Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുകെയിലെ നോർത്താംപ്ടൺ യൂണിവേഴ്സിറ്റിയുടെ ചരിത്രം മാറ്റിയെഴുതി മലയാളികൾ; മത്സരിച്ച ആറുപേരിൽ നാലു പേരും വിജയിച്ചു; സ്റ്റുഡന്റ് യൂണിയൻ പ്രസിഡണ്ടായി ഇനി നിഖിൽ വാഴും

യുകെയിലെ നോർത്താംപ്ടൺ യൂണിവേഴ്സിറ്റിയുടെ ചരിത്രം മാറ്റിയെഴുതി മലയാളികൾ; മത്സരിച്ച ആറുപേരിൽ നാലു പേരും വിജയിച്ചു; സ്റ്റുഡന്റ് യൂണിയൻ പ്രസിഡണ്ടായി ഇനി നിഖിൽ വാഴും

മറുനാടൻ മലയാളി ബ്യൂറോ

കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിൽ വിദ്യാർത്ഥി യൂണിയനുകൾക്കുള്ള പ്രസക്തിയും സ്വാധീനവും എടുത്തുപറയേണ്ട കാര്യം തന്നെയാണ്. സംസ്ഥാനത്തിലെ പൊതു ജീവിതത്തെ ബാധിക്കുന്ന പല പ്രശ്നങ്ങളിലും വിദ്യാർത്ഥി സംഘടനകൾ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുകയും വിജയത്തിലെത്തുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ ഭേദമില്ലാതെ, ഏതൊരു സർക്കാർ അധികാരത്തിലെത്തിയാലും അവഗണിക്കാൻ കഴിയാത്ത ഒരു ശക്തി തന്നെയാണ് കേരളത്തിലെ വിദ്യാർത്ഥി യൂണിയനുകൾ.

ഇന്നിതാ, മലയാളി വിദ്യാർത്ഥികൾ കടലിനക്കരെ ചെന്ന് ചരിത്രം കുറിക്കുന്നു. ബ്രിട്ടണിലെ നോർത്താംപ്ടൺ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയൻ തെരഞ്ഞെടുപ്പിലാണ് മലയാളി വിദ്യാർത്ഥികൾ ചരിത്രം തിരുത്തിയെഴുതിയത്. സർവ്വകലാശാലയിലെ പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട ചുമതല ഏതാണ് പൂർണ്ണമായും തന്നെ വിദ്യാർത്ഥി യൂണിയനുള്ളതാണ്. സാമൂഹ്യ ഈവന്റുകൾ സംഘടിപ്പിക്കുക, കലാകായിക മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കുക, വിദ്യാർത്ഥികളുടെ, സിലബസ്സിനപ്പുറമുള്ള കഴിവുകളും നൈപുണികളും വളർത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുക എന്നതൊക്കെ യൂണിയന്റെ ചുമതലയാണ്.

അതിനൊക്കെ അപ്പുറം അധികാരത്തിന്റെ ഇടനാഴികളിൽ വിദ്യാർത്ഥികളുടെ ശബ്ദമെത്തിക്കുക എന്നൊരു അതിപ്രധാനമായ കടമകൂടിയുണ്ട് വിദ്യാർത്ഥി യൂണിയന്. തികച്ചും ജനാധിപത്യ രീതിയിൽ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കുന്ന പ്രതിനിധികളായിരിക്കും യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ ചുമതല വഹിക്കുക. നോർത്താംപ്ടൺ യൂണിവേഴ്സിറ്റിയിലെ ഈ വർഷത്തെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ആറു മലയാളി വിദ്യാർത്ഥികളായിരുന്നു മത്സരിച്ചത്. അവരിൽ നാലു പേർ തെരഞ്ഞെടുക്കപ്പെട്ടു എന്നത് മുഴുവൻ മലയാളികൾക്കും അഭിമാനകരമായ കാര്യം തന്നെയാണ്.

സന്തോഷം ഇരട്ടിയാക്കുന്ന മറ്റൊരു വാർത്ത, യൂണിയനിലെ സുപ്രധാന സ്ഥാനമായ, വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു മലയാളിയാണെന്നുള്ളതാണ്. നോർത്താംപ്ടൺ യൂണിവേഴ്സിറ്റിയിൽ എം എസ് സി പ്രൊജക്ട് മാനേജ്മെന്റിനു പഠിക്കുന്ന നിഖിൽ എൻ പോളാണ് വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ടായി തെരഞ്ഞെടുകപ്പെട്ടത്. താൻ എപ്പോഴും ദൃശ്യമാകുന്ന ഒരു പ്രസിഡണ്ടായിരിക്കുമെന്നും എല്ലാക്കാര്യങ്ങളോടു മുൻവിധികളില്ലാത്ത തുറന്ന സമീപനമായിരിക്കും തന്റേതെന്നുമായിരുന്നു നിഖിൽ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നത്.

അതുകൂടാതെ, വിദ്യാർത്ഥികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനുതകുന്ന നിരവധി പരിപാടികൾ സംഘടിപ്പിക്കുമെന്നും, സാംസ്‌കാരിക പരിപാടികൾ, എംപ്ലോയബിലിറ്റി പ്രോഗ്രാമുകൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്നും ഗതാഗത സൗകര്യം മെച്ചപ്പെടുത്തുമെന്നും നിഖിലിന്റെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. അതേസമയം, യോഗ പോലുള്ള, ആരോഗ്യ സംരക്ഷണ പരിപാടികൾ സംഘടിപ്പിക്കുമെന്ന വാഗ്ദാനവുമായി എത്തിയ മറ്റൊരു മലയാളി പ്രണവ് പവിത്രൻ സ്പോർട്സ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടു.

സ്‌കൂൾ വിദ്യാഭ്യാസകാലത്തു തന്നെ ഫുട്ബോൾ ടീമിന്റെയും ക്രിക്കറ്റ് ടീമിന്റെയും ക്യാപ്റ്റനായിരുന്ന പ്രണവിന്, കുട്ടിക്കാലം മുതൽ തന്നെ കായികരംഗത്തിനോട് ഒരു അഭിനിവേശമുണ്ട്. നോർത്തംപ്ടൻ ക്രിക്കറ്റ് ലീഗിലെ മുൻനിര ടീമായ അബിങ്ടൺ ഫീനിക്സ് ക്ലബ്ബിനു വേണ്ടി കളിക്കുന്ന പ്രണവ് നിലവിൽ എം എസ് സി പ്രൊജക്ട് മാനേജ്മെന്റ് വിദ്യാർത്ഥിയാണ്. സ്ഥിരമായി കായിക മത്സരങ്ങളും മറ്റും സംഘടിപ്പിക്കുമെന്നും വിവിധ ക്ലബ്ബുകളും വിദ്യാർത്ഥിയൂണിയനുമായുള്ള ബന്ധം മെച്ചപ്പെടുത്തും എന്നും പ്രണവിന്റെ പ്രകടന പത്രികയിൽ ഉണ്ടായിരുന്നു.

നോർത്താംപ്ടൻ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രതിനിധിയായി മത്സരിച്ച ഫിലിപ്പ് എബ്രഹാമാണ് തെരഞ്ഞെടുപ്പിൽ വിജയിച്ച മറ്റൊരു മലയാളി. വിദ്യാർത്ഥികളെ അവരുടെ ഏതു പ്രശ്നങ്ങളിലും സഹായിക്കുക എന്നതാണ് തന്റെ ഉദ്ദേശമെന്നാണ് ഫിലിപ്പ് തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നത്. സർവ്വകലാശാലയിൽ പ്രവേശനം ലഭിച്ചു വരുന്ന വിദേശ വിദ്യാർത്ഥികൾക്ക് സർവകലാശാല നൽകുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും പൂർണ്ണമായും അനുഭവിക്കാൻ ആകുന്നില്ലെന്നും ഇക്കാര്യത്തിൽ താൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുമെന്നും ഫിലിപ്പിന്റെ പ്രകടന പത്രികയിൽ ഉണ്ടായിരുന്നു.

ഇന്റർനാഷനൽ സ്റ്റുഡന്റ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട മെബിൻ പുറത്തുവേലിൽ ആണ് തെരഞ്ഞെടുപ്പിൽ വിജയിച്ച നാലാമത്തെ മലയാളി വിദ്യാർത്ഥി. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ മുന്നിൽ തന്നെയുണ്ടാകുമെന്നായിരുന്നു മെബിന്റെ വാഗ്ദാനം. ഏതായാലും ഈ വിജയത്തോടെ സർവ്വകലാശാലയിൽ മലയാളികൾക്ക് നല്ലൊരു സ്വാധീനം നേടാൻ കഴിയും എന്നാണ് പൊതുവെയുള്ള വികാരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP