Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളുട‌െ ജീവിതത്തിനായി യാചിക്കാതെ ‘എന്റെ മകളെ വേദനിപ്പിച്ചാൽ കൊന്നുകളയും’ എന്ന് പറയുന്ന അമ്മ; ഇത് റെക്കോഡ് കളക്ഷൻ നേടിയ ചൈനീസ് ദൃശ്യം; സൈബർ ഇടങ്ങളിൽ വീണ്ടും ചർച്ചയായി ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ്

മകളുട‌െ ജീവിതത്തിനായി യാചിക്കാതെ ‘എന്റെ മകളെ വേദനിപ്പിച്ചാൽ കൊന്നുകളയും’ എന്ന് പറയുന്ന അമ്മ; ഇത് റെക്കോഡ് കളക്ഷൻ നേടിയ ചൈനീസ് ദൃശ്യം; സൈബർ ഇടങ്ങളിൽ വീണ്ടും ചർച്ചയായി ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ്

മറുനാടൻ മലയാളി ബ്യൂറോ

സിനിമകൾ മൊഴിമാറ്റം ഉണ്ടാകുന്നതും മറ്റ് രാജ്യങ്ങളിലെ സിനിമകളെ റിമേക്ക് ചെയ്യുന്നതും പുതിയ സംഭവമല്ല. എന്നാൽ, ഓരോ നാടിന്റെയും സംസ്കാരത്തിനും ജീവിത രീതിക്കും അനുസരിച്ച് കഥാ തന്തുവിൽ മാറ്റം വരാതെ എങ്ങനെ ചിത്രീകരിക്കാനാകും എന്നതാണ് ഏറെ വെല്ലുവിളി. അത്തരം ഒരുവെല്ലുവിളി ഏറ്റെടുത്ത ചൈനീസ് സിനിമയാണ് വീണ്ടും സൈബർ ഇടങ്ങളിൽ ചർച്ചയാകുന്നത്. 2019 ഡിസംബർ 20ന് റിലീസായ ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്ന ചൈനീസ് സിനിമയാണ് ചർച്ചകളിൽ നിറയുന്നത്. അതായാത്, ദൃശ്യം സിനിമയുടെ റീമേക്ക്.

കേരളത്തിലെ പോലെതന്നെ ചൈനയിലും ചിത്രം സൂപ്പർഹിറ്റായി മാറി. 2019ൽ ചൈനയിൽ ഏറ്റവും കൂടുതൽ പണം വാരിയ ഒൻപതാമത്തെ ചിത്രം കൂടിയായിരുന്നു ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ്. ദൃശ്യം 2 റിലീസ് ആയതോടെ ഈ ചിത്രത്തെക്കുറിച്ചാണ് മലയാളി ആരാധകരുടെ ഇടയിൽ ചർച്ച. ഇങ്ങനെയൊരു സിനിമ ഇറങ്ങിയെന്നു തന്നെ പലരും ഇപ്പോഴാണ് അറിയുന്നത്. ചൈനയിലെ ഒരു തിയറ്ററിൽ ഈ സിനിമ കണ്ട മലയാളി പ്രേക്ഷകയുടെ അനുഭവകുറിപ്പ് മുൻപ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ഫർസാന അലി എന്ന പ്രേക്ഷകയാണ് രണ്ട് ചിത്രങ്ങളെയും താരതമ്യം ചെയ്ത അതിമനോഹരമായ കുറിപ്പ് എഴുതിയത്.

ഫർസാന അലിയുടെ കുറിപ്പ്

മലയാളത്തിന്റെ ദൃശ്യം- ചൈനയുടെ ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ്

പതിനൊന്ന് കൊല്ലമാകുന്നു ചൈനയിൽ താമസമായിട്ട്. ആദ്യമായിട്ടാണ് നമ്മുടെ സ്വന്തം സിനിമയാണെന്ന് ചൈനക്കാരോട് നിശബ്ദം പറഞ്ഞ് സ്വയം തോളിൽ തട്ടി അഭിനന്ദിച്ച് കണ്ടോ കണ്ടോ ചൈനക്കാരേ എന്ന് അഭിമാനിക്കുന്നത്. ലാസ്റ്റ് ചൈനീസ് ഭാഷയിൽ ദ് എൻഡ് എന്ന് എഴുതു‌കാണിക്കുമ്പൊ എണീക്കാൻ പോലും മറന്ന് പോയി ചൈനക്കാർ ഇരിക്കുമ്പം രോമാഞ്ചകഞ്ചുകം അണിയുന്നത്. യെസ്. ദൃശ്യം തന്നെ. നമ്മടെ ജോർജ്കുട്ടി ഫാമിലി ദുരന്ത കഥ തന്നെ!

ഏഴു ദിവസം കൊണ്ട് 31.3 മില്ല്യൺ കലക്ട് ചെയ്ത് തകർത്തോടുകയാണ് ചൈനീസ് 'ദൃശ്യം.' അന്ന് തന്നെ നാടൊട്ടുക്ക് റിലീസ് ചെയ്ത sky fire and jumanji 2, കലക്‌ഷനിൽ 'ദൃശ്യത്തേക്കാളും' പുറകിലാണ്. ആകാംക്ഷയോടെ കാത്തിരിക്കാൻ രണ്ടു കാരണങ്ങളായിരുന്നു. ഒന്ന്, മോഹൻലാൽ എന്ന അഭിനേതാവിനോട് തത്തുല്യനായി Sam Quah എന്ന മലേഷ്യൻ സംവിധായകന്റെ കണ്ടെത്തൽ എത്രമാത്രം ശരിയാണെന്ന് അറിയാനുള്ള ത്വര.

രണ്ട്, തൊടുപുഴയുടെ ഗ്രാമ ഭംഗിയിൽ നിറഞ്ഞ സിനിമയെ, ചൈനക്കാരുടെ ഇഷ്ട വിഭവമാക്കി മാറ്റി എങ്ങനെ സംവിധായകൻ അവതരിപ്പിക്കുമെന്ന് അറിയൽ. രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യം, ചൈനീസിൽ കഷ്ടി രണ്ടു മണിക്കൂർ മാത്രമേയുള്ളൂ. പാട്ടുകളേതുമില്ല. ഒതുക്കം വന്ന കഥ പറച്ചിൽ.

തായ്‌ലാന്റിലെ ഒരു തെരുവിൽ ജീവിക്കുന്ന ചൈനീസ് കുടുംബം. രാജാക്കാട് പൊലീസ് സ്റ്റേഷനു മുൻപിലുള്ള ചായക്കടക്ക് പകരം, അങ്കിൾ സോങിന്റെ ജ്യൂസും മറ്റും വിൽക്കുന്ന കട. ലീ വെയ്‌ജ്യേ(ജോർജ്ജ് കുട്ടി)ഇന്റർനെറ്റ് കണക്‌ഷൻ ശരിപ്പെടുത്തി കൊടുക്കുന്ന കടയുടമ. ആയിരത്തോളം ഡിറ്റക്റ്റിവ് മൂവീസ്‌ കണ്ടെന്ന് അവകാശപ്പെടുന്ന എലിമെന്ററി വിദ്യാഭ്യാസം മാത്രമുള്ള പാവപ്പെട്ടവൻ. കുടുംബസ്നേഹി. കുടുംബത്തിന്റെ വസ്ത്രധാരണത്തിൽ പോലും പ്രകടമാണ് ഈ ദാരിദ്ര്യം. ജോർജു കുട്ടിയുടെയും റാണിയുടേയും കുസൃതി നിറഞ്ഞ, അതീവ റൊമാന്റിക്കായ, നമ്മൾ കണ്ട നിമിഷങ്ങൾ ഇതിലില്ല.

ഒരു പെൺകുട്ടിയുടെ ന്യൂഡ് വിഡിയോ (അതും ഒളികാമറ) പുറത്തായാൽ ജീവിതം അമ്പേ തകർന്നു എന്ന മലയാളി/ഇന്ത്യൻ പൊതുബോധത്തിൽ ഊന്നിയുള്ള ഒരു സാധനത്തിനു ചൈനീസ് സാമൂഹ്യ ജീവിതത്തിൽ സ്ഥാനമില്ല. അതൊന്നും ഇവർക്ക് ഒരു വിഷയമേ അല്ല. അതിനാൽ തന്നെ അതെങ്ങിനെ ഇതിൽ കൊണ്ട് വരും എന്നത് എന്റെയൊരു സംശയമായിരുന്നു. ഉത്തരം സിംപിൾ. കഥ നടക്കുന്നത് ചൈനയിൽ ആക്കാതിരിക്കുക. എന്നാൽ തായ‌്‌ലാന്റിലെ അവസ്ഥയും വിഭിന്നമായിരിക്കില്ലല്ലോ? പക്ഷേ അവിടെ ഇങ്ങനെ ഒക്കെ ആയിരിക്കും എന്ന് ചൈനീസ് കാണികൾ കരുതിക്കോളും.

ദൃശ്യത്തിൽ നിന്നും മാറി, ചടുലമേറിയ കഥ പറച്ചിലാണ്. 2019 ലാണ് കഥ നടക്കുന്നത്. ചിത്രം ആരംഭിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിലേ ലേഡി പൊലീസ് ചീഫും മകനും സ്‌ക്രീനിൽ വരുന്നുണ്ട്. ചൈനീസ് മുഖമുള്ള സഹദേവൻ വെറുപ്പിന്റെ മുഖം കാണിക്കുന്നുണ്ട്. അൻസിബ അവതരിപ്പിച്ച ഒതുക്കമുള്ള മകൾക്ക് പകരം അച്ഛനോട് സദാ മുഖം കറുപ്പിക്കുന്ന മകളാണിവിടെ. സമ്മർ ക്യാംപിൽ വച്ചു ലഹരി കലർത്തിയ പാനീയം നൽകി പീഡിപ്പിച്ച് അവ മൊബൈലിൽ പകർത്തുന്നു.

ടിപ്പിക്കൽ മലയാളി അമ്മ അല്ല ഇതിലെ അമ്മ. ഉശിരുള്ള പെണ്ണൊരുത്തിയാണ്. ബ്ലാക്ക് മെയിലിങിനായി രാത്രിയിൽ വീടിനു പിറകിൽ വരുന്നവന്നോട് മകളുടെ ജീവിതത്തിനായി മീനയുടെ അമ്മ കഥാപാത്രം യാചിക്കുകയാണെങ്കിൽ, ‘എന്റെ മകളെ വേദനിപ്പിച്ചാൽ കൊന്നുകളയും’ എന്ന് പറഞ്ഞ അമ്മക്കഥാപാത്രം ‘താൻ ചവോ’ എന്ന അനുഗ്രഹീത നടിയിൽ ഭദ്രമാണ്. ഒരു കാടിനു പിറകിൽ, ശ്മാശാനത്തിനു അരികിലായാണ് ഇതിലെ വീടെന്നതിനാൽ, ഒരു കുഴിമാടം തുറന്നാണ് മൃതദേഹം ഒളിപ്പിക്കുന്നത്. ഇടയ്ക്കെപ്പോഴോ നെറ്റ് കണക്‌ഷനായി തെരുവിലെ ഒരു മുറിയുടെ തറ കുഴിക്കുന്നത് കാണാം. അതിശയിപ്പിക്കുന്ന അഭിനയം കാഴ്ച വയ്ക്കുന്നുണ്ട് ചെറിയ മകളായി അഭിനയിച്ച കുട്ടി.

പലരെയും പോലെ എനിക്കും അറിയാൻ ഏറെ താല്പര്യമുണ്ടായിരുന്നത് ഇവരും ധ്യാനം കൂടാനാണോ പോവുന്നത് എന്നതിലായിരുന്നു. അല്ല! ഏപ്രിൽ 2,3 തീയതികളിൽ മറ്റൊരു നഗരത്തിൽ നടക്കുന്ന ബോക്സിങ് മത്സരത്തിന് ദൃക്‌സാക്ഷികളായി എന്നാണ് ഇവിടെ കുടുംബം മെനയുന്ന കഥ. പാസ്സ്പോർട്ട് വെരിഫിക്കേഷൻ ചെയ്യാൻ ഒരു വീട്ടിൽ പോകവെയാണ് സഹദേവൻ പൊലീസ് മഞ്ഞക്കാറിലുള്ള ജോർജ് കുട്ടിയുടെ സഞ്ചാരം കണ്ടതെങ്കിൽ, ഇവിടെയത് റോഡരികിലെ തട്ടുകടയിൽ നൂഡിൽസിനായി കാത്തു നിൽക്കുമ്പോഴായിരുന്നു. ബിരിയാണിക്ക് പകരം കഴിക്കുന്നത് കേക്ക്. പൊലീസ് ചീഫ് ആയി വേഷമിട്ട ജോൻ ചെൻ മികച്ച അഭിനേത്രിയാണ്.

രണ്ട് അമ്മമാരും നേർക്കുനേരെ നിന്ന് ഗദ്ഗദങ്ങൾ മാത്രം സ്‌ക്രീനിൽ നിറഞ്ഞ ചില രംഗങ്ങളുണ്ട്, മലയാളത്തിൽ ഇല്ലാത്തവ, simply amazing! -ഹീറോ ഓറിയന്റഡാണല്ലൊ നമ്മുടെ സിനിമകൾ. പൊതുശ്‌മശാനത്തിൽ കയറിയ പൊലീസ് മൃതദേഹത്തിനായി കുഴി തോണ്ടിയപ്പോൾ തെരുവാകെ കലാപം പൊട്ടിപ്പുറപ്പെട്ടു. പൊലീസിന് കിട്ടിയതോ ചത്ത ഒരാടിനെ. സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ട പൊലീസ് ചീഫിനും ഭർത്താവിനും മുൻപിൽ മാപ്പിരക്കുന്നുണ്ട് ഉറച്ച ബുദ്ധമത വിശ്വാസിയായ ലീ വെയ്‌ജ്യേ.

പിന്നെയാണു ട്വിസ്റ്റ്: നേരെപോയി മീഡിയക്ക് മുൻപിൽ കുറ്റമേറ്റ് പറയുന്ന ചൈനീസ് ജോർജ് കുട്ടി.

നമ്മുടെ ജോർജ് കുട്ടി നടന്നുപോകും വഴി വെളിവാക്കപ്പെട്ട ക്ലൈമാക്സിന്റെ പകിട്ടും ഗരിമയും അതിനില്ലായിരുന്നു. അവസാനം പൊലീസ് വാനിൽ പോകുന്ന അച്ഛന് പിറകെ കരഞ്ഞു കൊണ്ട് ഓടുന്ന മകൾ. എല്ലാക്കാലത്തും അച്ഛനെ അധിക്ഷേപിച്ച മകൾ അച്ഛന് വേണ്ടി കരയുന്നത് മാത്രം മതിയായിരുന്നു അയാൾക്ക്. ഈ ക്ലൈമാക്സ് തന്നെയാണ് ചൈനക്കാർക്കിഷ്ടം എന്നതിന് തെളിവായിരുന്നു മൂവി കഴിഞ്ഞും ഏറെനേരം നീണ്ട നിശബ്ദത.

സ്‌ക്രീനിൽ പൊലീസ് തെളിവെടുപ്പിന്റെ രംഗങ്ങളായപ്പോൾ, ആധി മൂത്ത് സീറ്റിൽ നിന്നിറങ്ങി നിലത്തിരുന്നിരുന്നു ഒരു സ്ത്രീ! ശ്വാസമടക്കിപ്പിടിച്ചായിരുന്നു ഒറ്റ സീറ്റ് പോലും ശൂന്യമല്ലാത്ത തിയറ്ററിനകം! ജീത്തു ജോസഫ് എന്ന മലയാളിയുടെ രചനാവൈഭവത്തിന് ഇത്ര വലിയൊരു ജനവിഭാഗത്തെ പിടിച്ചിരുത്താനായല്ലോ എന്ന് അദ്ഭുതപ്പെടേണ്ടിവന്നു പലവട്ടം! ഇതിനൊക്കെ സാക്ഷിയാകാൻ പറ്റിയതിന്റെ അഭിമാനം എനിക്ക് സ്വന്തം!

ഒരു സംശയം എല്ലാരിലും കാണും. മലയാളിയുടെ ജോർജ് കുട്ടിയാണോ ചൈനക്കാരുടെ ലീ വെയ്‌ജ്യേ ആണോ കേമൻ എന്ന്. നിസ്സംശയം പറയട്ടെ, മോഹൻലാൽ എന്ന അതുല്യപ്രതിഭയുടെ നിഴൽ പോലും കാണാനായില്ല ചൈനയുടെ മികച്ച അഭിനേതാവായ ഷ്യാവോയിൽ. The complete Actor!എന്റെ മനസ്സിലെ ജോർജ് കുട്ടിക്ക് എന്നും ലാലിന്റെ മുഖമായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP