ടു പൊള്ളുന്ന വെയിലിൽ ഇഴഞ്ഞ 9 പേരിൽ തളർന്നു വീണ 3 പേരെ ആശുപത്രിയിലേക്കു മാറ്റി. ഉച്ചയോടെ മന്ത്രിസഭാ തീരുമാനങ്ങൾ വന്നപ്പോൾ സമരപ്പന്തലിൽ കടുത്ത നിരാശ പടർന്നു. 'ഞങ്ങളോട് സർക്കാരിന് ഇത്രയേറെ വിരോധത്തിനു കാരണമെന്തെന്നു മനസ്സിലാവുന്നില്ല. വീടും കുടുംബവും വിട്ട് ഇവിടെ വന്ന് കിടക്കുന്നത് ഒരു താൽപര്യവും ഉണ്ടായിട്ടല്ല. ഇത്രയൊക്കെ സഹിച്ചിട്ടും ഒരു ഫലവുമില്ലാതെ വീട്ടിലേക്കു പോകാൻ തന്നെ തോന്നുന്നില്ല. ഇനി ഞങ്ങളിലാരെങ്കിലും എന്തെങ്കിലും കടുംകൈ ചെയ്തിട്ടെ സർക്കാർ കണ്ണു തുറക്കൂ എന്നാണോ'- മന്ത്രിസഭ തീരുമാനം അറിഞ്ഞ് സിവിൽ പൊലീസ് ഓഫിസർ (സിപിഒ) റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥി ചോദിച്ചു.

'നിയമവിരുദ്ധമായി എത്രയോ താൽക്കാലിക നിയമനങ്ങളാണിപ്പോൾ മന്ത്രിസഭ സ്ഥിരപ്പെടുത്തുന്നത്. എന്നിട്ടും പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ വന്ന ഞങ്ങളുടെ കാര്യം ചർച്ച ചെയ്യാൻ പോലും അവർക്കു താൽപര്യമില്ല. പഠിച്ചു ജയിച്ചതാണോ ഞങ്ങൾ ചെയ്ത തെറ്റ്'- ലാസ്റ്റ് ഗ്രേഡ് സെർവന്റ് (എൽജിഎസ്) ഉദ്യോഗാർഥിയുടെ പ്രതികരണം. സമരം അവസാനിക്കും വരെ പിന്തുണച്ചുള്ള നിരാഹാരം തുടരാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP