Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കഴിഞ്ഞ തവണ 10000ത്തിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ നാലിടത്തു ഇക്കുറി ഒന്നാമത് എത്തണം; വോട്ട് വ്യത്യാസം കൂടുതൽ ആണെങ്കിലും രണ്ടാമത് എത്തിയ ബാക്കി മൂന്നിടത്ത് കൂടി അത്ഭുതം കാട്ടണം; ഒപ്പം തിരുവനന്തപുരം ജില്ലയെ മുഴുവൻ കാവി ഉടുപ്പിക്കണം; ഇക്കുറി ബിജെപിയുടെ സ്വപ്‌നങ്ങൾക്ക് പത്തിരട്ടി മാറ്റ്

കഴിഞ്ഞ തവണ 10000ത്തിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ നാലിടത്തു ഇക്കുറി ഒന്നാമത് എത്തണം; വോട്ട് വ്യത്യാസം കൂടുതൽ ആണെങ്കിലും രണ്ടാമത് എത്തിയ ബാക്കി മൂന്നിടത്ത് കൂടി അത്ഭുതം കാട്ടണം; ഒപ്പം തിരുവനന്തപുരം ജില്ലയെ മുഴുവൻ കാവി ഉടുപ്പിക്കണം; ഇക്കുറി ബിജെപിയുടെ സ്വപ്‌നങ്ങൾക്ക് പത്തിരട്ടി മാറ്റ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ടാക്കുക. ഇതാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. ഇതിന് വേണ്ടി കഴിഞ്ഞ തവണ രണ്ടാമത് എത്തിയ എല്ലാ സീറ്റിലും ജയിക്കുകയാണ് പ്രധാന ടാർഗറ്റ്. ഭരിക്കുന്നതിന് ബിജെപിയുടെ എംഎൽഎമാരും അനിവാര്യമാണെന്ന തോന്നൽ ഉണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യം. അതിന് ശേഷം ചെറു പാർട്ടികളുടെ വിശ്വാസം നേടൽ. 35 സീറ്റ് കിട്ടിയാൽ പോലും അധികാരം പിടിക്കാമെന്ന് പ്രത്യക്ഷത്തിൽ പറയുന്ന ബിജെപി പത്ത് സീറ്റ് നേടിയാൽ പോലും അട്ടിമറി തന്ത്രങ്ങൾ ഒരുക്കും.

കേരളത്തിലും ബിജെപി ലക്ഷ്യമിടുന്നത് ചാക്കിട്ടു പിടിത്തത്തിന്റെ ഉത്തരേന്ത്യൻ മോഡലാണെന്ന് കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. മധ്യപ്രദേശിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കർണ്ണാടകയിലും പരീക്ഷിച്ച് വിജയിച്ച ഓപ്പറേഷൻ ലോട്ടസ്. ഈ ചിന്തയുമായാണ് കേരളത്തിനുള്ള പദ്ധതിയും കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ തയ്യാറാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റ് കിട്ടിയാലും കേരളത്തിൽ ഭരിക്കാൻ സാധിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രഖ്യാപിക്കുന്നത് ഈ തന്ത്രം മനസ്സിൽ വച്ചാണ്. എന്നാൽ എട്ട് സീറ്റിൽ അധികം കിട്ടിയാൽ പോലും ഇതിനുള്ള സാധ്യത തേടും. എങ്ങനേയും ഭരണം പിടിക്കാൻ ശ്രമിക്കുമെന്ന് സാരം.

കഴിഞ്ഞ തവണ 10000ത്തിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ നാലിടത്തു ഇക്കുറി ഒന്നാമത് എത്തണമെന്നാണ് കേന്ദ്ര നേതൃത്വം ബിജെപിയുടെ സംസ്ഥാന ഘടകത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. വോട്ട് വ്യത്യാസം കൂടുതൽ ആണെങ്കിലും രണ്ടാമത് എത്തിയ ബാക്കി മൂന്നിടത്ത് കൂടി അത്ഭുതം കാട്ടണമെന്നും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന് നിർദ്ദേശം കിട്ടിയിട്ടുണ്ട്. ഒപ്പം തിരുവനന്തപുരം ജില്ലയെ മുഴുവൻ കാവി ഉടുപ്പിക്കാനുള്ള സാധ്യതയും ആരായാണം. എങ്കിൽ ലക്ഷ്യത്തിൽ എത്താം. ഇങ്ങനെ ബിജെപിയുടെ സ്വപ്‌നങ്ങൾക്ക് പത്തിരട്ടി മാറ്റാണ് ഈ തെരഞ്ഞെടുപ്പിൽ.

മോദി തരംഗത്തിന്റെ മാത്രം പിൻബലത്തിൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ഏഴു മണ്ഡലങ്ങളിൽ ഇക്കുറി ഒന്നാം സ്ഥാനത്തെത്താൻ കഴിയും എന്നാണ് വിലയിരുത്തൽ. ശബരിമല വിഷയം, സ്വർണക്കടത്ത്, ലൈഫ് മിഷൻ അഴിമതി തുടങ്ങി നിരവധി കാര്യങ്ങൾ ചർച്ചയാകുന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ, സിറ്റിങ് സീറ്റായ നേമം ഉൾപ്പെടെ എട്ടു മണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തേതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം പറയുന്നു. 2016 ൽ കടുത്ത ത്രികോണ മത്സരം കാഴ്ചവച്ച എൻഡിഎ വട്ടിയൂർക്കാവ്, കഴക്കൂട്ടം, ചാത്തന്നൂർ, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസർകോട് എന്നിവിടങ്ങളിലാണ് രണ്ടാമതെത്തിയത്. 2016 ൽ മഞ്ചേശ്വരത്തായിരുന്നു ഏറ്റവും ശ്രദ്ധേയമായ ത്രികോണ മത്സരം. ഇവിടെ ഇത്തവണ ഉറപ്പായും ജയിക്കുമെന്നാണ് വിലയിരുത്തൽ.

കപ്പിനും ചുണ്ടിനും ഇടയിൽ വെറും 89 വോട്ടുകൾക്കാണ് ഇപ്പോഴത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് അന്നു മണ്ഡലം നഷ്ടമായത്. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും കഴക്കൂട്ടത്ത് വി. മുരളീധരനും ശക്തമായ പോരാട്ടം നടത്തിയാണ് രണ്ടാമതെത്തിയത്. പാലക്കാട്ട് ശോഭാ സുരേന്ദ്രനും മലമ്പുഴയിൽ സി.കൃഷ്ണകുമാറും കാസർകോട്ട് രവീശ തന്ത്രിയും കൊല്ലം ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും മികച്ച പ്രകടനം നടത്തി. ചെങ്ങന്നൂരിലും പ്രതീക്ഷയുണ്ട്.

2016 ലെ തിരഞ്ഞെടുപ്പിൽ എട്ട് മണ്ഡലങ്ങളിൽ നാൽപതിനായിരത്തിലേറെ വോട്ടും 27 മണ്ഡലങ്ങളിൽ മുപ്പതിനായിരത്തിലധികം വോട്ടും ബിജെപി സ്വന്തമാക്കി. നേമത്ത് ഒ രാജഗോപാലാണ് ഏറ്റവും കൂടുതൽ വോട്ടു നേടിയത് 67,813. മഞ്ചേശ്വരം (കെ. സുരേന്ദ്രൻ-56,781), കാസർകോട് (രവീശ തന്ത്രി-56,120), മലമ്പുഴയിൽ സി. കൃഷ്ണകുമാർ (46,157), വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ (43,700), കഴക്കൂട്ടത്ത് വി.മുരളീധരൻ (42,732), ചെങ്ങന്നൂരിൽ അഡ്വ. പി.എസ് ശ്രീധരൻപിള്ള (42,489), പാലക്കാട്ട് ശോഭ സുരേന്ദ്രൻ (40,076) എന്നിങ്ങനെയായിരുന്നു വോട്ട്നില.

തിരുവനന്തപുരം സെൻട്രലിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് മൂന്നാമതായെങ്കിലും രണ്ടാമതെത്തിയ ആന്റണി രാജുവുമായി വളരെക്കുറച്ച് വോട്ടുകളുടെ വ്യത്യാസമേയുള്ളു. ഇവിടെ ആന്റണി രാജുവിന് 35,569 വോട്ടും ശ്രീശാന്തിന് 34,764 വോട്ടും ലഭിച്ചു. ജയിച്ച ശിവകുമാറിന് 46,474 വോട്ടുകളാണ് ലഭിച്ചത്. ഈ മണ്ഡലവും ജയപട്ടികയിലാണ് ബിജെപി ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് ബിജെപി തന്ത്രങ്ങൾ ഭാവിയിലേക്ക് ആസൂത്രണം ചെയ്യുന്നത്.

പരമാവധി സീറ്റുകൾ നേടുക. തൂക്കു ഭരണത്തിന്റെ സാധ്യത ഉണ്ടാക്കിയെടുക്കുക. അതിന് ശേഷം മറ്റ് ചെറിയ പാർട്ടികളെ ചാക്കിട്ടു പിടിക്കുക. ഇതിനൊപ്പം പ്രമുഖ പാർട്ടികളെ പിളർത്തുക. പരമാവധി സീറ്റുകളിൽ ജയിച്ച് കേരളത്തിലും ഈ മോഡലാകും ബിജെപി പരീക്ഷിക്കുക. ഇത് തന്നെയാണ് സുരേന്ദ്രന്റെ പ്രഖ്യാപനത്തിലും ഉള്ളത്. ഒരു ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിജെപിക്ക് ത്രിപുരയിൽ ഭരണത്തിലേറാൻ കഴിയുമെങ്കിൽ 17 ശതമാനം വോട്ടുള്ള കേരളത്തിൽ അത് അസാദ്ധ്യമല്ല. യു.ഡി.എഫിനും എൽ.ഡി.എഫിനും 71 സീറ്റ് ലഭിച്ചെങ്കിലേ ഭരിക്കാനാകൂ. എന്നാൽ 40 സീറ്റ് ലഭിച്ചാൽ തന്നെ ബിജെപിക്ക് ഭരിക്കാൻ സാധിക്കുമെന്ന നിലയിലേക്കെത്തുകയാണ് കേരളത്തിലെ രാഷ്ട്രീയം-സുരേന്ദ്രൻ വിശദീകരിക്കുന്നു.

മതത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തെ പങ്കുവെക്കാനാണ് ഇരു മുന്നണികളുടെയും ശ്രമം. രമേശ് ചെന്നിത്തലയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റി ഉമ്മൻ ചാണ്ടിയെ കൊണ്ടുവന്നതിനു പിന്നിലുമുണ്ട് മതം. കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ജമാഅത്തെ ഇസ്ലാമിയും ഇടപെടുന്നു. മലബാർ സംസ്ഥാന രൂപീകരണത്തിനായാണ് മുസ്ലിംലീഗും എസ്.ഡി.പി.ഐയും നീങ്ങുന്നതെന്നും സുരേന്ദ്ര കുറ്റപ്പെടുത്തുന്നു. ആലപ്പുഴയിലെ ആർഎസ്എസ് നേതാവിന്റെ മരണവും ഇനി വിജയയാത്രയിൽ ചർച്ചയാക്കും. അങ്ങനെ വ്യക്തമായ പ്ലാനുകളോടെ മുന്നേറാനാണ് നീക്കം. രണ്ട് മുന്നണികൾക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ കാര്യങ്ങളെത്തിക്കാനാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP