Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അധിക്ഷേപ പോസ്റ്റുകൾ പരാതി ലഭിച്ച് 24 മണിക്കൂറിനകം നീക്കണം; രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ഹനിക്കുന്ന സന്ദേശങ്ങൾ വിലക്കാൻ കോഡ് ഓഫ് എത്തിക്‌സ് നിലവിൽ വരും; ഡിജിറ്റൽ വാർത്താ മാധ്യമങ്ങൾ, സമൂഹമാധ്യമങ്ങൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ എന്നിവ നിയന്ത്രണ പരിധിയിലേക്ക്

അധിക്ഷേപ പോസ്റ്റുകൾ പരാതി ലഭിച്ച് 24 മണിക്കൂറിനകം നീക്കണം; രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ഹനിക്കുന്ന സന്ദേശങ്ങൾ വിലക്കാൻ കോഡ് ഓഫ് എത്തിക്‌സ് നിലവിൽ വരും; ഡിജിറ്റൽ വാർത്താ മാധ്യമങ്ങൾ, സമൂഹമാധ്യമങ്ങൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ എന്നിവ നിയന്ത്രണ പരിധിയിലേക്ക്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ മീഡിയയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പുതിയ വെബ്‌സൈറ്റുകൾക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും അടിസ്ഥാനപരമായ കോഡ് ഓഫ് എത്തിക്‌സ് ഏർപ്പെടുത്തുകയും പരാതി പരിഹാര ചട്ടക്കൂട് ഉണ്ടാക്കുകയുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരെ ശാക്തീകരിക്കുകയാണ് ഈ നിയമങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

സോഷ്യൽമീഡിയ, ഒടിടി, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളാണ് പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാർ. സോഷ്യൽമീഡിയയിൽ വ്യക്തികളുടെ പരാതികൾക്ക് പരിഹാരം കാണണം. സോഷ്യൽമീഡിയയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് രൂപം നൽകിയ മാർഗനിർദ്ദേശങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി.

'രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും' ഹനിക്കുന്ന എന്തും സമൂഹമാധ്യമത്തിൽ കുറിക്കുന്നത് വിലക്കുന്ന തരത്തിൽ കോഡ് ഓഫ് എത്തിക്‌സ് നിലവിൽ വരും. ഇതിൽ നിരവധി മന്ത്രാലയങ്ങളുടെ ശക്തമായ പങ്കാളിത്തമുണ്ടാകും. ഡിജിറ്റൽ വാർത്താ മാധ്യമങ്ങൾ, സമൂഹമാധ്യമങ്ങൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ എന്നിവ എങ്ങനെയാണ് സർക്കാർ നിയന്ത്രണങ്ങളുടെ ഭാഗമാകുന്നതെന്നു വ്യക്തമാക്കുന്ന നിയമത്തിന്റെ പേര് ദി ഇൻഫർമേഷൻ ടെക്‌നോളജി (ഗൈഡ്ലൈൻസ് ഫോർ ഇന്റർമീഡിയറീസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) റൂൾസ്, 2021 എന്നാണ്.

ഉപയോക്താവിന്റെ, പ്രത്യേകിച്ച് സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന പരാതികൾ ഉയർന്നാൽ (വ്യക്തികളുടെ സ്വകാര്യ ദൃശ്യങ്ങൾ, നഗ്‌നത, ലൈംഗികത, ആൾമാറാട്ടം), പരാതി ലഭിച്ച് 24 മണിക്കൂറിനകം അവ നീക്കം ചെയ്യണം. സ്ത്രീകളുടെ അന്തസ് ഉയർത്തിപ്പിടിക്കാനായി തയാറാക്കിയ നിയമമാണിത്.

സമൂഹമാധ്യമങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മധ്യസ്ഥരെക്കുറിച്ച് ഉടൻ ഉപയോക്താക്കൾക്കു വിവരം നൽകും. ഇവർക്ക് പരാതി പരിഹാര സംവിധാനം ഉണ്ടാകും. 24 മണിക്കൂറിനകം പരാതി രജിസ്റ്റർ ചെയ്ത് 15 ദിവസത്തിനുള്ളിൽ തീർപ്പുണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു.

കോടതിയുടെയോ കേന്ദ്രസർക്കാരിന്റെയോ നിർദ്ദേശം ലഭിച്ചാൽ മോശം സന്ദേശം ആരാണ് ആദ്യം പ്രചരിപ്പിച്ചതെന്ന് സമൂഹമാധ്യമങ്ങൾ പുറത്തുവിടണം. ഇതിൽ രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും, പൊതു വ്യവസ്ഥ (പബ്ലിക് ഓർഡർ), വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, ബലാത്സംഗം, അശ്ലീല ഉള്ളടക്കം തുടങ്ങിയവ ഉൾപ്പെടുന്നു.

സോഷ്യൽമീഡിയയുടെ ദുരുപയോഗം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കിയത്. വിവിധ തലങ്ങളിൽ വിപുലമായ നിലയിൽ നടത്തിയ ചർച്ചകൾക്ക് ഒടുവിൽ 2018ലാണ് കരട് മാർഗനിർദ്ദേശങ്ങൾക്ക് രൂപം നൽകിയത്. ഇതിന് പിന്നാലെയാണ് മാർഗനിർദ്ദേശത്തിന് അന്തിമ രൂപം നൽകിയത്.

ഒടിടി പ്ലാറ്റ്ഫോമുകളിലും ഡിജിറ്റൽ പോർട്ടലുകളിലും പരാതി പരിഹാര സംവിധാനം രൂപം നൽകും. ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിന് സ്വയം നിയന്ത്രിത സംവിധാനം ഒരുക്കും.ഒടിടി പ്ലാറ്റ്ഫോമുകളുടെയും ഡിജിറ്റൽ പോർട്ടലുകളുടെയും സുതാര്യത ഉറപ്പാക്കാൻ വിരമിച്ച സുപ്രീംകോടതി അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിക്ക് രൂപം നൽകും.

ഒടിടി, ഡിജിറ്റൽ പോർട്ടലുകൾ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറാവണം. രജിസ്ട്രേഷൻ നിർബന്ധമാക്കുന്നില്ലെങ്കിലും വിവരങ്ങൾ ചോദിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ മാർഗനിർദ്ദേശം.

നിയമങ്ങൾ കൃത്യമായി പാലിച്ചാണ് മുന്നോട്ടുപോകുന്നത് എന്ന് ഉറപ്പാക്കാൻ സോഷ്യൽമീഡിയകൾ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കണം. രാജ്യത്തെ നിയമ സംവിധാനങ്ങളുമായുള്ള ഏകോപനം സാധ്യമാക്കേണ്ടത് ഈ ഉദ്യോഗസ്ഥനാണ്. പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കാണാൻ സർക്കാർ തലത്തിൽ മേൽനോട്ട സമിതിക്ക് രൂപം നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP